മേലുദ്യോഗസ്ഥൻ 'പോട്ടറ്റോ' എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിച്ചെന്ന ഐറിഷ് യുവതിയുടെ പരാതിയിൽ തൊഴിലുടമ 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എംപ്ലോയ്‌മെന്‍റ് ട്രൈബ്യൂണൽ വിധിച്ചു. നിരന്തരമായ അധിക്ഷേപം തന്‍റെ ആത്മാഭിമാനത്തെ തകർക്കുകയും മാനസികമായി തളർത്തുകയും 1000 വെട്ടേറ്റ് മരിച്ചതിന് തുല്യമായി തോന്നിയെന്നും യുവതി കോടതിയിൽ പറഞ്ഞു.

മേലുദ്യോഗസ്ഥൻ തന്നെ 'പോട്ടറ്റോ' എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയെ തുർന്ന് 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എംപ്ലോയ്‌മെന്‍റ് ട്രൈബ്യൂണൽ വിധിച്ചു. തൊഴിലുടമ വംശീയമായി പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഐറിഷ് വനിതയ്ക്കാണ് 23,526 പൗണ്ട് (ഏതാണ്ട് 29 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. 'പോട്ടറ്റോ' എന്ന് നിരന്തരം വിളിച്ച് തന്‍റെ മേലുദ്യോഗസ്ഥൻ തന്നെ നിരന്തരം അപമാനിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നെന്നായിരുന്നു യുവതിയുടെ പരാതി.

ശത്രുതാപരമായ സമീപനം

ലീഡ്‌സിലെ ഒരു സിവിൽ എഞ്ചിനീയറിംഗ് കമ്പനിയിൽ ബുക്ക് കീപ്പറായി ജോലി ചെയ്യുകയായിരുന്നു ബെർണാഡെറ്റ് ഹെയ്‌സ്. അവിടെ അവരുടെ തൊഴിലുടമയായ മിക്ക് ആറ്റ്കിൻസ് അവരുടെ പാരമ്പര്യത്തെ നിരന്തരം പരിഹസിക്കാനായി അപമാനകരമായ ഭാഷ ഉപയോഗിച്ചെന്ന് പരാതിയിൽ പറയുന്നു. ബെർണാഡെറ്റ് ഹെയ്‌സിനോട് ദേഷ്യം തോന്നുമ്പോഴെല്ലാം മിക്ക് ആറ്റ്കിൻസ് 'പൊട്ടാറ്റോ' എന്ന് വിളിക്കുകയും ഒപ്പം "പാഡി", "സ്റ്റുപ്പിഡ് പാഡി", "പി*കീ" തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ബെർണാഡെറ്റ് ഹെയ്‌സിനെതിരെ മിക്ക് തികച്ചും ശത്രുതാപരമായ രീതിയിലാണ് പെരുമാറിയതെന്നും ട്രൈബ്യൂണൽ വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. ഒപ്പം ഏതൊരു വ്യക്തിക്കും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

1,000 വെട്ടുകൾ ഏറ്റു മരിക്കുന്നത് പോലെ

ഇത്തരം വാക്കുകളിൽ തന്നെ അഭിസംബോധന ചെയ്യുമ്പോൾ 1,000 വെട്ടുകൾ ഏറ്റു മരിക്കുന്നത് പോലെയാണ് തോന്നിയതെന്ന് ബെർണാഡെറ്റ് ഹെയ്‌സ് കോടതിയിൽ പറഞ്ഞു. താൻ അപമാനം നേരിട്ട ആ ആറ് മാസക്കാലം ഓഫീസിൽ ഇരിക്കുമ്പോൾ തനിക്ക് മാനസികമായും ശാരീരികമായും സ്വസ്ഥതയുണ്ടായിരുന്നില്ലെന്നും അവ‍ർ കൂട്ടിച്ചേർത്തു. തന്‍റെ ആത്മാഭിമാനത്തെ ഇത് പൂർണ്ണമായും ഇല്ലാതാക്കി. അത് അരക്ഷിതത്വവും ഉത്കണ്ഠയും വർദ്ധിപ്പിച്ചെന്നും ബെർണാഡെറ്റ് ഹെയ്‌സ് ട്രൈബ്യൂണലിനോട് പറഞ്ഞു. മിക്ക് ആറ്റ്കിൻസ് 'ഭയപ്പെടുത്തുന്ന സ്വഭാവക്കാരനാണെന്നും അതിനാൽ അയാളോട് അത് നിർത്താൻ പറയാനുള്ള ധൈര്യം തനിക്കുണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം പണം ആവശ്യമുള്ളതിനാൽ തനിക്ക് ജോലി ഉപേക്ഷിക്കാൻ കഴിയില്ലെന്നും താൻ ആ ദുരിത്തിൽ കുടുങ്ങിപ്പോയതായി തോന്നിയെന്നും ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ തനിക്ക് നിശ്ബ്ദയാകേണ്ടി വന്നെന്നും അവ‍ർ കൂട്ടിച്ചേർത്തു. എന്നാൽ എന്തെങ്കിലും ഒരു കാരണം കണ്ടെത്തി മേലുദ്യോഗസ്ഥൻ തന്നെ നിരന്തരം അധിക്ഷേപിക്കുമെന്നും അവ‍ർ കോടതിയോട് പറഞ്ഞു.