ജൂലൈ 5 -ാം തിയതിയിലെ റിയോ തത്സുകിയുടെ പ്രവചനം ഫലിച്ചില്ലെങ്കിലും ജപ്പാന്‍ പ്രകൃതിദുരന്തങ്ങളുടെ നടുവിലാണ്. ഒരുവഴിക്ക് തുടര്‍ഭൂചനലങ്ങൾ. ഇതിനിടെ അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ ഉയരത്തിലേക്ക് തീതുപ്പി മൗണ്ട് ഷിൻമോഡേക്ക് അഗ്നിപര്‍വ്വതം.
ജൂലൈ 5, ജപ്പാനിൽ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് സംഭവിക്കുന്ന റിയോ തത്സുകിയുടെ പ്രവചനം സൃഷ്ടിച്ച ആശങ്കകൾ ഒഴിയുന്നില്ല. ജപ്പാനും ഫിലീപ്പിയന്‍സിനുമിടയില്‍ സമുദ്രത്തിലുണ്ടാകുന്ന ഭൂചനം ജപ്പാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് കരണമാകുമെന്നായിരുന്നൂ റിയോ തത്സുകിയുടെ പ്രവചനം. എന്നാല്‍ ജൂലൈ 5 അതിരാവിലെ സംഭവിക്കുമെന്ന് പറഞ്ഞ പ്രവചനം സംഭവിച്ചില്ലെങ്കിലും ജപ്പാനിലെ ആശങ്കകൾ ഒഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടുകൾ. ഏറ്റവും ഒടുവിലായി ജപ്പാനിലെ മൗണ്ട് ഷിൻമോഡേക്ക് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് മീറ്ററുകൾ ഉയരത്തിലാണ് ചാരം തുപ്പിയത്. ഇതോ പ്രദേശത്ത് നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
അഗ്നിപർവ്വത സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചതോടെ, മാംഗ ആർട്ടിസ്റ്റ് റിയോ തത്സുകിയുടെ വൈറൽ പ്രവചനം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. 2011 ഏപ്രിൽ 3 ന് ശേഷം ആദ്യമായിട്ടാണ് അഗ്നിപര്‍വ്വതത്തില്‍ നിന്നും ഉയര്‍ന്ന ചാരവും പൊടിയും 3,000 മീറ്റർ (9,800 അടി) ഉയരത്തിലെത്തിയതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
ബുധനാഴ്ച അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയരുന്നത് ജപ്പാന്‍ കാലാവസ്ഥാ ഏജൻസി പകർത്തിയ വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ വ്യാഴ്ചയോടെയുണ്ടായ ശക്തമായ ഭൂകമ്പം ആശങ്ക വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജപ്പാനിലെ കഗോഷിമ പ്രിഫെക്ചറിൽ വലുതും ചെറുതുമായ 1000 ഓളം ഭൂകമ്പങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തെക്കൻ ക്യുഷുവിനടുത്ത് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന്, വെള്ളിയാഴ്ച രാവിലെ വിദൂര ദ്വീപുകളിൽ നിന്നുള്ളവരെ അധികൃതർ ഒഴിപ്പിച്ചു. ശനിയാഴ്ചയും ഭൂകമ്പങ്ങൾ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം പ്രവചനങ്ങളിലോ കിംവദന്തികളിലോ വീഴരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
റിയോ തത്സുകിയുടെ പ്രവചനത്തിന് പിന്നാലെ ജപ്പാന്‍റെ ടൂറിസത്തില്‍ വലിയ വിള്ളലാണ് വീഴ്ത്തിയത്. ഏപ്രിലിൽ ജപ്പാനിലേക്കെത്തിയത് 3.9 ദശലക്ഷം വിനോദ സഞ്ചാരികളായിരുന്നു. എന്നാല്‍ മെയ് മാസം മുതല്‍ ഈ സംഖ്യ താഴേക്ക് പോയിത്തുടങ്ങി. പ്രവചനത്തോടുള്ള ജനങ്ങളുടെ പ്രതികരണം ജപ്പാന്‍റെ വിമാനസര്‍വ്വീസുകളെയും വലിയ തോതില്‍ ബാധിച്ചു. നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. അതേസമയം താന്‍ പ്രവാചകയല്ലെന്നും തന്‍റെ സ്വപ്നങ്ങളില്‍ അമിത വിശ്വാസമോ താത്പര്യമോ കാണിക്കരുതെന്നും റിയോ തത്സുകി അഭ്യര്‍ത്ഥിച്ചു.