പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് നോയിഡയിൽ നിന്നുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജറായി ജോലി ചെയ്യുന്ന കനിക റെയ്‌ന എന്ന യുവതിയാണ്. ബോസുമായിട്ടുള്ള സംഭാഷണവും അവൾ ഷെയർ ചെയ്തിട്ടുണ്ട്.
പല ഇന്ത്യൻ കമ്പനികളിലും മാനേജർമാരോട് ലീവ് ചോദിക്കുകയെന്നാൽ വലിയ ബുദ്ധിമുട്ടുള്ള അനുഭവമാണ്. പലപ്പോഴും ലീവ് തരാതിരിക്കാനുള്ള കാരണം അറിയുക, തരാതിരിക്കുക തുടങ്ങിയ അനുഭവങ്ങളിലൂടെയെല്ലാം കടന്നു പോകേണ്ടി വരും. ലീവ് എന്നത് ഒരു തൊഴിലാളിയുടെ അവകാശമാണ് എന്നതിനെ പാടേ അവഗണിച്ചുകൊണ്ട് പെരുമാറുന്നവരും ഇഷ്ടം പോലെയുണ്ട്. എന്നാൽ, എല്ലാവരും അങ്ങനെയല്ല, എല്ലാ കമ്പനിയിലും അതല്ല അവസ്ഥ എന്ന് കാണിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ലിങ്ക്ഡ്ഇന്നിൽ ശ്രദ്ധിക്കപ്പെടുന്നത്.
പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് നോയിഡയിൽ നിന്നുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജറായി ജോലി ചെയ്യുന്ന കനിക റെയ്‌ന എന്ന യുവതിയാണ്. ബോസുമായിട്ടുള്ള സംഭാഷണവും അവൾ ഷെയർ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 12 മുതൽ 14 വരെയാണ് അവൾക്ക് അവധി വേണ്ടിയിരുന്നത്. ആ ദിവസങ്ങളിൽ അവധി ചോദിച്ചുകൊണ്ട് അവൾ ബോസിന് മെയിൽ അയക്കുകയും ചെയ്തു. അതിനൊപ്പം ഓഗസ്റ്റ് 15 -ലെ സ്വാതന്ത്ര്യദിനത്തിന്റെ അവധിയും ഓഗസ്റ്റ് 16, 17 തീയതികളിലെ വാരാന്ത്യത്തിലെ അവധിയും ഉണ്ടായിരുന്നു.
അവധി അനുവദിച്ചുകൊണ്ടുള്ള ബോസ് സൗരഭ് ഗുപ്തയുടെ മെയിലിന്റെ സ്ക്രീൻഷോട്ടാണ് കനിക പങ്കുവച്ചിരിക്കുന്നത്. അതിൽ അദ്ദേഹം അവധി അനുവദിക്കുക മാത്രമല്ല, മറ്റ് ചില കാര്യങ്ങൾ കൂടി കുറിച്ചിരിക്കുന്നത് കാണാം. അതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. 'നിങ്ങളുടെ യാത്ര മുഴുവനായും ആസ്വദിക്കൂ. അനാവശ്യമായി സമ്മർദ്ദത്തിലാവേണ്ട കാര്യമില്ല. നിങ്ങളുടെ അഭാവത്തിൽ ഞങ്ങൾ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തുകൊള്ളും. ചിയേഴ്‌സ്' എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
വർക്ക് ലൈഫ് ബാലൻസിനെ കുറിച്ച് പലരും പറയുമെങ്കിലും കുറച്ചുപേരെ അത് പ്രാവർത്തികമാക്കാറുള്ളൂ എന്നാണ് കനിക പറയുന്നത്. ഒരുപാടുപേർ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ബോസാണ് വേണ്ടത് എന്നാണ് പലരും പറഞ്ഞത്.
