ജയിൽ മോചിതനായ ശേഷം അദ്ദേഹം തന്റെ മകൾക്കും ചെറുമകനും ഒപ്പം ആയിരുന്നു താമസിച്ചിരുന്നത്. പക്ഷേ അവരോടൊപ്പം ഉള്ള സന്തോഷനിമിഷങ്ങൾ ആസ്വദിച്ചു തുടങ്ങും മുൻപേ മരണവും എത്തി.
ചെയ്യാത്ത കുറ്റത്തിന് 30 വർഷക്കാലം ജയിൽവാസം അനുഭവിച്ച ടെന്നസിക്കാരൻ മോചിതനായി. പക്ഷെ കുറ്റവിമുക്തനാക്കപ്പെട്ട് ജയിലിൽ നിന്നും മോചിതനായി മാസങ്ങൾ തികയും മുമ്പേ മരണവും തേടിയെത്തി.
ക്ലോഡ് ഫ്രാൻസിസ് ഗാരറ്റ് എന്ന 66 -കാരനാണ് ഈ ദുർവിധി നേരിടേണ്ടിവന്നത്. ഒരു തെറ്റും ചെയ്യാഞ്ഞിട്ടും തൻറെ ആയുസ്സിലെ പാതിവർഷങ്ങൾ തടവറയ്ക്കുള്ളിൽ തള്ളി നീക്കേണ്ടിവന്നു ഈ പാവത്തിന്.
1993 -ലാണ് തന്റെ കാമുകിയായ ലോറി ലീ ലാൻസിനെ തീകൊളുത്തി കൊലപ്പെടുത്തി എന്ന കേസിൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്. എന്നാൽ, കഴിഞ്ഞ മെയ് മാസത്തിൽ അദ്ദേഹത്തിൻറെ ശിക്ഷാവിധിയിലേക്ക് നയിച്ച തെളിവുകൾ വ്യാജമായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ വിട്ടയച്ചു. പക്ഷേ, അപ്പോഴേക്കും അദ്ദേഹത്തിൻറെ നല്ലകാലം കഴിഞ്ഞിരുന്നു. നീണ്ട 30 വർഷക്കാലം ചെയ്യാത്ത കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കേണ്ടിവന്നു ക്ലോഡ് ഫ്രാൻസിസിന്.
ജയിൽ മോചിതനായ ശേഷം അദ്ദേഹം തന്റെ മകൾക്കും ചെറുമകനും ഒപ്പം ആയിരുന്നു താമസിച്ചിരുന്നത്. പക്ഷേ അവരോടൊപ്പം ഉള്ള സന്തോഷനിമിഷങ്ങൾ ആസ്വദിച്ചു തുടങ്ങും മുൻപേ മരണവും എത്തി. ജയിൽ മോചിതനായ ശേഷം വെറും അഞ്ചു മാസങ്ങൾ മാത്രമാണ് അദ്ദേഹത്തിന് തൻറെ പ്രിയപ്പെട്ടവർക്ക് ഒപ്പം കഴിയാൻ സാധിച്ചത്. ഒക്ടോബർ 30 -നാണ് ഇദ്ദേഹം മരണപ്പെട്ടത്. നേരം പുലർന്നിട്ടും കാണാതായപ്പോൾ ബന്ധുക്കൾ മുറിയിൽ എത്തിനോക്കിയപ്പോഴാണ് മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.
1992 ഫെബ്രുവരി 24 -ന് ആയിരുന്നു അദ്ദേഹത്തിന്റെ ഓൾഡ് ഹിക്കറിയിലെ വീട്ടിൽ തീപിടുത്തം ഉണ്ടായത്. ആ സമയം അവിടെ അദ്ദേഹം വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന ലാൻസുമുണ്ടായിരുന്നു. ആ അപകടത്തിൽ ലാൻസ് മരണപ്പെട്ടു. എന്നാൽ തീർത്തും യാദൃശ്ചികമായി ഉണ്ടായ ആ തീപിടുത്തത്തിന്റെ ഉത്തരവാദിത്വം പൊലീസ് ക്ലോഡ് ഫ്രാൻസിസിന്റെ തലയിൽ കെട്ടിവച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തിടുക്കപ്പെട്ടു നടത്തിയ വിചാരണയ്ക്ക് ശേഷം കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പിന്നീട് വർഷങ്ങൾ നീണ്ട അപ്പീലുകൾക്ക് ഒടുവിൽ കോടതി കഴിഞ്ഞ മെയ് മാസത്തിൽ ഇദ്ദേഹത്തിനെതിരെ കണ്ടെത്തിയ തെളിവുകൾ വ്യാജമാണെന്ന് പറയുകയും ക്ലോഡ് ഫാൻസിനെ ജയിൽ മോചിതനാക്കാൻ ഉത്തരവിടുകയും ചെയ്തു. പക്ഷേ വൈകിയെത്തിയ ആ നീതി അനുഭവിച്ച തുടങ്ങും മുൻപേ മരണവും അദ്ദേഹത്തെ തേടിയെത്തി.
