കഴിഞ്ഞ 30 വർഷമായി ഇയാൾ ശേഖരിച്ച ചിത്രങ്ങളാണ് ലാപ്ടോപ്പിലുണ്ടായിരുന്നത്.
ലാപ്‍ടോപ്പിൽ ഒരുലക്ഷത്തിലധികം അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ച് യുഎസ്സിൽ നിന്നുള്ള സർക്കാർ ജീവനക്കാരൻ. യുഎസ് ഡിപാർട്മെന്റ് ഓഫ് എനർജിയിലെ ജീവനക്കാരനാണ് ജോലിസ്ഥലത്തെ ലാപ്‍ടോപ്പിൽ 187,000 അശ്ലീല ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തത്. ഇതേ തുടർന്ന് ഇയാൾക്ക് തന്റെ സെക്യൂരിറ്റി ക്ലിയറൻസ് നഷ്ടപ്പെട്ടു എന്നും റിപ്പോർട്ടുകൾ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ലാപ്ടോപ്പിൽ അശ്ലീലചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയത്. 2023 മാർച്ചിലാണ് സംഭവം നടന്നത്, ന്യൂക്ലിയർ ഇൻഫർമേഷൻ അടക്കം ഓഫീസ് സാമഗ്രികൾക്കുള്ള ഇയാളുടെ സുരക്ഷാ അനുമതിയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
കഴിഞ്ഞ 30 വർഷമായി ഇയാൾ ശേഖരിച്ച ചിത്രങ്ങളാണ് ലാപ്ടോപ്പിലുണ്ടായിരുന്നത്. എന്നാൽ, AI- ഇമേജ് ജനറേറ്ററിനു വേണ്ടിയുള്ള ഡാറ്റയായി ഉപയോഗിക്കാൻ ആഗ്രഹിച്ചിട്ടാണ് ഇത് ശേഖരിച്ചു വച്ചത് എന്ന് ജീവനക്കാരൻ അവകാശപ്പെട്ടു. താൻ വിഷാദരോഗത്താൽ ബുദ്ധിമുട്ടുകയാണെന്നും തന്റെ വിഷാദകാലത്ത് അങ്ങേയറ്റത്തെ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കേണ്ടി വന്നു, അത് നേരിടാൻ വേണ്ടി AI ഉപകരണങ്ങൾ ഉപയോഗിച്ച് തുടങ്ങിയെന്നുമാണ് ഇയാൾ പറഞ്ഞത്.
പിന്നീട് ഡിപാർട്മെന്റ് ഓഫ് എനർജിയുടെ തന്നെ കരാറിലുള്ള ഒരു സൈക്കോളജിസ്റ്റ് ഈ ജീവനക്കാരനെ പരിശോധിച്ചു. ഇയാൾ കടുത്ത വിഷാദത്തിലൂടെ കടന്നുപോകുന്നതായിട്ടാണ് സൈക്കോളജിസ്റ്റ് വിലയിരുത്തിയത്. ഇത് നിയമങ്ങളും നയങ്ങളും പാലിക്കാനുള്ള ഇയാളുടെ കഴിവിനെ തന്നെ ബാധിച്ചു എന്നും സൈക്കോളജിസ്റ്റ് പറഞ്ഞു. മാനസികാരോഗ്യക്കുറവാണ് എന്ന് കാണിക്കാനുള്ള രേഖകളും ജീവനക്കാരൻ വിചാരണ സമയത്ത് ഹാജരാക്കി. ഇനി ഇത് ആവർത്തിക്കില്ല എന്നും അതിനായുള്ള ചികിത്സകൾ നടത്തുന്നതാണ് എന്നും ഇയാൾ കോടതിയെ അറിയിച്ചു. അതേസമയം, ഈ വാദങ്ങളൊന്നും തന്നെ ഇയാൾ ചെയ്തതിനെ അംഗീകരിക്കാനുതകുന്നതല്ല എന്നും അതിനാൽ തന്നെ അയാളുടെ സെക്യൂരിറ്റി ക്ലിയറൻസ് പുനഃസ്ഥാപിക്കാൻ സാധിക്കില്ല എന്നുമാണ് കോടതി പറഞ്ഞത്.


