Asianet News MalayalamAsianet News Malayalam

കൈകളില്ല, കാലുകൊണ്ട് പരീക്ഷയെഴുതി ഈ വിദ്യാർത്ഥി നേടിയ മാർക്ക് 70 ശതമാനം...

ഒരു പാർട്ട് ടൈം ജോലിക്കാരനാണ് തുഷാറിന്റെ അച്ഛനായ രാജേഷ് വിശ്വകർമ്മ. മകന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരച്ഛനാണ് അദ്ദേഹം. കുട്ടിക്കാലത്ത് ഒരു സ്കൂളും തന്നെ എടുക്കാൻ താല്പര്യം കാണിച്ചില്ല എന്ന് തുഷാർ പറഞ്ഞു. നിരവധി സ്ഥാപനങ്ങളിൽ അപേക്ഷിച്ചെങ്കിലും ഓരോ തവണയും പ്രവേശനം നിഷേധിക്കപ്പെട്ടു.

exam written by thumbs positive story of Tushar Vishwakarma
Author
Lucknow, First Published Aug 4, 2021, 2:10 PM IST

തുഷാർ വിശ്വകർമ്മയുടെ കൈകൾ ജന്മനാൽ വൈകല്യം ബാധിച്ചവയാണ്. എന്നാൽ അത് ഒരിക്കലും ഒരു കുറവായി അവൻ കരുതിയിട്ടില്ല. ലക്നൗവിലെ ക്രിയേറ്റീവ് കോൺവെന്റ് കോളേജിലെ വിദ്യാർത്ഥിയായ തുഷാർ അതിന്റെ പേരിൽ ഇളവുകൾ നേടാൻ ശ്രമിച്ചിട്ടുമില്ല. കൈകൾ ഇല്ലെങ്കിലെന്താ അവന് കാലുകൾ തന്നെ ധാരാളമാണ്. പന്ത്രണ്ടാം ക്ലാസിൽ കാലുകൾ ഉപയോഗിച്ച് പരീക്ഷ എഴുതിയ തുഷാർ നേടിയത് 70 ശതമാനം മാർക്കാണ്. സാധാരണയായി ഇങ്ങനെ പരീക്ഷ സ്വന്തമായി എഴുതാൻ സാധിക്കാത്തവർക്ക് പകരക്കാരെ വച്ച് പരീക്ഷ എഴുതാം. എന്നാൽ ഒരാളെ വച്ച് പരീക്ഷ എഴുതാനോ, പരീക്ഷകൾ പൂർത്തിയാക്കാൻ ലക്ചറർമാരോട് അധിക സമയം ചോദിക്കാനോ ഒന്നും തുഷാർ മുതിർന്നില്ല. ഒരാൾ കൈകൊണ്ട് എഴുതുന്നതുപോലെ വൃത്തിയായും വെടിപ്പായും അവൻ പരീക്ഷ കാൽവിരലുകൾ കൊണ്ട് എഴുതി.  

പരീക്ഷയ്ക്ക് അതും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയ്ക്ക് എത്രത്തോളം എഴുതാനുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കൈകൊണ്ട് എഴുതുന്നവർക്ക് പോലും വേഗത്തിൽ എഴുതാനും, സമയത്തിനകത്ത് തീർക്കാനും പ്രയാസമാണ്. പലപ്പോഴും കൈകഴച്ച് ഒടിയും. എന്നാൽ, അത്തരം ഒരു സന്ദർഭത്തിലാണ് തുഷാർ കാലുകൊണ്ട് പരീക്ഷ എഴുതാൻ തീരുമാനിക്കുന്നത്. എത്രത്തോളം അവൻ പ്രയാസപ്പെട്ടിരിക്കും എന്നത് ചിന്തിക്കാവുന്നതേയുള്ളൂ. എന്നിട്ടു പോലും അവന് ഉയർന്ന മാർക്ക് കരസ്ഥമാക്കാൻ സാധിച്ചു എന്നത് അവന്റെ മനക്കരുത്തിന്റെ, ആത്മവിശ്വാസത്തിന്റെ വിജയമായിട്ട് വേണം കാണാം.      

"ജനിക്കുമ്പോൾ മുതൽ തന്നെ എന്റെ രണ്ടു കൈകളും ചലനമറ്റതായിരുന്നു. പക്ഷേ ഞാൻ അതിനെ ഒരിക്കലും ഒരു പോരായ്മയായി കണ്ടിട്ടില്ല.  എന്റെ ചേട്ടന്മാർ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ, എനിക്കും സ്കൂളിൽ പോകണമെന്ന് ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞു. പക്ഷേ എങ്ങനെ എഴുത്തുമെന്നത് ഒരു പ്രശ്‌നമായിരുന്നു. ഒടുവിൽ കാൽ വിരലുകൾ കൈകളാക്കി എഴുതാൻ തുടങ്ങി ഞാൻ” എഞ്ചിനീയറാകാൻ ആഗ്രഹിക്കുന്ന തുഷാർ പറഞ്ഞു.

ഒരു പാർട്ട് ടൈം ജോലിക്കാരനാണ് തുഷാറിന്റെ അച്ഛനായ രാജേഷ് വിശ്വകർമ്മ. മകന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരച്ഛനാണ് അദ്ദേഹം. കുട്ടിക്കാലത്ത് ഒരു സ്കൂളും തന്നെ എടുക്കാൻ താല്പര്യം കാണിച്ചില്ല എന്ന് തുഷാർ പറഞ്ഞു. നിരവധി സ്ഥാപനങ്ങളിൽ അപേക്ഷിച്ചെങ്കിലും ഓരോ തവണയും പ്രവേശനം നിഷേധിക്കപ്പെട്ടു. അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു. ഒടുവിൽ, ഒരു സ്കൂൾ തുഷാറിനെ സ്വീകരിക്കാൻ തയ്യാറായി. അവിടെ വച്ചാണ് കാൽവിരലുകൾ കൊണ്ട് എഴുതാൻ തുഷാർ പരിശീലിക്കുന്നത്. ആദ്യമാദ്യം ഒട്ടും വേഗതയില്ലായിരുന്നു. എന്നാൽ വേഗത ലഭിക്കാനായി ദിവസത്തിൽ ആറ് മണിക്കൂറിലധികം അവൻ പരിശീലിച്ചു. ഇപ്പോൾ എല്ലാം കാൽവിരലുകൾ ഉപയോഗിച്ചാണ് അവൻ ചെയ്യുന്നത്. പുസ്തകങ്ങളുടെ പേജുകൾ മറിക്കുന്നതു വരെ കാൽവിരലുകൾ ഉപയോഗിച്ചാണ്. തന്റെ ഈ വിജയത്തിന് പിന്നിൽ അധ്യാപകരുടെ പ്രോത്സാഹനവുമുണ്ടെന്ന് തുഷാർ പറഞ്ഞു. തറയിൽ ഇരുന്നുകൊണ്ട് പരീക്ഷകൾ എഴുതാൻ അവർ അവനെ അനുവദിച്ചു. പത്താം ക്ലാസിൽ 67  ശതമാനമായിരുന്നു അവന്റെ മാർക്ക്.  

Follow Us:
Download App:
  • android
  • ios