ശരീരത്തില്‍ വെടിയുണ്ട കടന്നുപോയ മുറിവു വേണോ, അതോ എല്ലൊടിഞ്ഞുള്ള പരിക്കു വേണോ, കാശു കൊടുത്താല്‍ അവ റെഡി!  

ശരീരത്തില്‍ വെടിയുണ്ട കടന്നുപോയ മുറിവു വേണോ, അതോ എല്ലൊടിഞ്ഞുള്ള പരിക്കു വേണോ, കാശു കൊടുത്താല്‍ അവ റെഡി! 

പാക്കിസ്താനിലാണ്, സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്രിമിനല്‍ കേസുകളില്‍ മെഡിക്കോ ലീഗല്‍ സര്‍ടിഫിക്കറ്റുകള്‍ വ്യാജമായി തയ്യാറാക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നത്. കാശു കൊടുത്താല്‍ ശരീരത്തില്‍ ഏതു വിധത്തിലുള്ള പരിക്കും ഉണ്ടാക്കിക്കൊടുക്കുന്ന സംഘമാണ് ഇവിടെയുള്ളത്. മെഡിക്കോ ലീഗല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മോര്‍ച്ചറിയിലെ മുന്‍ ജീവനക്കാരുടെ അടക്കം പങ്കാളിത്തത്തോടെ ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നത്. പാക്കിസ്താന്‍ ചാനലായ സംആ ടിവിയാണ് വിചിത്രമായ ഈ കുറ്റകൃത്യം തെളിവു സഹിതം പുറത്തുകൊണ്ടുവന്നത്. കറാച്ചിയിലെ തിരക്കുള്ള ആശുപത്രിയായ അബ്ബാസി ശഹീദ് ആശുപത്രി കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. 

മെഡിക്കോ ലീഗല്‍ സര്‍ടിഫിക്കറ്റ് എന്താണ് എന്നറിഞ്ഞാലേ ഇക്കാര്യം കൂടുതല്‍ വ്യക്തമാവൂ. കേസുകളില്‍ ശരീരത്തിലേറ്റ മുറിവുകള്‍ പരിശോധിച്ച് മെഡിക്കല്‍ വിഭാഗം നല്‍കുന്നതാണ് ഈ സര്‍ടിഫിക്കറ്റ്. ഈ സര്‍ടിഫിക്കറ്റ് പ്രകാരമായിരിക്കും പൊലീസ് കേസ് എടുക്കുകയും വകുപ്പുകള്‍ ചുമത്തുകയും ചെയ്യുന്നത്. വ്യാജമായി ഇത്തരം സര്‍ടിഫിക്കറ്റുകള്‍ ഉണ്ടാവുന്നത് സാധാരണയായി രണ്ട് സാഹചര്യത്തിലാണ്. ഒന്ന്, ആര്‍ക്കെങ്കിലും എതിരെ കള്ളക്കേസ്് ഉണ്ടാക്കുക, രണ്ട്, ഏതെങ്കിലും ആക്രമണ കേസില്‍ കൗണ്ടര്‍ കേസ് നല്‍കുക. ആദ്യത്തെ വിഭാഗത്തില്‍, ചെയ്യാത്ത കുറ്റകൃത്യങ്ങള്‍ക്ക് ആളുകളെ കുടുക്കാനാണ് ശരീരത്തില്‍ മുറിവേറ്റെന്ന് വ്യാജ സര്‍ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നത്. രണ്ടാമത്തേതില്‍, ആരെയെങ്കിലും അക്രമിക്കുകയും അവര്‍ പരിക്കുമായി ആശുപത്രിയില്‍ പോവുകയും ചെയ്യുമ്പോള്‍ എതിര്‍ കേസുകള്‍ ഉണ്ടാക്കുന്നതിന് ശരീരത്തില്‍ വ്യാജ മുറിവുകള്‍ സൃഷ്ടിക്കാനാണ്. 

ഇത്തരം മുറിവുകള്‍ വ്യാജമായി ഉണ്ടാക്കുക, അതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കോ ലീഗല്‍ സര്‍ടിഫിക്കറ്റ് തയ്യാറാക്കി നല്‍കുക എന്നീ കാര്യങ്ങള്‍ ചെയ്യുന്ന സംഘത്തെയാണ് പാക് ചാനല്‍ തുറന്നുകാട്ടിയത്. ഇതിനായി അവര്‍ ഒരു ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. രണ്ട് ചെറുപ്പക്കാര്‍ ആശുപത്രിയിലിരിക്കുന്നതാണ് വീഡിയോയിലുള്ളത്. അതിലൊരാള്‍ മറ്റേയാളുടെ ചെറുവിരലില്‍ ഒരു ഇഞ്ചക്ഷന്‍ നല്‍കുന്നു. അതിനു ശേഷം, അയാളുടെ കൈകള്‍ തറയില്‍ വെച്ച് അതിലിടിച്ച് പരിക്കുണ്ടാക്കുന്നു. ഇതാണ് വീഡിയോയിലുള്ളത്. 

image Courtesy: SamaaTV

ആദ്യം നല്‍കുന്ന ഇഞ്ചക്ഷന്‍ ലോക്കല്‍ അനസ്തീഷ്യയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരവിപ്പിച്ച ശേഷം, വേണ്ട മുറിവുകളും പരിക്കുകളും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അര്‍ജുന്‍ എന്ന മുന്‍ മോര്‍ച്ചറി ജീവനക്കാരനാണ് പരിക്കുകള്‍ ഉണ്ടാക്കുന്നത്. ഇയാളെ രണ്ടു വര്‍ഷം മുമ്പ് തട്ടിപ്പ് കേസില്‍ പുറത്താക്കിയതാണെന്നാണ് ആശുപത്രി മേധാവി പറയുന്നത്. എന്തായാലും പുറത്താക്കപ്പെട്ട ശേഷവും ഇത്തരം വ്യാജ മുറിവുകള്‍ ഉണ്ടാക്കുന്നതിനായി ഇയാള്‍ ആശുപത്രിയില്‍ വരാറുണ്ടെന്നാണ് തെളിഞ്ഞത്. കാലുകളുടെ എല്ലില്‍ ചെറിയ തുളയുണ്ടാക്കി വെടിയുണ്ട കടന്നുപോയ പരിക്കുണ്ടാക്കുന്നതടക്കം ഇയാള്‍ വിദഗ്ധനാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

image Courtesy: SamaaTV

ഈ വീഡിയോ മാത്രമല്ല, ആ മുറിവുകള്‍ ഉപയോഗിച്ച് വ്യാജ മെഡിക്കോ ലീഗല്‍ സര്‍ടിഫിക്കറ്റുണ്ടാക്കിയതിന്റെയും അതു വെച്ച് കേസ് രജിസ്റ്റര്‍ ചെയ്തതതിന്റെയും വിശദാംശങ്ങളും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോയില്‍ കാണുന്ന മറ്റേയാള്‍ അനീര്‍ എന്ന കറാച്ചി സ്വേദശി ആയിരുന്നു. വീടിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റിലുള്ള മജീദ് എന്ന ഒരാളെ അനീറും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അതിനെ തുടര്‍ന്ന് മജീദ് പരിക്കുകളോടെ ആശുപത്രിയിലായി. തുടര്‍ന്ന്, കൗണ്ടര്‍ കേസ് നല്‍കാനാണ് അനീര്‍ അര്‍ജുന്റെ സഹായത്തോടെ വ്യാജ മുറിവും വ്യാജ സര്‍ടിഫിക്കറ്റും ഉണ്ടാക്കിയത്. ഇതു മാ്രതമല്ല, മര്‍ദ്ദനമേറ്റ് അനീറിന്റെ കൈ വിരലുകള്‍ ഒടിഞ്ഞുവെന്ന് കാണിച്ച് മജീദിനെതിരെ കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും സഹായത്തോടെയാണ് ഇതെല്ലാം നടന്നത് എന്നും ചാനല്‍ മുഴുവന്‍ തെളിവുകളോടെയും പുറത്തുകൊണ്ടുവന്നു. 

അര്‍ജുന്‍ മാത്രമല്ല, ആശുപത്രി മോര്‍ച്ചറിയിലെ മറ്റ് ചില ജീവനക്കാരും വ്യാജ പരിക്കുകള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കറാച്ചിയില്‍ മാത്രമല്ല മറ്റു പല ഇടങ്ങളിലുമുള്ള ആശുപത്രികളില്‍ സമാനമായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും ചാനല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. അര ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ്, ഇത്തരം സര്‍ടിഫിക്കറ്റുകള്‍ക്ക് പ്രതിഫലമായി വാങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.