Asianet News MalayalamAsianet News Malayalam

Fact Check: സുന്ദരിയായ പൈലറ്റിന്റെ അരുംകൊല, യുദ്ധത്തിനിറങ്ങിയ പ്രസിഡന്റ്, രണ്ടും വ്യാജം!

ഉക്രൈനില്‍നിന്നുള്ള ഈ രണ്ട് വൈറല്‍ ചിത്രങ്ങളും വ്യാജമാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഇവ പച്ചക്കള്ളമാണ്. 

Fact Check these two viral images from Ukraine are fake
Author
Thiruvananthapuram, First Published Feb 26, 2022, 7:55 PM IST

സത്യം ചെരിപ്പിട്ടു തുടങ്ങുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും എന്നാണ് പറച്ചില്‍. സോഷ്യല്‍ മീഡിയ കാലം വന്നതോടെ ആ ചൊല്ല് ഏതാണ്ട് വാസ്തവമായി മാറി. റഷ്യ യുക്രൈന്‍ ആക്രമിച്ചതോടെ, ആ ചൊല്ല് പൂര്‍ണ്ണമായും സത്യമായ മട്ടാണ്. വ്യാജവാര്‍ത്തകള്‍ അത്രയ്ക്കാണ് സോഷ്യല്‍ മീഡിയയിലൂടെ ചെരിപ്പിട്ട് നടക്കുന്നത്. 

ഇന്നലെയും ഇന്നുമായി വ്യാപകമായി പ്രചരിക്കുന്ന രണ്ട് വാര്‍ത്തകളെ കുറിച്ചാണ് ഇനി പറയുന്നത്. 

 

 

1. പടപൊരുതുന്ന ഭരണാധികാരി


ഒന്ന്, യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി ബന്ധപ്പെട്ടതാണ്. റഷ്യന്‍ അധിനിവേശത്തിന എതിരെ ധീരമായി ചെറുത്തുനില്‍ക്കാന്‍ സ്വന്തം ജനതയോട് ആഹ്വാനം ചെയ്യുന്നഏ മുന്‍ ഹാസ്യ നടന്‍ കൂടിയായ ഈ നേതാവ് ഇപ്പോള്‍ ലോകമെങ്ങും ഹീറോയാണ്. ആക്രമണത്തില്‍നിന്നും രക്ഷപ്പെടാനില്ലെന്നും അവസാന നിമിഷം വരെ പൊരുതുമെന്നും പറയുന്ന സെലന്‍സ്‌കിയ്ക്ക് അല്‍പ്പം ഹീറോയിസം കൂടി ചേര്‍ത്തുവെക്കാനാവണം വ്യാജഫോട്ടോകള്‍ വ്യാപകമായി പ്രചരിക്കുന്നത്. 


പ്രചാരണം എന്ത്? 

സെലന്‍സ്‌കി സൈനിക യൂനിഫോമിട്ട് പട്ടാളക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതാണെടാ ഭരണാധികാരി, സ്വന്തം ജനത ദുരന്തത്തില്‍ പെടുമ്പോള്‍ ആയുധമെടുത്ത് യുദ്ധമുന്നണിയുടെ മുന്നില്‍ നില്‍ക്കുന്ന നേതാവ് എന്ന് പറഞ്ഞാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. റഷ്യന്‍ ആക്രമണത്തിനിടെ, പൊരുതുന്ന യുക്രൈന്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന പ്രസിഡന്റ് എന്നാണ് മറ്റൊരു അടിക്കുറിപ്പ്. ട്വിറ്ററിലാണ് ആദ്യം ഈ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ ഫേസ്ബുക്കിലും ഇത് കത്തിപ്പടര്‍ന്നു. 

സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ ആയുധമെടുത്ത് അടരാടുന്ന ഭരണാധികാരിയ്ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഒരു ലക്ഷത്തിലേറെ ഷെയറുകളാണ് ഇതിലൊരു പോസ്റ്റിനുള്ളത്. റഷ്യയ്‌ക്കൊതിരെ ആയുധമെടുത്ത് സെലന്‍സ്‌ക് എന്ന അടിക്കുറിപ്പോടെ ആയിരക്കണക്കിന് ട്വീറ്റുകളാണ ട്വിറ്ററിലുള്ളത്. ഇന്‍സ്റ്റഗ്രാമിലും ഇതേ ഫോട്ടോ സമാനമായ അടിക്കുറിപ്പോടെ കറങ്ങി നടക്കുന്നുണ്ട്. 


വാസ്തവം എന്ത്? 

എന്നാല്‍, ഇത് പുതിയ ഫോട്ടോ അല്ല എന്നതാണ് വാസ്തവം. 2021 -ഡിസംബര്‍ ആറിന്റെ ഫോട്ടോയാണ് ഇതെന്ന് റോയിട്ടേഴ്‌സ് ഫാക്ട് ചെക്ക് ടീം ടീം റിപ്പോര്‍ട്ട് ചെയ്യുന്നു.  കിഴക്കന്‍ യുക്രൈനിലെ ഡൊനറ്റ്‌സ്‌ക് മേഖല സന്ദര്‍ശിച്ച പ്രസിഡന്റ് സെലന്‍സ്‌കി സേനാ അംഗങ്ങളെ കാണാനെത്തിയപ്പോഴുള്ള ചിത്രമാണ് അത്. ഇതാണ്, ഇന്നലത്തെ ചിത്രമാണ് എന്ന അടിക്കുറിപ്പോടെ വ്യാപകമായി പ്രചരിക്കുന്നത്. 

വിധി ന്യായം:
അടിക്കുറിപ്പാണ് ഇതിന്റെ പ്രശ്‌നം. സെര്‍ച്ച് ചെയ്ത് കിട്ടിയ ഫോട്ടോ ആരോ പുതിയ ഫോട്ടോ ആണെന്ന മട്ടില്‍ പ്രചരിപ്പിക്കുകയായിരുന്നു.  

 

 

2. നടാഷ എന്ന സുന്ദരിയായ പൈലറ്റ്

സുന്ദരിയായ യുക്രൈന്‍ സൈനിക ഉദ്യോഗസ്ഥയുടെ ഫോട്ടോയാണ് രണ്ടാമത്തെ വ്യാജ ചിത്രം. ഇന്ന് കാലത്താണ് ഈ ഫോട്ടോ ട്വിറ്ററിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. 

 

 

പ്രചാരണം എന്ത്? 

യുക്രൈന്‍ സൈന്യത്തിലെ ആദ്യ വനിതാ പൈലറ്റ് നടാഷ പെറാകോവ് റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന അടിക്കുറിപ്പോടെയാണ ഈ ചിത്രം പ്രചരിക്കുന്നത്. 

യുക്രൈന്‍ സൈന്യത്തിലെ ആദ്യ പൈലറ്റ് കൊല്ലപ്പെട്ടു എന്ന നിലയിലും ഇതേ ചിത്രം പ്രചരിക്കുന്നുണ്ട്. 

 

 

സോഷ്യല്‍ മീഡിയയിലും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില വെബ് സൈറ്റുകളിലുമാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. നടാഷ പെറാകോവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആയിരക്കണക്കിന് ട്വീറ്റുകളാണ് നിറയുന്നത്. 

 

 

വാസ്തവം എന്താണ്? 

എന്നാല്‍, യുക്രൈന്‍ സൈന്യമോ ഔദ്യോഗിക ഹാന്‍ഡിലുകളോ ഇത്തരമൊരു മരണത്തെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടേയില്ല. അതോടൊപ്പം, മുഖ്യധാരാ മാധ്യമങ്ങളും ഇങ്ങനെയാരു വനിതാ പൈലറ്റിന്റെ മരണത്തെക്കുറിച്ച് മിണ്ടിയിട്ടില്ല. 

ഈ ചിത്രം റിവേഴ്‌സ് സെര്‍ച്ച് ചെയ്യുമ്പോള്‍ കാണുന്നത് ഒരു പിന്ററെസ്റ്റ് ഇമേജാണ്. പിന്ററെസ്റ്റിലുള്ള അനേകം യുക്രൈന്‍ വനിതാ ഉദ്യോഗസ്ഥരുടെ ഫോട്ടോയ്‌ക്കൊപ്പമാണ് ഇതും പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ പേര് നടാഷ എന്നാണെന്നോ ഇവര്‍ പൈലറ്റ് ആണെന്നോ ഒന്നും ഇതിലില്ല. 

വിധിന്യായം: 
പിന്ററെസ്റ്റില്‍ കിട്ടിയ ഏതോ ചിത്രം ഉപയോഗിച്ച് ഇത്തരമൊരു പ്രചാരണം നടത്തുകയാണ്. സുന്ദരി ആയതിനാല്‍, സഹതാപ തരംഗം കണക്കിലെടുത്താണ് ഇത് പെട്ടെന്ന് തന്നെ വൈറലായത്.
 

Follow Us:
Download App:
  • android
  • ios