കടുത്ത കോപത്തിലോ സമ്മർദ്ദത്തിലോ ആണ് ആന ഉള്ളത് എന്ന് വീഡിയോയിൽ കാണാം. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും.
വന്യജീവികളുമായി ഇടപെടേണ്ടി വരുന്ന സാഹചര്യങ്ങളിൽ കഴിവതും ജാഗ്രത പുലർത്തണം എന്ന് പറയാറുണ്ട്. പല വന്യമൃഗങ്ങളും കാടിറങ്ങി വരുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. അതുപോലെ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദ. ഇതുപോലെയുള്ള അനേകം വീഡിയോകൾ സുശാന്ത നന്ദ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഒരു ആനയുടെ വീഡിയോയാണ് ഇപ്പോൾ സുശാന്ത നന്ദ ഷെയർ ചെയ്തിരിക്കുന്നത്.
ഒരു റോഡരികിൽ നടക്കുന്ന സംഭവമാണ് വീഡിയോയിൽ കാണുന്നത്. കാടിനോട് ചേർന്നുള്ള ഏതോ സ്ഥലമാണ് ഇത് എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. വീഡിയോയിൽ കാണുന്നത് വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന ഒരു മിനി ട്രക്കാണ്. ഒരു ആന തന്റെ സർവ കരുത്തും എടുത്തുകൊണ്ട് ആ ട്രക്ക് തള്ളിമറിച്ചിടുന്നതാണ് വീഡിയോയിൽ കാണുന്നത്. റോഡിലായി മറ്റ് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതും വീഡിയോയിൽ കാണാം.
'കാട്ടിൽ നിന്നുമുള്ള ഒരു ഓർമ്മപ്പെടുത്തൽ.... ഈ ആന മിനി ട്രക്ക് വലിച്ചെറിയുന്നത് അതിന്റെ ശക്തിയെ മാത്രമല്ല, സമ്മർദ്ദത്തെയും കാണിക്കുന്നതാണ്. വന്യജീവികളെന്നാൽ വിനോദത്തിനുള്ളതല്ല- അത് അതിന്റെ സ്ഥലവും ബഹുമാനവും അർഹിക്കുന്നുണ്ട്. അവിടെ നിന്നും അകന്നു നിൽക്കുക, സുരക്ഷിതരായിരിക്കുക. വന്യമൃഗങ്ങളെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുക' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
കടുത്ത കോപത്തിലോ സമ്മർദ്ദത്തിലോ ആണ് ആന ഉള്ളത് എന്ന് വീഡിയോയിൽ കാണാം. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. 'എങ്ങനെയാണ് അതിർവരമ്പുകൾ സൃഷ്ടിക്കേണ്ടത് എന്ന് മനുഷ്യർക്ക് അറിയില്ല' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. അതേസമയം, ഇത്തരം സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് മറ്റ് ചിലർ കുറിച്ചത്.
