Asianet News MalayalamAsianet News Malayalam

പെൺകുട്ടികളെക്കൊണ്ട് സ്വയം ഷോക്കടിപ്പിച്ച്, സ്കൈപ്പിൽ ലൈവായി കണ്ടുരസിച്ച, എല്ലാം പരീക്ഷണമെന്നു വാദിച്ച സൈക്കോ ക്രിമിനലിന് 11 വർഷം കഠിനതടവ്

പരീക്ഷണത്തിനിടെ ബോധരഹിതയായി വീണ ഒരു പതിനാറുകാരി ആശുപത്രിയിൽവെച്ച് തന്റെ അച്ഛനമ്മമാരോടും പരിശോധിച്ച ഡോക്ടറോടും സത്യം വെളിപ്പെടുത്തിയതോടെയാണ്  സൈക്കോയുടെ മേൽ പൊലീസിന്റെ പിടി വീഴുന്നത്.

fake German scientist who made women electrocute themselves jailed for 11 years
Author
Munich, First Published Jan 21, 2020, 2:25 PM IST
  • Facebook
  • Twitter
  • Whatsapp

യുവതികളെ ശാസ്ത്രജ്ഞനെന്ന് പരിചയപ്പെടുത്തി, അവരെ ഒരു ശാസ്ത്രപരീക്ഷണത്തിന്റെ വളണ്ടിയർമാരാക്കി മാറ്റി, അവരെക്കൊണ്ട് സ്വയം ഷോക്കടിപ്പിച്ച് അതുകണ്ട രസിച്ചിരുന്ന സൈക്കോ, മാനസികരോഗിക്ക് ജർമനിയിലെ മ്യൂണിക്കിൽ കോടതി 13 കുറ്റങ്ങൾ ചുമത്തി 11 വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. 

88 -ലധികം പെൺകുട്ടികൾക്കാണ് ഇയാളുടെ വലയിൽ കുടുങ്ങി വൈദ്യുതാഘാതമേൽക്കേണ്ടി വന്നത്. അവരിൽ പലരും പ്രായപൂർത്തിപോലും ആകാത്തവരായിരുന്നു. എല്ലാവർക്കും പൊതുവായി ഒന്നുണ്ടായിരുന്നു. അവരൊക്കെയും പണത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരായിരുന്നു. താൻ ഒരു ശാസ്ത്രജ്ഞനാണ്, ഒരു അന്താരാഷ്ട്ര പരീക്ഷണം നടത്തുകയാണ് ഫിസിക്സിൽ, പങ്കുചേർന്നാൽ മൂവായിരം യൂറോക്കുമേൽ പ്രതിഫലമായി കിട്ടും എന്ന് ഡേവിഡ് പറഞ്ഞപ്പോൾ അവർക്ക് ലോട്ടറിയടിച്ച സന്തോഷമായിരുന്നു. എന്നാൽ, ഗവേഷകനെന്ന പേരിൽ തങ്ങളെ സമീപിച്ചിരിക്കുന്നത് ഒരു സൈക്കോ ആണെന്ന് ആ പാവങ്ങൾ അറിഞ്ഞിരുന്നില്ല.

പരീക്ഷണം കഴിഞ്ഞാലുടൻ പണം എന്ന ഓഫറിൽ വീണ്, സോക്കറ്റ് സൈക്കോ പറഞ്ഞപോലൊക്കെ ആ യുവതികൾ പ്രവർത്തിച്ചു. ഒടുവിൽ നല്ല ഉഗ്രൻ ഷോക്ക് കിട്ടിയതുമാത്രം മിച്ചം. പറ്റിച്ചുപറ്റിച്ച് ഒടുവിൽ ഒരു യുവതി പൊലീസിൽ പരാതിപ്പെട്ടു. ഡേവിഡ് അറസ്റ്റിലായി. 230 വോൾട്ട് സോക്കറ്റിൽ നിന്ന് നേരിട്ടുവരുന്ന സപ്ലൈയിൽ ഒരാളെക്കൊണ്ട് തൊടീച്ചാൽ അത് അയാളുടെ മരണത്തിൽ വരെ എത്തി നിൽക്കാം എന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ പ്രവൃത്തി ചെയ്തതിന്, 88  പേരെ വധിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി പോലീസ് ഒടുവിൽ ഡേവിഡിനെ അറസ്റ്റുചെയ്തു. ബെർലിനിലാണ് സംഭവം. ഇങ്ങനെ ചെയ്യുന്നതിൽ നിന്ന് ലൈംഗിക സുഖം നേടിയിരുന്ന ഒരു പ്രത്യേക മാനസിക വൈകല്യമായിരുന്നു ഡേവിഡിന് എന്ന് പൊലീസ് പറഞ്ഞു.

fake German scientist who made women electrocute themselves jailed for 11 years
 

eBay വെബ്‌സൈറ്റിൽ ജോലിക്കുള്ള പരസ്യം നല്കിക്കൊണ്ടായിരുന്നു തട്ടിപ്പ്. പരീക്ഷണത്തിൽ പങ്കുചേരുന്നവർക്ക് പ്രതിഫലമായി 3000 യൂറോ വരെ നൽകും എന്നതായിരുന്നു ഡേവിഡിന്റെ പരസ്യത്തിലെ വാഗ്ദാനം. താൻ ഒരു പ്രസിദ്ധസ്ഥാപനത്തിലെ ശാസ്ത്രജ്ഞനാണ് എന്നും, ഇലക്ട്രിക്കൽ സ്റ്റിമുലേഷൻ രംഗത്ത് പരീക്ഷണ ഗവേഷണങ്ങൾ നടത്തുന്ന തനിക്ക് വളണ്ടിയർമാരെ ആവശ്യമുണ്ടെന്നുമായിരുന്നു പരസ്യം. വായിക്കുന്നവരെ ബോധ്യപ്പെടുത്താൻ വേണ്ടുന്ന ടെക്നിക്കൽ വിവരങ്ങളും വാരിവിതറിയിരുന്നു പരസ്യത്തിൽ ഡേവിഡ്.  

രണ്ടു ടേബിൾ സ്പൂണുകൾ, നാലുമീറ്റർ വയർ, ഒരു 220V വയർപ്ലഗ്ഗ്. ഇത്രയുമായിരുന്നു ഡേവിഡിന്റെ പരീക്ഷണത്തിന് വേണ്ടുന്ന ഉപകരണങ്ങൾ. എല്ലാം കൂടി അഞ്ച് യൂറോയിൽ താഴെ വിലമാത്രം വരും. പകരം കിട്ടാനിരിക്കുന്നത് 3000 യൂറോ ആണെന്നോർത്തപ്പോൾ അവർ അത് വാങ്ങാൻ മടി കാണിച്ചില്ല. വയറിനെ മുറിച്ച് അറ്റം സ്ട്രിപ്പ് ചെയ്ത്, രണ്ടു സ്പൂണിലും വയറിന്റെ കോപ്പർ കോർ കൊണ്ട് വെച്ചുകെട്ടി. 230V സപ്ലൈയുമായി നേരിട്ട് പ്ലേഗ് വഴി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സെറ്റപ്പായിരുന്നു അത്. ഡേവിഡ് പറഞ്ഞപടി വയർ ചെയ്ത്, അടുത്ത ഇൻസ്ട്രക്ഷൻ സ്വീകരിക്കുന്നതിനായി, പരസ്യത്തിൽ പറഞ്ഞിരുന്നപോലെ അവർ സ്‌കൈപ്പ് കോളിൽ ഡേവിഡുമായി ബന്ധപ്പെട്ടു. 


കാലിലേക്ക് സ്‌കൈപ്പ് കാമറ ഫോക്കസ് ചെയ്തുവെക്കണം എന്നായിരുന്നു അടുത്ത ഇൻസ്ട്രക്ഷൻ. അവർ അതേപടി അനുസരിച്ചു. അടുത്തതായി, പ്ലേഗ് സോക്കറ്റിൽ കുത്താൻ പറഞ്ഞു. കുത്തി. കാൽവെള്ള സ്പൂണിൽ ചേർത്തുവെക്കാൻ പറഞ്ഞു. അനുസരിച്ചു. സ്വിച്ചിടാൻ പറഞ്ഞപ്പോൾ, പരീക്ഷണത്തിന്റെ ഭാഗമാണല്ലോ എന്നുകരുതി, ആ ശാസ്ത്രജ്ഞനെ  വിശ്വസിച്ചുകൊണ്ട്, പങ്കെടുത്ത സ്ത്രീകളിൽ  ഒരുവിധം എല്ലാവരും അതും ചെയ്തു. പലർക്കും നല്ല കടുത്ത ഷോക്ക് തന്നെ ഏറ്റു. ചിലരുടെ കാലടികളിൽ പൊള്ളലേറ്റു. ചിലർക്ക് പേശീവലിവുണ്ടായി. ചിലർക്ക് പുറംവേദന അനുഭവപ്പെട്ടു. ചിലർ ബോധരഹിതരായി തറയിൽ കുഴഞ്ഞുവീണു. ചിലരുടെ കൈവെള്ളയിലാണ് വെക്കാൻ പറഞ്ഞത്. ആ കൈവെള്ളകൾ പൊള്ളലേറ്റ് കറുത്തു കരിവാളിച്ചുപോയി. പലർക്കും ഷോക്കേറ്റ് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഭാഗ്യവശാൽ ആരും തന്നെ മരണപ്പെട്ടില്ല. 


അക്കൂട്ടത്തിൽ, പരീക്ഷണത്തിനിടെ ബോധരഹിതയായി വീണ ഒരു പതിനാറുകാരി ആശുപത്രിയിൽവെച്ച് തന്റെ അച്ഛനമ്മമാരോടും പരിശോധിച്ച ഡോക്ടറോടും സത്യം വെളിപ്പെടുത്തിയതോടെയാണ്  സൈക്കോയുടെ മേൽ പൊലീസിന്റെ പിടി വീഴുന്നത്. പലർക്കും നല്ല ഷോക്കടിച്ച ശേഷമാണ് തങ്ങൾ എന്ത് വിഡ്ഢിത്തമാണ് പ്രവർത്തിച്ചത് എന്ന് ബോധ്യപ്പെടുന്നത്. ഐടി സ്പെഷ്യലിസ്റ്റായ ഡേവിഡിനെ താമസിയാതെ പോലീസ് അറസ്റ്റുചെയ്തു. ഈ പ്രവൃത്തി ഡേവിഡിന്റെ ഒരു ലൈംഗിക വൈകല്യവുമായി  ബന്ധപ്പെട്ട മാനസിക അപഭ്രംശമായിരുന്നു. സൈക്കോളജിയിൽ ഫെറ്റിഷ് എന്നാണ് -പറയുക. ഫുട്ട് ഫെറ്റിഷ് ആയിരുന്നു ഡേവിഡ്. 

തങ്ങളുടെ ക്ലയന്റിന് പൂർണമായ മാനസികാരോഗ്യമില്ല എന്ന് ഡേവിഡിന്റെ അഭിഭാഷകർ വാദിച്ചു. ആസ്പെർഗേർസ് സിൻഡ്രം ബാധിതനായ ഡേവിഡിന് ഓട്ടിസമുണ്ടെന്നും അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഇത് പുറംലോകവുമായി സംവദിക്കാനുള്ള തന്റെ പരിശ്രമം മാത്രമാണെന്നാണ് ഡേവിഡ് കോടതിയിൽ ന്യായീകരണമെന്നോണം ബോധിപ്പിച്ചത്.  മേല്പറഞ്ഞ വാദങ്ങൾ ഒക്കെ തള്ളിയ കോടതി ഡേവിഡിനെ ഒരു കറക്ഷണൽ ഫെസിലിറ്റിയിൽ കുറേക്കാലമെങ്കിലും പാർപ്പിക്കാതെ ഇപ്പോൾ ഇറക്കിവിട്ടാൽ അയാൾ ഇതുതന്നെ ആവർത്തിക്കും എന്നും ചൂണ്ടിക്കാട്ടിയാണ് പതിനൊന്നു വർഷത്തെ തടവുശിക്ഷ അയാൾക്ക് വിധിച്ച് ഉത്തരവിറക്കിയത്. 

 

Follow Us:
Download App:
  • android
  • ios