Asianet News Malayalam

വിമാനം പറന്നുപൊങ്ങുന്നതും ഇറങ്ങുന്നതും തൊട്ടടുത്ത്, എന്നാലും വിമാനത്താവളത്തിനായി ഒഴിഞ്ഞുപോകില്ലെന്ന് കര്‍ഷകന്‍

എന്‍റെ കുടുംബം നൂറു വര്‍ഷത്തോളമായി ഇവിടെയാണ് കഴിയുന്നത്. എനിക്ക് 48 വയസുള്ളപ്പോഴാണ് എന്‍റെ അച്ഛന്‍ മരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫാം സംരക്ഷിക്കാനായിട്ടാണ് റെസ്റ്റോറന്‍റ് ബിസിനസ് വിട്ട് ഞാന്‍ വീട്ടിലേക്കും ഈ നാട്ടിലേക്കും മടങ്ങിയെത്തുന്നത്.

farmer who living in airport premises
Author
Tokyo, First Published Aug 13, 2020, 9:59 AM IST
  • Facebook
  • Twitter
  • Whatsapp

വിമാനത്താവളത്തിനുവേണ്ടി, മറ്റ് പല പൊതുസ്ഥാപനങ്ങള്‍ക്കും വേണ്ടി സ്വന്തം മണ്ണില്‍ നിന്നും കുടിയൊഴിഞ്ഞുകോടുക്കേണ്ടി വരുന്നവര്‍ അനവധിയാണ്. പക്ഷേ, എന്തൊക്കെ വികസനം പറഞ്ഞാലും ചിലര്‍ക്ക് അതിന് കഴിയാറില്ല. കാരണം, കാലങ്ങളായി തങ്ങളുടെ തലമുറകള്‍ കഴിഞ്ഞ ഇടം വിട്ടുപോരാന്‍ പറ്റുന്നുണ്ടാവില്ല. അതുതന്നെയാണ് ടകാവോ ഷിറ്റോയുടെ കഥയും.

ടാകാവോ ഷിറ്റോ ഒരു കര്‍ഷകനാണ്. അദ്ദേഹം ജീവിക്കുന്നതാകട്ടെ ഒരു രാജ്യാന്തര വിമാനത്താവളത്തിന്‍റെ തൊട്ടരികിലും. അതുകൂടി എയര്‍പോര്‍ട്ടിന് വേണ്ടിവരുന്ന സ്ഥലമാണ്. എയര്‍പോര്‍ട്ട് പൂര്‍ത്തിയാവണമെങ്കില്‍ ആ സ്ഥലം ഷിറ്റോ ഒഴിഞ്ഞുകൊടുക്കണം. ടോക്കിയോയിലെ നരിറ്റ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ഷിറ്റോ ജീവിക്കുന്നത്. കാരറ്റ്, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയെല്ലാം അയാള്‍ തന്‍റെയീ കൃഷിസ്ഥലത്ത് കൃഷി ചെയ്യുന്നു. ഏകദേശം പത്ത് വ്യത്യസ്‍ത തരം പച്ചക്കറികളാണ് വിമാനത്താവളത്തിന്‍റെ പരിധിയില്‍ വരുന്ന തന്‍റെ സ്ഥലത്ത് അയാള്‍ കൃഷി ചെയ്യുന്നത്. 'കൃഷി എന്നെ തിരക്കുള്ളയാളാക്കി മാറ്റുന്നു. എന്നാല്‍, ഫ്രീ ടൈം കിട്ടുമ്പോഴെല്ലാം ഞാന്‍ കുടിക്കുകയും കരോക്കെ മൂളുകയും ചെയ്യു'മെന്നും ഷിറ്റോ പറയുന്നു.

വിമാനത്താവളം വരുന്നു 

1960 -ന്‍റെ അവസാനത്തിലാണ് നരിറ്റ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍, പ്രദേശത്തെ കര്‍ഷകരെല്ലാം ഒരുമിച്ചു ചേര്‍ന്ന് ഇതിനെ എതിര്‍ത്തു. സന്‍രിസുക സമരം എന്നാണിതറിയപ്പെട്ടത്. പക്ഷേ, കര്‍ഷകര്‍ ഒഴിഞ്ഞുപോകണമെന്നും പകരം നഷ്‍ടപരിഹാരം നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, പല കുടുംബങ്ങളും തങ്ങളുടെ കൃഷിസ്ഥലം കൂടിയായ താമസസ്ഥലം വിട്ടുപോകാന്‍ ഒരുക്കമായിരുന്നില്ല. അന്ന് ഒഴിയാന്‍ തയ്യാറാവാത്തവരില്‍ ഷിറ്റോയുടെ പിതാവും ഉണ്ടായിരുന്നു. 

എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നതിന് മുമ്പ് 28 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. അടുത്ത ഗ്രാമത്തില്‍ 66 കുടുംബങ്ങളും. പക്ഷേ, വിമാനത്താവളത്തിന്‍റെ ജോലികള്‍ പുരോഗമിച്ചപ്പോള്‍ ഒന്നിനുപിറകെ ഒന്നായി ഓരോ കുടുംബങ്ങള്‍ക്കായി ഒഴിഞ്ഞുപോകേണ്ടി വന്നു. ഇന്ന് അഞ്ച് കുടുംബങ്ങളാണ് നരിറ്റ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പരിസരത്തായി ജീവിക്കുന്നത്. അതില്‍ ഷിറ്റോയുടെ ഗ്രാമത്തില്‍ നിന്നും ഷിറ്റോ മാത്രമാണ് വിമാനത്താവളത്തിന്‍റെ ഇത്രയുമടുത്ത് ജീവിക്കുന്നത്. 

പല കര്‍ഷകരും പണം പകരം നല്‍കിയതിന്‍റെ പേരില്‍ ഒഴിയുകയായിരുന്നു. എന്നാല്‍, ഷിറ്റോയ്ക്ക് അങ്ങനെ ഒഴിഞ്ഞുപോവാനായില്ല. ''എന്‍റെ കുടുംബം നൂറു വര്‍ഷത്തോളമായി ഇവിടെയാണ് കഴിയുന്നത്. എനിക്ക് 48 വയസുള്ളപ്പോഴാണ് എന്‍റെ അച്ഛന്‍ മരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫാം സംരക്ഷിക്കാനായിട്ടാണ് റെസ്റ്റോറന്‍റ് ബിസിനസ് വിട്ട് ഞാന്‍ വീട്ടിലേക്കും ഈ നാട്ടിലേക്കും മടങ്ങിയെത്തുന്നത്. ആളുകളെല്ലാം എങ്ങനെയാണ് കൃഷി ചെയ്യുന്നത് എന്ന് എന്നെ പഠിപ്പിക്കാന്‍ മുന്നോട്ടു വന്നിരുന്നു. ഉള്ള ജോലി വിട്ടിട്ട് മനപ്പൂര്‍വമാണ് ഞാനിവിടെ വന്നത്. അതിനാല്‍ത്തന്നെ തിരികെ പോകുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേ ഇല്ല.'' ഷിറ്റോ പറയുന്നു.

ഇന്ന് കൃഷിയിലും മറ്റുമായി ഷിറ്റോയെ സഹായിക്കാന്‍ പത്തോളം പേരുണ്ട്. അവരില്‍ ചിലരെല്ലാം വിദ്യാര്‍ത്ഥി പ്രക്ഷോഭകരാണ്. ഫാം വിട്ടുപോയാല്‍ പകരം പണം തരാമെന്ന് അധികൃതര്‍ ഷിറ്റോയ്ക്ക് വാഗ്ദ്ധാനം നല്‍കിയിട്ടുണ്ട്. അത് കോടിക്കണക്കിന് രൂപയാണ്. 150 വര്‍ഷം ഒരു കര്‍ഷകന്‍ അധ്വാനിച്ചാലും കിട്ടാത്ത തുക. പക്ഷേ, ആ പണത്തില്‍ ഷിറ്റോയ്ക്ക് താല്‍പര്യമില്ല. താനിവിടെത്തന്നെ തന്‍റെ കൃഷി തുടരാനാണ് ആഗ്രഹിക്കുന്നത് എന്ന് ഷിറ്റോ പറയുന്നു. ''എന്‍റെ മണ്ണ് അത്രയും നല്ലതാണ്. കാരണം 100 വര്‍ഷമായി ഞങ്ങള്‍ കൃഷി ചെയ്യുന്ന മണ്ണാണിത്. പച്ചക്കറികള്‍ നടുക, വിളവെടുക്കുക, അത് ആവശ്യക്കാരിലെത്തിക്കുക... അതിനേക്കാള്‍ വലിയൊരു സന്തോഷം എനിക്ക് വേറെയൊന്നില്ല. വേറൊന്നിനും ആ സന്തോഷം തരാനും കഴിയില്ല...'' ഷിറ്റോ പറയുന്നു. 

വികസനം അനിവാര്യതയാണെന്നിരിക്കെ തന്നെ തന്‍റെ മണ്ണ് വിട്ടുപോകാന്‍ ഏതൊരു കര്‍ഷകനും മടി കാണും. ഏതായാലും വിമാനത്തിന്‍റെ ശബ്‍ദങ്ങള്‍ക്കിടയിലും എയര്‍പോര്‍ട്ടിനകത്ത് തന്‍റെ കൃഷിഭൂമിയില്‍ തന്‍റെ വീട്ടില്‍ ഷിറ്റോ ഇപ്പോഴും ജീവിക്കുന്നു. അവിടെനിന്നും ഒഴിഞ്ഞുപോവുന്നതിനെ കുറിച്ച് ഇപ്പോഴും അദ്ദേഹത്തിന് ചിന്തിക്കാനായിട്ടില്ല. 

Follow Us:
Download App:
  • android
  • ios