Asianet News MalayalamAsianet News Malayalam

ചൈനയിലെ തടങ്കൽപ്പാളയത്തിൽ ആ സ്ത്രീക്ക് അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍, കേട്ടാൽ ചോരയുറഞ്ഞുപോകുന്ന അനുഭവങ്ങൾ

ഡോർമിറ്ററിക്ക് ചുറ്റും നാദിറ എന്നെ കാണിച്ചുതന്നു, അതിൽ പുതിയ പെയിന്റിന്റെ ഗന്ധം ഉണ്ടായിരുന്നു. മെറ്റൽ ഷട്ടറുള്ള ജനാലകളെല്ലായ്പ്പോഴും അടച്ചിരിക്കുന്നു. രണ്ട് ക്യാമറകളും മുറിയുടെ ഉയർന്ന കോണുകളിലുണ്ടായിരുന്നു. കട്ടിൽ ഇല്ല. ഫർണിച്ചറുകൾ ഇല്ല. ടോയ്‌ലറ്റ് പേപ്പർ ഇല്ല. ഷീറ്റുകളൊന്നുമില്ല. സിങ്കില്ല. ഇരുട്ടിൽ ഞങ്ങൾ രണ്ടുപേര്‍ മാത്രം. കനത്ത ശബ്ദത്തോടെ സെല്‍വാതിലുകളും അടഞ്ഞു.

experience of an Uyghur women in chinese re-education camp
Author
France, First Published Jan 13, 2021, 1:44 PM IST

(ചൈനയിൽ പുനർവിദ്യാഭ്യാസസ്ഥാപനങ്ങളെന്ന് പേരിട്ട് സ്ഥാപിച്ചിരിക്കുന്ന തടങ്കൽപ്പാളയങ്ങൾ പ്രവർത്തിക്കുന്നുവെന്നത് രഹസ്യമല്ല. ഉയ്​ഗറുകളടക്കം മുസ്ലിം ന്യൂനപക്ഷങ്ങളെ അവിടെയിട്ട് കൊല്ലാക്കല ചെയ്യുന്നുവെന്ന വാർത്ത നേരത്തെ തന്നെ വരുന്നുണ്ട്. ഇത് വിവേചനം ഭയന്ന് ഫ്രാൻസിലേക്ക് രക്ഷപ്പെട്ടിട്ടും ചൈനയിലേക്ക് തിരികെ വിളിപ്പിച്ച് തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിക്കപ്പെട്ട ​ഗുൽബാഹർ ഹെയ്തിവാജി എന്ന സ്ത്രീയുടെ അനുഭവമാണ്. ദ ​ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

experience of an Uyghur women in chinese re-education camp

'ഓയില്‍ കമ്പനിയില്‍ അക്കൗണ്ടിംഗ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്' എന്നാണ് ഫോണിന്‍റെ മറുതലയ്ക്കലുണ്ടായിരുന്നയാള്‍ പറഞ്ഞത്. അയാളുടെ ശബ്ദം എനിക്ക് അപരിചിതമായിരുന്നു. എന്തിനാണ് അയാള്‍ വിളിക്കുന്നത് എന്നുപോലും എനിക്ക് മനസിലായിരുന്നില്ല. അത് 2016 നവംബര്‍ മാസമായിരുന്നു. 10 വര്‍ഷം മുമ്പ് ചൈന വിട്ട് ഫ്രാന്‍സിലേക്ക് മാറിയ അന്നുമുതല്‍ അയാൾ പറഞ്ഞ ആ ഓയിൽ കമ്പനിയില്‍ നിന്നും ഞാന്‍ വേതനമില്ലാത്ത അവധിയിലായിരുന്നു. 'വിരമിക്കുന്നതുമായി ബന്ധപ്പെട്ട ചില രേഖകളില്‍ ഒപ്പുവയ്ക്കുന്നതിനായി താങ്കള്‍ കരാമേയിലേക്ക് വരേണ്ടതുണ്ട് മാഡം ഹെയ്തിവാജി' എന്നും അയാള്‍ പറഞ്ഞു. കരാമേ ചൈനയിലെ സിന്‍ജിയാങ്ങിലെ ഒരു നഗരമായിരുന്നു. അവിടെയാണ് ഓയില്‍ കമ്പനിക്കുവേണ്ടി 20 വര്‍ഷത്തിലധികം ഞാന്‍ ജോലി ചെയ്തിരുന്നത്. 

'രേഖകളിലൊപ്പുവയ്ക്കാൻ വേണ്ടി മാത്രമായി ഞാനെന്തിന് അവിടം വരെ വരണം. എന്‍റെ ഒരു സുഹൃത്ത് അവിടെയുണ്ട്. അവളാണ് എന്‍റെ ഇത്തരം കാര്യങ്ങളെല്ലാം നോക്കുന്നത്. അവള്‍ക്കു ഞാന്‍ പവര്‍ ഓഫ് അറ്റോര്‍ണി കൈമാറാം' എന്ന് ഞാന്‍ പറഞ്ഞു. അയാളുടെ കയ്യില്‍ മറുപടിയൊന്നുമില്ലായിരുന്നു. 'സുഹൃത്ത് വന്നാല്‍ മതിയാകുമോ എന്ന് പരിശോധിച്ചശേഷം രണ്ട് ദിവസത്തിനുള്ളില്‍ തിരികെ വിളിക്കാം' എന്നും പറഞ്ഞ് അയാള്‍ ഫോണ്‍ വച്ചു. 

എന്‍റെ ഭര്‍ത്താവ് കെരീം 2002 -ലാണ് സിന്‍ജിയാങ് വിട്ടത്. ആദ്യം കസാക്കിസ്ഥാനിലേക്കാണ് പോയത്. എന്നാല്‍, ഒരു വര്‍ഷമായപ്പോഴേക്കും അവിടം വിടേണ്ടി വന്നു. പിന്നീട് നോര്‍വേയില്‍. അതിനുശേഷം ഫ്രാന്‍സില്‍. അവിടെ അദ്ദേഹം അഭയത്തിനായി അപേക്ഷിച്ചു. അദ്ദേഹം ഫ്രാന്‍സില്‍ സെറ്റില്‍ഡായശേഷം ഞാനും രണ്ട് മക്കളും അദ്ദേഹത്തിനരികിലെത്തുകയായിരുന്നു.

ഉയ്​ഗർ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം

ഓയില്‍ കമ്പനിയില്‍ ജോലിക്കെടുക്കുന്നതിന് മുമ്പ് തന്നെ സിന്‍ജിയാങ് വിടേണ്ടി വരുമെന്ന ബോധം ഞങ്ങളില്‍ വേരുറച്ചിരുന്നു. സിന്‍ജിയാങ് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ഉറുംകിയില്‍ വിദ്യാര്‍ത്ഥികളായിരിക്കെയാണ് ഞാനും ഭർത്താവ് കെരീമും കണ്ടുമുട്ടുന്നത്. പുതിയ ബിരുദധാരികളെന്ന നിലയില്‍ ഞങ്ങള്‍ ജോലി അന്വേഷിച്ചു തുടങ്ങി. ജോലിക്കുവേണ്ടിയുള്ള അന്വേഷണത്തില്‍ പത്രങ്ങളിലെ പരസ്യവാചകങ്ങളില്‍ ആ വാചകം ഞങ്ങളുടെ കണ്ണിലുടക്കിയിരുന്നു-  No Uighurs, അഥവാ ഈ ജോലിക്ക് ഉയിഗുറുകള്‍ അപേക്ഷിക്കേണ്ടതില്ല. ആ വാക്കുകളൊരിക്കലും കെരീമിന്റെ മനസിൽ നിന്നും വിട്ടുപോയില്ല. ഓരോയിടത്തും നമ്മളനുഭവിച്ചുകൊണ്ടിരുന്ന വിവേചനങ്ങള്‍ കെരീമിനൊപ്പം ചേര്‍ന്ന് ഞാന്‍ അവഗണിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, ഭ്രാന്തുപോലെ അത് ഞങ്ങളെ പിന്തുടര്‍ന്നു. 

നമുക്ക് ഭാഗ്യമുണ്ടായിരുന്നു. ബിരുദത്തിനുശേഷം കരാമേയിലെ ഒരു ഓയില്‍ കമ്പനിയില്‍ എഞ്ചിനീയര്‍മാരായി നമുക്ക് ജോലി ലഭിച്ചു. പക്ഷേ, 
അവിടെയും അതുതന്നെ സംഭവിച്ചു. ഒരു ചുവന്ന കവറിന്‍റെ രൂപത്തിലാണ് അന്നത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ലൂണാര്‍ ന്യൂ ഇയര്‍ സമയമായിരുന്നു അത്. ബോസ് നമുക്ക് വാര്‍ഷിക ബോണസ് കൈമാറുകയായിരുന്നു. എന്നാൽ, ഉയിഗറുകള്‍ക്ക് കൈമാറിയ ചുവന്ന കവറുകളില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകരായിരുന്നു ചൈനയിലെ പ്രബലമായ ഹാന്‍ വംശത്തില്‍ പെടുന്നവരേക്കാള്‍ തുക വളരെ കുറവായിരുന്നു. 

തീർന്നില്ല, അധികം താമസിയാതെ കമ്പനി ഉയ്ഗര്‍ വംശജരെ നഗരത്തിലെ പ്രധാന ഓഫീസില്‍ നിന്നും പ്രാന്തപ്രദേശങ്ങളിലെ വിവിധ ഓഫീസുകളിലേക്ക് മാറ്റിത്തുടങ്ങി. ഞങ്ങളിൽ ചെറിയൊരു വിഭാഗം ഇതിനെതിരെ പ്രതികരിച്ചു. എനിക്ക് ഭയമായിരുന്നു. അതിനാല്‍ ഞാനൊന്നും പറഞ്ഞില്ല. കുറച്ച് മാസങ്ങള്‍ക്കുശേഷം ഒരു സീനിയര്‍ പൊസിഷന്‍ ഒഴിവ് വന്നു. കെരീം അപേക്ഷിച്ചു. എന്തുകൊണ്ടും അത് കിട്ടാന്‍ യോഗ്യനുമായിരുന്നു അവന്‍. എന്നാല്‍, ആ പോസ്റ്റ് കിട്ടിയത് ഹാന്‍ വംശത്തില്‍ പെടുന്ന ഒരാള്‍ക്കായിരുന്നു. അയാള്‍ക്ക് അത് കിട്ടാനുള്ള യാതൊരു യോഗ്യതകളുമില്ലായിരുന്നു. എന്തിന് ഒരു എഞ്ചിനീയറിംഗ് ബിരുദം പോലും അയാള്‍ക്കില്ലായിരുന്നു. 2000 -ത്തില്‍ ഒരുദിവസം രാത്രി കെരീം പറഞ്ഞു, 'ഞാനാ ജോലി ഉപേക്ഷിച്ചു, എനിക്ക് മതിയായി ഇനിയും വയ്യ.'

ഉയ്​ഗറുകളെ ഇല്ലാതാക്കാനുള്ള ശ്രമം

എന്റെ ഭർത്താവ് അനുഭവിക്കുന്നത് എന്താണ് എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. 1955 മുതൽ കമ്മ്യൂണിസ്റ്റ് ചൈന സിൻജിയാങിനെ ഒരു സ്വയംഭരണ പ്രദേശമായി കൂട്ടിച്ചേർത്തപ്പോൾ, ഉയിഗർമാരായ ഞങ്ങൾ മിഡിൽ കിംഗ്ഡത്തിന്‍റെ ഭാഗത്തെ മുള്ളായിട്ടാണ് കണക്കാക്കപ്പെട്ടത്. സിൻജിയാങ് ഒരു തന്ത്രപരമായ ഇടനാഴിയാണ്, ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നതിന് താല്‍പര്യമില്ലായിരുന്നു. മധ്യേഷ്യയിലൂടെ ചൈനയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത അടിസ്ഥാന സൗകര്യപദ്ധതിയായ പുതിയ സിൽക്ക് റോഡിൽ പാർട്ടി വളരെയധികം നിക്ഷേപം നടത്തി. അതിൽ നമ്മുടെ പ്രദേശം ഒരു പ്രധാന അച്ചുതണ്ടായിരുന്നു. പ്രസിഡന്റ് സിൻ ജിൻപിങ്ങിന്റെ മഹത്തായ പദ്ധതിക്ക് സിൻജിയാങ് അത്യന്താപേക്ഷിതവുമായിരുന്നു. അവിടെ ബിസിനസുകള്‍ തുറക്കാനും വംശീയമായ പ്രശ്നങ്ങളില്ലാതിരിക്കാനുമെല്ലാം സിന്‍ ജിന്‍പിങ്ങിന് ലക്ഷ്യമുണ്ടായിരുന്നു. ചുരുക്കത്തില്‍ അവര്‍ ആഗ്രഹിച്ചത് ഉയ്ഗറുകളില്ലാത്ത സിന്‍ജിയാങ് ആയിരുന്നു. 

സിന്‍ജിയാങ്ങില്‍ അടിച്ചമര്‍ത്തല്‍ അതിന്‍റെ ഏറ്റവും മോശപ്പെട്ട രൂപത്തിലേക്ക് മാറുന്നതിന് തൊട്ടുമുമ്പ് 2006 -ല്‍ ഞാനും എന്‍റെ രണ്ട് പെണ്‍മക്കളും ഫ്രാന്‍സിലേക്ക് കടന്നു. ആ സമയത്ത് പതിമൂന്നും എട്ടും വയസായിരുന്നു മക്കള്‍ക്ക്. അവരുടെ പിതാവിനെപ്പോലെ അഭയാർത്ഥി പദവി അവര്‍ക്കും നൽകി. അഭയം തേടി മറ്റ് രാജ്യങ്ങളിലെത്തിയപ്പോള്‍ തന്‍റെ ഭൂതകാലത്തില്‍ നിന്നും വിടുതല്‍ നേടുകയായിരുന്നു എന്‍റെ ഭര്‍ത്താവ്. ഫലത്തിൽ ഒരു ഫ്രഞ്ച് പാസ്‌പോർട്ട് നേടിയത് അദ്ദേഹത്തിന്റെ ചൈനീസ് ദേശീയതയെ ഇല്ലാതാക്കി. എന്നെ സംബന്ധിച്ചിടത്തോളം,  സിൻജിയാങ്ങിലേക്ക് മടങ്ങാൻ കഴിയില്ലയെന്നതിന് വലിയ അർത്ഥമുണ്ടായിരുന്നു. എന്‍റെ വേരുകളോട്, ഞാൻ ഉപേക്ഷിച്ചുപോന്ന പ്രിയപ്പെട്ടവരോട് - എന്റെ മാതാപിതാക്കൾ, എന്റെ സഹോദരങ്ങൾ, അവരുടെ കുട്ടികൾ എന്നിവരോട് എനിക്ക് എങ്ങനെ വിട പറയാൻ കഴിയും? വടക്കേ മലനിരകളിലെ ഗ്രാമത്തിൽ ഒറ്റയ്ക്ക് മരിക്കുന്ന എന്റെ അമ്മയെ ഞാൻ സങ്കൽപ്പിച്ചു. എന്റെ ചൈനീസ് ദേശീയത ഉപേക്ഷിക്കുകയെന്നാൽ അവരെയും ഉപേക്ഷിക്കുക എന്നതായിരുന്നു അർത്ഥം. എനിക്ക് അതിന് കഴിയുമായിരുന്നില്ല. അതിനാൽ, പകരം, ഓരോ 10 വർഷത്തിലും പുതുക്കാവുന്ന ഒരു റസിഡൻസ് പെർമിറ്റിനായി ഞാൻ അപേക്ഷിച്ചു.

എന്നാല്‍, ആ ഫോണ്‍കോളിനുശേഷം ഞാനാകെ അസ്വസ്ഥയായി. അപാര്‍ട്മെന്‍റിലെ സ്വസ്ഥമായ സ്വീകരണമുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴെല്ലാം എന്‍റെ മനസിലൊരുപാട് ചോദ്യങ്ങള്‍ മുഴങ്ങുകയായിരുന്നു. എന്തിനാണ് അയാളെന്നോട് കരാമെയിലേക്ക് പോകാന്‍ പറയുന്നത്. പൊലീസിന് എന്നെ പിടികൂടാനുള്ള തന്ത്രമായിരിക്കുമോ അത്. ഫ്രാന്‍സിലേക്ക് വന്നിട്ടുള്ള മറ്റൊരു ഉയ്ഗറിനെയും ഇങ്ങനെയൊരു അനുഭവം തേടിയെത്തിയിട്ടില്ല. രണ്ട് ദിവസങ്ങള്‍ക്കുശേഷം അയാള്‍ പിന്നെയും വിളിച്ചു. 'പവര്‍ ഓഫ് അറ്റോര്‍ണി കൈമാറുന്നത് പ്രാവര്‍ത്തികമല്ല. നിങ്ങള്‍ എന്തുതന്നെയായാലും ഇങ്ങോട്ട് വന്നേ തീരൂ' എന്നാണ് അയാള്‍ പറഞ്ഞത്. കുറച്ച് രേഖകളുടെ കാര്യമല്ലേ വരാമെന്ന് ഞാനും സമ്മതിച്ചു. കഴിയുന്നത്ര വേഗം വരാമെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു. 

experience of an Uyghur women in chinese re-education camp

ഭയം കൊണ്ട് ഒരു വിറ എന്‍റെ നട്ടെല്ലിലൂടെ പാഞ്ഞു. രണ്ട് ദിവസമായി കെരീം എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയിരുന്നു. എങ്കിലും എന്തോ മോശം സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നല്‍ എന്‍റെയുള്ളില്‍ ശക്തമായി. കരാമേ നഗരം അപ്പോള്‍ കൊടുംശൈത്യത്തിന്‍റെ പിടിയിലായിരുന്നു. വീടുകളെയും കെട്ടിടങ്ങളെയും ഒരാളെയും കാണാത്തത്രയും മഞ്ഞ് മൂടിക്കിടക്കും. പക്ഷേ, അതിനേക്കാളൊക്കെ എന്നെ ഭയപ്പെടുത്തിയത് സിന്‍ജിയാങ്ങില്‍ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരുന്ന ഭീകരനടപടികളായിരുന്നു. ഒരു കാരണവുമില്ലാതെ തന്നെ വീടിനു പുറത്തിറങ്ങിയാലൊരാള്‍ അറസ്റ്റ് ചെയ്യപ്പെടാമെന്ന അവസ്ഥയായിരുന്നു. അത് പുതിയ അവസ്ഥയായിരുന്നില്ല. എന്നാല്‍, 2009 -ലെ ഉറുംകി കലാപത്തിനുശേഷം അത് രൂക്ഷമായി. സിന്‍ജിയാങ് നഗരത്തിലെ ഹാന്‍ വംശജരും ഉയ്ഗര്‍ വംശജരും തമ്മിലുള്ള കലാപത്തില്‍ 197 പേരെങ്കിലും മരിച്ചിരുന്നു. എന്നാല്‍, പിന്നീട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിന്‍റെ കുറ്റം മുഴുവനും ഉയ്ഗര്‍ വംശജരുടെ തലയില്‍ ചാര്‍ത്തിത്തന്നു. തീവ്ര ഇസ്ലാമിന്‍റെയും വിഘടനവാദത്തിന്‍റെയും കേന്ദ്രമാകുന്നു ഉയിഗർ കുടുംബങ്ങളെന്നായിരുന്നു വാദം.

ഉയ്ഗര്‍ വംശജരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള നീണ്ടുനിന്ന പോരാട്ടത്തിലേക്ക് 2016 -ല്‍ ഒരു പുതിയ കളിക്കാരനും കൂടിയെത്തി. ഷെന്‍ ക്വാങ്കോ. ടിബറ്റിലെ ക്രൂരമായ നിരീക്ഷണ നടപടികളിലൂടെ പ്രശസ്തനായിരുന്നു ഇയാള്‍. ഷെന്‍ ക്വാങ്കോയെ സിന്‍ജിയാങ് പ്രവിശ്യയുടെ തലവനാക്കിയതോടെ ഉയ്ഗറുകള്‍ക്ക് മേലെയുള്ള ക്രൂരതകളും അടിച്ചമര്‍ത്തലുകളും ഗണ്യമായി വര്‍ധിച്ചു. മരുഭൂമിയുടെ നടുവില്‍ ഒറ്റരാത്രികൊണ്ടെന്നോണം കെട്ടിപ്പൊക്കിയ, സ്കൂളുകളെന്ന് പേരിട്ടിരിക്കുന്ന ക്യാമ്പുകളിലേക്ക് ഉയ്ഗറുകള്‍ തള്ളപ്പെട്ടു. ഈ എജ്യുക്കേഷന്‍ ക്യാമ്പുകളിലൂടെ തടവുകാരെ ബ്രെയിന്‍‌വാഷ് ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍, അതിനകത്തെ അവസ്ഥ വളരെ വളരെ മോശമായിരുന്നു.

എനിക്ക് ചൈനയിലേക്ക് തിരികെ പോകാൻ താൽപ്പര്യമില്ലായിരുന്നു. പക്ഷേ, കെരീം പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ആശങ്കപ്പെടാനൊന്നുമില്ല. കുറച്ച് ആഴ്ചകളുടെ കാര്യമേയുള്ളൂ. 'ചിലപ്പോള്‍ അവിടെ ചോദ്യം ചെയ്തേക്കും. പക്ഷേ, പരിഭ്രമിക്കരുത്. അത് സാധാരണമാണ്' എന്നും കെരീം എന്നെ ആശ്വസിപ്പിച്ചു.

വീണ്ടും ചൈനയില്‍

കുറച്ച് ദിവസങ്ങള്‍ക്കുശേഷം, 2016 നവംബര്‍ 30 -ന് ഞാന്‍ ചൈനയിലെത്തി. കരാമേയിലെ ഓഫീസിലേക്ക് രേഖകളിലൊപ്പിടാനായി ചെന്നു. ഓഫീസില്‍, ഹാന്‍ വംശജനായ ഒരു അക്കൗണ്ടന്‍റും അയാളുടെ സെക്രട്ടറിയും ഇരിക്കുന്നുണ്ടായിരുന്നു. അടുത്തതായി ചെല്ലേണ്ടത് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കായിരുന്നു- ഒരു പത്തുമിനിറ്റ് ഡ്രൈവ്. വഴിയില്‍വച്ച് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടികള്‍ മനസിലുറപ്പിച്ചുകൊണ്ടിരുന്നു. എന്‍റെ കയ്യിലുണ്ടായിരുന്ന ബാഗും മറ്റും മുന്‍വശത്ത് വച്ചശേഷം എന്നെ ഒരു ഇടുങ്ങിയ ചോദ്യം ചെയ്യല്‍ മുറിയിലേക്ക് കൊണ്ടുപോയി. ജീവിതത്തിലാദ്യമായിട്ടായിരുന്നു ഞാന്‍ ഒരു ചോദ്യംചെയ്യലിന് ഇങ്ങനെയൊരു മുറിയിലേക്ക് വിളിപ്പിക്കുന്നത്. അവിടെ മേശയ്ക്ക് മറുഭാഗത്ത് പൊലീസ് ഓഫീസറിരുന്നു. ഹീറ്ററിന്റെ ശാന്തമായ മൂളല്‍, അധികം വൃത്തിയാക്കിയിട്ടില്ലാത്ത ഒരു വെള്ളബോര്‍ഡ്, മങ്ങിയ വെളിച്ചം... അവിടെവച്ച്, ഞാൻ ഫ്രാൻസിലേക്ക് പോയതിന്റെ കാരണങ്ങൾ, പാരീസിലെ ലാ ഡെഫെൻസിലെ ബേക്കറിയിലും കഫെറ്റീരിയയിലുമുള്ള എന്റെ ജോലികൾ എന്നിവയെക്കുറിച്ചെല്ലാം പൊലീസ് ചോദിച്ചു. ഞാന്‍ മറുപടിയും നല്‍കി.

പെട്ടെന്ന് ഒരുദ്യോഗസ്ഥൻ ഒരു ഫോട്ടോ എന്‍റെ മുഖത്തോടടുപ്പിച്ചു. അത് കണ്ടതോടെ ഞാനാകെ വിറച്ചുപോയി. എനിക്കറിയാവുന്ന മുഖമായിരുന്നു അത്, എന്‍റെ സ്വന്തം മകൾ ഗുൽഹുമാറിന്റെ മുഖം. പാരീസിലെ പ്ലേസ് ഡു ട്രോകാഡെറോയ്ക്ക് മുന്നിൽ വച്ചെടുത്ത ചിത്രമായിരുന്നു അത്. ഞാന്‍ സമ്മാനിച്ച കറുത്ത കോട്ടണിഞ്ഞ് നില്‍ക്കുന്ന എന്‍റെ മകള്‍. ഫോട്ടോയിൽ, അവൾ പുഞ്ചിരിക്കുകയായിരുന്നു, അവളുടെ കയ്യിൽ ഒരു ചെറിയ കിഴക്കൻ തുർക്കെസ്താൻ പതാകയുണ്ടായിരുന്നു. ചൈനീസ് സർക്കാർ നിരോധിച്ച ഒരു പതാകയായിരുന്നു അത്. ഉയ്ഗറുകളെ സംബന്ധിച്ചിടത്തോളം, ആ പതാക പ്രദേശത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പ്രതീകവല്‍ക്കരിക്കുന്നതായിരുന്നു. വേൾഡ് ഉയിഗർ കോൺഗ്രസിന്റെ ഫ്രഞ്ച് ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു ആ പതാക പിടിച്ചുള്ള ചിത്രമെടുത്തത്. പ്രവാസികളായ ഉയിഗർമാരെ പ്രതിനിധീകരിച്ച് സിൻജിയാങ്ങിലെ ചൈനീസ് അടിച്ചമർത്തലിനെതിരെ അവിടെ ആളുകൾ സംസാരിച്ചിരുന്നു.

അത്തരം പരിപാടികളെല്ലാം ഈദുപോലെയോ മറ്റ് വിശേഷാവസരങ്ങള്‍ പോലെയോ കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളെ കാണാനും ബന്ധം ഊട്ടിയുറപ്പിക്കാനുമുള്ള അവസരമായിരുന്നു. രാഷ്ട്രീയതാല്‍പര്യമില്ലാത്തവര്‍ പോലും അവിടെ പോകുന്നത് പരസ്പരം കാണാനായിരുന്നു. സാധാരണ ഞാനത്തരം പരിപാടികളിലൊന്നും പങ്കെടുക്കാറില്ലായിരുന്നു. പക്ഷേ, അഭയാര്‍ത്ഥികളായ മറ്റ് ഉയ്ഗറുകളെ കാണാനും സൗഹൃദം പങ്കുവയ്ക്കാനും മക്കള്‍ ഒന്നുരണ്ട് തവണ പോയിരുന്നു. രാഷ്ട്രീയം എന്‍റെ കാര്യമല്ലായിരുന്നു. സിന്‍ജിയാങ് വിട്ടശേഷം എനിക്കതിലൊന്നും ഒരു താല്‍പര്യവുമില്ലായിരുന്നു. 

ആ പൊലീസ് ഉദ്യോഗസ്ഥന്‍ മുഷ്ടി ചുരുട്ടി മേശപ്പുറത്തിടിച്ചുകൊണ്ട് ചോദിച്ചു, 
'നിനക്കവളെ അറിയാം, അറിയില്ലേ?' 
'അറിയാം, അതെന്‍റെ മോളാണ്' -ഞാന്‍ മറുപടി നല്‍കി. 
'ഓഹോ നിന്‍റെ മകള്‍ ഒരു തീവ്രവാദിയാണല്ലേ?' അയാള്‍ പിന്നെയും ചോദിച്ചു.
'അല്ല, അവളെങ്ങനെ ആ പരിപാടിയിലെത്തിയെന്നെനിക്കറിയില്ല' ഞാന്‍ പറഞ്ഞു. എനിക്കറിയില്ല, എനിക്കറിയില്ല അവളെന്താണ് അവിടെ ചെയ്യുന്നതെന്ന്. അവളൊരു തെറ്റും ചെയ്യില്ല. ഞാനുറപ്പ് തരുന്നു, എന്‍റെ മകളൊരു തീവ്രവാദിയല്ല. എന്‍റെ ഭര്‍ത്താവുമല്ല. ഞാനാവര്‍ത്തിച്ചുകൊണ്ടേയിരുന്നു

ബാക്കി ചോദ്യംചെയ്യലുകൾ എനിക്ക് ഓർമിക്കാൻ കഴിയുന്നില്ല. ആ ഫോട്ടോയും അവരുടെ ആക്രമണാത്മകമായ ചോദ്യങ്ങളും എന്റെ വ്യർത്ഥമായ മറുപടികളും മാത്രമാണ് ഞാൻ ഓർമിക്കുന്നത്. ഇത് എത്രത്തോളം നീണ്ടുനിന്നെന്ന് എനിക്കറിയില്ല. അത് കഴിഞ്ഞപ്പോൾ ഞാൻ പ്രകോപിതയായി പറഞ്ഞു: “എനിക്ക് ഇപ്പോൾ പോകാമോ? കഴിഞ്ഞോ നിങ്ങളുടെ ചോദ്യം ചെയ്യലുകള്‍? ” അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “ഇല്ല, ഗുൽബഹാർ ഹെയ്തിവാജി, ഞങ്ങൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല.”

സ്കൂളെന്ന് പേരിട്ടിരിക്കുന്ന ക്യാമ്പിലേക്ക്

'റൈറ്റ്, ലെഫ്റ്റ്, അറ്റ് ഈസ്...' ആ ശബ്ദം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. ആ മുറിയില്‍ ഞങ്ങള്‍ 40 പേരുണ്ടായിരുന്നു. എല്ലാം സ്ത്രീകള്‍, എല്ലാവരും നീല പൈജാമ ധരിച്ചിരുന്നു. ഒരു ചതുരാകൃതിയിലുള്ള ക്ലാസ് റൂം ആയിരുന്നു അത്. വെളിച്ചം കടത്തിവിടുന്ന ചെറിയ സുഷിരങ്ങളുള്ള ഒരു വലിയ മെറ്റൽ ഷട്ടർ പുറംലോകത്തെ നമ്മിൽ നിന്ന് മറച്ചിരുന്നു. ദിവസത്തിൽ പതിനൊന്ന് മണിക്കൂർ, ലോകം ഈ മുറിയിലേക്ക് ചുരുങ്ങി. ഞങ്ങൾ റൂമില്‍ മുകളിലേക്കും താഴേക്കും നടന്നുകൊണ്ടേയിരുന്നു. രണ്ട് ഹാൻ സൈനികർ അതിന് മേല്‍നോട്ടം വഹിച്ചു. ഇതിനെ 'ശാരീരിക വിദ്യാഭ്യാസം' എന്നാണ് വിളിച്ചത്. സത്യത്തില്‍ അതൊരു സൈനികപരിശീലനം പോലെ തന്നെയായിരുന്നു.

experience of an Uyghur women in chinese re-education camp

തളർന്നുപോയ നമ്മുടെ ശരീരം ആ മുറിയില്‍ മുന്നോട്ടും പിന്നോട്ടും, വശങ്ങളിലേക്കും, ഓരോ മുക്കിലേക്കും മൂലയിലേക്കും നീങ്ങിക്കൊണ്ടിരുന്നു. പട്ടാളക്കാരൻ “അറ്റ് ഈസ്!” എന്നലറിക്കൊണ്ടിരുന്നു. മിക്കപ്പോഴും നിശ്ചലമായി തുടരാൻ അയാള്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഇത് അരമണിക്കൂറോളം നീണ്ടുനിൽക്കാം, അല്ലെങ്കിൽ പലപ്പോഴും ഒരു മണിക്കൂർ അല്ലെങ്കില്‍ അതിലും കൂടുതല്‍. ശരീരം ചിലപ്പോള്‍ ചുട്ടുപൊള്ളി, തളര്‍ന്നു, കാലുകള്‍ സൂചിക്കുത്തേറ്റപോലെ വേദനിച്ചു. നമ്മുടെതന്നെ വിയര്‍പ്പിന്‍റെ മണം അസഹ്യമാംവിധം മുറിയില്‍ നിറഞ്ഞു. ചിലപ്പോൾ, നമ്മിലാരെങ്കിലും ക്ഷീണം കൊണ്ട് തളര്‍ന്നിരുന്നുപോയാല്‍, നടക്കാനാവാതെ വന്നാല്‍ ഒരു കാവൽക്കാരൻ അവളെ ചവിട്ടി ഉണർത്തും. അവൾ വീണ്ടും വീണുപോയാൽ, അയാൾ അവളെ മുറിയിൽ നിന്ന് വലിച്ചിഴയ്ക്കും. പിന്നീടൊരിക്കലും അവളെ നാം കാണില്ല. ഇതെന്നെ ഭയപ്പെടുത്തി. പക്ഷേ, പിന്നെ പിന്നെ ഞാനാ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടു. ഏത് ഭയത്തോടും കാലം ചെല്ലുമ്പോള്‍ അറിയാതെ പൊരുത്തപ്പെട്ടുപോകുമെന്ന് എനിക്ക് മനസിലായി. 

കരാമെ പൊലീസ് സെല്ലുകളിൽ ഏകദേശം അഞ്ചുമാസത്തെ ചോദ്യംചെയ്യലുകൾക്കും ക്രമരഹിതമായ ക്രൂരകൃത്യങ്ങൾക്കുമൊടുവിലാണ് സ്കൂളെന്ന് പേരിട്ടിരിക്കുന്ന ക്യാമ്പിലേക്കെന്നെ മാറ്റിയത്. (ഒരുഘട്ടത്തിൽ 20 ദിവസത്തേക്ക് ശിക്ഷയായി എന്റെ കട്ടിലിൽ ചങ്ങലക്കിടുക പോലുമുണ്ടായി.) പൊലീസ് സെല്ലിലായിരിക്കുമ്പോൾ ഈ നിഗൂഢസ്കൂളുകളെ കുറിച്ചൊന്നും എനിക്കൊന്നും അറിയില്ലായിരുന്നു. ഉയിഗറുകളെ നന്നാക്കാനെന്ന പേരും പറഞ്ഞാണ് ആ സ്കൂളുകള്‍ നിര്‍മ്മിച്ചതെന്ന് അറിയാമായിരുന്നു. എന്റെ സെൽ പങ്കിട്ട സ്ത്രീകൾ, ഹാന്‍ അധ്യാപകരുള്ള ഒരു സാധാരണ സ്കൂൾ പോലെയാകും അതും എന്നാണെന്നോട് പറഞ്ഞത്. ഒരിക്കല്‍ പരീക്ഷ വിജയിച്ചു കഴിഞ്ഞാല്‍ അവിടെനിന്നും വീട്ടിലേക്ക് പോകാന്‍ അനുവദിക്കുമെന്നും പറഞ്ഞു. 

ഈ സ്കൂൾ കരാമെയുടെ പ്രാന്തപ്രദേശത്തുള്ള ബൈജിയന്താനിലായിരുന്നു. രണ്ടാഴ്ച നീണ്ടുനിൽക്കുന്നതായിരുന്നു ശാരീരികമായ പരിശീലനം. അതിനുശേഷം, തിയറി ക്ലാസുകൾ ആരംഭിക്കും. ഞാൻ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ചെറിയ വിമാനത്താവളത്തിന്റെ വലുപ്പമുള്ള മൂന്ന് കെട്ടിടങ്ങൾ ഉയർന്നു നില്‍ക്കുന്നൊരിടമായിരുന്നു ബൈജിയന്താന്‍. മുള്ളുവേലിക്ക് അപ്പുറം, കണ്ണിന് കാണാൻ കഴിയുന്നത്ര ദൂരത്തും മരുഭൂമിയല്ലാതെ മറ്റൊന്നുമില്ല. എന്റെ ആദ്യ ദിവസം, വനിതാ കാവൽക്കാർ എന്നെ കിടക്കകൾ നിറഞ്ഞ ഒരു ഡോർമിറ്ററിയിലേക്ക് നയിച്ചു. അവിടെ ഇതിനകം മറ്റൊരു സ്ത്രീ ഉണ്ടായിരുന്നു: നാദിറ, ബങ്ക് നമ്പർ 8. എന്നെ ബങ്ക് നമ്പർ 9 ആയി നിയമിച്ചു. 

ഡോർമിറ്ററിക്ക് ചുറ്റും നാദിറ എന്നെ കാണിച്ചുതന്നു, അതിൽ പുതിയ പെയിന്റിന്റെ ഗന്ധം ഉണ്ടായിരുന്നു. മെറ്റൽ ഷട്ടറുള്ള ജനാലകളെല്ലായ്പ്പോഴും അടച്ചിരിക്കുന്നു. രണ്ട് ക്യാമറകളും മുറിയുടെ ഉയർന്ന കോണുകളിലുണ്ടായിരുന്നു. കട്ടിൽ ഇല്ല. ഫർണിച്ചറുകൾ ഇല്ല. ടോയ്‌ലറ്റ് പേപ്പർ ഇല്ല. ഷീറ്റുകളൊന്നുമില്ല. സിങ്കില്ല. ഇരുട്ടിൽ ഞങ്ങൾ രണ്ടുപേര്‍ മാത്രം. കനത്ത ശബ്ദത്തോടെ സെല്‍വാതിലുകളും അടഞ്ഞു.

അതൊരു സ്കൂളായിരുന്നില്ല. സൈനിക നിയമങ്ങളും ഞങ്ങളെ തകർക്കാനുള്ള വ്യക്തമായ ആഗ്രഹവുമുള്ള ഒരു പുനര്‍വിദ്യാഭ്യാസ ക്യാമ്പായിരുന്നു അത്. അവിടെയെപ്പോഴും നിശബ്ദതയായിരുന്നു. ഞങ്ങള്‍ക്ക് മിണ്ടാനാവുമായിരുന്നില്ല. കാലക്രമേണ ഞങ്ങളുടെ സംഭാഷണങ്ങൾ കുറഞ്ഞു. കാവൽക്കാർ എല്ലായ്പ്പോഴും ഞങ്ങളെ നിരീക്ഷിച്ചിരുന്നു. അവരില്‍  നിന്ന് രക്ഷപ്പെടാൻ ഒരു വഴിയുമുണ്ടായിരുന്നില്ല.  പ്രാർത്ഥിക്കുകയാണ് എന്ന് ആരോപിക്കപ്പെടുന്നത് ഭയന്ന് വായ തുറക്കാനോ, വായ തുടയ്ക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല. 'ഇസ്ലാമിക തീവ്രവാദി' എന്ന് വിളിക്കപ്പെടുമെന്ന ഭയത്താൽ ഭക്ഷണം നിരസിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു. ഞങ്ങളുടെ ഭക്ഷണം ഹലാലാണെന്ന് വാർഡന്മാർ അവകാശപ്പെട്ടു.

രാത്രികളിൽ, ഞാൻ എന്റെ ബങ്കിൽ ചെന്നുവീണു. എനിക്ക് എല്ലാ സമയബോധവും നഷ്ടപ്പെട്ടു. ക്ലോക്ക് ഉണ്ടായിരുന്നില്ല. കാവൽക്കാർ എന്നെ ഭയപ്പെടുത്തി. ഞങ്ങൾ അവിടെ എത്തിയതിനുശേഷം പകൽ വെളിച്ചം കണ്ടിട്ടില്ല - നശിച്ച മെറ്റൽ ഷട്ടറുകളാൽ എല്ലാ ജനലുകളും അടഞ്ഞുകിടന്നു. എനിക്ക് ഒരു ഫോൺ നൽകാമെന്ന് ഒരു പോലീസുകാരൻ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. എന്നെ ഇവിടെ പാർപ്പിച്ചിരിക്കുകയാണെന്ന് ആർക്കറിയാം? എന്റെ സഹോദരിയെ അറിയിച്ചിരുന്നോ, അതോ കെരിമിനെയും ഗുൽഹുമറിനെയും അറിയിച്ചിരുന്നോ? 

സുരക്ഷാക്യാമറകളുടെ നിഗൂഢമായ നോട്ടത്തിന് ചുവടെ, എന്റെ സഹതടവുകാരോടുപോലും ഒന്നും പറയാനെനിക്ക് കഴിഞ്ഞില്ല. ഞാൻ ക്ഷീണിതയായിരുന്നു, വളരെ ക്ഷീണിതയായിരുന്നു. എനിക്ക് കൂടുതൽ ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എല്ലായിടത്തും നിരീക്ഷണക്യാമറകള്‍, കാവല്‍ക്കാര്‍, വലിയ ചുമരുകള്‍... അവിടെ ഒരു രക്ഷപ്പെടലിനും സാധ്യതയില്ലായിരുന്നു. ശരിക്കും ആ തടവറയ്ക്ക് എത്ര വലിപ്പമുണ്ടായിരുന്നുവെന്നുപോലും എനിക്ക് മനസിലായിരുന്നില്ല. എന്നാല്‍, ഓരോ ദിവസവും അവിടെ പുതിയപുതിയ മുഖങ്ങള്‍ കണ്ടു. ആദ്യത്തെ ദിവസം വൈകുന്നേരമായപ്പോഴേക്കും സെല്ലില്‍ ഏഴ് പേരാണുണ്ടായിരുന്നതെങ്കില്‍ മൂന്നുദിവസം കഴിഞ്ഞപ്പോള്‍ 12 ആയി. പിന്നെയും എണ്ണം കൂടിക്കൂടി വന്നു. ഏകദേശം 200 പേര്‍ അവിടെ മാത്രമുണ്ടായിരുന്നു. 200 തടവുകാര്‍, 200 വീട്ടില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ട സ്ത്രീകള്‍. ക്യാമ്പ് നിറഞ്ഞുകൊണ്ടേയിരുന്നു.

തിയറി ക്ലാസിലും തുടർന്ന പീഡനം

ഫിസിക്കല്‍ ട്രെയിനിംഗിനേക്കാള്‍ ഭേദമായിരിക്കും തിയറി ക്ലാസെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍  അത് അതിലും മോശമായിരുന്നു. അധ്യാപകരെപ്പോഴും നമ്മെ നിരീക്ഷിച്ചു. പറ്റുമ്പോഴെല്ലാം മര്‍ദ്ദിച്ചു. ഒരിക്കല്‍ ഞങ്ങളുടെ ക്ലാസിലെ അറുപത് വയസ് വരുന്ന ഒരു സ്ത്രീ അറിയാതെ കണ്ണുകളടച്ചുപോയി. ഉടനടി ടീച്ചര്‍ അവരെ അടിച്ചു. നീ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കാണില്ലെന്നാണോ കരുതിയത്, നിനക്ക് ശിക്ഷയുണ്ട് എന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം. ഗാര്‍ഡുകള്‍ അവരെ ക്രൂരമായി വലിച്ചിഴച്ചുകൊണ്ടുപോയി. ഒരു മണിക്കൂറിനുശേഷം തിരികെ കൊണ്ടുവന്നു. അവളുടെ കയ്യിലൊരു എഴുത്തുണ്ടായിരുന്നു അത് സ്വയം വിമര്‍ശനമായിരുന്നു. ടീച്ചര്‍ അതുറക്കെ വായിക്കാന്‍ അവരോട് പറഞ്ഞു.

എല്ലാ ദിവസവും ഒരു ഉയ്ഗുര്‍ അധ്യാപിക വരും. അവര്‍ ഈ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും പുനര്‍വിദ്യാഭ്യാസം നേടിയെന്നാണ് പറയുന്നത്. അവര്‍ ചൈനീസ് സര്‍ക്കാരിനെ പുകഴ്ത്തും. അവരെക്കുറിച്ച് എനിക്ക് അത്ഭുതം തോന്നി. അവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാമെല്ലാവരും ചൈനീസ് സര്‍ക്കാരിനെ വാഴ്ത്തിപ്പറയേണ്ടതുണ്ടായിരുന്നു. “ഞങ്ങളുടെ മഹത്തായ രാജ്യത്തോട് ഞാന്‍ നന്ദി പറയുന്നു. ഞങ്ങളുടെ പാര്‍ട്ടിയോട് നന്ദി പറയുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡണ്ട് സി ജിന്‍പിങ്ങിനോട് നന്ദി പറയുന്നു“ എന്നിങ്ങനെയായിരുന്നു അത്. “എന്റെ മഹത്തായ രാജ്യം വികസിപ്പിക്കാനും ശോഭനമായ ഭാവിയുണ്ടാക്കാനും ഞാൻ ആഗ്രഹിക്കുന്നു. എല്ലാ വംശങ്ങളും ഒരൊറ്റ മഹത്തായ രാഷ്ട്രമായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രസിഡന്റ് സിൻ ജിൻ‌പിങ്ങിന് ഞാൻ നല്ല ആരോഗ്യം നേരുന്നു. പ്രസിഡന്റ് സിൻ ജിൻ‌പിംഗ് ദീർഘകാലം ജീവിക്കും. ” എന്നിങ്ങനെ പറഞ്ഞുകൊണ്ടായിരിക്കും വൈകുന്നേരം ക്ലാസ് അവസാനിക്കുന്നത്. 

experience of an Uyghur women in chinese re-education camp

ഞങ്ങളുടെ കസേരകളിൽ പറ്റിപ്പിടിച്ചിരുന്ന് ഞങ്ങൾ ആ പാഠങ്ങൾ തത്ത പറയുംപോലെ ആവർത്തിച്ചു. ചൈനയുടെ 'മഹത്തായ ചരിത്രം' അവർ ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങൾക്ക് നൽകിയ മാനുവലിന്റെ കവറിൽ 'റീ-എഡ്യൂക്കേഷൻ പ്രോഗ്രാം' എന്ന് ആലേഖനം ചെയ്തിരുന്നു. അതിശക്തമായ രാജവംശങ്ങളുടെ കഥകളും അവരുടെ മഹത്തായ വിജയങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്തായ നേട്ടങ്ങളുമല്ലാതെ മറ്റൊന്നും അതിൽ അടങ്ങിയിരുന്നില്ല. ചൈനീസ് സർവ്വകലാശാലകളിലെ അധ്യാപനത്തേക്കാൾ രാഷ്ട്രീയവും പക്ഷപാതപരവുമായിരുന്നു ഇത്. ആദ്യകാലങ്ങളിൽ ഇത് എന്നെ ചിരിപ്പിച്ചു. ഏതാനും പേജുകളുടെ പ്രചാരണത്തിലൂടെ ഞങ്ങളെ തകർക്കാനാകുമെന്ന് അവർ ശരിക്കും കരുതിയോ എന്ന് ഞാന്‍ ചിന്തിച്ചു.

എന്നാൽ ദിവസങ്ങൾ കഴിയുന്തോറും ഞാന്‍ ക്ഷീണിച്ചു തുടങ്ങി, തളർന്നുപോയി, ചെറുക്കാനുള്ള പ്രവണത ഞാന്‍ കഷ്ടപ്പെട്ട് നിയന്ത്രിച്ചു. ദിവസം മുഴുവൻ ഒരേ മണ്ടൻ വാക്യങ്ങൾ ആവർത്തിച്ചു. അത് പര്യാപ്തമല്ലെങ്കിൽ, ഉറങ്ങുന്നതിനുമുമ്പ് അത്താഴത്തിന് ശേഷം ഞങ്ങൾക്ക് ഒരു മണിക്കൂർ അധികപഠനം നടത്തേണ്ടിവന്നു. ആവർത്തിച്ചുള്ള പാഠങ്ങൾ ഞങ്ങൾ അവസാനമായി അവലോകനം ചെയ്യും. എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾക്ക് വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ പരിശോധന ഉണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ക്യാമ്പ് നേതാക്കളുടെ ജാഗ്രതയോടെ ഞങ്ങൾക്ക് വിളമ്പിയ കമ്മ്യൂണിസ്റ്റ് പായസം ഞങ്ങൾ പാനം ചെയ്തു. പയ്യെപ്പയ്യെ ഞങ്ങള്‍ യന്ത്രങ്ങളെപ്പോലെയായി. ഓര്‍മ്മകള്‍ നശിച്ചു തുടങ്ങി. കെരീമിന്‍റെയും മക്കളുടെയും മുഖം പോലും അവ്യക്തമായി മാറി.

ഓരോ രാത്രിയും കാവല്‍ക്കാരുടെ ശബ്ദം എന്നെ ഭയപ്പെടുത്തി. മരണം ഓരോ മൂലയിലും പതിയിരിക്കുന്നതുപോലെ തോന്നി. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന ഭയം ഉള്ളിലൂടെയലഞ്ഞു. വാക്സിനേഷന് വേണ്ടി നഴ്സെത്തിയപ്പോള്‍ എന്തോ വിഷം തന്ന് കൊല്ലുകയാണ് എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, പിന്നീടാണ് എനിക്ക് മനസിലായത്, അവര്‍ ഒറ്റയടിക്കല്ല നമ്മെ കൊല്ലുന്നത്. പയ്യെ പയ്യെ ആണ്, നമ്മുടെ ചിന്തകളെ ഓര്‍മ്മകളെയെല്ലാം ഉള്ളില്‍ നിന്നും പയ്യെപ്പയ്യെ തുടച്ചുമാറ്റിയശേഷം ഇഞ്ചിഞ്ചായി... സ്വന്തം വംശത്തെ, പ്രിയപ്പെട്ടവരെ എല്ലാം വെറുക്കാനും തള്ളിപ്പറയാനും അവര്‍ പരിശീലിപ്പിച്ചു. എന്‍റെ കെരീമും മക്കളും തീവ്രവാദികളാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ക്ഷമ ചോദിക്കുന്നുവെന്നും എന്നെ കൊണ്ട് പറയിപ്പിച്ചു. 

experience of an Uyghur women in chinese re-education camp

രണ്ടുവർഷമായി ബൈജിയന്താനിലെ ക്യാമ്പിൽ തടവിലായിരുന്നു ഞാന്‍. അക്കാലത്ത്, എനിക്ക് ചുറ്റുമുള്ള എല്ലാവരും - തടവുകാരെ ചോദ്യം ചെയ്യാൻ വന്ന പൊലീസ് ഉദ്യോഗസ്ഥരും, കാവൽക്കാരും, അധ്യാപകരും - ചൈനയുടെ പുനർ വിദ്യാഭ്യാസ പദ്ധതിയെ ന്യായീകരിച്ചു. ആ വലിയ നുണ എന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഉയിഗറുകൾ തീവ്രവാദികളാണെന്നും 10 വർഷമായി ഫ്രാൻസിൽ പ്രവാസത്തിൽ കഴിയുന്ന ഒരു ഉയിഗർ എന്ന നിലയിൽ ഞാൻ, ഗുൽബഹാർ ഒരു തീവ്രവാദിയായിരുന്നുവെന്നും പറഞ്ഞുകൊണ്ടേയിരുന്നു. ആ ശബ്ദത്തിന്‍റെ അലയൊലികൾ എന്നെ തകർത്തു, മാസങ്ങൾ കടന്നുപോകുമ്പോൾ, എന്റെ ബുദ്ധിയുടെ ഒരു ഭാഗം എനിക്ക് നഷ്ടപ്പെട്ടു തുടങ്ങി. എന്റെ ആത്മാവിന്റെ കഷണങ്ങൾ തകർന്നുപോയി. ഞാൻ ഒരിക്കലും അത് വീണ്ടെടുക്കില്ലായെന്ന് തോന്നി.

പലപ്പോഴും തളര്‍ന്ന് തൂങ്ങി പൊലീസ് ചോദ്യം ചെയ്യലില്‍ ചെയ്യാത്ത കുറ്റസമ്മതം വരെ ഞാന്‍ നടത്തി. ഒടുവില്‍, 2019 ആഗസ്ത് രണ്ടിന് ഒരു ചെറിയ വിചാരണയ്ക്ക് ശേഷം കരാമേയിലെ ഒരു ജഡ്ജി ഞാന്‍ കുറ്റക്കാരിയല്ലെന്ന് വിധിച്ചു. ഞാനയാളുടെ വാക്കുകള്‍ കേട്ടില്ല. ആ സമയങ്ങളിലെല്ലാം ഞാന്‍ സെല്ലില്‍ കഴിച്ചുകൂട്ടിയ രാത്രിയെ കുറിച്ച്, ചെയ്യാത്ത കുറ്റത്തിന്‍റെ സമ്മതങ്ങളെ കുറിച്ച്, അവരെന്നിലാരോപിച്ച തെറ്റുകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. അവരെന്നെ ഏഴ് വര്‍ഷത്തേക്കാണ് പുനര്‍വിദ്യാഭ്യാസത്തിന് ശിക്ഷിച്ചിരുന്നത്. അവരെന്‍റെ ശരീരത്തെയും മനസിനെയും പീഡിപ്പിച്ചു. എന്നെ ഭ്രാന്തിന്‍റെ വക്കിലെത്തിച്ചു. ഇപ്പോള്‍ കേസ് പരിശോധിച്ചശേഷം ഒരു ജഡ്ജി പറയുന്നു ഞാന്‍ നിരപരാധിയാണ് എന്നും എനിക്ക് പോകാമെന്നും...


 

Follow Us:
Download App:
  • android
  • ios