മുൻകാമുകന് പ്രണയം 'ക്രിപ്റ്റോ'യോട് മാത്രം, വൺ സ്റ്റാർ റിവ്യൂവുമായി യുവതി, സ്ക്രീൻഷോട്ട് വൈറൽ
'തന്റെ ഏഴ് വർഷത്തെ ബന്ധം തകരാൻ കാരണം ഈ ആപ്പാണ്. കുറച്ച് മാസങ്ങളായി എന്റെ ബോയ്‍ഫ്രണ്ട് രാഹുൽ എന്റെ കൂടെ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഇതിലാണ് ചെലവഴിച്ചത്.'

ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്പുകളിൽ മണിക്കൂറുകളോളം സമയം ചെലവഴിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഇത് ആരുടെയെങ്കിലും പ്രണയത്തിൽ വില്ലനായി മാറുമോ? മാറിയെന്നാണ് ഇന്ത്യക്കാരിയായ ഒരു യുവതി പറയുന്നത്.
ഒരു ക്രിപ്‌റ്റോ പ്രേമിയുമായി ഡേറ്റിംഗ് നടത്തുകയായിരുന്നു താൻ എന്നാണ് യുവതി പറയുന്നത്. ഡിജിറ്റൽ കറൻസിയോടുള്ള അയാളുടെ പ്രണയമാണ് തങ്ങളുടെ ഏഴു വർഷത്തെ പ്രണയബന്ധം തകരാൻ കാരണമായത് എന്നും അവർ പറയുന്നു.
ഇയാളുടെ ക്രിപ്‌റ്റോ ഭ്രമത്തിൽ പ്രകോപിതയായ യുവതി ഗൂഗിൾ പ്ലേയിലെ ട്രേഡിംഗ് ആപ്പിന് വളരെ 'സത്യസന്ധ'മായ ഒരു റിവ്യൂവും നൽകി. അതിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
'തന്റെ ഏഴ് വർഷത്തെ ബന്ധം തകരാൻ കാരണം ഈ ആപ്പാണ്. കുറച്ച് മാസങ്ങളായി എന്റെ ബോയ്‍ഫ്രണ്ട് രാഹുൽ എന്റെ കൂടെ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഇതിലാണ് ചെലവഴിച്ചത്. ക്രിപ്‌റ്റോയുടെ എലോൺ മസ്‌ക് ആകാമെന്നും 24x7 ഉം വിചിത്രമായ ഈ കോയിനുകളുടെ റാൻഡം ഗ്രാഫുകൾ നോക്കാമെന്നുമാണ് അയാൾ കരുതുന്നത്' എന്നാണ് യുവതി എഴുതിയിരിക്കുന്നത്. വൺ സ്റ്റാറാണ് യുവതി ആപ്പിന് നൽകിയിരിക്കുന്നത്.
തന്നെയും തന്റെ കുടുംബക്കാരെയും ഇതിലേക്ക് വലിച്ചിടാൻ കാമുകൻ നോക്കി എന്നും യുവതി പറയുന്നു. തങ്ങളുടെ വിവാഹത്തിന്റെ തുക ക്രിപ്റ്റോയിൽ നിക്ഷേപിക്കാൻ തന്റെ അച്ഛനെ അയാൾ പ്രേരിപ്പിച്ചു എന്നും യുവതി പറയുന്നുണ്ട്.
എന്തായാലും, വളരെ പെട്ടെന്നാണ് സംഗതി വൈറലായി മാറിയത്. ട്രേഡിംഗ് ആപ്പും ഇതിൽ ഖേദപ്രകടനവുമായി എത്തി. നിങ്ങളുടെ അനുഭവം ഇങ്ങനെയാണ് എന്ന് അറിഞ്ഞതിൽ അതിയായ ഖേദമുണ്ട് എന്നായിരുന്നു റിപ്ലൈ. അതേസമയം, ക്രിപ്റ്റോ പ്രേമികളായ ആളുകൾ യുവതിയുടെ കാമുകനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.
