വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പ് പ്രകാരം ഈ ആനയുടെ പേര് മലൈതോങ്ങ് എന്നാണ്. തൻ്റെ തുമ്പിക്കൈ പതിയെ ചുരുട്ടി ചുണ്ടോടു ചേർത്തുപിടിച്ച് കണ്ണുകൾ പതിയെ അടച്ച് ഉറങ്ങിത്തുടങ്ങുന്ന ആനയെയാണ് പിന്നീടുള്ള വീഡിയോ ഭാഗങ്ങളിൽ കാണാൻ കഴിയുക.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഒരു ആനയുറക്കം. സ്വന്തം തുമ്പിക്കൈ ഭദ്രമായി ചുരുട്ടിപ്പിടിച്ചുകൊണ്ട് ശാന്തമായി ഉറങ്ങുന്ന ഒരു ആനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ഹൃദയസ്പർശിയായ ഈ വീഡിയോ ഇതിനോടകം നിരവധി ആനപ്രേമികളെയാണ് ആകർഷിച്ചത്.
'എലിഫന്റ് നേച്ചർ പാർക്ക്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്കിട്ട ഹൃദയസ്പർശിയായ ദൃശ്യങ്ങളിൽ, മലൈതോങ് എന്ന ആന ശാന്തമായി നിന്നുറങ്ങുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഈ വീഡിയോയെ ഏറെ കൗതുകകരമാക്കുന്ന മറ്റൊരു കാര്യം ഉറക്കത്തിനിടയിൽ ആന സ്വന്തം തുമ്പിക്കൈ ചുരുട്ടി പിടിച്ചിരിക്കുന്ന കാഴ്ചയാണ്.
തണുത്തതും ചാറ്റൽ മഴയുള്ളതുമായ കാലാവസ്ഥയിൽ ഒരു മയക്കത്തിന് ഒരുങ്ങുന്ന ആനയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കം. വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പ് പ്രകാരം ഈ ആനയുടെ പേര് മലൈതോങ്ങ് എന്നാണ്. തൻ്റെ തുമ്പിക്കൈ പതിയെ ചുരുട്ടി ചുണ്ടോടു ചേർത്തുപിടിച്ച് കണ്ണുകൾ പതിയെ അടച്ച് ഉറങ്ങിത്തുടങ്ങുന്ന ആനയെയാണ് പിന്നീടുള്ള വീഡിയോ ഭാഗങ്ങളിൽ കാണാൻ കഴിയുക.
വീഡിയോക്കൊപ്പം ചേർത്തിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്; 'ഒരു ആന തുമ്പിക്കൈ പിടിച്ച് ഉറങ്ങുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? തണുത്തതും മഴയുള്ളതുമായ ഒരു ദിവസം, മലൈതോങ് തന്റെ തുമ്പിക്കൈ മൃദുവായി ചുരുട്ടി, സമാധാനപരമായ ഒരു ഉറക്കത്തിനായി പതുക്കെ കണ്ണുകൾ അടച്ചു. തൻ്റെ താമസസ്ഥലത്ത് അവൾക്ക് എത്രത്തോളം സുരക്ഷിതത്വവും വിശ്രമവും അനുഭവപ്പെടുന്നുവെന്ന് ഈ ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. ശാന്തതയും സംതൃപ്തിയും അനുഭവപ്പെടുമ്പോഴാണ് ആനകൾ പലപ്പോഴും സ്വന്തം തുമ്പിക്കൈ ഇതുപോലെ പിടിക്കുന്നത്. ഉറങ്ങുന്നതിനു മുൻപ് ഒരു കുട്ടി ഒരു പാവയെ കെട്ടിപ്പിടിക്കുന്നത് പോലെയോ തള്ളവിരൽ കുടിക്കുന്നതോ പോലെയോ ആണ് ഇത്. അവയെ ശാന്തമായ ഉറക്കത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ലളിതമായ ഒരു പ്രവൃത്തി.'
വീഡിയോ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. 'മധുരതരവും മനോഹരവുമായ കാഴ്ച' എന്നായിരുന്നു ചിലർ കുറിച്ചത്. ഉറങ്ങുമ്പോഴും അവൾ വളരെ സുന്ദരിയായി കാണപ്പെടുന്നു എന്ന് മറ്റു ചിലർ കുറിച്ചു.
