Asianet News MalayalamAsianet News Malayalam

'രാജാവിന് ഒരു നഴ്‍സിലുണ്ടായ മകളായിരുന്നു ഞാന്‍, അച്ഛന്‍ രാജാവാണെന്ന് തിരിച്ചറിഞ്ഞ നിമിഷം...' മകളുടെ കുറിപ്പ്

1996 -ലെ ഒരു രാത്രി, എനിക്കന്ന് 14 വയസ്സായിരുന്നു. അന്ന് നമുക്കൊരു ഫോണ്‍കോള്‍ വന്നു. അച്ഛന്‍റെ അഭിഭാഷകനായിരുന്നു മറുവശത്ത്. അയാള്‍ക്ക് പറയാനുണ്ടായിരുന്നു കാര്യമിതാണ്, അച്ഛന് എന്നെ കാണണം. ആ നിമിഷം എനിക്ക് വിശ്വസിക്കാനായില്ല. 

experience of a king's illegitimate daughter
Author
U.S., First Published May 24, 2020, 11:55 AM IST

നഴ്‍സായ ഒരു അമ്മ വളര്‍ത്തുന്ന മകള്‍, കഷ്‍ടപ്പാടുകളനുഭവിക്കുന്ന, കൂട്ടുകാര്‍ക്കൊപ്പം ഷോപ്പിംഗ് നടത്താനാവാത്ത, സ്വന്തമായി വീടില്ലാത്ത, സാധാരണയില്‍ സാധാരണയായ ഒരു പെണ്‍കുട്ടി. എന്നാല്‍, യഥാര്‍ത്ഥത്തില്‍ തന്‍റെ അച്ഛന്‍ ഒരു രാജാവാണ് എന്ന് ഒരു ദിവസം തിരിച്ചറിഞ്ഞാലോ? അതേ, മലേഷ്യയിലെ ഒരു രാജാവിന് ആരുമറിയാതെ നഴ്‍സിലുണ്ടായ മകളായിരുന്നു അവള്‍. കര്‍ല ബ്രിസുവേല പേരേസ് അതാണവളുടെ പേര്. ആ കഥ ഇങ്ങനെയാണ്. (വൈസില്‍ പ്രസിദ്ധീകരിച്ചത്.) 

പതിനാലാമത്തെ വയസ്സിലാണ് ഞാനത് തിരിച്ചറിഞ്ഞത്, ഞാന്‍ മലേഷ്യന്‍ രാജാവിന്‍റെ മകളാണ് എന്ന സത്യം. ഞാന്‍ അമ്മയ്ക്കൊപ്പമാണ് വളര്‍ന്നത്. അപ്പോഴൊന്നും അച്ഛനെ കുറിച്ച് ഞാന്‍ ഓര്‍ത്തിരുന്നില്ല എന്നതാണ് വാസ്‍തവം. എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ്, കിന്‍ഡര്‍ഗാര്‍ഡന്‍ ടീച്ചര്‍ ഒരുദിവസം നമ്മളോട് മാതാപിതാക്കളെയും കൊണ്ടുചെല്ലാന്‍ പറയുന്നത്. 

'ഓ നിന്‍റെ അച്ഛന് വരാനാവില്ലല്ലോ? കാരണം രാജാവായതുകൊണ്ട് ആള് തിരക്കിലായിരിക്കില്ലേ??' എന്ന് അമ്മയന്ന് സ്വയം നിയന്ത്രിക്കാനാവാതെ പറഞ്ഞു. അപ്പോഴാണ് ഞാന്‍ അമ്മയോട് അച്ഛനെ കുറിച്ച് അന്വേഷിച്ചത്. ഞാനമ്മയെ വിശ്വസിച്ചു. കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. കാരണം ഞാനന്ന് കുട്ടിയായിരുന്നു. എന്‍റെ ചിന്തകള്‍ക്ക് പരിമിതികളുണ്ടായിരുന്നു. ആറാമത്തെ വയസ്സില്‍ ഞാനും അമ്മയും ഫിലിപ്പീന്‍സില്‍ നിന്നും യു എസ്സിലെത്തി. കാലിഫോര്‍ണിയയിലെ വിവിധ വാടകമുറികളിലാണ് ഞാനും അമ്മയും താമസിച്ചത്. ഒരിക്കലും സ്വന്തമായി ഒരു വീട് വാങ്ങിക്കാന്‍ നമുക്കായിരുന്നില്ല. മുതിര്‍ന്ന് തുടങ്ങിയപ്പോള്‍ ഞാന്‍ മനസിലാക്കി. നമുക്ക് പണം കുറവാണ്. 

experience of a king's illegitimate daughter

 

മിഡില്‍ സ്‍കൂളിലെത്തിയപ്പോള്‍ ലെവിയുടെ ഒരു ജീന്‍സെന്നത് എന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. പക്ഷേ, എനിക്കറിയാമായിരുന്നു ഒരിക്കലും അത് വാങ്ങാനുള്ള കഴിവെനിക്കില്ല എന്ന്. ഓരോ പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോഴും എന്‍റെ കൂട്ടുകാരെല്ലാം അവരുടെ വാര്‍ഡ്രോബിലേക്ക് പുതിയ പുതിയ വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങി നിറക്കുമ്പോള്‍ എനിക്ക് അത്യാവശ്യത്തിനുള്ള വില കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം വാങ്ങേണ്ടി വന്നു. വില കൂടിയ ചെരിപ്പുകള്‍ വാങ്ങാനായില്ലെങ്കിലും ഒരു ചെരിപ്പ് വാങ്ങാന്‍ എനിക്ക് പറ്റുമായിരുന്നു. 

കാരണം, എന്‍റെ അമ്മ ഒരു നഴ്‍സായിരുന്നു, അവര്‍ കഠിനമായി ജോലി ചെയ്‍തു. പുറത്തുനിന്നും ഒരു സഹായവുമില്ലാതെ തന്നെ അവരെന്നെ വളര്‍ത്തി. ഞാനെന്‍റെ അച്ഛനെ കുറിച്ച് ഓര്‍ത്തിരുന്നു. ഒരു രാജാവിന്‍റെ മകള്‍ വളരേണ്ടതിങ്ങനെയല്ലാ എന്നും ഞാന്‍ ചിന്തിച്ചിരുന്നു. അച്ഛനെ കുറിച്ചുള്ള ചോദ്യങ്ങള്‍ കൊണ്ട് അമ്മയുടെ മനസ് വേദനിപ്പിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. പക്ഷേ, ശേഖരിച്ച വിവരങ്ങള്‍ വെച്ച് ഞാന്‍ മനസിലാക്കിയത് ഇതാണ്, മലേഷ്യന്‍ രാജാവും ഒരു ചെറുപ്പക്കാരിയായ നഴ്‍സുമായുള്ള ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായി അതാണ് ഞാന്‍. 

experience of a king's illegitimate daughter

 

1996 -ലെ ഒരു രാത്രി, എനിക്കന്ന് 14 വയസ്സായിരുന്നു. അന്ന് നമുക്കൊരു ഫോണ്‍കോള്‍ വന്നു. അച്ഛന്‍റെ അഭിഭാഷകനായിരുന്നു മറുവശത്ത്. അയാള്‍ക്ക് പറയാനുണ്ടായിരുന്നു കാര്യമിതാണ്, അച്ഛന് എന്നെ കാണണം. ആ നിമിഷം എനിക്ക് വിശ്വസിക്കാനായില്ല. അതുവരെ ഒരു കഥ പോലെ കരുതിയിരുന്നത് സത്യമാണ് എന്ന് ബോധ്യപ്പെട്ട നിമിഷം...

ആ ഫോണ്‍ വന്ന് കുറച്ച് ആഴ്ചകള്‍ക്ക് ശേഷം ഒരു ദിവസം ആദ്യമായി ഞാനെന്‍റെ അച്ഛനെ കണ്ടു. ലണ്ടനിലെ ഒരു ഹോട്ടല്‍ റസ്റ്റോറന്‍റില്‍വെച്ച് ഉച്ചയൂണിന്. പക്ഷേ, അത് ഞാന്‍ പ്രതീക്ഷിച്ചതുപോലെ ഒന്നുമായിരുന്നില്ല. അച്ഛന്‍റെ അടുത്ത് ഒരു കസേരയില്‍ ഞാനും അമ്മയും അന്ന് വിളിച്ച അഭിഭാഷകനും ഇരുന്നു. അച്ഛന്‍റെ ബാക്കി പരിചാരകരെല്ലാം അടുത്തുള്ള ടേബിളുകളിലിരിക്കുന്നുണ്ട്. അച്ഛനെന്നോട് കുഞ്ഞുകുഞ്ഞ് സംഭാഷണം നടത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എനിക്കെന്താണ് ഇഷ്ടം? എന്താവാനാണ് ആഗ്രഹം എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. പക്ഷേ, എനിക്കദ്ദേഹത്തോട് കൂടുതല്‍ അടുക്കണമെന്നുണ്ടായിരുന്നു. ഇതുപക്ഷേ, ഒരു ബിസിനസ് മീറ്റിംഗ് പോലെ ആയിരുന്നു. അല്ലാതെ മുമ്പെന്നോ അദ്ദേഹത്തിന് നഷ്‍ടമായിപ്പോയ ഒരു മകളെ കണ്ടുമുട്ടുന്ന പോലെ ഒന്നായിരുന്നില്ല. 

ഞാന്‍ കരുതിയത് അച്ഛന്‍ ചെറുപ്പമായിരിക്കുമെന്നാണ്. പക്ഷേ, ഞാന്‍ സങ്കല്‍പിച്ച പോലെ ആയിരുന്നില്ല. അച്ഛന്‍ അദ്ദേഹത്തിന്‍റെ അറുപതുകളിലായിരുന്നു. പക്ഷേ, അച്ഛനും ഞാനും തമ്മിലുള്ള ചില സാമ്യതകള്‍ ഞാന്‍ ശ്രദ്ധിച്ചു. ഞങ്ങളുടെ മുഖങ്ങള്‍ തമ്മില്‍ ചെറിയ സാമ്യമുണ്ടായിരുന്നു. സംസാരരീതികളിലും. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഒരച്ഛനും മകളും തമ്മിലുള്ള അത്തരം സാമ്യങ്ങളോര്‍ത്ത് ഞാനന്ന് അത്ഭുതപ്പെട്ടിരുന്നു. 

പിന്നീടുള്ള കുറച്ച് വര്‍ഷങ്ങളില്‍ രണ്ട് തവണ കൂടി ഞാന്‍ അച്ഛനെ കണ്ടു.  ആദ്യത്തേത് പോലെത്തന്നെ ഹോട്ടല്‍ റസ്റ്റോറന്‍റുകളില്‍ ഉച്ചഭക്ഷണത്തിന് ബിസിനസ് യോഗങ്ങള്‍ പോലെ... അതുപോലെയുള്ള ചോദ്യങ്ങള്‍, 'എന്താവാനാണ് ആഗ്രഹിക്കുന്നത്, സ്‍കൂളെങ്ങനെ? കോളേജെങ്ങനെ?' എന്നിങ്ങനെ... എനിക്ക് ഒരു അഭിഭാഷകയാവാനാണ് ആഗ്രഹമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ തന്നെ ചെയ്യാനദ്ദേഹം എന്നോട് പറഞ്ഞു. അന്ന് വേറൊരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. ഞാന്‍ കാണാന്‍ അദ്ദേഹത്തിന്‍റെ മൂത്ത മകളെ പോലെ തന്നെയാണെന്ന്. എനിക്കൊരു മൂത്ത സഹോദരിയുണ്ടെന്ന വിവരം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. 

ഓരോ തവണയും കണ്ട് പിരിയുമ്പോഴും ഒരു നിര്‍ബന്ധിതചോദ്യം പോലെ നാം പരസ്‍പരം ചോദിക്കും 'ഇനിയെന്നാണ് കാണുന്നത്' എന്ന്. എന്നാല്‍ എന്തെങ്കിലും പ്രോമിസ് തരാതിരിക്കാനും ഏതെങ്കിലും ഒരു തീയതി പറയാതിരിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതായത് ഒരുപക്ഷേ ഇതായിരിക്കാം നമ്മുടെ അവസാനത്തെ കണ്ടുമുട്ടലെന്നൊരര്‍ത്ഥം എല്ലായ്പ്പോഴുമുണ്ടായിരുന്നു. 

ഞാനെപ്പോഴും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, കഴിഞ്ഞിരുന്നില്ല. ആ അഭിഭാഷകനായിരുന്നു അദ്ദേഹവുമായി നമ്മെ ബന്ധിപ്പിക്കുന്ന ഏക മാര്‍ഗം. ഞാനദ്ദേഹത്തിന് മെയിലുകളയച്ചു. എപ്പോഴാണ് അച്ഛനിനി ലണ്ടനില്‍ വരിക എന്നന്വേഷിച്ചു. അച്ഛന് അവിടെ ഒരു വസതിയുണ്ടായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം അവിടെയെത്താറുണ്ടായിരുന്നു. ഓരോ തവണ ഫിലിപ്പീന്‍സില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുമ്പോഴും ഞാന്‍ ചോദിക്കും അച്ഛനെവിടെയാണ് എന്ന്. അപ്പോള്‍ ലണ്ടനിലെ വസതിയിലാണെന്നാവും മറുപടി. ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്‍ച 2003 -ലായിരുന്നു. 

experience of a king's illegitimate daughter

 

അച്ഛനദ്ദേഹത്തിന്‍റെ അവസാനകാലത്തൂടെ കടന്നുപോവുകയായിരുന്നു. ഒരുദിവസം സോഷ്യല്‍ മീഡിയയില്‍ ഒരാളെനിക്കൊരു മെസ്സേജയച്ചു, 'ആദരാഞ്ജലികള്‍ കര്‍ലാ...' ഞാനത് നോക്കി. ഓണ്‍ലൈന്‍ സൈറ്റുകളിലെ ലേഖനങ്ങള്‍ പരിശോധിക്കുന്നതിലൂടെ ഞാന്‍ മനസിലാക്കി, അച്ഛന്‍ മരിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് എനിക്കപ്പോള്‍ തോന്നിയതെന്ന് എനിക്ക് മനസിലാവുന്നില്ല. എനിക്ക് വിഷമമുണ്ടായിരുന്നു അത് സത്യമാണ്. ഞാന്‍ ഒരച്ഛനെങ്ങനെയായിരിക്കണമെന്ന് കരുതിയിരുന്നോ അതായിരുന്നില്ല അദ്ദേഹം. ഞാനീ ലോകത്തെത്താന്‍ കാരണം അദ്ദേഹമായിരുന്നുവെന്ന് പക്ഷേ എനിക്കറിയാം. 

അതേസമയം ഞ‌ാനിങ്ങനെയും ചിന്തിച്ചു. അദ്ദേഹത്തിന്‍റെ മരണത്തോടെ അദ്ദേഹത്തിന് എന്‍റെ അടുത്തെത്താനാവില്ല. അദ്ദേഹത്തിന് എന്‍റെ മക്കളെ കാണാനാവില്ല. ഞാന്‍ ലീഗല്‍ ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയത് അറിയില്ല... ഞാന്‍ പിന്നീട് സോഷ്യല്‍ വര്‍ക്കിലേക്ക് തിരിഞ്ഞു. അച്ഛന്‍ മരിച്ചു എന്നതിനപ്പുറം എന്നെ സങ്കടപ്പെടുത്തിയത് അദ്ദേഹത്തെ കൂടുതലറിയാനുള്ള അവസാനത്തെ അവസരവും നഷ്‍ടപ്പെട്ടല്ലോ എന്നതിലായിരുന്നു. 

2009 -ല്‍ ഞാന്‍ ക്വാന്‍റാനിലെത്തി. അവിടെയായിരുന്നു എന്‍റെ അച്ഛന്‍ സുല്‍ത്താനായിരുന്നത്. ഞാനൊരു കത്തെഴുതി. എനിക്കറിയാമായിരുന്നു നിയമപ്രകാരമുള്ള വിവാഹത്തിലെ കുഞ്ഞായിരുന്നില്ല എന്നതുകൊണ്ട് എനിക്ക് കൊട്ടാരത്തിനകത്തേക്ക് കയറാനാവില്ല എന്ന്. ആ കത്ത് ഞാന്‍ ഗാര്‍ഡിനെ ഏല്‍പ്പിച്ചു. അയാളതൊരല്‍പം ആകാംക്ഷയോടെ കൈപ്പറ്റി. അയാള്‍ കരുതിക്കാണും ഒരാരാധിക രാജാവിന് എഴുതിയ വെറും കത്തായിരിക്കും അതെന്ന്. പക്ഷേ, കൊട്ടരത്തിന്‍റെ മുന്നിലെത്തി തിരിച്ചുപോന്ന ആ ദിവസം എനിക്കറിയാമായിരുന്നു. കൊട്ടാരത്തിനോട് ഇത്ര അടുത്താണ് ഞാന്‍... ഞാന്‍ അച്ഛനെന്ന് വിളിക്കുന്ന ആ മനുഷ്യന്‍ എന്‍റെ അടുത്തുണ്ടെന്ന്. പക്ഷേ... 

Follow Us:
Download App:
  • android
  • ios