തൃശൂര്‍: ആനപ്രേമികളുടെ ഹരമാണ് അന്നും ഇന്നും എന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തലപൊക്കത്തിലും എടുപ്പിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മറ്റ് ആനകളുടെയെല്ലാം മുന്നില്‍ നില്‍ക്കും. കേരളത്തിലെ നാട്ടാനകൾക്കിടയിലെ സൂപ്പർ സ്റ്റാറെന്ന വിളിപ്പേരും മറ്റാര്‍ക്കുമല്ല. കേരളത്തിലങ്ങോളമിങ്ങോളും ആരാധകരുള്ള ഗജപ്രമുഖൻ. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനപ്രേമികൾ രാമരാജൻ എന്നാണ് വിളിക്കുന്നത്.

കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയെന്ന ഖ്യാതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെറ്റിപ്പട്ടമായിട്ട് കാലമേറയായി. നിരവധി ഫേസ്ബുക്ക് പേജുകളും വാട്സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്‍റെ പേരിലുണ്ട്. കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ആനയെന്ന വിശേഷണവും മറ്റാര്‍ക്കുമല്ല. അതേസമയം ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനെടുക്കുന്നതിലും തെച്ചിക്കോട്ട് രാമചന്ദ്രൻ കുപ്രസിദ്ധനുമാണ്.

അമ്പത് വയസ് പിന്നിട്ട ജീവിതത്തിനിടയില്‍ രാമചന്ദ്രന്‍ 13 പേരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായി. ആറ് പാപ്പാൻമാര്‍ക്കും നാല് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്‍മാര്‍ക്കും ഒരു വിദ്യാർത്ഥിക്കുമാണ് രാമചന്ദ്രന്‍ കാരണം ജീവന്‍ നഷ്ടമായത്. ഫെബ്രുവരി മാസം 8 ാം തിയതിയായിരുന്നു അവസാനമായ രാമചന്ദ്രന്‍ ഇടഞ്ഞത്. പിന്നില്‍ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടായിരുന്നു രാമചന്ദ്രന്‍ കലിതുള്ളിയത്.  ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂർ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരൻ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സംഭവത്തെ തുടര്‍ന്നായിരുന്നു വനംവകുപ്പ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ 15 ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയത്.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്‍റെ ആനയെ 1984 ലാണ് നടക്കിരുത്തുന്നത്. അടുത്ത അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാൻമാരെ രാമചന്ദ്രൻ കൊലപ്പെടുത്തി. 1986ൽ അന്നത്തെ പാപ്പാൻ വാഹനമിടിച്ച് മരണപ്പെട്ടതിനെത്തുടർന്ന് എത്തിയ പാപ്പാന്‍റെ മർദ്ദനത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വലതുകണ്ണിന്‍റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. കാലക്രമേണ ഇടതുകണ്ണിന്‍റെ കാഴ്ച ശക്തിയും ഭാഗികമായി നഷ്ടപ്പെട്ടു. 2009ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ ഒരു പന്ത്രണ്ടുകാരൻ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ആ വർഷം തന്നെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ തെച്ചിക്കോട് രാമചന്ദ്രൻ ഇടഞ്ഞപ്പോൾ ഒരു സ്ത്രീ മരിച്ചു. 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രൻ ഇടഞ്ഞപ്പോൾ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവൻ.

കേരളത്തിലങ്ങോളം ഇങ്ങോളമുള്ള ആനപ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബിഹാറിലെ ആനച്ചന്തയിൽ നിന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോൾ പേര് മോട്ടിപ്രസാദ് എന്നായിരുന്നു. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എൻ രാമചന്ദ്ര അയ്യരായിരുന്നു ആദ്യത്തെ ഉടമ. അദ്ദേഹത്തിൽ നിന്നും തൃശ്ശൂർക്കാരൻ വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോൾ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഫെബ്രുവരി മാസത്തില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്. അമ്പത് വയസിലേറെ പ്രായമുളള ആനയ്ക്ക് കാഴ്ച്ചയ്ക്കും തകരാറുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയുമാണ് ചെയ്തുവന്നിരുന്നത്. അതിനിടയിലാണ് തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ രാമചന്ദ്രന്‍ വേണമെന്ന വികാരം ആനപ്രേമികള്‍ക്കിടയില്‍ ശക്തമായത്. 2011 മുതൽ തൃശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. ഇക്കുറിയും പൂരത്തിന് രാമചന്ദ്രന്‍ വേണമെന്നും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് നിവേദനങ്ങളുമായി ആനപ്രേമികളുടെ സംഘടനകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിഇറങ്ങല്‍ പതിവാക്കിയിരുന്നു. എന്നാല്‍ തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ മാസം 25 ന് ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കാനാവില്ലെന്നും ടിവി അനുപമ നിലപാടെടുത്തു. രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാനുള്ള സാഹചര്യമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.  തൃശൂര്‍ പൂരം അടുത്തതോടെ തിടമ്പേറ്റാന്‍ രാമചന്ദ്രന്‍ വേണമെന്ന ആവശ്യം വീണ്ടും ശക്തമായി. കളക്ടറാകട്ടെ നിലപാട് കടുപ്പിച്ചു. ചെറിയ ശബ്ദം കേട്ടാല്‍ വിരളുന്ന അവസ്ഥയ്ക്ക് മാറ്റമില്ലെന്ന യാഥാര്‍ത്ഥ്യം ചൂണ്ടികാട്ടിയാണ് അനുപമ നിലയുറപ്പിച്ചത്. അത്തരം ആനകളൊന്നും പൂരത്തിന് വേണ്ടന്ന് വ്യക്തമാക്കിയ കളക്ടര്‍ അനുമതിയും നിഷേധിച്ചു. വിഷയവുമായി ആനപ്രേമികള്‍ ഹൈക്കോടതി കയറി ഇറങ്ങിയെങ്കിലും കളക്ടറുടെ നിലപാട് പരിശോധിക്കാനാകില്ലെന്ന് കേട്ട് ഇറങ്ങി പോകേണ്ടി വന്നു.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇല്ലെങ്കില്‍ ഒരാനയെയും പൂരത്തിനിറക്കില്ലെന്ന നിലപാട് ആന ഉടമകള്‍ സ്വീകരിച്ചതോടെ പ്രശ്നം സങ്കീര്‍ണമായിട്ടുണ്ട്. കളക്ടറുടേതാണ് അന്തിമ തീരുമാനം എന്ന നിലപാടാണ് ആന ഉടമകളുമായുള്ള ചര്‍ച്ചയില്‍ വനം മന്ത്രി കെ രാജു അറിയിച്ചത്.  ഇളക്കമുള്ള ആനയാണെങ്കില്‍ എഴുന്നള്ളിക്കണമെന്ന് വാശി പിടിക്കുന്നത് എന്തിനാണെന്ന് ചോദ്യവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരനും രംഗത്തെത്തിയിട്ടുണ്ട്. നിയമപ്രകാരം മാത്രമേ ആനയെ എഴുന്നള്ളിക്കാന്‍ പറ്റൂവെന്നും പൂര്‍ണ്ണ അധികാരം കളക്ടര്‍ക്കാണെന്നും സുധാകരനും അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ പറഞ്ഞുവച്ചു. ജനങ്ങളുടെ സുരക്ഷയെ കരുതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രനോട് ഇടഞ്ഞ കളക്ടര്‍ തീരുമാനം മാറ്റാന്‍ ഇടയില്ല. അന ഇടഞ്ഞാല്‍ ഉത്തരവാദിത്വം ആര് എല്‍ക്കുമെന്ന ചോദ്യത്തിനാകട്ടെ ആനപ്രേമികള്‍ക്ക് ഉത്തരവുമില്ല. എന്തായാലും തൃശൂര്‍ പൂരത്തിനിടിയിലെ തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാകുമോയെന്നുറപ്പിക്കാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല.