യൂണിവേഴ്സിറ്റിയിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിനെ തുടർന്ന്, ചൈനക്കാരനായ ഒരച്ഛൻ തന്‍റെ ജോലി ഉപേക്ഷിച്ച് 900 കിലോമീറ്റർ അകലെ മകളുടെ യൂണിവേഴ്സിറ്റിക്ക് പുറത്ത് ഒരു ഹോട്ടൽ തുടങ്ങി. തുടക്കത്തിൽ കച്ചവടം കുറവായിരുന്നെങ്കിലും പിന്നീട് ഹോട്ടൽ വൈറലായി. 

ടക്കുകിഴക്കൻ ചൈനയിൽ നിന്നുള്ള ഒരച്ഛന്‍റെ ഹൃദയസ്പർശിയായ കഥ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക ശ്രദ്ധ പിടിച്ച് പറ്റി. തന്‍റെ ജോലി രാജിവച്ച്, 900 കിലോമീറ്ററകലെ മകളുടെ യൂണിവേഴ്സിറ്റിക്ക് അടുത്ത് അച്ഛന്‍ തുടങ്ങിയത് ഒരു ഹോട്ടൽ! എല്ലാം യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മകൾക്ക് വീട്ടിലെ ഭക്ഷണം നല്‍കാന്‍ വേണ്ടി മാത്രം!

വീട്ടിലെ രുചി

മകൾ ലി ബിംഗ്ഡി ജിലിൻ പ്രവിശ്യയിലെ സിപ്പിംഗിലുള്ള ജിലിൻ നോർമൽ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വർഷത്തോളമായി, തന്‍റെ യൂണിവേഴ്‌സിറ്റി കാന്‍റീൻ ഭക്ഷണം മോശമാണെന്നും കഴിക്കാന്‍ കൊള്ളില്ലെന്നും മകൾ പരാതി പറഞ്ഞ് തുടങ്ങിയിട്ട്. ഭക്ഷണത്തിന് "വീട്ടിലെ രുചി" ഇല്ലെന്നായിരുന്നു പ്രധാന പരാതിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. മകളുടെ പരാതി തീർക്കാനാണ് അദ്ദേഹം വീടും നാടും ഉപേക്ഷിച്ച് 900 കിലോമീറ്റര്‍ അകലെ ഒരു ഹോട്ടൽ ആരംഭിച്ചത്. ലിയുടെ അച്ഛന്‍ ഇതിനായി ടിയാൻജിനിലുള്ള ഒരു ബാർബിക്യൂ റസ്റ്റോറന്‍റിലെ ജോലി രാജിവച്ചു. പിന്നാലെ ഫ്രൈഡ് റൈസും നൂഡിൽസും ഉണ്ടാക്കുന്നത് പഠിക്കാനും പാചക വൈദഗ്ധ്യത്തിനുമായി തെക്കൻ ചൈനയിലേക്ക് പോയി. പിന്നാലെ അയാൾ മകളുടെ സർവകലാശാലയുടെ ഗേറ്റിന് പുറത്ത് ഒരു ഹോട്ടൽ വാടകയ്ക്ക് എടുത്തു.

ഹിറ്റായി അച്ഛന്‍റെ ഹോട്ടൽ

ഒക്ടോബർ പകുതിയോടെയാണ് ഈ ചെറിയ ഹോട്ടൽ ആരംഭിച്ചത്. ആദ്യ ദിവസം, ഏഴ് പേർക്ക് മാത്രമാണ് അദ്ദേഹത്തിന് ഭക്ഷണം നല്‍കാനായത്. അതേസമയം പഠനത്തോടൊപ്പം ഒരു സ്വകാര്യ ട്യൂട്ടറായി ജോലി ചെയ്തിരുന്നതിനാൽ മകൾ ആ ദിവസം അച്ഛനെക്കാൾ കൂടുതല്‍ സമ്പാദിച്ചു. എന്നാല്‍, അച്ഛന്‍റെ ത്യാഗത്തിന് അനുസരിച്ച് വരുമാനം ലഭിക്കുന്നില്ലെന്ന് കണ്ട മകൾ, അച്ഛനെ കുറിച്ച് തന്‍റെ സമൂഹ മാധ്യമത്തില്‍ ഒരു കുറിപ്പെഴുതി. അച്ഛന്‍റെ ഹോട്ടലില്‍ വൃത്തിയുള്ള പാചകത്തിനാണ് മുൻഗണനയെന്നും വിൽപ്പന മെച്ചപ്പെടുത്തുന്നതിനുള്ള ഉപദേശത്തിനായി കാത്തിരിക്കുന്നെന്നും അവൾ എഴുതി.

വൈറലായി കുറിപ്പ്

പിന്നാലെ ലിയുടെ കുറിപ്പ് വൈറലായി. ദിവസങ്ങൾക്കുള്ളില്‍ സ‍ർവകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഹോട്ടലിന് മുന്നില്‍ ക്യൂ നില്‍ക്കാന്‍ ആരംഭിച്ചു. ഇപ്പോൾ അച്ഛന്‍റെ ഹോട്ടലില്‍ വലിയ തിരക്കാണെന്ന് ലി പറയുന്നു. പക്ഷേ. അദ്ദേഹം ഒരിക്കലും വലിയ ലാഭം ആഗ്രഹിക്കുന്നില്ല. പകരം മകൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വച്ച് നല്‍കി, അവളോടൊപ്പം ജീവിക്കുന്നതിലാണ് അദ്ദേഹത്തിന്‍റെ സന്തോഷമെന്നും അവൾ എഴുതുന്നു. ഹോട്ടലില്‍ തിരക്ക് കൂടിയതിനാല്‍ ഒഴിവ് സമയങ്ങളില്‍ ലിയാണ് കടയിലെ പ്രധാന സഹായിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.