നമ്മൾ ഇന്ന് വായിക്കുന്ന വാർത്തകൾ സത്യമാണോ? നമ്മുടെ ചിന്തകളെയും ഇഷ്ടങ്ങളെയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും നമ്മളറിയാത്ത കുറെ പേരാണോ? നമ്മൾ ഇന്‍റർനെറ്റിൽ വായിക്കുന്നതും കാണുന്നതും ആയ രാഷ്ട്രീയ വാർത്തകൾ പലതും വെറും കള്ളമാണോ? ഓരോ ദിവസവും എത്രയെത്ര വ്യാജവാര്‍ത്തകളാണ് മനുഷ്യനിടയിലേക്ക് ഇറങ്ങിവരുന്നത്. ഏതായാലും ഇതിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കുറേ സത്യങ്ങൾ വെളിപ്പെടുത്തുകയാണ് ഈ വ്യാജവാർത്തകൾ നമ്മുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന കുറച്ചുപേര്‍ തന്നെ.  

മാസിഡോണിയയിലെ വെൽസ് എന്ന നദീതീര നഗരം ഇത്തരത്തില്‍ വ്യാജകഥകൾ തയ്യാറാക്കുന്ന അനവധി വെബ്‌സൈറ്റ് പ്രവർത്തകരുടെ പ്രധാന കേന്ദ്രമാണ്. ഓരോ ക്ലിക്കിലും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒഴുകുന്നത് ആയിരങ്ങളാണ്. 2016 -ലെ യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ആഴ്ചകളിൽ ഇവിടെ വ്യാജ വാർത്തകൾ തയ്യാറാക്കിയ നൂറിലധികം വെബ്‌സൈറ്റുകളാണ് കണ്ടെത്തിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ അനുകൂലിക്കുന്നവയായിരുന്നു അതില്‍ കൂടുതലും.

വ്യാജവാർത്ത പടച്ചുവിടുന്ന വ്യവസായത്തിന്‍റെ  ആദ്യകാല എഴുത്തുകാരിൽ ഒരാളാണ് പൂർവ നിയമ വിദ്യാർത്ഥിയായ 24 -കാരൻ മിഖായേൽ (സാങ്കല്പിക നാമം).  അയാള്‍ രാത്രിയിൽ  ട്രംപ് അനുകൂല മീമുകൾ പതിവായി ഫേസ്ബുക്കിൽ പോസ്റ്റുചെയ്യുന്നു. 'ജെസീക്ക' എന്ന അമേരിക്കക്കാരിയായിട്ടാണ് മിഖായേല്‍ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്. അയാളുടെ വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും യു‌എസ്സിലെ യാഥാസ്ഥിതിക വായനക്കാരെ തൃപ്‍തിപ്പെടുത്തുന്നതാണ്. മിഖായേൽ എഴുതുന്ന രാഷ്‌ട്രീയ കഥകൾ പലപ്പോഴും വസ്തുതയ്ക്ക് നിരക്കാത്തതാണ്. പക്ഷേ, അതൊന്നും അയാളെ ബാധിക്കുന്ന പ്രശ്നമേയല്ല.  

 

"എനിക്ക് അതിൽ തെല്ലും കുറ്റബോധമില്ല, കാരണം ഞാൻ എഴുതുന്നത് ആളുകൾ വായിക്കുന്നു. ഒരാൾ തന്‍റെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സമ്പാദിക്കുന്നതിനേക്കാൾ കുടുതൽ പണം ഞാൻ എന്‍റെ 22 -ാമത്തെ വയസ്സില്‍ സമ്പാദിച്ചു." എന്ന് അയാള്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പറയുന്നു. തന്‍റെ വെബ്‌സൈറ്റിലെ പരസ്യത്തിൽ നിന്ന് ഒരു ദിവസം 2,500 ഡോളർ വരെ സമ്പാദിക്കുന്നു എന്നാണ് അയാള്‍ അവകാശപ്പെടുന്നത്. അതേസമയം മാസിഡോണിയയിലെ ഒരു വ്യക്തിയുടെ ശരാശരി പ്രതിമാസ വരുമാനം 426 ഡോളർ മാത്രമാണ്.

വ്യക്തികളുടെ അഭിരുചിക്കനുസരിച്ച് പരസ്യങ്ങൾ നൽകുന്ന Google AdSense പോലുള്ളവയിൽ നിന്നാണ് പ്രധാനമായും ലാഭം കിട്ടുന്നത്. ഓരോ ക്ലിക്കിലും ഉണ്ടാക്കിയ ആൾക്ക് പണം ലഭിക്കുന്നു. അതിൽനിന്നും കിട്ടിയ ലാഭം ഒരു വീട് വാങ്ങുന്നതിനും അനുജത്തിയെ സ്‍കൂളിൽ ചേർക്കുന്നതിനും ഉപയോഗിച്ചുവെന്ന് മിഖായേൽ പറയുന്നു. മുമ്പ് തന്‍റെ കീഴിൽ രണ്ട് യു‌എസ് എഴുത്തുകാർ‌ അടക്കം 15 ജോലിക്കാരുണ്ടായിരുന്നുവെന്നും മിഖായേല്‍ അവകാശപ്പെടുന്നു. അയാള്‍ക്ക് ഏകദേശം 15 ദശലക്ഷത്തോളം ഫേസ്ബുക്ക് ഫോളോവേഴ്‌സ് ഉണ്ടായിരുന്നു, അതില്‍ കൂടുതലും അമേരിക്കക്കാരായിരുന്നു.

ഫേസ്ബുക്കും ഗൂഗിളും വ്യാജ വാർത്താ സൈറ്റുകളെ നിയന്ത്രിക്കാൻ തുടങ്ങിയതിനുശേഷം അയാളുടെ സൈറ്റും ബ്ലോക്ക് ചെയ്യപ്പെട്ടു. 2020 -ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് മിഖായേൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. “എന്‍റെ പ്രാഥമിക ലക്ഷ്യം മുമ്പത്തെ സൈറ്റ് പോലൊരെണ്ണം ഉണ്ടാകുക എന്നതാണ്. അങ്ങനെ അമേരിക്കയിലെ അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറാവുക” അയാള്‍ പറയുന്നു. 

ഒരു ദശകത്തിലേറെയായി ഇതിൽ പ്രവർത്തിക്കുന്ന ആളാണ് മിർകോ സെസെൽകോസ്‍കിക്ക്. അയാള്‍ ആദ്യം ആരോഗ്യ നുറുങ്ങുകൾ, സെലിബ്രിറ്റി ഗോസിപ്പുകൾ എന്നിവയുടെ വെബ്സൈറ്റുകളാണ് തുടങ്ങിയത്. എന്നാൽ, പിന്നീട് അയാള്‍ വ്യാജവാർത്തകൾ എഴുതാൻ ആരംഭിച്ചു. വെസെലിലെ നിരവധി ചെറുപ്പക്കാർ ഉൾപ്പെടെയുള്ള മാസിഡോണിയക്കാരെ വ്യാജ വാർത്താ വ്യവസായത്തിന്‍റെ സാധ്യതകളെ കുറിച്ച് പഠിപ്പിക്കുകയാണ് ഇപ്പോൾ സെസെൽകോസ്കി. വിദ്യാർത്ഥികൾ അവരുടെ വെബ്‌സൈറ്റുകളിൽ നിന്ന് കുറഞ്ഞത് ഒരു മാസം  1,000 യൂറോ വീതം സമ്പാദിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. "മറ്റൊന്നും ചെയ്യാനില്ലാത്ത ചെറുപ്പക്കാരുടെ ഒരു വലിയ സമൂഹം അവിടെയുണ്ട്" അദ്ദേഹം പറഞ്ഞു. അവരുടെ വാർത്തകൾ തീപോലെ പടർന്നുവെന്നും അയാള്‍ കൂട്ടിച്ചേർത്തു. തന്‍റെ നൂറോളം വിദ്യാർത്ഥികൾ ഇപ്പോൾ യുഎസ് രാഷ്ട്രീയ വാർത്താ സൈറ്റുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും സെസെൽകോസ്കി പറയുന്നു.

അവരുടെ വെബ്സൈറ്റുകൾക്ക് ആധികാരികത നൽകാൻ Usaelectionnews.com, dailynews.us, trumpvision365.com എന്നിവ പോലെ വിശ്വാസ്യത ഉള്ള വെബ് വിലാസങ്ങൾ ഉപയോഗിക്കുന്നു. ഒരു സുപ്രധാന വിഷയം എങ്ങനെ തിരഞ്ഞെടുക്കാമെന്നും അവിടെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. യുഎസിൽ ഏറ്റവും പ്രചാരമുള്ള ഒരു വിഷയം കണ്ടെത്തുകയും തുടർന്ന് "ഇത് കൂടുതൽ സംവേദനക്ഷമമാക്കുകയും ചെയ്യുക" എന്നാണ് സെസെൽകോസ്‍കി പഠിപ്പിക്കുന്ന തന്ത്രം.  "തലക്കെട്ടാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം" എന്നും അയാള്‍ പറഞ്ഞു.

എന്നാൽ, മെയ് മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ മാസിഡോണിയൻ സർക്കാർ വെലസിന്‍റെ ഈ വ്യവസായത്തെ നിശിതമായി വിമർശിക്കുന്നു. വ്യാജവാർത്തകൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് തങ്ങൾ മുൻകൈയെടുക്കുകയും വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കി ഈ പ്രതിഭാസത്തെ തടയാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും സർക്കാർ വക്താവ് മൈൽ ബോഷ്‍കാക്കോവ്‍സ്‍കി പറയുന്നുണ്ട്.