മൂന്നുവർഷമാണ് നിയമപോരാട്ടം നീണ്ടുനിന്നത്. എന്നാൽ, വിധി യുവാവിന് അനുകൂലമായിരുന്നു. ഇത് യുവാവിന് അനധികൃതമായി കിട്ടിയ തുകയാണ് അല്ലാതെ അയാൾ മോഷ്ടിച്ചെടുത്ത തുകയല്ല, അതിനാൽ തന്നെ ഇതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ല എന്നാണ് ജഡ്ജി പറഞ്ഞത്.
ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ നിന്നും അത്യപൂർവമായ ഒരു സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്. ഇവിടെ ഒരു യുവാവിന് ശമ്പളത്തിന്റെ 330 ഇരട്ടി തുക അക്കൗണ്ടിലേക്ക് വന്നു. എന്നാൽ, ആ പണം അയാൾക്ക് തന്നെ സൂക്ഷിക്കാം എന്നാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഒരു ഫുഡ് കമ്പനിയിൽ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് യുവാവ്. 386 പൗണ്ട് അതായത് 46162 രൂപ ആണ് ഇയാളുടെ മാസശമ്പളം. ഒരു ശമ്പളദിവസം ഈ തുകയ്ക്ക് പകരം യുവാവിന്റെ അക്കൗണ്ടിലേക്ക് വന്നത് 1,27,000 പൗണ്ട് അതായത് ഒന്നര കോടിയിലേറെ രൂപയാണ്.
സംഗതി അബദ്ധത്തിലാണ് തന്റെ അക്കൗണ്ടിലേക്ക് ഇത്രയധികം തുക വന്നത് എന്ന് തിരിച്ചറിഞ്ഞ യുവാവ് ആദ്യം കരുതിയത് ഈ തുക കമ്പനിക്ക് തന്നെ തിരികെ നൽകാം എന്നായിരുന്നത്രെ. എന്നാൽ, പിന്നെ യുവാവ് തന്റെ തീരുമാനം മാറ്റി. ആ തുക കയ്യിൽ തന്നെ വയ്ക്കാൻ തീരുമാനിച്ചു. മൂന്ന് ദിവസത്തിനകം ജോലിയും രാജിവച്ചു. കമ്പനിയിൽ നിന്നും നിരന്തരം ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ അതിനൊന്നും തന്നെ മറുപടി നൽകിയില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ കമ്പനി ഇയാൾക്കെതിരെ കേസുമായി ഇറങ്ങി.
മൂന്നുവർഷമാണ് നിയമപോരാട്ടം നീണ്ടുനിന്നത്. എന്നാൽ, വിധി യുവാവിന് അനുകൂലമായിരുന്നു. ഇത് യുവാവിന് അനധികൃതമായി കിട്ടിയ തുകയാണ് അല്ലാതെ അയാൾ മോഷ്ടിച്ചെടുത്ത തുകയല്ല, അതിനാൽ തന്നെ ഇതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ല എന്നാണ് ജഡ്ജി പറഞ്ഞത്. യുവാവിനെതിരെയുള്ള ക്രിമിനൽ നടപടികളും കോടതി നിർത്തിവച്ചു. പക്ഷേ, കമ്പനിക്ക് സ്വന്തം പണം നഷ്ടപ്പെട്ട കേസാണല്ലോ, വെറുതെയിരിക്കാനൊക്കുമോ? അതിനാൽ തന്നെ കേസുമായി മുന്നോട്ട് തന്നെ പോകുമെന്നും ആ തുക എന്തായാലും തിരികെ നേടിയെടുക്കും എന്നുമാണ് കമ്പനി പറയുന്നത്.


