ലെവിസ് മോർഗൻ പ്യുഗ്  എന്ന പ്രൊഫഷണൽ നീന്തൽക്കാരൻ പൊതുജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത് 'സമുദ്രങ്ങളുടെ രക്ഷകൻ' എന്നാണ്. ചെറുപ്പം മുതൽ തന്നെ തന്റെ അച്ഛനിൽ നിന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുവളർന്ന പ്യുഗ് വളർന്നു വലുതായപ്പോൾ ഒരു പര്യവേക്ഷകനും പ്രൊഫഷണൽ നീന്തൽതാരവുമായി. കാലാവസ്ഥാവ്യതിയാനത്തിന്റെ ഗുരുതരാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ ലോകത്തിന്റെ പലഭാഗങ്ങളിലായി നീന്തിയിട്ടുണ്ട് പ്യുഗ്. അതിനൊക്കെ അതിന്റേതായ ഫലങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ, 2015 -ൽ റോസ് സീ എന്നറിയപ്പെടുന്ന 22 ലക്ഷം ചതുരശ്രമീറ്റർ വിസ്താരമുള്ള ഒരു കടൽ പ്രദേശം പ്യുഗിന്റെ നീന്തലിനു ശേഷം സംരക്ഷിത കടൽ പ്രദേശം( Marine Protected Area) ആയി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 

പ്യുഗ് ഇത്തവണ നീന്തിയത് വെറും പത്തുമിനിറ്റ് പതിനേഴു സെക്കൻഡ് നേരമാണ്. എന്നാൽ, നീന്തിയത് സീറോഡിഗ്രിയിൽ തണുത്തുറഞ്ഞു കിടക്കുന്ന അന്റാർട്ടിക്കയുടെ കിഴക്കുഭാഗത്തുള്ള തടാകങ്ങളിൽ ഒന്നിലാണ്. ഇവിടത്തെ മഞ്ഞുപാളികൾ കാലാവസ്ഥാ വ്യതിയാനം കാരണം ഉരുകി ഉണ്ടാകുന്ന വെള്ളം ഒരിടത്ത് ചെന്നുചേർന്ന് രൂപം കൊള്ളുന്ന 65,000 -ലധികം സുപ്രാ-ഗ്ലേഷ്യൽ തടാകങ്ങൾ അന്റാർട്ടിക്ക പ്രദേശത്തുണ്ടെന്ന് ഡർഹാം സർവ്വകലാശാലയിൽ നടന്ന ഒരു പഠനത്തെ ആശ്രയിച്ചുകൊണ്ട് ബിബിസി പറയുന്നത്.  ഈ ഐസുപാളികളിൽ ദ്വാരങ്ങൾ വീണാൽ തടാകങ്ങളിൽ സ്വരൂപിക്കപ്പെട്ടിട്ടുള്ള വെള്ളമെല്ലാം നേരെ ചെന്ന് കടലിൽ അടിയാം എന്നാണ് പ്യുഗും പറയുന്നത്.

ഇതെല്ലാം ആഗോളതാപനത്തിന്റെ ഫലമായി ഉയരുന്ന ചൂടിന്റെ ഫലങ്ങളാണ്. ഇങ്ങനെ ഏറുന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലംമൂന്നു കിലോമീറ്റർ ആഴത്തിൽ വരെ ചൂടു പിടിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വർദ്ധിക്കുന്ന ജലം സമുദ്രനിരപ്പിൽ കാറ്റിനു കാരണമാകുന്നു. കൂടാതെ ധ്രുവങ്ങളിൽ മഞ്ഞും ഹിമാനിയും ഉരുകുന്നതിനും ഇത് കാരണമാകുന്നു. ഉത്ഭവസ്ഥാനത്തെ ഹിമാനികൾ ഉരുകിത്തീരുത് ഗംഗേയടക്കമുള്ള മഹാനദികളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഒരു ഗുരുതരപ്രശ്നമാണ്. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ‘ലാർസൻ സി’ ഈയടുത്ത് വേർപെട്ടു മാറിയത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായേക്കും എന്ന് ശാസ്ത്രലോകം കരുതുന്നുണ്ട്. പലയിടത്തും പുറമേക്ക് മഞ്ഞിന്റെ പാളിയാണെങ്കിലും, അടിയിൽ വെള്ളമാണുള്ളത്. കടുത്ത തണുപ്പുള്ള ഈ വെള്ളത്തിലൂടെയായിരുന്നു പ്യുഗിന്റെ നീന്തൽ. 


"എത്ര വലിയ അടിയന്തരാവസ്ഥയാണ് കാലാവസ്ഥാ വ്യതിയാനം എന്നത് ബോധ്യപ്പെടുത്താനാണ് അത്യന്തം അപകടം നിറഞ്ഞ ഈ നീന്തൽ ഞാൻ നടത്തിയത്. അകത്ത് നല്ല തെളിഞ്ഞ നീലജലാശയമാണുള്ളത്. അത് എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരമായ ഒരു ദൃശ്യവുമായിരുന്നു, അതേസമയം എന്നെ ഏറ്റവും ഭയപ്പെടുത്തിയ ഒരു ദൃശ്യവും..."പ്യുഗ് പറഞ്ഞു. 

ഇനി സമയം അധികമില്ല എന്നും, ഏറെ നാൾ പിന്നിടും മുമ്പ് ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്താനുഭവങ്ങൾ അറിഞ്ഞു തുടങ്ങും എന്നും പ്യുഗ് പറഞ്ഞു. "എന്റെ മുപ്പത്തിമൂന്നു വർഷത്തെ പരിശീലത്തിന്റെയും അനുഭവസമ്പത്തിന്റെയും നീന്തൽപാടവത്തിന്റെയും ബലത്തിലാണ് ഞാൻ ഇന്ന് ഈ പത്തുമിനിറ്റ് പതിനേഴു സെക്കൻഡ് നീന്തിക്കയറിയത്." അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.