ഒക്ടോബർ 29. വൈകുന്നേരം ആറുമണി. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഒരു അടിയന്തര മീറ്റിങ് വിളിച്ചിരിക്കുകയാണ്. ഗോൽപാരാ ഡിസിപി, എസ്‍പി, ഡിഎഫ്ഒ അങ്ങനെ പല ഉന്നത ഉദ്യോഗസ്ഥരും മീറ്റിംഗിൽ സന്നിഹിതരാണ്. വിഷയം ഏറെ ഗൗരവമുള്ളതാണ്. കാടിറങ്ങി വന്നിരിക്കുന്ന ഒരു കൊലകൊല്ലി ആന കുത്തിക്കൊന്നത് ഒന്നും രണ്ടുമല്ല, അഞ്ചുപേരെയാണ്. അടിയന്തരമായി അതിനെ കണ്ടെത്തണം, തളയ്ക്കണം.

 

നവംബർ 1 വൈകുന്നേരം നാലുമണി. ഫോറസ്റ്റ് ഓഫീസർമാരും, വൈൽഡ് ലൈഫ് എക്സ്പെർട്ടുമാരും, വെറ്ററിനറി സർജന്മാരും അടങ്ങുന്ന സ്‌പെഷ്യൽ ടീമിലെ ഓരോരുത്തരും ഒരു വൈഡ് സ്‌ക്രീൻ ടിവിയിൽ കണ്ണും നട്ടിരിക്കുകയാണ്. ആ ടിവിയിലേക്ക് ഒരു ഡ്രോൺ ക്യാമറയുടെ ഫീഡ് ആണ് കണക്റ്റ് ചെയ്തിരിക്കുന്നത്. ആ ഡ്രോൺ പറക്കുന്നത് പച്ചപുതച്ച സതാബാരി വനത്തിനു മുകളിലൂടെയാണ്. അഞ്ചുപേരെക്കൊന്ന ആ ഒറ്റയാനെ തെരഞ്ഞുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ ഡ്രോൺ മൊബിലൈസ് ചെയ്യപ്പെട്ടിരിക്കുന്നത്. 

പെട്ടെന്ന് സ്ക്രീനിലെ പച്ചപ്പിൽ ചാരനിറത്തിലുള്ള ഒരു പൊട്ട് പ്രത്യക്ഷപ്പെട്ടു. ചാച്ചർ ഫോറസ്ററ് ഡിവിഷനിലെ ഡിഎഫ്ഒ ആയ സണ്ണി ദേവ് സിങ്ങ് ആയിരുന്നു ഡ്രോണിന്റെ  നിയന്ത്രണം. അദ്ദേഹം തന്റെ ഡ്രോൺ ക്യാമറ ഒന്ന് സൂം ചെയ്തു. വ്യക്തമാകാതിരുന്നപ്പോൾ പതുക്കെ ഡ്രോണിന്റെ ഉയരം കുറച്ചുകൊണ്ടുവന്നു. മരങ്ങളുടെ നിറുകയിൽ നിന്നും നാലഞ്ചടി മാത്രം ഉയരെയായി ആ ഡ്രോൺ ഹോവർ ചെയ്ത് നിന്നപ്പോൾ ദൃശ്യത്തിന് മിഴിവേറി. നേരത്തെ കണ്ട ചാരപ്പൊട്ട് ഒരു കാട്ടാനയായി മാറി. ഏകദേശം ഒമ്പതടി എട്ടിഞ്ച് ഉയരമുള്ള ആ ആനയ്ക്ക് നാല്  ടൺ ഭാരമെങ്കിലും വരും. കടന്നുചെന്നിടമൊക്കെ ചവിട്ടിമെതിച്ചുകൊണ്ടാണ് ആനയുടെ പോക്ക്.

ആ ഒറ്റയാൻ നേരത്തെ ആളുകളെ ചവിട്ടിക്കൊന്നതിന് സാക്ഷികളായവർ ഈ ദൃശ്യങ്ങൾ കണ്ടു. ആനയുടെ ഏകദേശം ലൊക്കേഷൻ ട്രേസ് ചെയ്യപ്പെട്ടു. അതോടെ ഒരു കാര്യം ഉറപ്പായി. ഇത് അവൻ തന്നെയാണ്. അഞ്ചുപേരെക്കൊന്നിട്ടും കലിയടങ്ങാതെ കാട്ടിനുള്ളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കൊലകൊല്ലി. അഞ്ചാമനെ കൊന്നുകളഞ്ഞ സ്ഥലത്തുനിന്ന് അധികം ദൂരെയല്ലായിരുന്നു ആ ലൊക്കേഷൻ.

ആ കൊലകൊല്ലി അത്യന്തം അപകടകാരിയായിരുന്നു. കാട്ടിലെ ആൺ ആനകളുടെ എണ്ണത്തില്‍ വന്ന വർധനവ് കാരണം ഇണചേരേണ്ട സമയത്ത് പെണ്ണാനയെ കിട്ടാതിരുന്നതിന്റെ കലിയും ബാധിച്ചാണ് അവന്റെ നടപ്പ്. ആ ഇച്ഛാഭംഗമാണ് കണ്മുന്നിൽ വരുന്നവരെയെല്ലാം കശക്കിയെറിഞ്ഞുകൊണ്ട് ആന പ്രകടിപ്പിക്കുന്നതെന്നാണ് പറയുന്നത്. ലോവർ അസം സോണിന്റെ ചീഫ് ഡിഎഫ്ഒ ആയ ആകാശ്ദീപ് ബറുവയെ ആയിരുന്നു  ഒറ്റയാനെ പിടിക്കാൻ ആദ്യം ചുമതലപ്പെടുത്തിയിരുന്നത്. ഏതുവിധേനയും കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം വെറ്ററിനറി സർജന്മാരും, ആന വിദഗ്ധരും, ഫോറസ്റ്റ് ഓഫീസർമാരും അടങ്ങിയ എട്ടംഗസംഘത്തോടൊപ്പം കാട്ടിലേക്കിറങ്ങിയിരുന്നു. എന്നാൽ, രണ്ടു ദിവസം കുംകി ആനകളുമായി നടത്തിയ ആദ്യഘട്ട അന്വേഷണം വിഫലമായിരുന്നു.

സമയം അതിക്രമിച്ചുകൊണ്ടിരുന്നു. എത്രയും പെട്ടെന്ന് അവനെ തളച്ചില്ലെങ്കിൽ മരണസംഖ്യ ഇനിയും കൂടും. പകൽ സമയങ്ങളിൽ കാട്ടിനുള്ളിൽ ചെലവിടുന്ന കൊമ്പൻ രാത്രികളിൽ പുറത്തേക്കിറങ്ങുന്നു. അപ്പോൾ നിർഭാഗ്യവശാൽ മുന്നിൽ ചെന്നുപെടുന്നവരാണ് കൊല്ലപ്പെടുന്നത്. അങ്ങനെ പകൽ നടത്തിയ പരമ്പരാഗത അന്വേഷണങ്ങൾ പരാജയപ്പെട്ടപ്പോഴാണ് സംഘം ഡ്രോണുകളും, നൈറ്റ് വിഷൻ ക്യാമറകളും മറ്റുമായി ഹൈടെക്ക് അന്വേഷണം നടത്തുന്നത്. എന്തായാലും ആ ശ്രമം ഫലം കണ്ടു. ആനയുടെ ലൊക്കേഷൻ ഏറെക്കുറി പിടികിട്ടി.

ആനയെ പിടിക്കാൻ വേണ്ടി വടങ്ങളും, ക്രെയിനുകളും മറ്റും വാടകയ്‌ക്കെടുക്കപ്പെട്ടു. ആ ഘട്ടത്തിലാണ് അപ്രതീക്ഷിതമായ ഒരിടത്തുനിന്ന് ആനയെ തളയ്ക്കുന്ന കാര്യത്തിൽ സാങ്കേതികസഹായങ്ങൾ ലഭിക്കുന്നത്. പദ്മ ഹസാരിക എന്ന പ്രാദേശിക എംഎൽഎ സഹായഹസ്തവുമായി മുന്നോട്ടുവന്നു. അസമിലെ അറിയപ്പെടുന്ന നേതാവായിരുന്നു ഹസാരിക. അദ്ദേഹത്തിന്‍റെ കുടുംബത്തിൽ നിരവധി ആനകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആനയെ തളയ്ക്കുകയും പിടിക്കുകയും ഒക്കെ ചെയ്യുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് അസമിൽ പ്രസിദ്ധമായിരുന്നു.

ആനയെ ഡ്രോൺ ഉപയോഗിച്ച് ട്രേസ് ചെയ്യാൻ വലിയ പ്രയാസമൊന്നുമില്ല. അതാർക്കും സാധിക്കും. എന്നാൽ കലികൊണ്ടു നിൽക്കുന്ന ഒറ്റയാന്റെ മുന്നിലേക്ക് ചെല്ലുവാന്‍ അസാമാന്യമായ ധൈര്യം വേണം. ഒട്ടും എളുപ്പമുള്ള പണിയല്ല, ഒരു കൊലകൊല്ലി ആനയെ മയക്കുവെടിവെച്ച്, വട്ടമിട്ടു കെട്ടിവരിഞ്ഞ് കീഴ്പ്പെടുത്തുന്നത്.

തന്റെ ഒരു ആനയെയും, അതിന്റെ പാപ്പാനെയും ഈ ദൗത്യത്തിനായി ഹസാരിക നിയോഗിച്ചു. സൂട്ടിയയിൽ നിന്ന് 400 കിലോമീറ്റർ ട്രക്കിൽ കൊണ്ടുവന്ന ശേഷമാണ് ആനയെയും കൊണ്ട് കാട്ടിലേക്ക് കേറാനുള്ള സാഹചര്യമായത്. ഒറ്റദിവസം കൊണ്ടാണ് ആ ആന അഞ്ചുപേരെ കൊന്നത്. പിന്നീടുള്ള ദിവസങ്ങളിൽ അത് ആരെയും വധിച്ചിരുന്നില്ല. കീറ്റമിൻ-സൈലസിൻ മിക്സ് ചെയ്ത ഷോട്ട് ഉപയോഗിച്ച് ആനയെ വിജയകരമായി വെടിവെച്ചു കൊള്ളിച്ചു. അത് മയങ്ങി താഴെ വീണു. എംഎൽഎ ഹസാരികയുടെ ഇടപെടലിന് മുഖ്യമന്ത്രി സോനോവാൾ നന്ദി പറഞ്ഞു. ആനയെ ഒറാങ്ങ് നാഷണൽ പാർക്കിൽ കൊണ്ട് ചെന്ന് തൽക്കാലം കൊട്ടിലിൽ പാർപ്പിച്ചിരിക്കുകയാണ്. അതിനെ മെരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, മുതിർന്ന ആനയായതുകൊണ്ട് മെരുങ്ങാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നു. 

അഞ്ചുപേരെ കൊന്ന സമയത്ത് പൊലീസ് ആദ്യം ആനയ്ക്കിട്ട 'ഒസാമാ ബിൻ ലാദൻ' എന്ന പേര് ആന പിടിയിലായ ശേഷം ഫോറസ്റ്റ് അധികൃതർ 'കൃഷ്ണ' എന്നാക്കി മാറ്റിയിട്ടുണ്ട്. പേരുമാറ്റം കൊണ്ട് ആനയുടെ പ്രകൃതത്തിൽ ശാന്തത കൈവരുമോ എന്നറിയില്ലെങ്കിലും, കഴിയാവുന്നത്ര സൗഹാർദ്ദപരമായ അതിനെ പരിശീലിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്ത അവസ്ഥയിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതരിപ്പോൾ.