2019 ഡിസംബർ 19 -ന്, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾ ആളിക്കത്തിയ ദിനങ്ങളിൽ ഒന്നിലാണ് ഉത്തർപ്രദേശ് സ്വദേശിയായ സദഫ് ജാഫർ എന്ന അറിയപ്പെടുന്ന നടിയും, ആക്ടിവിസ്റ്റും, കോൺഗ്രസിന്റെ ഔദ്യോഗിക വക്താവും ഒക്കെയായ പൊതുപ്രവർത്തക അറസ്റ്റിലാകുന്നത്.  ലക്‌നൗവിലെ പരിവർത്തൻ ചൗക്കിലൂടെ നീങ്ങിക്കൊണ്ടിരുന്ന ഒരു റാലിയെ വീക്ഷിച്ചുകൊണ്ട് റോഡരികിൽ നിൽക്കുകയായിരുന്നു അവർ. റാലിക്കിടെ നടന്ന ചില അനിഷ്ടസംഭവങ്ങൾ അവർ തന്റെ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുകയും ചെയ്തു. ആ പ്രകടനത്തിനൊടുവിലാണ് പൊലീസ് സദഫിനെ കസ്റ്റഡിയിലെടുക്കുന്നത്. അന്ന് പൊലീസ് അറസ്റ്റുചെയ്ത അവർക്ക് ജാമ്യം കിട്ടും മുമ്പ് 19 ദിവസമാണ് ജയിലിൽ കിടക്കേണ്ടി വന്നത്. അതിനിടെ പൊലീസിൽ നിന്ന് കൊടിയ മർദ്ദനത്തിനും, കടുത്ത അപമാനത്തിനും അവർ ഇരയായി.

പൗരത്വ നിയമ ഭേദഗതിയെയും NRC യെയും ഒക്കെ പറ്റിയുള്ള തന്റെ ആശങ്കകളെക്കുറിച്ചും, കസ്റ്റഡിയിൽ കഴിഞ്ഞ കാലത്ത് അനുഭവിച്ച പീഡനങ്ങളെപ്പറ്റിയും സദഫ് ജാഫര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. ബാബു രാമചന്ദ്രന്‍ നടത്തിയ അഭിമുഖം.

സദഫ് ജാഫർ എന്നത് അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ്. കോൺഗ്രസിന്റെ വക്താവ്, ആക്ടിവിസ്റ്റ്, സിനിമാ അഭിനേതാവ് എന്നീ നിലകളിൽ സമൂഹത്തിൽ ശ്രദ്ധേയയാണ് താങ്കള്‍. എന്നിട്ടും കസ്റ്റഡിയിൽ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. അതേപ്പറ്റി പറയാമോ?

സംഭവം നടക്കുന്നത് ഡിസംബർ 19 -നാണ്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ എന്നപോലെ ലഖ്‌നൗവിലും പ്രതിഷേധത്തിനുള്ള ആഹ്വാനം ഉണ്ടായിരുന്നു. പരിവർത്തൻ ചൗക്കിൽ വെച്ചായിരുന്നു പരിപാടി. അവിടെ റാലി അങ്ങേയറ്റം സമാധാനപരമായി നടന്നുകൊണ്ടിരിക്കെ, എവിടെനിന്നാണെന്നറിയില്ല, തലയിൽ വെള്ളത്തൊപ്പിയൊക്കെ ധരിച്ചുകൊണ്ടുള്ള ഒരു ആൾക്കൂട്ടം കടന്നുവരികയും, പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. അവരുടെ കയ്യിൽ ഇഷ്ടികകളും പെട്രോളും ഒക്കെയുണ്ടായിരുന്നു. സ്ഥലത്ത് 144 പ്രഖ്യാപിച്ചിരുന്നിട്ടും, അവർക്ക് ഇങ്ങനെ സംഘടിതമായി എത്തിയ ഈ ഗുണ്ടാസംഘത്തെ ഞങ്ങളുടെ ഇടയിൽ എത്തുന്നതിനു മുമ്പ് തടയാൻ സാധിച്ചില്ല എന്നത് അത്ഭുതകരമാണ്. 

ഒക്കെ വളരെ ആസൂത്രിതമായിരുന്നു. അവർ കല്ലും പെട്രോളും ഒക്കെയേന്തി കടന്നുവരുന്നു. അവിടെ ലഹള തുടങ്ങി അധികം താമസിയാതെ അതിന്റെ നടുവിലേക്ക് ഒരു ട്രാൻസ്‌പോർട്ട് ബസ് കൊണ്ടുവന്നു നിർത്തുന്നു. അതിനുനേരെ ആ കൂട്ടത്തിലുള്ളവർ ആക്രമണം അഴിച്ചു വിട്ടിട്ടും പൊലീസ് അവരെ തടയാതെ നോക്കി നിന്നു. ഞാൻ ഈ രംഗങ്ങൾ എന്റെ മൊബൈൽ ഫോണിൽ പകർത്തിക്കൊണ്ട്, യാതൊരു വിധ അക്രമത്തിന്റെയും പരിസരത്തേക്കുപോലും പോകാതെ അവിടെ നോക്കി നിൽക്കുകയായിരുന്നു. അതിനിടെയാണ് അവർ എന്നെ കസ്റ്റഡിയിലെടുക്കുന്നത്. വനിതാപൊലീസിനൊപ്പം പുരുഷപോലീസും വന്നു. എന്നെയവർ ലാത്തികൊണ്ട് തലങ്ങുംവിലങ്ങും തല്ലുകയും, കരണത്തടിക്കുകയും ചെയ്തു. ആ ലാത്തിയടിയുടെ പാടുകൾ ഇപ്പോഴും എന്റെ ദേഹത്തുണ്ട്.

താങ്കളെ അവർ കസ്റ്റഡിയിലും തുടർപീഡനങ്ങൾക്ക് വിധേയയാക്കി എന്ന് പറഞ്ഞിരുന്നല്ലോ?

ഹസ്രത് ഗഞ്ചിലെ വനിതാപോലീസ് സ്റ്റേഷനിലേക്കാണ് അവരെന്നെ നേരെ കൊണ്ടുപോയത്. എന്താണ് പേര് എന്നായിരുന്നു ആദ്യത്തെ ചോദ്യം. സദഫ് ജാഫർ എന്ന് പേരുപറഞ്ഞതിൽ പിന്നെ തുടർച്ചയായി എന്നെയവർ വിളിച്ചുകൊണ്ടിരുന്നത് 'പാകിസ്ഥാനി' എന്നുമാത്രമാണ്. എന്നെയവർ നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. " തീൻ ഇവിടെയും, കൂറ് അവിടെയും' ആണെന്ന് അവർ ഇടയ്ക്കിടെ പരിഹസിച്ചു. എന്റെ മുത്തച്ഛനും, സഹോദരങ്ങളും ഒക്കെ സ്വാതന്ത്ര്യ സമരസേനാനികളാണ്. അങ്ങനെ ഒരു കുടുംബ പാരമ്പര്യത്തിൽ നിന്നുവന്ന എന്നെ അവർ ഇടയ്ക്കിടെ 'നിങ്ങളുടെ കൂട്ടർ' എന്ന് പറഞ്ഞാക്ഷേപിച്ചത് ഏറെ വേദനയുണ്ടാക്കി. അതേപ്പറ്റി പറഞ്ഞപ്പോൾ, ഒരു വനിതാ പൊലീസ് കോൺസ്റ്റബിൾ എന്റെ മുടിക്ക് കുത്തിപ്പിടിച്ച് നാലഞ്ചുതവണ കരണത്തടിച്ചു. ഒരു പൊലീസുകാർക്കും നെയിം ബാഡ്ജുപോലും ഉണ്ടായിരുന്നില്ല സ്റ്റേഷനിൽ. എന്നെ എന്റെ വീട്ടുകാരെ വിവരമറിയിക്കാൻ പോലും അവർ അനുവദിച്ചില്ല. 

രാത്രി പതിനൊന്നു മണിയോടെ ഒരു വനിതാ കോൺസ്റ്റബിൾ വന്ന് എന്നെ ഒരു ഓഫീസറുടെ മുറിയിലേക്ക് കൊണ്ടുപോയി. ഐജി ആണെന്നാണ് പറഞ്ഞത്. മുറിക്കുള്ളിലേക്ക് കടന്ന ആ നിമിഷം തൊട്ട് എന്നെ ശകാരിച്ചുകൊണ്ടേയിരുന്നു അയാൾ. എന്നെ 307 ചുമത്തി അകത്തിടാൻ പറഞ്ഞു അയാൾ. വനിതാ കോൺസ്റ്റബിളിനെക്കൊണ്ട് എന്റെ കരണത്തടിപ്പിച്ചു. എന്നിട്ടും മതിവരാതെ എഴുന്നേറ്റുവന്ന് എന്റെ മുടിക്ക് കുത്തിപ്പിടിച്ച് എന്റെ വയറ്റിൽ ചവിട്ടി. കാൽമുട്ടിൽ അടിച്ചു. പീഡനങ്ങൾ തുടങ്ങുന്നതേയുള്ളൂ എന്ന് എനിക്ക് മനസ്സിലായി. 

അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും ഡോക്ടർമാർ എനിക്ക് മർദ്ദനത്തിലേറ്റ ക്ഷതങ്ങൾ അവഗണിച്ചു, അന്ന് രാത്രി എനിക്ക് കടുത്ത രക്തസ്രാവമുണ്ടായി. എന്റെ കുപ്പായം ചോരയാൽ നനഞ്ഞു. അവരെനിക്ക് ഒരു സാനിറ്ററി പാഡുപോലും കൊണ്ടുതന്നില്ല. ഇനിയും അവർ മർദ്ദിച്ചാലോ എന്ന് കരുതി പിന്നീട് ഒന്നും പറയാൻ നിന്നില്ല.

ഉത്തർപ്രദേശ് പൊലീസ് വർഗീയമായി ധ്രുവീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നും, ഹിറ്റ്ലറുടെ ജർമനിയിലെ യഹൂദസ്ത്രീയുടെ മാനസികവ്യഥയാണ് നിങ്ങൾ അനുഭവിച്ചതെന്നും താങ്കൾ പറഞ്ഞിരുന്നല്ലോ. എന്താണ് കാരണം ? 

എനിക്ക് സത്യമായും അങ്ങനെ തന്നെ തോന്നി. ജർമനിയിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ യഹൂദർ ചെയ്ത കുറ്റം ഒന്നുമാത്രമായിരുന്നു. അവർ ജന്മം കൊണ്ട് യഹൂദമതത്തിൽ പെട്ടവർ ആയിരുന്നു എന്നുമാത്രം. ഇവിടെ ഞാൻ ഒരു മുസ്ലിം ആയതിന്റെ പേരിൽ മാത്രമാണല്ലോ അവർ എന്നെ ഇത്രമാത്രം പീഡിപ്പിച്ചത്. ഇത്രയും കാലം എന്റെ അസ്തിത്വം എനിക്ക് ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. ആരും എന്നെ അതിന്റെ പേരിൽ വേട്ടയാടിയിരുന്നില്ല. ജയിലിൽ കഴിച്ചുകൂട്ടിയ പത്തൊമ്പതു ദിവസം, ലോക്കപ്പിൽ ചെലവിടേണ്ടി വന്ന ഒരൊറ്റ രാത്രിയേക്കാൾ കുറഞ്ഞ വിഷമം മാത്രമേ എനിക്ക് തന്നുള്ളൂ. ആ ഒരു രാത്രി ഞാനെന്റെ ജീവിതത്തിൽ മറക്കില്ല. 

അപ്പോൾ ആരാണ് ഇവിടെ ഹിറ്റ്‌ലർ?

ഞാൻ ഒരു വ്യക്തിയുടെ പേർക്കല്ല ഈ ആരോപണം ഉന്നയിക്കുന്നത്. പറഞ്ഞത് വലതുപക്ഷം വച്ചുപുലർത്തുന്ന ഫാസിസ്റ്റ് ചിന്താഗതിയെപ്പറ്റിയാണ്. അക്കാലത്ത് ഹിറ്റ്‌ലർ തന്റെ അധികാരം ഊട്ടിയുറപ്പിക്കാൻ വേണ്ടി എന്തൊക്കെ ചെയ്തുവോ അതൊക്കെ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗി ആദിത്യനാഥും ഒക്കെയടങ്ങിയ ബിജെപി സർക്കാർ ചെയ്യുന്നുണ്ട്. 
 


പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം തുടരുമോ?

സമരങ്ങൾ തുടരാൻ തന്നെയാണ് ഉദ്ദേശ്യം. നിയമം പാസായിക്കഴിഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ അത്രക്ക് എളുപ്പമാകില്ല. അതുകൊണ്ട് NPR, NRC   തുടങ്ങിയവയുടെ പ്രവർത്തനങ്ങളുമായി നിസ്സഹകരിക്കുക, കഴിയാവുന്നത്ര പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുക എന്നതൊക്കെയാണ് ലക്ഷ്യം. കോൺഗ്രസ് ഭരിക്കുന്ന രാജ്യങ്ങൾ ഈ പ്രക്രിയയുമായി സഹകരിക്കില്ല എന്നത് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേരളത്തിലെ പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്ന നിലപാട് അഭിനന്ദനീയമാണ്. കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളോട് സർക്കാരും പൊലീസും സ്വീകരിച്ച നയം,സമരങ്ങളെ നിയന്ത്രണവിധേയമാക്കുന്ന വേളയിൽ അവർ കാണിച്ച തികഞ്ഞ സംയമനം ഒക്കെ ഉത്തർപ്രദേശ് പൊലീസും യോഗി ആദിത്യനാഥും കണ്ടു പേടിക്കേണ്ട ഒന്നാണ്. 

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പ്രതീക്ഷയുണ്ടോ? 

ഈ പ്രതിഷേധങ്ങളാണ് ഇന്ത്യയുടെ ഭാവി നിർണയിക്കാൻ പോകുന്നത്. ഇപ്പോൾ നടക്കുന്നതൊന്നും തന്നെ തങ്ങളുടെ ഭാവിക്ക് ഗുണം ചെയ്യുന്നതാവില്ല എന്ന് അവർക്ക് മനസ്സിലായിട്ടുണ്ട്. അവർ സമരം ചെയ്യുന്നത് ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ്. ഫീസ് വർദ്ധനവിനെതിരെയാണ്. സംഘികളായ വിസിമാർക്കെതിരെയാണ്. അവരുടെ സമരം വിജയം കാണുകതന്നെ ചെയ്യും. 

താങ്കൾക്ക് പിന്തുണയുമായി സംവിധായിക മീരാ നായർ അടക്കമുള്ള പലരും എത്തിയല്ലോ

ഞാൻ ഭാഗ്യവതിയാണ്. എനിക്ക് 19 ദിവസമേ തുറുങ്കിൽ കിടക്കേണ്ടി വന്നുള്ളൂ. എന്നാൽ, എന്റെ അത്രയ്ക്ക് സ്വാധീനങ്ങൾ ഇല്ലാത്തവർ, കേസുനടത്താൻ പണമില്ലാത്തവർ, അന്നന്ന് അധ്വാനിച്ചുമാത്രം കുടുംബം പുലർത്തുന്നവർ അങ്ങനെ പലരും ഇപ്പോഴും ജയിലിലുണ്ട്. ഈ സമരങ്ങൾ നടന്ന പ്രദേശത്തുനിന്ന് പൊലീസ് അറസ്റ്റുചെയ്ത്  ജയിലിലടച്ച പലരും എന്തിനാണ് ഈ സമരം എന്നുപോലും അറിയാത്തവരാണ്. മരുന്നുവാങ്ങാനും അരിയും പച്ചക്കറിയുമൊക്കെ വാങ്ങാനും പുറത്തിറങ്ങിയവർ പലരും ഇന്ന് ഇരുമ്പഴിക്കുള്ളിലോ, മണ്ണിനടിയിലോ ഒക്കെ ആണ്. 
 


 മുലകുടി മാറാത്ത കുഞ്ഞുങ്ങളുള്ള അമ്മമാരെ വരെ യോഗി സർക്കാർ ആഴ്ചകളോളം ജയിലിലിട്ടു പീഡിപ്പിച്ചു. ആ വാർത്തകൾ പത്രങ്ങളിൽ നിങ്ങൾ വായിച്ചുകാണും. അങ്ങനെയുള്ളവരെക്കുറിച്ചോർക്കുമ്പോൾ രാത്രി കിടന്നാൽ ഉറക്കം വരാറില്ല. ഞാൻ പുറത്തിറങ്ങിയത് ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടി വെച്ചിട്ടാണ്. ആ സംഖ്യ കൊടുക്കാനില്ലാത്ത എത്രപേർ ഇപ്പോഴും ജയിലറക്കുള്ളിൽ തന്നെ കുടുങ്ങിക്കിടപ്പുണ്ടാകും..?