അതേ... അപ്പോൾ എല്ലാവർക്കും അറിയാമായിരുന്നു മരണപ്പെടുന്നതുവരെ അല്ലെങ്കിൽ ആത്മഹത്യയിൽ അഭയം തേടുന്നതുവരെ ആ പെൺകുട്ടികൾ അനുഭവിച്ച നരകയാതനകൾ. പക്ഷേ, വലിയൊരു ദുരന്തം സംഭവിച്ചാൽ മാത്രമേ വേണ്ടപ്പെട്ടവർ പ്രതികരിക്കൂ എന്ന് മാത്രം.
ഭർത്താവിന്റെ ക്രൂരപീഡനം സഹിക്കവയ്യാതെ മറ്റൊരു പെൺകുട്ടി കൂടി ആത്മഹത്യ ചെയ്തിരിക്കുന്നു. ഷാർജയിലെ ഫ്ലാറ്റിലാണ് കൊല്ലം സ്വദേശിനിയായ മുപ്പത് വയസ്സുള്ള അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടുവർഷം മുൻപ് വിവാഹിതയായ ഇവർക്ക് പത്തുവയസ്സുള്ളൊരു പെൺകുഞ്ഞുമുണ്ട്. അച്ഛന്റെ സ്വഭാവവൈകൃതം മൂലം കുഞ്ഞിനെ നിർത്തിയിരിക്കുന്നത് നാട്ടിൽ അതുല്യയുടെ മാതാപിതാക്കൾക്ക് ഒപ്പമാണത്രേ. ഭർത്താവ് സതീഷ് അതുല്യയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
ഉത്തര, അശ്വിനി, വിസ്മയ, വിപഞ്ചിക... ഇപ്പോൾ അതുല്യ... ഇനിയാര് എന്ന് ഭയപ്പാടോടെ നോക്കിയിരിക്കേണ്ട അവസ്ഥയാണ് നമ്മൾ എന്നെഴുതേണ്ടി വരുന്നതിൽ വിഷമമുണ്ട്... പക്ഷേ അതാണല്ലോ സത്യം.
ഗാർഹികപീഡനം മൂലം സ്ത്രീകൾ ആത്മഹത്യ ചെയ്തു കഴിയുമ്പോൾ അല്ലെങ്കിൽ കൊല്ലപ്പെട്ടു കഴിയുമ്പോൾ മാത്രം വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമൊക്കെ മീഡിയയ്ക്ക് മുൻപിൽ കരച്ചിലും കണ്ണുനീരുമായി പ്രത്യക്ഷപ്പെടും. അവനാണ് അവളെ കൊന്നതെന്നും, കല്യാണം കഴിഞ്ഞനാൾ മുതൽ സ്ത്രീധനം കുറഞ്ഞുപോയി എന്ന പേരിൽ അവനും വീട്ടുകാരും ചേർന്ന് അവളെ കൊല്ലാക്കൊല ചെയ്യുകയായിരുന്നുവെന്നും, അവന്റെ അച്ഛനും അമ്മയും പെങ്ങളും വരെ അവളെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും, അവൻ ലഹരിക്കും ലൈംഗികവൈകൃതങ്ങൾക്കും അടിമയായിരുന്നുവെന്നും, സംശയരോഗി ആയിരുന്നുവെന്നും, മര്യാദയ്ക്ക് ഭക്ഷണംപോലും കൊടുക്കാതെ അവളെ മുറിയിൽ പൂട്ടിയിടുമായിരുന്നുവെന്നും, വിവാഹബന്ധത്തിൽ നിന്നും ഒഴിഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയുണ്ട് എന്നും, മർദ്ദനം സഹിക്കാവയ്യാതെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയെ അവൻ നന്നാവും എന്ന പ്രതീക്ഷയിൽ കോംപ്രമൈസ് ചെയ്ത് പലവട്ടം തിരിച്ചയച്ചിട്ടുണ്ട് എന്നുമൊക്കെ ഫോട്ടോയായും, വീഡിയോയായും തെളിവുകൾ നിരത്തി ഇക്കൂട്ടർ മാധ്യമങ്ങൾക്ക് മുൻപിൽ സമർത്ഥിക്കും.
അതേ... അപ്പോൾ എല്ലാവർക്കും അറിയാമായിരുന്നു മരണപ്പെടുന്നതുവരെ അല്ലെങ്കിൽ ആത്മഹത്യയിൽ അഭയം തേടുന്നതുവരെ ആ പെൺകുട്ടികൾ അനുഭവിച്ച നരകയാതനകൾ. പക്ഷേ, വലിയൊരു ദുരന്തം സംഭവിച്ചാൽ മാത്രമേ വേണ്ടപ്പെട്ടവർ പ്രതികരിക്കൂ എന്ന് മാത്രം. അതുവരെ 'നാട്ടുകാരെന്ത് കരുതും' എന്ന ചോദ്യമാണ് മുഴച്ചു നിൽക്കുക. വീണ്ടും പറയുകയാണ് ഉപദ്രവം സഹിക്കവയ്യാതെ ആത്മഹത്യയിൽ അഭയം തേടുകയോ അല്ലെങ്കിൽ പീഡനം മൂലം കൊല്ലപ്പെടുകയോ ചെയ്യുന്ന പെണ്ണുങ്ങളോട് മാത്രം കരുണയും സഹതാപവും കാണിക്കുന്ന ഭൂരിഭാഗം മനുഷ്യരുള്ള ഒരു പ്രത്യേകതരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.
ഏറ്റുവാങ്ങേണ്ടി വരുന്ന ദ്രോഹങ്ങളോട് പ്രതികരിക്കുന്ന പെണ്ണുങ്ങളൊക്കെ മിക്കവർക്കും തന്റേടികളും, അഴിഞ്ഞാട്ടക്കാരികളുമൊക്കെയാണ്. തിരിച്ചുചെല്ലാൻ ഒരിടമില്ലാത്തതുകൊണ്ട് മാത്രം അബ്യൂസീവ് ആയ ബന്ധങ്ങളിൽ കടിച്ചുതൂങ്ങി നിൽക്കുന്ന എത്രയോ പെണ്ണുങ്ങളുണ്ട്. തിരികെ വീടുകളിലേക്ക് ചെന്നാൽ പോലും കോംപ്രമൈസ് ചെയ്ത് അബ്യൂസർക്ക് ഒപ്പം അയക്കും വീട്ടുകാർ. എത്ര പുരോഗമനം പറയുന്ന വീടുകളിലും ഡിവോഴ്സ് എന്നാൽ എന്തോ മഹാപാപം ആണെന്ന ചിന്തയാണ്.
ഇനി ഇതിന് മറ്റൊരുവശം കൂടിയുണ്ട്...
പലരും ചോദിക്കുന്നത് കേൾക്കാം 'വിദ്യാഭ്യാസവും ജോലിയുമുള്ള പെൺകുട്ടികൾ അല്ലേ, പറ്റാത്ത ഇടങ്ങളിൽ നിന്നും ഗുഡ്ബൈ പറഞ്ഞ് ഇറങ്ങിപ്പോന്നു കൂടേ?' എന്ന്. ഇമോഷണലി ഇൻവെസ്റ്റ് ചെയ്ത ഒരു ബന്ധത്തിൽ നിന്നും ഇറങ്ങിപ്പോരുക ആർക്കും അത്ര എളുപ്പമല്ല. പ്രത്യേകിച്ച് അബ്യൂസേഴ്സിന്റെ വലിയൊരു തന്ത്രമാണ് ക്രൂരമായി അബ്യൂസ് ചെയ്തശേഷമുള്ള 'ലവ്ബോംബിങ്' സ്ട്രാറ്റജി. അവർ കരയും, കാലുപിടിക്കും, സ്നേഹം പ്രകടിപ്പിക്കാനുള്ള പലവഴികളും ചെയ്യും. വിക്ടിം ആയിപ്പോകുന്ന പെൺകുട്ടികൾ ആ പ്രകടനങ്ങളിൽ വീണുപോവുകയും ചെയ്യും.
ഗാർഹികപീഡനങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ സോഷ്യൽമീഡിയാ പ്രൊഫൈലുകളിൽ കാണുന്ന അബ്യൂസറായ പങ്കാളിക്കൊപ്പമുള്ള സന്തോഷം നിറഞ്ഞ ഫോട്ടോസിന്റെയും, വീഡിയോസിന്റെയുമൊക്കെ പിന്നിലുള്ള സൈക്കോളജി ഇതാണ്. അമിതമായി പങ്കാളിക്ക് പെൺകുട്ടികൾ അടിമപ്പെട്ട് പോകുന്നതിനുള്ള മുഖ്യകാരണങ്ങളിലൊന്ന് വിവാഹത്തോടുള്ള നമ്മുടെ സമീപനത്തിന്റെകൂടി പ്രശ്നമാണ് എന്ന് പറയേണ്ടി വരും.
എന്ത് സംഭവിച്ചാലും ആ ബന്ധത്തിൽ ഉറച്ചുനിൽക്കണം എന്ന അമിതവൈകാരികത ഉപേക്ഷിച്ച് തുടർന്നുപോകാൻ സാധിക്കാത്ത ബന്ധങ്ങളിൽ നിന്ന് ഇറങ്ങിപ്പോരുന്നത് നോർമൽ ആയൊരു കാര്യമാണെന്ന ചിന്ത പകർന്നുകൊടുത്താൽ നരകിച്ച് ഒരു ബന്ധത്തിൽ കടിച്ചുതൂങ്ങുന്ന, സാധിക്കാതെ വരുമ്പോൾ ആത്മഹത്യയിൽ അഭയംതേടുന്ന പരിപാടിക്ക് കുറേ മാറ്റങ്ങൾ വരും. നരകിക്കുമ്പോൾ ചേർത്തുപിടിക്കാതെ മരണപ്പെട്ടു കഴിയുമ്പോൾ തെളിവുകൾ നിരത്തിയിട്ടും, നീതിക്ക് വേണ്ടി പോരാടിയിട്ടും എന്തുകാര്യം? സ്നേഹവും പരിഗണനയും വേണ്ടത് ജീവനോടെയിരിക്കുമ്പോഴാണ്.
പെൺകുട്ടികളോടാണ്... നിങ്ങൾ മരിച്ചാൽ നഷ്ടം നിങ്ങൾക്ക് മാത്രമാണ്. ബാക്കിയുള്ളവർ സങ്കടപ്പെടും കരയും. കാലക്രമേണ ജീവിതത്തിലേക്ക് മടങ്ങിയെത്തും. അത് പ്രകൃതിനിയമമാണ്. അവനവനെ സംരക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം ആണ്.


