നാളെ അച്ഛന്മാരുടെ ദിവസമാണ്.  ഒരു അച്ഛന്റെ കഥയാവട്ടെ...

മാർട്ടിന് 42 വയസ്സാണ്. ഭാര്യ  എമ്മയ്ക്ക് 38 വയസ്സും. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ പ്രോജക്ട് മാനേജർ ആണ് മാർട്ടിൻ. എമ്മയും അതേ ഫീൽഡിൽ തന്നെ. ഇരുവരുടെയും വിവാഹം  കഴിഞ്ഞിട്ട് വർഷങ്ങളായിരുന്നു. എല്ലാവരെയും പോലെ അവരും ഒരു കുഞ്ഞിക്കാല് കാണാൻ കൊതിച്ചിരുന്നു. 

ചികിത്സയുടെ മടുപ്പിക്കുന്ന വർഷങ്ങൾ കടന്നുപോയി. അവരുടെ പ്രതീക്ഷകൾ ഒന്നിന് പിറകെ ഒന്നായി നിരാശകളിലേക്ക് വഴിമാറിക്കൊണ്ടിരുന്നു. ഓരോ തവണയും റിസൾട്ട് നെഗറ്റീവാകുമ്പോൾ, "സാരമില്ല, അടുത്ത തവണ ഒക്കെ ശെരിയാവും.." എന്ന്  മാർട്ടിനാണ് എമ്മയെ ആശ്വസിപ്പിച്ചിരുന്നത്. 

ഒടുവിൽ അവരുടെ പ്രതീക്ഷകൾ സഫലമായി. തന്റെ മുപ്പത്തേഴാമത്തെ വയസ്സിൽ എമ്മയുടെ IVF വിജയം കണ്ടു. അവളുടെ വയറ്റിൽ ഒരു കുഞ്ഞുഭ്രൂണം പിടിച്ചു. അത് വളർന്നുവരുന്നത് ചങ്കിടിപ്പോടെ ഇരുവരും കണ്ടു. ഒമ്പതുമാസം എമ്മയുടെ കൈ പിടിച്ചു കൊണ്ട് മാർട്ടിൻ കൂടെ നടന്നു. ഒരുപാട് വൈകിയെങ്കിലും തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ കടന്നുവരാൻ പോവുന്നു എന്നറിഞ്ഞപ്പോൾ ആ രണ്ടാത്മാക്കൾ സന്തോഷിച്ചു. ഏറെ പ്രതീക്ഷിച്ചു. 

അവരുടെ നാട്ടിൽ പ്രീ-നാറ്റൽ സ്കാനിങ്ങും ലിംഗനിർണയവും ഒക്കെ നിയമവിധേയമാണ്. വരാൻ പോവുന്നത് ഒരു പെൺകുഞ്ഞാണ് എന്ന് സ്കാൻ ചെയ്ത ഡോക്ടർ പറഞ്ഞിരുന്നതുകൊണ്ട്, അവർ തങ്ങളുടെ മാലാഖക്കുഞ്ഞിനെ വരവേൽക്കാൻ നേരത്തെ തയ്യാറെടുത്തു തുടങ്ങി. അവൾക്കിടാൻ വേണ്ട കുഞ്ഞുടുപ്പുകൾ മാർട്ടിനും ഭാര്യയും പല കടകളിൽ നിന്നായി വാങ്ങി സൂക്ഷിച്ചു. അവൾ വരുമ്പോൾ കിടക്കാൻ തൊട്ടിൽ. അവൾക്കിടാൻ പതുപതുത്ത കുഞ്ഞു ഷൂസുകൾ. ഉടുക്കാൻ ഭംഗിയുള്ള കുഞ്ഞുടുപ്പുകൾ, കിടക്കാൻ പഞ്ഞിമെത്ത, അവൾക്കിടാൻ പൗഡർ, തേച്ചുകുളിക്കാൻ സോപ്പ്, ലോഷൻ എന്നിങ്ങനെ അവർ എല്ലാം  നേരത്തെ വാങ്ങിസൂക്ഷിച്ചു. വരാനിരിക്കുന്ന തങ്ങളുടെ പൊന്നുമോൾക്കവർ 'കിറ്റി' എന്നൊരു വിളിപ്പേരും കണ്ടുവെച്ചു. 

പക്ഷേ, അവരെ കാത്തിരുന്നത് സങ്കടത്തിന്റെ നാളുകളായിരുന്നു. മുപ്പത്തെട്ടാമത്തെ ആഴ്ച. തലേന്ന് രാത്രി  വരെ അമ്മയുടെ വയറ്റിൽ ചവിട്ടി മെതിച്ചുകൊണ്ടിരുന്ന കിറ്റി, രാവിലെയായപ്പോൾ നിശബ്ദയായി. അനക്കമില്ലാതെയായി. ഏറെ നേരമായിട്ടും അവൾ അനങ്ങുന്നതു കാണാഞ്ഞപ്പോൾ അവർക്ക് ടെൻഷനായി. എമ്മയെയും കൊണ്ട് നേരെ ആശുപത്രിയിലേക്ക് പാഞ്ഞു അവളുടെ അച്ഛനുമമ്മയും. 

മാർട്ടിൻ ഒരു പ്രധാനപ്പെട്ട കോൺഫറൻസ് അറ്റൻഡ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.  ഈ വിവരം അയാൾ ആശുപത്രിയിലേക്ക് പറന്നെത്തി. എന്താണ് അയാൾ എത്തുമ്പോഴേക്കും, എല്ലാം കൈവിട്ടു പോയിക്കഴിഞ്ഞിരുന്നു. ജനാലയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് എമ്മ കിടക്കയിൽ കിടക്കുന്നു. വയർ ഒഴിഞ്ഞിരിക്കുന്നു. മുറിയ്ക്കുള്ളിൽ ഇരുന്ന എമ്മയുടെ അച്ഛന്റെയും അമ്മയുടെയും കണ്ണിലും സങ്കടം അലയടിക്കുന്നു. 

"എന്തുപറ്റി..?" മാർട്ടിൻ ചോദിച്ചു. 

അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞ് മുള ചീന്തും പോലെ കരഞ്ഞുകൊണ്ട് എമ്മ പറഞ്ഞു, "കിറ്റി പോയി.. മരിച്ചു പോയി..." 

മാർട്ടിന് തന്റെ ചെവിയിൽ വന്നുവീണ വാക്കുകൾ വിശ്വസിക്കാനായില്ല. താൻ അതുവരെ  കൊണ്ടുനടന്ന മനക്കോട്ടകളൊക്കെയും ഒരു നിമിഷം കൊണ്ട് അയാൾക്കുമുന്നിൽ തകർന്നടിഞ്ഞു. ഒമ്പതുമാസം കൊണ്ട് അവർ കണ്ട സ്വപ്നങ്ങളൊക്കെയും ആരോ ഒരാൾ അന്നുരാവിലെ ഇരുന്നു തുടച്ചു നീക്കിയപ്പോൾ. ആ ജീവിതം ഇനിയില്ലത്രേ..! 

മൂന്നര മണിക്കൂർ നീണ്ട വളരെ സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ എമ്മയുടെ വയറുകീറി കുഞ്ഞു കിറ്റിയെ പുറത്തെടുത്തത്. കിറ്റി പുറംലോകം കണ്ടപ്പോൾ നേരം കൃത്യം 3.46 PM. ഭാരം രണ്ടരക്കിലോഗ്രാം. ഒരൊറ്റക്കുഴപ്പം മാത്രം. അവൾക്ക് അനക്കമില്ല.  

അവർ അവളെ കുളിപ്പിച്ചു. എത്രയോ ദിവസം മുമ്പുതന്നെ അവളെ അണിയിക്കാൻ കരുതിവച്ചിരുന്ന കുഞ്ഞുടുപ്പുകളിലൊന്ന് അവളെ  ഇടീച്ചു. അതൊക്കെ ഇട്ടുകൊണ്ടങ്ങനെ കിടക്കുന്നത് കണ്ടാൽ ഉറങ്ങുകയാണെന്നേ ആരും പറയു.  മരിച്ചുപോയതാണ് എന്ന് ആർക്കും സംശയം തോന്നില്ല. 

ആശുപത്രിയിൽ നിന്നും എമ്മ ഡിസ്ചാർജ്ജ് ആയി വന്ന ശേഷം അവർ എല്ലാവരും കൂടി കിറ്റിയെ മോർച്ചറിയിൽ നിന്നും വൈദ്യുതശ്‌മശാനത്തിലേക്ക്  കൂട്ടിക്കൊണ്ടുപോയി. അവരുടെ ഒമ്പതുമാസത്തെ സ്വപ്നം വെറും ഒമ്പതു നിമിഷങ്ങൾക്കുള്ളിൽ ഒരു കുഞ്ഞു കുടുക്കയിലെ ഒരു പിടി ചാരമായി അവരുടെ കയ്യിലെത്തി. 

അച്ഛന്മാരുടെ നെഞ്ചിനുള്ളിൽ കല്ലാണെന്ന് പൊതുവേ ഒരു സംസാരമുണ്ട്. എന്നാൽ, അങ്ങനല്ല. എമ്മയെക്കാൾ കിറ്റിയുടെ വിയോഗം വിഷാദത്തിലേക്ക് തള്ളിയിട്ടത് മാർട്ടിനെയായിരുന്നു. അയാൾക്ക് തന്റെ ജീവിതത്തിലേക്കും, കരിയറിലേക്കും ഒക്കെ തിരിച്ചെത്താൻ ദിവസങ്ങൾ ഒരുപാടെടുത്തു. മിക്കവാറും ദിവസങ്ങളിൽ രാവിലെ ഉറക്കമുണർന്നാൽ അയാൾക്ക് വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുമായിരുന്നു. മോളെക്കുറിച്ചുള്ള ഓർമ്മ, അത് പകർന്ന സങ്കടം  അയാളെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു. 

ഒടുവിൽ അയാളുടെ കൗൺസിലർ ആണ് കുഞ്ഞുകിറ്റിയുടെ ഓർമയ്ക്കായി അവളുടെ ചിതാഭസ്മത്തെ ഒരു ടെഡി ബിയറിന്റെ ഹൃദയത്തിലേക്ക്  തുന്നിച്ചേർത്ത് കൂടെക്കൂട്ടാൻ മാർട്ടിനെ ഉപദേശിച്ചത്. ആ ഒരു പ്രവൃത്തി അയാളുടെ നിരാശയെ ഒരുപാട് കുറച്ചു. അയാളുടെ വിഷാദത്തിൽ നിന്നും അയാളെ കറപിടിച്ചു കയറ്റി. 

കിറ്റി ഇന്ന് അയാൾക്കൊപ്പമുണ്ട്. ആ കിറ്റിബിയറിന്റെ രൂപത്തിൽ. തന്റെ മകളെപ്പോലെ തന്നെ മാർട്ടിൻ ആ പാവക്കുട്ടിയെയും പരിചരിക്കുന്നു. പോവുന്നിടത്തെല്ലാം അയാൾ പാവക്കുട്ടിയെയും കൂട്ടും. കിറ്റിയ്ക്കിടാൻ വാങ്ങിവെച്ചിരുന്ന കുഞ്ഞുടുപ്പുകൾ അയാൾ മാറിമാറി പാവക്കുട്ടിയെ അണിയിക്കും. അയാളുടെ ബാക്ക് പാക്കിൽ കിറ്റിപ്പാവയ്ക്കിരിക്കാൻ ഒരു സ്‌പെഷ്യൽ പ്ളേസുണ്ട്. അവരുടെ യാത്രകളിലെല്ലാം അവിടിരുന്ന് കിറ്റിയും കൂട്ടു പോവാറുണ്ട്. 

ഒരിക്കൽ ഹാരിപോട്ടർ വേൾഡിലെ സെക്യൂരിറ്റി അവരെ തടഞ്ഞു നിർത്തി. ഈ പാവയെ കൊണ്ടുപോവാൻ പറ്റില്ല എന്ന് പറഞ്ഞു. അപ്പോൾ മാർട്ടിൻ ആ സഹോദരനെ തൊട്ടപ്പുറത്തേക്ക് മാറ്റി നിർത്തി തന്റെ കുഞ്ഞിന്റെ കഥ അയാളോട് പറഞ്ഞു. അതുകേട്ട് കണ്ണ് നിറഞ്ഞുപോയ അയാൾ, മാർട്ടിനെ കെട്ടിപ്പിടിച്ചു കൊണ്ട് അവരെ അകത്തേക്ക് പറഞ്ഞയച്ചു. 

താൻ കാണുന്ന കാഴ്ചകൾ കിറ്റിയും കാണണം എന്ന് മാർട്ടിന് നിർബന്ധമായിരുന്നു. ഈ ഫാദേഴ്‌സ് ഡേ, കിറ്റിയില്ലാത്ത നാലാമത്തെ ഫാദേഴ്‌സ് ഡേ ആണ്.  അവൾ പോയതില്‍ പിന്നെ മാർട്ടിന് ഡിപ്രഷൻ ഡയഗ്‌നോസ് ചെയ്യപ്പെട്ടിരുന്നു. അതിനുള്ള മരുന്നുകളുടെ ബലത്തിലാണ് മുന്നോട്ടുള്ള അയാളുടെ ജീവിതം. പ്രോജക്ട് മാനേജർ എന്ന വളരെ ഉത്തരവാദിത്തപ്പെട്ട ജോലിക്കിടെ സങ്കടപ്പെടാൻ സമയം കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ആ ജോലി വളരെ ശ്രമകരമായ ഒന്നാണ് ഇപ്പോൾ മാർട്ടിനെ സംബന്ധിച്ചിടത്തോളം. 

എമ്മയുടെയും  മാർട്ടിന്റെയും ദാമ്പത്യം അതിന്റെ പതിനാലാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. അവരിപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെപ്പറ്റിയാണ്. "ഞാൻ എന്റെ ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരിയായ കുഞ്ഞായിരുന്നു എന്റെ മോൾ. ആദ്യമായി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല..." മാർട്ടിൻ ഇന്നും ഓർക്കാറുണ്ട് ആ ദിവസത്തെപ്പറ്റി. 

കുഞ്ഞു കിറ്റിയെ കയ്യിലേക്ക് ഏറ്റുവാങ്ങിയത്. അവൾക്ക് അനക്കമില്ല എന്ന് തിരിച്ചറിഞ്ഞത്. അവളെ കുളിപ്പിച്ചത്. കുഞ്ഞുടുപ്പിടീച്ചത്. നെറ്റിയിൽ ഉമ്മവെച്ചത്. എമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞത്. ഒടുവിൽ കുഞ്ഞു കിറ്റിയെ തീനാളങ്ങൾക്ക് വിട്ടുകൊടുത്തത്. ഒരു പിടി ചാരമായി അവൾ തിരികെ വന്നത്...! അവളുടെ ചിതാഭസ്മത്തിന്റെ ബാക്കി അന്നവർ ഒരു കുഞ്ഞു ശവപ്പെട്ടിക്കുള്ളിൽ വെച്ച് സെമിത്തേരിയിൽ അടക്കി. 

കിറ്റി മരിച്ചുപോയെന്നറിഞ്ഞിട്ടും മാർട്ടിൻ ആശുപത്രിയിൽ വെച്ച് അവളുടെ പേരിടീൽ ചടങ്ങു നടത്തി. പുത്തൻ ഉടുപ്പൊക്കെ ഇടിച്ച് കയ്യിൽ കിടത്തി അവളോടൊപ്പം ഫോട്ടോയെടുത്തു. തനിക്ക് ഒരു കുഞ്ഞു ജനിച്ചിരുന്നു എന്ന് ലോകത്തോട് വിളിച്ചു പറയണമായിരുന്നു അയാൾക്ക്. അത്രയ്ക്ക് ആഗ്രഹമുണ്ടായിരുന്നു അയാൾക്ക് ഒരു അച്ഛനാവാൻ. ഒരുപക്ഷേ, ഒരിക്കലും നടക്കില്ലായിരിക്കും തന്റെ ആ ആഗ്രഹം എന്നയാൾക്ക് തോന്നിക്കാണും. അതുകൊണ്ടായിരിക്കാം, ഇങ്ങനെയൊക്കെ അയാൾ ചെയ്തത്. 

വിഷാദത്തിന്റെ നാളുകളിൽ മാർട്ടിൻ ദിവസം മുഴുവൻ കിറ്റി ബിയറിനെതന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കിടക്കുമായിരുന്നു. പുറത്തിറങ്ങിയാലും കൂടെ കിറ്റി കാണുമായിരുന്നു അന്നൊക്കെ. ഏകദേശം ഒരു വർഷത്തോളം ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നു മാർട്ടിന് തന്റെ വിഷാദത്തെ അതിജീവിക്കാൻ.  പുറത്തിറങ്ങി മറ്റുള്ള അച്ഛൻമാരെ കാണുന്നതായിരുന്നു മാർട്ടിന് ഏറ്റവും ശ്രമകരമായത്.  കിറ്റി മരിച്ചില്ലായിരുന്നെങ്കിൽ അവൾ ഇപ്പോൾ എങ്ങനെ കളിച്ചേനെ, എങ്ങനെ ചിരിച്ചേനെ, കരഞ്ഞേനെ എന്നൊക്കെ ഓർക്കും അയാൾ. ഒടുവിൽ അതെന്നും കരച്ചിലിൽ ചെന്നവസാനിക്കും. 

 

കുഞ്ഞുങ്ങൾ പ്രസവത്തിൽ മരിച്ചുപോവുന്ന അച്ഛനമ്മമാർക്ക് മാനസികമായ പിന്തുണ നൽകുന്ന 'സാൻഡ്‌സ്' എന്നു പേരായ  ഒരു സന്നദ്ധസംഘടന മാർട്ടിനും എമ്മയ്ക്കും കൗൺസിലിംഗ് നൽകി. അവരിലൂടെ, തങ്ങളെപ്പോലെ കുഞ്ഞുങ്ങളെ പ്രസവത്തിൽ നഷ്‌ടമായ മറ്റുള്ള അച്ഛനമ്മമാരോട് അവർ തങ്ങളുടെ സങ്കടങ്ങൾ പങ്കുവെച്ചു. അതും ആ സങ്കടത്തെ മറികടക്കാൻ അവരെ സഹായിച്ചു. 

അവരുടെ അഡോപ്‌ഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. ഒരുപക്ഷേ, അധികം താമസിയാതെ തന്നെ അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു കടന്നുവരുമായിരിക്കും. ആ  മാലാഖക്കുഞ്ഞിനെ വരവേൽക്കാൻ കാത്തുകാത്തിരിക്കുകയാണ് മാർട്ടിനും, എമ്മയും, പിന്നെ..... കിറ്റിപ്പാവയും..!