Asianet News MalayalamAsianet News Malayalam

24 കാരറ്റ് സ്വർണത്തിലൊരു പലഹാരം, പൊന്നുകൊണ്ടുണ്ടാക്കിയ 'എക്സോട്ടിക്ക'യുടെ വില ഇതാണ്... 

ഒരു പലഹാരത്തിൽ 100 ​​കഷണങ്ങളാണ് ഉണ്ടാവുക. ഒരു കഷ്ണം 10 ഗ്രാമുണ്ടാകും. അതിന് 500 രൂപയാണ് വില. അതിനു പുറമെ 2000 രൂപ വിലയുള്ള നാല് കഷ്ണങ്ങളടങ്ങുന്ന ഒരു ഗിഫ്റ്റ് ബോക്സിലും പലഹാരം വിൽക്കുന്നു.

Exotica Sweet made of 24 carat gold rlp
Author
First Published Oct 12, 2023, 10:55 PM IST

വിവിധങ്ങളായ രുചികൾക്ക് പേര് കേട്ടതാണ് ലഖ്നൗ. എന്നാൽ, ഇപ്പോൾ ആ ന​ഗരത്തിൽ നിന്നും വരുന്നത് പൊന്നുകൊണ്ടുണ്ടാക്കിയ ഒരു വിഭവത്തിന്റെ വിശേഷമാണ്. അതേ, കേട്ടത് സത്യമാണ് പൊന്നുകൊണ്ടുണ്ടാക്കിയ വിഭവം തന്നെ. ലഖ്‌നൗവിലെ സദർ ബസാറിലുള്ള പ്രശസ്തമായ സ്വീറ്റ് ഷോപ്പാണ് ഛപ്പൻ ഭോഗ്. ഈ കടയിലാണ് സ്വർണത്തിൽ നിർമ്മിച്ച വിഭവമുള്ളത്. 

ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ട് അലങ്കരിച്ച 24 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച മധുരപലഹാരം ഇവിടെ വിൽക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ മധുരപലഹാരത്തിന് വില എത്രയാണ് എന്നോ? കിലോയ്ക്ക് 50,000 രൂപയ്ക്കാണ് ഇത്രനാളും അത് വിറ്റിരുന്നത്. എന്നാൽ ഇപ്പോൾ, അതിന്റെ നിറവും ആകൃതിയും വലുപ്പവും മാറാനും വില കൂടാനും സാധ്യതയുണ്ടത്രെ. 

എക്സോട്ടിക്ക എന്നാണ് ഈ വ്യത്യസ്തമായ പലഹാരത്തിന്റെ പേര്. ലഖ്‌നൗവിലെ ഏറ്റവും വില കൂടിയ മധുരപലഹാരങ്ങളിൽ ഒന്നാണിത്. മാത്രമല്ല, ഇപ്പോൾ ഈ മധുരപലഹാരം കഴിക്കുക എന്നത് ആളുകൾ സ്റ്റാറ്റസിന്റെ പ്രതീകമായി കൂടി കണക്കാക്കുന്നു. കടയുടെ ഉടമയായ രവീന്ദ്ര ഗുപ്ത ന്യൂസ് 18-നോട് പറഞ്ഞത്, 2009 -ൽ ഒരാളുടെ അഭ്യർത്ഥന പ്രകാരമാണ് ആദ്യമായി ഈ മധുരപലഹാരം നിർമ്മിച്ചത്. എന്നാൽ, ചുരുങ്ങിയ സമയം കൊണ്ടു തന്നെ അത് എങ്ങും പേരുകേട്ടതായി എന്നാണ്. 

അതേ സമയം സ്വർണത്തിന് വില കൂടുന്നത് കൊണ്ടുതന്നെ പലഹാരത്തിനും വില കൂട്ടാതെ തരമില്ല എന്നും അദ്ദേഹം പറയുന്നു. വിവാഹത്തിനും മറ്റും സമ്മാനമായി നൽകാനും ആളുകൾ എക്സോട്ടിക്ക വാങ്ങിക്കാറുണ്ട്. ഒരു പലഹാരത്തിൽ 100 ​​കഷണങ്ങളാണ് ഉണ്ടാവുക. ഒരു കഷ്ണം 10 ഗ്രാമുണ്ടാകും. അതിന് 500 രൂപയാണ് വില. അതിനു പുറമെ 2000 രൂപ വിലയുള്ള നാല് കഷ്ണങ്ങളടങ്ങുന്ന ഒരു ഗിഫ്റ്റ് ബോക്സിലും പലഹാരം വിൽക്കുന്നു. ദിവസവും 2000 രൂപ വിലയുള്ള മൂന്നോ നാലോ പെട്ടികൾ വരെ വിറ്റുപോകുന്നുണ്ടത്രെ. 

സ്വർണ്ണത്തിന് പുറമെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മക്കാഡമിയ നട്ട്‌സ്, ഹിമാചൽ പ്രദേശിൽ നിന്നുള്ള പൈൻ നട്ട്‌സ്, ഇറാനിൽ നിന്നുള്ള മമ്ര ആൽമണ്ട്സ്, യുഎസിൽ നിന്നുള്ള ബ്ലൂബെറി, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിസ്ത, തുർക്കിയിലെ ഹസൽനട്ട്, കശ്മീരിൽ നിന്നുള്ള കുങ്കുമം എന്നിവയും എക്സോട്ടിക്കയിൽ ഉപയോഗിക്കുന്നുണ്ടത്രെ.

വായിക്കാം: മനുഷ്യത്വം മരിച്ചിട്ടില്ല, കൃത്രിമശ്വാസവും മരുന്നും നൽകി, പാതിമരിച്ച ഓന്തിന് പുതുജീവനേകിയ യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

Follow Us:
Download App:
  • android
  • ios