താൻ പ്രാങ്കിന് വേണ്ടിയാണ് സിംഹത്തെ അഴിച്ചുവിട്ടത് എന്നാണ് സംഭവത്തിൽ ഫാം ഉടമ വിശദീകരിക്കുന്നത്. എന്നാൽ, ലിബിയയിലെ പബ്ലിക് പ്രൊസിക്യൂട്ടർ ഇതിനെ പൊതുജനങ്ങളുടെയടക്കം ജീവൻ തന്നെ അപകടത്തിലാക്കുന്ന കുറ്റകൃത്യമായിട്ടാണ് കണ്ടത്.

സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിന് വേണ്ടി എന്തും ചെയ്യുന്ന ചില മനുഷ്യരുണ്ട്. അതുപോലെ തന്നെയാണ് ചില കൈവിട്ട പ്രാങ്കുകളും. നമ്മുടെ ജീവിതവും ചുറ്റുമുള്ളവരും ജീവിതവും അപകടത്തിലാക്കുന്ന ഇത്തരം പ്രാങ്കുകൾ പലപ്പോഴും വലിയ ഭയമാണുണ്ടാക്കാറ്. അത്തരത്തിൽ ഒരു പ്രാങ്കിന്റെ ഭാ​ഗമായി തൊഴിലാളിയുടെ നേർക്ക് സിംഹത്തെ അഴിച്ചുവിട്ട ഫാം ഉടമ അറസ്റ്റിലായി.

ലിബിയയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ വിമർശനത്തിനിടയാക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ഫാം ഉടമയുടെ അറസ്റ്റ്. നിരവധി കുറ്റങ്ങൾ ഇയാൾക്ക് മേൽ ചാർത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ഒരു സിംഹം മനുഷ്യനുമായി മല്ലിടുന്നത് കാണാം. പലതവണ, സിംഹം ഇയാളെ കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തൊഴിലാളി ശാന്തനായിട്ടാണ് സിംഹത്തെ നേരിടുന്നത്. വളരെ സൗഹാര്‍ദ്ദപരമായിട്ടാണ് ഇടപെടലെങ്കിലും സിംഹം ഒരു വന്യജീവിയാണ് എന്ന ആശങ്കയാണ് വീഡിയോ വൈറലായതിന് പിന്നാലെ ഉയര്‍ന്നത്.

താൻ പ്രാങ്കിന് വേണ്ടിയാണ് സിംഹത്തെ അഴിച്ചുവിട്ടത് എന്നാണ് സംഭവത്തിൽ ഫാം ഉടമ വിശദീകരിക്കുന്നത്. എന്നാൽ, ലിബിയയിലെ പബ്ലിക് പ്രൊസിക്യൂട്ടർ ഇതിനെ പൊതുജനങ്ങളുടെയടക്കം ജീവൻ തന്നെ അപകടത്തിലാക്കുന്ന കുറ്റകൃത്യമായിട്ടാണ് കണ്ടത്.

View post on Instagram

കസ്റ്റഡിയിലെടുത്ത ഫാം ഉടമയ്ക്കെതിരെ, മനുഷ്യജീവൻ അപകടത്തിലാക്കൽ, സമാധാനപരമായി ജീവിക്കുന്ന പൗരന്മാരെ ഭയപ്പെടുത്തൽ, മാനസികവും സാമൂഹികവുമായ പ്രശ്നമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിലടക്കം ഉയർന്നത്. മനുഷ്യരുടെ ജീവനെ കുറിച്ച് പോലും ആളുകൾക്ക് ആശങ്കയില്ലാതെയാവുന്നത് എന്തുമാത്രം അപകടകരമാണ് എന്നാണ് പലരും പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശനമായ നടപടികൾ തന്നെ വേണം എന്നും പലരും പറഞ്ഞു.