കാൺപൂരിലെ സിനിമാ തിയേറ്ററിൽ സിനിമ കാണുകയായിരുന്ന പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിനെ കാണികളും പെൺകുട്ടിയുടെ അച്ഛനും ചേർന്ന് മർദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കയാണ്. 

കാൺപൂരിൽ സിനിമാ തിയേറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിനെ ജനങ്ങൾ പിടികൂടി മർദ്ദിച്ചു. സിനിമാ ഹാളിന് പുറത്ത് പെൺകുട്ടിയുടെ അച്ഛനും യുവാവിനെ മർദ്ദിച്ചു. തിങ്കളാഴ്ച രാത്രി റാവത്ത്പൂർ ഏരിയയിലെ ഗുരുദേവ് പാലസ് ടാക്കീസിൽ 'ധുരന്ധർ 2' എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് സംഭവമുണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം, പെൺകുട്ടിയുടെ അടുത്ത സീറ്റിലിരുന്ന യുവാവ് തിയേറ്ററിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സിനിമ നടന്നുകൊണ്ടിരിക്കെ ഇയാൾ ശല്യം തുടർന്നതോടെ പെൺകുട്ടി ധൈര്യപൂർവ്വം പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ ഇടപെടുകയും യുവാവിനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും ചെയ്തു.

തിയേറ്ററിനുള്ളിലുണ്ടായ ബഹളത്തെത്തുടർന്ന് കാണികൾക്കിടയിൽ പരിഭ്രാന്തി പടരുകയും പലരും പുറത്തേക്ക് ഓടുകയും ചെയ്തു. പിന്നാലെ, ഹാളിന് പുറത്തെത്തിയ പ്രതിയെ പെൺകുട്ടിയുടെ പിതാവ് പിടികൂടി മർദ്ദിച്ചു. ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. സംഭവസ്ഥലത്തുണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രതിയെ ജനക്കൂട്ടം ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതും ഈ വീഡിയോകളിൽ കാണാം. സംഭവത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, തിയേറ്ററുകൾക്കുള്ളിൽ സിസിടിവി നിരീക്ഷണവും സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യവും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Scroll to load tweet…

സോഷ്യൽ മീഡിയയിലെ വൈറൽ പോസ്റ്റുകളോട് കാൺപൂർ നഗർ പൊലീസ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എന്നാൽ ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. രേഖാമൂലമുള്ള പരാതി ലഭിച്ചാലുടൻ പ്രതിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. യുവാവിനെ മർദ്ദിച്ചത് നന്നായി എന്നും അതല്ല, പൊലീസിന് കൈമാറാതെ ആൾക്കൂട്ട അക്രമണം നടത്തിയത് ശരിയായില്ല എന്നുമൊക്കെയുള്ള അഭിപ്രായങ്ങളാണ് വീഡിയോ വൈറലായി മാറിയതോടെ പലരും നടത്തുന്നത്.