അമേരിക്കയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആണിക്കല്ലായി നിന്നത് സുപ്രസിദ്ധ എപ്പിഡമോളജിസ്റ്റ് ആയ ഡോ. ആന്റണി ഫൗച്ചി ആയിരുന്നു. കഴിഞ്ഞ ദിവസം വരെയും തന്റെ പ്രിയങ്കരനായിരുന്ന ലോകപ്രസിദ്ധ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധൻ ഡോ. ഫൗച്ചിയുമായി പ്രസിഡന്റ് ട്രംപ് ഇടയുന്ന കാഴ്ചയാണ് ഇന്നലെ നാം കണ്ടത്. എത്രയും പെട്ടെന്ന് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കി, വ്യാപാരസ്ഥാപനങ്ങൾ പഴയപടി തുറന്നു പ്രവർത്തിപ്പിച്ച് നികുതിവരുമാനവും മറ്റും പൂർവസ്ഥിതിയിൽ ആക്കാനുള്ള തിടുക്കത്തിലാണ് ട്രംപ്. അതിനെപ്പറ്റിയുള്ള പല സൂചനകളും ഇടയ്ക്കിടെ അദ്ദേഹം നല്കിപ്പോന്നിരുന്നു.

എന്നാൽ ട്രംപിന്റെ ഉദ്ദേശ്യങ്ങൾക്ക് വിരുദ്ധമായി ഒരു താക്കീത്, കഴിഞ്ഞ ദിവസം ഡോ. ഫൗച്ചിയുടെ ഭാഗത്തു നിന്ന് വന്നു. നിയന്ത്രണങ്ങൾ നീക്കുന്നതിൽ, വിശേഷിച്ച് സ്‌കൂളുകൾ തുറക്കുന്നതിൽ കാണിക്കുന്ന ധൃതി അമേരിക്കയിൽ ഇനിയും ആയിരക്കണക്കിന് പേരുടെ മരണത്തിലേക്കും, ഈ മഹാമാരി നിയന്ത്രണാതീതമായി പടർന്നു പിടിക്കുന്നതിലേക്കും നയിക്കും എന്നായിരുന്നു ഡോ. ഫൗച്ചി പരസ്യമായി നൽകിയ മുന്നറിയിപ്പ്. ഈ അഭിപ്രായ പ്രകടനമാണ് ട്രംപിനെ ചൊടിപ്പിച്ചത്. 

 

 

പതിനാലു ലക്ഷത്തോളം പേരെ ബാധിച്ച്, 84,000 ലധികം പേരുടെ മരണത്തിനു കാരണമായി സംഹാരനൃത്തം തുടരുകയാണ് അമേരിക്കയിൽ കൊവിഡ് 19. അമേരിക്കൻ സാമ്പത്തികവ്യവസ്ഥയിന്മേൽ ഈ മഹാമാരി ചെലുത്തുന്ന ആഘാതം വളരെ വലുതാണ്. അതിനിടെ സെനറ്റിൽ നടന്ന ഒരു ഹിയറിങ്ങിലാണ് ഡോ. ഫൗച്ചി തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞത്. കുട്ടികളുടെ സ്‌കൂളുകൾ തുടങ്ങും മുമ്പ് വാക്സിൻ പുറത്തുവരും എന്ന് താൻ കരുതുന്നില്ല എന്ന് അദ്ദേഹം സെനറ്റിനെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്‌ളാസുകൾ തുടങ്ങുന്നത് സുരക്ഷിതമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ട്രംപിന്റെ രോഷം 

ഡോ. ഫൗച്ചിയുടെ ഈ ഉത്തരം തന്നെ അമ്പരപ്പിക്കുന്നു എന്നും, ഇങ്ങനെ ഒരു പ്രതികരണം സ്വീകാര്യമല്ല എന്നും ട്രംപ് തെളിച്ചു പറഞ്ഞു. സ്‌കൂളുകൾ തുറക്കുക എന്ന നയത്തിൽ നിന്ന് പിന്നോട്ടില്ല എന്നും, പരമാവധി പരിഗണിക്കാവുന്ന കാര്യം പ്രായക്കൂടുതലുള്ള അധ്യാപകരെ ഇനിയും കുറച്ചുകാലം കൂടി വീട്ടിൽ തന്നെ വിശ്രമിക്കാൻ അനുവദിക്കുക എന്നതാണ് എന്നും പ്രസിഡന്റ് അറിയിച്ചു. വയസ്സായവർക്ക് രോഗം വന്നാൽ അത് അവരെ ഗുരുതരമായി ബാധിക്കും എന്ന് സമ്മതിച്ച ട്രംപ്  കുഞ്ഞുങ്ങൾക്ക് ഈ രോഗം കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നില്ല എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നും സൂചിപ്പിച്ചു. ഇപ്പോൾ വീടുകളിൽ തന്നെ തുടരുന്നവരെല്ലാം തന്നെ അധികം താമസിയാതെ ജോലിക്ക് പോകണം എത്രയും പെട്ടെന്ന് ബിസിനസ് പഴയപടി നടക്കണം എന്നുമാണ് ട്രംപിന്റെ ആഗ്രഹം. 

 

 

നവംബറിൽ വരാനിരിക്കുന്ന പ്രസിഡൻഷ്യൽ കാംപെയിന് മുമ്പ് ഏതുവിധേനയും അമേരിക്കയിൽ കാര്യങ്ങൾ സാധാരണഗതി പ്രാപിക്കണം എന്നുള്ള ട്രംപിന്റെ ആഗ്രഹമാണ് ഈ ധൃതിക്ക് പിന്നിലെന്ന് അമേരിക്കയിലെ ട്രംപ് വിമർശകർ കരുതുന്നു. ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള കുട്ടികൾക്ക് പല കുട്ടികൾക്കും കൊവിഡ് ബാധയുമായി ബന്ധപ്പെട്ടുള്ള 'കാവാസാക്കി ഡിസീസി'ന് സമാനമായ ഗുരുതര ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെയാണ് 'കുട്ടികളിൽ കൊവിഡ് ‌കാര്യമായ കുഴപ്പമൊന്നും വരില്ലെ'ന്നുള്ള ട്രംപിന്റെ പരാമർശങ്ങൾ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. 

ഡോ. ഫൗച്ചി പറഞ്ഞതെന്ത് ?

' സ്റ്റേ അറ്റ് ഹോം നിയന്ത്രണങ്ങൾ തിടുക്കപ്പെട്ടു പിൻവലിക്കുന്നത് വിപരീതഫലം ചെയ്യു'മെന്നാണ്  സെനറ്റർമാരെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ഫൗച്ചി പറഞ്ഞത്. കൂടുതൽ പേർക്ക് രോഗം ബാധിക്കാനും, ഇനിയും ആയിരങ്ങൾ മരിക്കാനും അത് ഇടയാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കുട്ടികൾക്ക് ഈ രോഗത്തോട് സമ്പൂർണമായ പ്രതിരോധ ശേഷി ഉണ്ടെന്നു ചിന്തിക്കുന്നത് മൗഢ്യമാണ് എന്നും യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് തലവനായ ഡോ. ഫൗച്ചി മുന്നറിയിപ്പ് നൽകി. കൊറോണവൈറസ് രാജ്യത്തെ പകർച്ചവ്യാധി വിദഗ്ധർക്ക് ആർക്കും തന്നെ പ്രതിരോധിച്ച് മുൻപരിചയമില്ലാത്ത ഒരു രോഗാണുവാണെന്നും അതിന്റെ പാറ്റേൺ എങ്ങനെ ആയിരിക്കും എന്ന് പോകെപ്പോകെ മാത്രമേ വെളിപ്പെടൂ എന്നും ഡോ. ഫൗച്ചി പറഞ്ഞു. അതുകൊണ്ടുതന്നെ അമേരിക്കയിലെ കുട്ടികൾക്ക് എപ്പോൾ സ്‌കൂൾ തുറക്കണം എന്നത് വളരെ ആലോചിച്ചു മാത്രം തീരുമാനിക്കേണ്ട ഒന്നാണ് എന്നും. ഡോ. ഫൗച്ചിയുടെ ഈ പ്രതികരണത്തോടാണ് പ്രസിഡന്റ് ട്രംപ് വളരെ രൂക്ഷമായിത്തന്നെ പ്രതികരിച്ചത്. 

എന്താണ് അമേരിക്കയിലെ ഇപ്പോഴത്തെ അവസ്ഥ ?

കൊവിഡിന്റെ ആക്രമണത്തിൽ അമേരിക്കൻ ജനതയ്ക്കുണ്ടായ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. ടെക്സസ്, ജോർജിയ പോലുള്ള ചില സ്റ്റേറ്റുകൾ മാത്രമാണ് പതുക്കെയെങ്കിലും പൊതുസ്ഥലങ്ങളിലേക്ക് പ്രവേശനം അനുവദിച്ചും, കടകമ്പോളങ്ങൾ സാവകാശത്തിൽ തുറന്നും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളത്. രോഗം നടമാടിയ ന്യൂയോർക്ക്, കാലിഫോർണിയ, വാഷിംഗ്ടൺ ഡിസി, ന്യൂ ജേഴ്സി, ഇല്ലിനോയിസ് തുടങ്ങിയ സ്റ്റേറ്റുകൾ ഇപ്പോഴും സമ്പൂർണ്ണ ലോക്ക് ഡൗണിൽ തന്നെ തുടരുകയാണ്. 

ആരാണ് ഡോ. ആന്റണി ഫൗച്ചി ?

1988 ഒക്ടോബറിൽ നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിനിടെയാണ് ഡോ. ആന്തണി ഫൗച്ചി എന്ന പേര് അമേരിക്ക ആദ്യമായി കേൾക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ രംഗത്തുണ്ടായിരുന്നത് മൈക്കൽ ഡ്യൂക്കാക്കസും, ജോർജ് ബുഷുമായിരുന്നു. അവരോട് ചോദിക്കപ്പെട്ട ഒരു ചോദ്യം ഇതായിരുന്നു, " അമേരിക്കയിലെ യുവാക്കൾക്ക് പ്രചോദനമാകണം എന്ന് നിങ്ങൾ കരുതുന്ന, സ്വന്തം രംഗങ്ങളിൽ വലിയ നേട്ടങ്ങൾ കൈവരിച്ച അമേരിക്കക്കാർ ആരൊക്കെയാണ്?" ആ ചോദ്യത്തിനുത്തരമായി ജോർജ് ബുഷ് അന്ന് പറഞ്ഞ പേരുകളിൽ ഒന്ന് ഡോ. ആന്തണി ഫൗച്ചിയുടേതായിരുന്നു. എയിഡ്‌സ് എന്ന മഹാരോഗത്തിനെ പ്രതിരോധിക്കാനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രതിഭാധനനായ ഒരു ഡോക്ടർ എന്നാണ് അന്ന് ബുഷ് സദസ്സിന് ഡോ. ഫൗച്ചിയുടെ പേര് പരിചയപ്പെടുത്തിയത്. 

 

 

ഇന്ന് ഡോ. ആന്തണി ഫൗച്ചി അറിയപ്പെടുന്നത് അമേരിക്കയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നായകൻ എന്ന നിലയിലാണ്. അമേരിക്കൻ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ജനസ്വീകാര്യതയുള്ള ഒരു വൈദ്യശാസ്ത്ര ഗവേഷകനാണ് ഇന്ന് ഡോ. ഫൗച്ചി. 1981 -ൽ അദ്ദേഹമാണ് ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ എയിഡ്‌സ് കേസുകളെപ്പറ്റിയുള്ള പഠനഫലങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത്. അന്ന് സ്വവർഗരതിക്കാർക്കിടയിൽ കൊണ്ടുവന്ന ഒരു പ്രത്യേകതരം ന്യൂമോണിയ സാധാരണ ന്യൂമോണിയ പോലെ അല്ല എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത് ഡോ. ഫൗച്ചി ആണ്. അടുത്ത വർഷമായപ്പോഴേക്കും തന്റെ ഈ രോഗത്തെപ്പറ്റിയുള്ള തന്റെ പ്രാഥമിക ഗവേഷണഫലങ്ങൾ ഡോ. ഫൗച്ചി തന്റെ ഒരു അക്കാദമിക് പ്രബന്ധത്തിൽ പ്രസിദ്ധപ്പെടുത്തി. അപ്പോഴേക്കും ആ  പ്രത്യേക പാറ്റേണിലുള്ള 290 ന്യൂമോണിയ കേസുകളെ അദ്ദേഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അതിനെ പകർച്ചവ്യാധി എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമായി അദ്ദേഹം തരംതിരിച്ചു അന്ന്. ആ രോഗത്തെപ്പറ്റിയുള്ള ഗവേഷണമായിരുന്നു ഡോ. ഫൗച്ചിയുടെ കരിയറിന്റെ കേന്ദ്രബിന്ദു. അദ്ദേഹമാണ് അതിനെ അക്വയേഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡ്രം  അഥവാ എയിഡ്‌സ് എന്ന പേരിൽ വിളിച്ചുതുടങ്ങുന്നത്. എയിഡ്‌സ് ബാധിച്ചവരോട് സാമാന്യമായി നടത്തുന്ന ഇടപെടലുകളിലൂടെ ആ മാരകരോഗം പകരില്ല എന്ന് ലോകത്തോട് വിളിച്ചു പറയുന്നത് അദ്ദേഹമാണ്. എയിഡ്‌സിനു മരുന്നു കണ്ടെത്താനുള്ള ക്ലിനിക്കൽ ട്രയലുകൾ ഡോ. ഫൗച്ചിക്ക് അഭിനന്ദനങ്ങളെക്കാൾ വിമർശനങ്ങളും, ആരോപണശരങ്ങളും സമ്മാനിച്ചു.

എയിഡ്‌സിന്റെ പ്രഭാവകാലത്തിനു ശേഷം ആന്ത്രാക്സ്, പലതരത്തിലുള്ള പകർച്ചപ്പനികൾ, എബോള തുടങ്ങിയ പല സാംക്രമിക രോഗങ്ങളും അമേരിക്കൻ മണ്ണിൽ എത്തിയപ്പോഴും അമേരിക്കൻ ആരോഗ്യ മേഖലയിലെ ഒരു പ്രബലനാമമായി ഡോ. ആന്തണി ഫൗച്ചി പിടിച്ചുനിന്നു. തന്റെ ഔദ്യോഗിക പദവികളെ നാട്ടിലെ രാഷ്ട്രീയമാറ്റങ്ങൾ ബാധിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കൊറോണവൈറസ്  അമേരിക്കയെ പിടിച്ചുലച്ചപ്പോഴും തന്നാലാവും വിധം രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഡോ. ഫൗച്ചി ശ്രമിച്ചുപോന്നിരുന്നു. "കൊവിഡ് വാക്സിൻ ഫലപ്രദമാകും എന്നതിന് യാതൊരു ഉറപ്പുമില്ല " എന്ന് ഡോ. ഫൗച്ചി മുമ്പൊരിക്കൽ അമേരിക്കൻ കോൺഗ്രസിനോട് പറഞ്ഞിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം, ഒരു മുൻകരുതൽ എന്ന നിലയിൽ സ്വയം ക്വാറന്റീനിൽ ആണ് ഡോ. ഫൗച്ചിയും ഇപ്പോൾ.

എന്തായാലും പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഈ തർക്കം ഡോ. ഫൗച്ചിയെ വീണ്ടും മാധ്യമശ്രദ്ധയിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ്. പകർച്ചവ്യാധികളെ നേരിട്ട് പതിറ്റാണ്ടുകളുടെ പരിചയമുള്ള ഡോ. ആന്തണി ഫൗച്ചി എന്ന എപ്പിഡമോളജിസ്റ്റിന്റെ മുന്നറിയിപ്പുകൾക്ക് വിലകൊടുക്കുമോ പ്രസിഡന്റ് ട്രംപ് എന്നതാണ് ഇനി കാത്തിരുന്നു കാണാനുള്ളത്.