ഒറെയ്‍ലിക്ക് 20 വര്‍ഷത്തെ ശിക്ഷ വിധിച്ച വിവരം വളരെ സന്തോഷത്തോടെയാണ് സഹോദരിമാര്‍ കേട്ടത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അവരുടെ പീഡനങ്ങള്‍ക്കും വേദനകള്‍ക്കും ഒരറുതിയായതും അതോടെയാണ്. 

അവര്‍ ഏഴ് സഹോദരിമാരുണ്ടായിരുന്നു. സ്‍കൂളില്‍ പോകാത്തവര്‍, ഇടയ്ക്കിടെ താമസം മാറുന്നവര്‍, ഇടാന്‍ നല്ല അടിവസ്ത്രമോ സോക്സോ ഇല്ലാത്തവര്‍, മിക്കപ്പോഴും ചവറ്റുകുട്ടയില്‍ നിന്നും ഭക്ഷണം വാരിക്കഴിക്കേണ്ടി വന്നവര്‍. എന്നാല്‍, ഇതിനേക്കാളൊക്കെ വലിയ ദുരന്തമാണ് അവരുടെ അച്ഛനില്‍ നിന്നും അവര്‍ക്ക് അനുഭവിക്കേണ്ടി വന്നത്. അയാള്‍, ആ പെണ്‍മക്കളെയോരോരുത്തരെയും മാറിമാറി പീഡിപ്പിച്ചു. അതില്‍ ഒരു പെണ്‍കുട്ടി സ്വന്തം അച്ഛനില്‍ നിന്നും ഗര്‍ഭിണിയായി. അയാളെ കോടതി ശിക്ഷിച്ചപ്പോള്‍ ആ പെണ്‍കുട്ടികള്‍ ജീവിതത്തിലാദ്യമായി അത്രയേറെ സന്തോഷിച്ചു. 

ആ പെണ്‍കുട്ടികളുടെ ജീവിതം ഒരിക്കലും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അവഗണിക്കപ്പെട്ട ജീവിതങ്ങളായിരുന്നു അവരുടേത്. 'ഇടയ്ക്കിടെ വീടുമാറിപ്പോവുന്നവരായിരുന്നതുകൊണ്ടാവാം, എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരായതുകൊണ്ടാവാം ആരും നമ്മെ പരിഗണിക്കാതിരുന്നത്' എന്നാണ് ആ പെണ്‍കുട്ടികള്‍ പറയുന്നത്. 

ഇപ്പോള്‍ 51 വയസ്സായിരിക്കുന്ന മൂത്ത മകളെ ജെയിംസ് ഒറെയ്‍ലി പീഡിപ്പിക്കുമ്പോള്‍ അവള്‍ക്ക് വെറും നാല് വയസ്സായിരുന്നു പ്രായം. അവള്‍ അറിഞ്ഞേയില്ലായിരുന്നു തന്‍റെ ഇളയതുങ്ങളെ, മറ്റ് ആറ് മക്കളെയും ആ ദുഷ്‍ടന്‍ പീഡിപ്പിക്കുന്നുണ്ട് എന്ന്. ഇതില്‍ പതിനാറുവയസ്സുകാരിയായ മകളെ പീഡിപ്പിക്കുകയും അവള്‍ക്ക് അയാളുടെ കുഞ്ഞിനെ പ്രസവിക്കേണ്ടിയും വന്നിരുന്നു. അയാള്‍ മകളോട് പറഞ്ഞത് മറ്റാരോ ആണ് അവളെ ഉപദ്രവിച്ചത്. അങ്ങനെയാണ് അവള്‍ ഗര്‍ഭിണിയായത് എന്നായിരുന്നു. എന്നാല്‍, പിന്നീട് ഡിഎന്‍എ ടെസ്റ്റിലൂടെയാണ് തന്‍റെ അച്ഛന്‍ തന്നെയാണ് കുഞ്ഞിന്‍റെയും അച്ഛനെന്ന് അവള്‍ മനസിലാക്കുകയായിരുന്നു. 

ജൂണ്‍ 15 -ന് കേസിലെ പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷ വിധിച്ചു. അയാളുടെ പ്രായം കണക്കിലെടുത്താണ് ജീവപര്യന്തം ഒഴിവാക്കിയത്. ഡുബ്ലിനിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോര്‍ട്ടാണ് അയാളെ ശിക്ഷിച്ചത്. 'ഭീകരം' എന്നാണ് ഒറെയ്‍ലിയുടെ പ്രവൃത്തിയെ ജഡ്‍ജി വിശേഷിപ്പിച്ചത്. 

'എവിടെയെങ്കിലും സെറ്റില്‍ഡായിരിക്കുന്നവര്‍ ഞങ്ങളെ എപ്പോഴും നാടുചുറ്റികളായിട്ടാണ് കണ്ടിരുന്നത്. അതിനാലാവാം നമുക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതിരുന്നത്' എന്ന് സഹോദരിമാരില്‍ ഒരാള്‍ പറയുന്നു. ഞങ്ങളെപ്പോഴും അഴുക്ക് പുരണ്ടും മോശമായും നടക്കേണ്ടി വന്നവരായിരുന്നു. ഞങ്ങളെല്ലാം പട്ടിണിയിരിക്കുമ്പോഴും അയാളുടെ വയറ് നിറഞ്ഞിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ വിവാഹസമയത്ത് ഒരു ജനനസര്‍ട്ടിഫിക്കറ്റ് കിട്ടുന്നതുവരെ എനിക്കൊരു പിറന്നാളുണ്ട് എന്നുപോലും ഞാനറിഞ്ഞിരുന്നില്ല' എന്ന് സഹോദരിമാരില്‍ ഒരാള്‍ പറയുന്നു. 

എപ്പോഴും ഒറ്റപ്പെട്ട് കിടക്കുന്ന അധികമാരുടെയും ശ്രദ്ധ കിട്ടാത്ത സ്ഥലത്തേക്കായിരുന്നു ഇയാള്‍ മക്കളെയും കൊണ്ട് താമസിക്കാന്‍ ചെന്നിരുന്നത്. അവരെയാരെയും അയാള്‍ സ്‍കൂളിലും അയച്ചിരുന്നില്ല. അയച്ചവരുടെ പഠനം തന്നെ പെട്ടെന്ന് നിര്‍ത്തിക്കുകയും ചെയ്‍തു. എന്നാല്‍, അധ്യാപകര്‍ പോലും ഒരിക്കലും ആ കുട്ടികളുടെ അഭാവം ശ്രദ്ധിക്കുകയോ അന്വേഷിക്കുകയോ ചെയ്‍തിരുന്നില്ല. ചുറ്റുമുള്ളവര്‍ തങ്ങളെ കണ്ടിരുന്നത് മോശപ്പെട്ട, വൃത്തിയില്ലാത്ത ജീവികളായിട്ടായിരുന്നുവെന്ന് മൂത്ത സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. അധികൃതരും സ്‍കൂളുകാരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം പലപ്പോഴും തങ്ങളുടെ അവസ്ഥയ്ക്ക് സാക്ഷിയായിട്ടുണ്ട്. എന്നാല്‍, ഒരിടത്തും സ്ഥിരമായി നില്‍ക്കാതെ ചുറ്റി സഞ്ചരിക്കുന്നവരായതിനാലാവാം അവരെല്ലാം തങ്ങളെ അവഗണിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. ഏതായാലും വൈകിയ വേളയിലെങ്കിലും അയാളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സാധിച്ചതില്‍ അവര്‍ക്ക് സന്തോഷമുണ്ട്.

പ്രതികരിക്കാതിരിക്കരുത്, ധൈര്യത്തോടെ മുന്നോട്ട് വരണം

ഒറെയ്‍ലിക്ക് 20 വര്‍ഷത്തെ ശിക്ഷ വിധിച്ച വിവരം വളരെ സന്തോഷത്തോടെയാണ് സഹോദരിമാര്‍ കേട്ടത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അവരുടെ പീഡനങ്ങള്‍ക്കും വേദനകള്‍ക്കും ഒരറുതിയായതും അതോടെയാണ്. മറ്റ് കുട്ടികളുടേതുപോലെയുള്ള ബാല്യമോ മറ്റുള്ളവരുടേതുപോലെ ഒരു ജീവിതമോ ഒന്നും ആ സഹോദരിമാര്‍ക്കുണ്ടായിരുന്നില്ല. സമൂഹത്തിന്‍റെയും അധികൃതരുടെയും ഭാഗത്തുനിന്നുമുണ്ടായ അവഗണനയാവാം ഒരുപക്ഷേ, ആ ക്രൂരപീഡനം അവര്‍ അത്രയധികം വര്‍ഷം സഹിക്കാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ടാവുക.

വിധിയെ കുറിച്ചറിഞ്ഞപ്പോള്‍ സഹോദരിമാര്‍ പ്രതികരിച്ചത് ശ്രദ്ധേയമാണ്. ചുറ്റിസഞ്ചരിക്കുന്നവരായാലും അവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും ചൂഷണങ്ങളും ലോകം അറിയേണ്ടതുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനി അച്ഛനായാലും ആരായാലും. ഏതെങ്കിലും തരത്തില്‍ ചൂഷണം നേരിടേണ്ടി വന്നാല്‍ മടിച്ചുനില്‍ക്കരുതെന്നും നിയമസഹായം തേടണമെന്നും അവര്‍ പറയുന്നു. അതിന്, തങ്ങളുടെ സാമൂഹികാവസ്ഥ ഒരു പ്രതിബന്ധമല്ലെന്നും. 'ഞങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ടായിരുന്നില്ല. ആരുടെ അടുത്താണ് വിവരം പറയേണ്ടതെന്നോ, സഹായം തേടേണ്ടതെന്നോ ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങളെപ്പോലെ ഭയന്നുനില്‍ക്കരുത് പ്രതികരിക്കാനെ'ന്നും അവര്‍ പറഞ്ഞു. 

ഇത് ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല. ലോകത്തെല്ലായിടത്തും പെണ്‍കുട്ടികളും സ്ത്രീകളും പലതരത്തിലുള്ള പീഡനങ്ങള്‍ക്കിരയാകുന്നുണ്ട്. കൃത്യമായ നിയമസഹായം തന്നെ ഇക്കാര്യത്തില്‍ അവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഈ സഹോദരിമാര്‍ പറഞ്ഞതുപോലെ സാമൂഹികമായി പ്രിവിലേജുള്ളവരെ മാത്രം ശ്രദ്ധിക്കുന്ന അധികൃതരും സമൂഹവും ആവരുത് നമ്മുടേത്. എല്ലാ കുട്ടികളിലേക്കും ശ്രദ്ധയെത്തിയെങ്കില്‍ മാത്രമേ ഇത്തരം ചൂഷണങ്ങളില്‍ നിന്നും അവരെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ.