" എത്ര സങ്കടം വന്നാലും കരയാത്ത കുട്ടിയാണ്. ഒക്കെ ഉള്ളിലടക്കി ഒന്ന് പുഞ്ചിരിക്കും. ഏറ്റവും ഒടുവിൽ വാട്ട്സാപ്പിൽ വീഡിയോ കോളിന് വന്നപ്പോഴും ഫാത്തിമയുടെ മുഖത്തുണ്ടായിരുന്നത് അതേ ചെറുപുഞ്ചിരി മാത്രമാണ്. എന്നാൽ, ആ ചിരിക്കു പിന്നിൽ ഇത്ര വലിയ സങ്കടം ഒളിച്ചിരിപ്പുണ്ടായിരുന്നു എന്നറിഞ്ഞില്ല.."  

ഐഐടി മദ്രാസിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ അടുത്ത ബന്ധുവായ ഷമീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്. അങ്ങനെ അത്രയെളുപ്പത്തിൽ സങ്കടപ്പെട്ട് കരഞ്ഞുപിഴിഞ്ഞിരിക്കുന്ന സ്വഭാവക്കാരിയല്ല ഫാത്തിമ.  തന്റെ ജീവിതം മതിയാക്കാനുള്ള തീരുമാനത്തിലേക്ക് അവളെ എത്തിച്ചത് എന്താവും? അധ്യാപകർക്കാർക്കും തന്നെ, ഫാത്തിമ ലത്തീഫ് എന്ന തങ്ങളുടെ വിദ്യാർത്ഥി എന്തിന് ഇങ്ങനെയൊരു കടുംകൈ പ്രവർത്തിച്ചു എന്ന കാര്യത്തിൽ യാതൊരു അറിവുമില്ലെന്നാണ് ഫാത്തിമ പഠിച്ചിരുന്ന ഹ്യുമാനിറ്റീസ്‌ വിഭാഗം തലവനായ ഉമാകാന്ത് ഡാഷ് പറയുന്നത്. ഡിപ്പാർട്ടുമെന്റിലെ ഏറ്റവും ബ്രില്യന്റായ കുട്ടികളിൽ ഒരാളായിരുന്നു ക്‌ളാസ് ടോപ്പർ കൂടിയായ ഫാത്തിമ ലത്തീഫ്. ഹ്യുമാനിറ്റീസ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദത്തിനായിരുന്നു അവൾ പഠിച്ചിരുന്നത്.  

ഒരേയൊരു വിഷയത്തിലാണ് ഫാത്തിമയ്ക്ക് മാർക്ക് കുറവുണ്ടായിരുന്നത്. അതും മൂന്നേ മൂന്നു മാർക്ക്. മറ്റെല്ലാറ്റിലും അവൾ തന്നെയായിരുന്നു ടോപ്പർ ക്‌ളാസിൽ. ഇന്നുവരെ ഒരു വിധത്തിലുള്ള വിഷാദപ്രവണതകളോ, വൈകാരിക അസന്തുലനമോ ഫാത്തിമയുടെ പെരുമാറ്റത്തിൽ കണ്ടതായി സഹപാഠികളും ഓർക്കുന്നില്ല. പിന്നെ എങ്ങനെ, ഒരു വിഷയത്തിന് വെറും മൂന്നുമാർക്ക് കുറഞ്ഞു പോയി എന്ന പേരും പറഞ്ഞുകൊണ്ട് ഫാത്തിമയെപ്പോലെ മിടുക്കിയായ ഒരു വിദ്യാർത്ഥിനി തന്റെ ജീവിതം ഒരു മുഴം കയറിൽ അവസാനിപ്പിക്കും. അതും തന്റെ മരണത്തിന് ഉത്തരവാദി എന്നയാളാണ് എന്ന് എടുത്തുപറഞ്ഞുകൊണ്ടുള്ള ഒരു ആത്മഹത്യാക്കുറിപ്പ് മൊബൈലിൽ അവശേഷിപ്പിച്ചുകൊണ്ടുതന്നെ. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് കേരളം അന്വേഷിക്കുന്നത്.  അത് കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം, ഇത് ഫാത്തിമ എന്ന ഒരൊറ്റ വിദ്യാർത്ഥിനിയുടെ മാത്രം ജീവത്യാഗത്തിന്റെ വിഷയമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഐടി മദ്രാസിൽ മാത്രം സമ്മർദ്ദം താങ്ങാനാകാതെ ജീവനൊടുക്കിയത് ഫാത്തിമയടക്കം അഞ്ചു പേരാണ്. 

സെപ്റ്റംബറിൽ ഓഷ്യൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന എസ് സഹൽ കോർമത്ത്, ജനുവരിയിൽ രണ്ടു പേർ - ഉത്തർപ്രദേശ് സ്വദേശിയായ ഗോപാൽ ബാബു എന്ന എംടെക്ക് വിദ്യാർത്ഥി, ജാർഖണ്ഡ്സ്വദേശിയായ രഞ്ജന കുമാരി എന്ന ഗവേഷക വിദ്യാർത്ഥിനി, ഡിസംബർ 2018-ൽ അദിതി ശർമ്മ എന്ന അസിസ്റ്റന്റ് പ്രൊഫസർ. ഇതാ, ഇപ്പോൾ ഫാത്തിമ ലത്തീഫും. 

 ഐഐടി മദ്രാസ് എന്നത് ചില്ലറ സ്ഥാപനമല്ല. ഇന്ത്യയിലെ അക്കാദമിക വിദ്യാഭ്യാസത്തിന്റെ പരമോന്നത സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്. നാഷണൽ ഇൻസ്റ്റിട്യൂഷൻസ് റാങ്കിങ് ഫ്രെയിംവർക്കിന്റെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ഈ സ്ഥാപനം. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, ഇവിടെ വിദ്യാർത്ഥികളോട് പുലർത്തപ്പെടുന്ന മോശം സമീപനത്തിന്റെ പേരിൽ, വിശേഷിച്ച് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് നേരെ പുലർത്തുന്ന വളരെ പരുഷമായ നിലപാടുകളുടെ പേരിൽ ഏറെ വിമർശനങ്ങൾക്കും ഐഐടി മദ്രാസ് വിധേയമാക്കുന്നുണ്ട്.

ഐഐടി പ്രവേശന പരീക്ഷ എന്നത് ഒരു പക്ഷേ, ലോകത്തിലേക്കും വച്ചുതന്നെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നാണ്. അത് പാസാക്കാൻ വേണ്ടി വർഷങ്ങൾ തുടർന്ന കഠിനാദ്ധ്വാനത്തിനു ശേഷമാണ് ഇവിടേക്ക് വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ട എത്തുന്നത്. ഭൂരിപക്ഷം കോഴ്‌സുകളും ടെക്‌നോളജി സംബന്ധിയാണെങ്കിലും, ഹ്യുമാനിറ്റീസും ഐഐടി മദ്രാസിലെ ഒരു വിശിഷ്ടമായ കോഴ്‌സ് ആണ്. ഇവിടെ അധ്യാപകർ വിദ്യാർത്ഥികളോട് വെച്ചുപുലർത്തുന്ന ജാതിവിവേചനങ്ങളുടെ പേരിൽ  2014-ൽ അംബേദ്‌കർ പെരിയാർ സ്റ്റഡി സർക്കിൾ നിരവധി സമരങ്ങൾ നടത്തുകയുണ്ടായി. '

എന്നാൽ ജാതിവിവേചനങ്ങൾ ഐഐടി മദ്രാസിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല. ഇക്കൊല്ലം മേയിലാണ് മുംബൈയിലെ ബിവൈഎൽ നായർ ജനറൽ ആശുപത്രിയിൽ പായൽ തഡ്വി എന്ന ഹൗസ്‌ സർജൻ ജാതിവേർതിരിവിൽ മനംനൊന്ത് ആത്മാഹുതി ചെയ്തത്. 2016-ൽ ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയും മുന്നോട്ടുവെച്ച സങ്കടങ്ങൾ വ്യത്യസ്തമായിരുന്നില്ല. " ഇങ്ങനെ അപമാനിക്കുന്നതിനു പകരം, അഡ്മിഷൻ സമയത്തുതന്നെ വിഷം തന്നു കൊന്നുകൂടെ" എന്നാണ് രോഹിത് വെമുല തന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിവെച്ചത്. 

ഫാത്തിമയുടെ കാര്യത്തിൽ, ഒരു കാര്യം വ്യക്തമാണ്. സുദര്‍ശന്‍ പത്മനാഭന്‍ എന്ന പ്രൊഫസറുടെ ഭാഗത്തുനിന്ന് കാര്യമായ മാനസിക പീഡനങ്ങൾ അവൾക്കനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കുട്ടികളെ വല്ലാതെ സമ്മർദ്ദത്തിലാക്കുന്ന രീതിയിലാണ് ഈ അധ്യാപകന്റെ പെരുമാറ്റം എന്ന പരാതികൾ വേറെയും ഉയർന്നിട്ടുണ്ട്.  

"ഇത്തരം സംഭവങ്ങള്‍ അവിടെ ആദ്യമായിട്ടല്ലെന്നും ആത്മഹത്യകൾ അവർക്ക് പുതുമയല്ലെന്നുമാണ് മനസ്സിലാക്കാൻ കഴിയുന്നത്. മരിച്ചു കഴിഞ്ഞാൽ പിന്നെ, അവര്‍ക്ക് ഫാത്തിമയെന്നില്ല. വര്‍ഷത്തില്‍ അഞ്ചും ആറും പേർ ഇങ്ങനെ മരിക്കുന്നു. അതില്‍ ഒരു മരണം, അത്ര മാത്രം. മരിച്ചുകഴിഞ്ഞാൽ പിന്നെ കുട്ടികളെ അവര്‍ 'ബോഡി' എന്നാണ് പറയുക. അത് നന്നായി പൊതിഞ്ഞ് നമുക്ക് തന്നുവിടുന്നു. അതാണ് ഐഐടി മദ്രാസ്. ഈ അവസ്ഥയ്ക്കൊരു മാറ്റമുണ്ടാകേണ്ടതുണ്ട്. ഞങ്ങളുടെ കുട്ടിക്ക് വന്ന ദുരവസ്ഥ, ഇനി ഒരു കുട്ടിക്കും ഉണ്ടാകരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.'' ഷമീർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

മുഖ്യമന്ത്രിയെ നേരിൽ ചെന്ന് കണ്ടിരുന്നു. വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുതന്നിട്ടുണ്ട്. അതിന് ശേഷം തമിഴ്‌നാട് പൊലീസില്‍ നിന്ന് വിളിച്ച് സംസാരിച്ചിരുന്നു. അതേസമയം നിരുത്തരവാദപരമായാണ് കോട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ കേസില്‍ ഇടപെട്ടത്. ഐഐടി ഉള്‍പ്പെട്ട പ്രദേശത്തെ പൊലീസ് സ്റ്റേഷനാണ് കോട്ടൂര്‍. എഫ്ഐആര്‍ വാങ്ങാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ മേശപ്പുറത്തിരിക്കുന്ന ഫോണുകളിലൊന്ന് ഫാത്തിമയുടേതാണെന്ന് സഹോദരി ആയിഷ തിരിച്ചറിഞ്ഞു. ഫാത്തിമയുടെ മരണത്തിലെ ഒരു സുപ്രധാന തെളിവായ ആ ഫോണ്‍ അവര്‍ വളരെ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തിരുന്നത്. ഞങ്ങള്‍ ആ ഫോണ്‍ ആവശ്യപ്പെട്ടു. അത് കിട്ടിയപ്പോഴാണ് അതിനുള്ളിൽ നിന്ന് ആ ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തുറക്കുമ്പോള്‍ തന്നെ സ്ക്രീനില്‍ ഉണ്ടായിരുന്നത് അധ്യാപകനെതിരായ വാക്കുകളായിരുന്നു.

'എന്‍റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ ആണ്' എന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് സാംസങ് നോട്ട് നോക്കാനും അതിലുണ്ടായിരുന്നു. നോട്ട് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. വേറെയും ചില അധ്യാപകരെക്കുറിച്ചും  വിദ്യാര്‍ത്ഥികളെക്കുറിച്ചും ഫാത്തിമ നോട്ടില്‍ കുറിച്ചിരുന്നുവെന്ന് ഷമീര്‍ പറഞ്ഞു. ആ രേഖയുടെ അടിസ്ഥാനത്തിലാണ് ഇറങ്ങിത്തിരിച്ചതെന്നും അതിലെ വിവരങ്ങളെല്ലാം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ഷമീര്‍  പറഞ്ഞു.  

''സുദര്‍ശന്‍ പത്മനാഭനെ അറസ്റ്റ് ചെയ്യണം. അയാളെ കോളേജില്‍ നിന്ന് പുറത്താക്കണം. ഇതാണ് ഞങ്ങളുടെ ആവശ്യം. ഈ പേരുവച്ച് പുറംലോകത്ത് പോയി പഠിക്കാന്‍ വയ്യാത്ത അവസ്ഥയാണല്ലോ എന്ന് ഫാത്തിമ ഒരിക്കല്‍ പിതാവിനോട് പറഞ്ഞിരുന്നു. ഗസറ്റില്‍ പേരുമാറ്റാമെന്ന് പിതാവ് മറുപടിയും നല്‍കിയിരുന്നു. ഞങ്ങള്‍ക്ക് അറിയേണ്ടത് ആ ഒരു ദിവസം ഫാത്തിമയ്ക്ക് എന്താണ് സംഭവിച്ചതെന്നാണ്. കാരണക്കാരനായ സുദര്‍ശന്‍ പത്മനാഭന്‍ എന്താണ് ചെയ്തതെന്നാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്. '' - ഷമീര്‍ വ്യക്തമാക്കി.

പഠിച്ച സ്കൂളുകളിലെല്ലാം മിടുക്കിയായിരുന്നു ഫാത്തിമ. എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാമത്. ഐഎഎസ്സുകാരിയായോ അല്ലെങ്കില്‍ അതിനുമപ്പുറമെന്തെങ്കിലും ആകാമെങ്കില്‍ അതും ആകുമായിരുന്ന കുട്ടിയായിരുന്നു. നാല് മാസം മാത്രമായിട്ടുള്ളൂ അവള്‍ ഐഐടിയില്‍ പഠിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ കഴിഞ്ഞ ഒരുമാസമായി അവള്‍ പ്രയാസത്തിലായിരുന്നു. പൂര്‍ണ്ണമായും പറഞ്ഞില്ലെങ്കിലും കുറച്ചെന്തൊക്കെയോ ഉണ്ടെന്ന് തോന്നുന്ന രീതിയില്‍ ഉമ്മയുമായി പങ്കുവച്ചിരുന്നു. അവസാന ദിവസം വിളിച്ചു. ഫോണ്‍ കട്ടായി. തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. കുറച്ച് നേരം കഴിഞ്ഞ് വീണ്ടും തിരിച്ചുവിളിച്ചു. അതിന് ശേഷം വിളിച്ചിട്ടില്ല.

ആദ്യമാസങ്ങളില്‍ വളരെ സന്തോഷവതിയായിരുന്നു അവള്‍. അടുത്ത സെമസ്റ്ററിലേക്കുള്ള പുസ്തകങ്ങള്‍ വരെ വാങ്ങിവച്ചത് വീട്ടിലിരിക്കുന്നുണ്ട്. അതിന്‍റെ കവറുപോലും പൊട്ടിച്ചിട്ടില്ല. തന്നെ മാത്രമല്ല, വേറെ ചില കുട്ടികളേയും ഉപദ്രവിക്കുന്നുണ്ടെന്നും ഫാത്തിമ പറഞ്ഞിരുന്നു. ആ ഒരു ദിവസംകൊണ്ട് എന്ത് ഉപദ്രവമാണ് അവള്‍ക്ക് ഉണ്ടായതെന്നാണ് തങ്ങള്‍ക്ക് അറിയണ്ടതെന്നും ഫാത്തിമയുടെ ബന്ധുക്കള്‍ പറഞ്ഞു.