ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ക്ക് താഴെ മോശമായ കമന്‍റുകള്‍ നിറയുകയാണ്. പക്ഷേ അപ്പോഴും ഇരുവരും അതെല്ലാം അവഗണിക്കുന്നു


ജാതി, മതം, ദേശം, നിറം എന്നിങ്ങനെയെല്ലാമുള്ള അതിര്‍വരമ്പുകളെ മറികടക്കുന്ന ഒന്നാണ് പ്രണയം. പ്രണയത്തിലാകുന്നവര്‍ അവര്‍ക്കിടയിലുള്ള ഇല്ലായ്മകളെ പോലും മറക്കുന്നു. പരസ്പരമുള്ള വിശ്വാസത്തിനുമപ്പുറത്ത് മറ്റൊന്നിനും അവര്‍ വില കല്പിക്കുന്നില്ലെന്നത് തന്നെ. പക്ഷേ പല പ്രണയങ്ങളും പ്രണയമാണോയെന്ന സംശയം മറ്റുള്ളവര്‍ക്ക് തോന്നുന്നതും സാധാരണമാണ്. ഇരുവരും തമ്മിലുള്ള അന്തരത്തെ അംഗീകരിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയാതെ പോകുന്നതുമാണ് കാരണം. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഡിവൈന്‍ റാപ്സിംഗിന്‍റെയും സ്കോട്ട് സ്മിത്തിന്‍റെയും പ്രണയവും മറ്റുള്ളവര്‍ക്ക് ദഹിക്കാതെ പോകുന്നതും ഈ കാരണത്താലാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇരുവരുടെയും പ്രണയത്തെ പലരും അവിശ്വാസത്തോടെയാണ് കാണുന്നത്. സ്കോട്ട് സ്മിത്തിന്‍റെ പണത്തെയാണ് ഡിവൈന്‍ റാപ്സിംഗ് പ്രണയിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. 

ജര്‍മ്മനിയിലെ 'അംഗീകൃത വേശ്യാലയ'ങ്ങള്‍ക്ക് പൂട്ടുവീഴുമോ?

2017-ൽ ഫേസ്ബുക്ക് വഴിയാണ് ഫിലീപ്പിയന്‍സുകാരിയായ ഡിവൈന്‍ റാപ്സിംഗ് യുഎസ് പൗരനായ സ്കോട്ട് സ്മിത്തിനെ പരിചയപ്പെടുന്നത്. ഏതാനും മാസങ്ങള്‍ ഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി വളര്‍ന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്‍റെ കാമുകയെ കാണാന്‍ സ്കോട്ട് ഫിലീപ്പിയന്‍സിലേക്ക് പറന്നു. അവിടെ വച്ച് അയാള്‍ തന്‍റെ പ്രണയം തുറന്ന് പറഞ്ഞു. തുടര്‍ന്ന് നാല് വര്‍ഷത്തോളം ഇരുവരും ഡേറ്റിംഗ് നടത്തി. ഒടുവില്‍ സ്കോട്ടിനൊപ്പം ഡിവൈന്‍ റാപ്സിംഗും യുഎസിലേക്ക് പറന്നു. 2021 ല്‍ ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് വീഡിയോകള്‍ ചെയ്യുകയും അവ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയും ചെയ്തു. പക്ഷേ സംഭവിച്ചത് അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ ഒന്നായിരുന്നു. 

യാത്രാരേഖകൾ ഒന്നുമില്ല; യൂറോപ്പില്‍ നിന്ന് യുഎസിലേക്ക് റഷ്യന്‍ പൗരന്‍ പറന്നതെങ്ങനെ? ഉത്തരമില്ലാതെ ഉദ്യോഗസ്ഥർ !

ഇരുവരും ഒരിമിച്ചുള്ള വീഡിയോകള്‍ക്ക് താഴെ കാഴ്ചക്കാര്‍ ഡിവൈന്‍ റാപ്സിംഗിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ കുറിച്ചു. പലര്‍ക്കും ഇരുവരും തമ്മിലുള്ള പ്രണയം യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പണം മാത്രം കണ്ടാണ് ഡിവൈന്‍, സ്കോട്ടിനെ വിവാഹം കഴിച്ചതെന്നായിരുന്നു കമന്‍റുകള്‍. യുഎസിലേക്കുള്ള ഗ്രീന്‍ കാര്‍ഡിന് വേണ്ടിയാണ് ഡിവൈന്‍, സ്കോട്ടിനെ വിവാഹം കഴിച്ചതെന്ന് മറ്റ് ചിലര്‍ ആരോപണം ഉയര്‍ത്തി. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം ഇരുവരും നിഷേധിക്കുന്നു. 'ഡിവൈനെ കാണും മുമ്പ് എന്‍റെ ജീവിതം വിരസമായിരുന്നു. നിശ്ചലമായിരുന്നു.' എന്ന് സ്കോട്ട് പറയുന്നു. സ്‌ക്ലെറോഡെർമ എന്ന ക്രോണിക് ഓട്ടോ ഇമ്മ്യൂൺ രോഗിയാണ് സ്കോട്ട് സ്മിത്ത്. 13 വയസുള്ളപ്പോഴാണ് സ്കോട്ടിന് ഈ രോഗം പിടിപെട്ടത്. സ്കോട്ട് സ്‌ക്ലെറോഡെർമ രോഗിയാണെന്ന് ഡിവൈനിന് ആദ്യമേ അറിയാമായിരുന്നു. അതിനാല്‍ തന്നെ തങ്ങളുടെ പ്രണയത്തെ ട്രോളുന്നവരോട് സ്കോട്ടിന് ഒന്നേ പറയാനുള്ളൂ, 'ഇനി പറഞ്ഞിട്ട് കാര്യമില്ല. കാരണം നിങ്ങള്‍ ഒരേ കാര്യം തന്നെയാണ് വീണ്ടും വീണ്ടും കാണുന്നത്.' എന്നാല്‍ അത്തരം കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോള്‍ അല്പം വിഷമം തോന്നുമെന്ന് ഡിവൈന്‍ തുറന്ന് സമ്മതിക്കുന്നു. അപ്പോഴും തങ്ങളുടെ പ്രണയത്തിന് മങ്ങലേല്‍ക്കില്ലെന്ന് ഇരുവരും പറയുന്നു. 

മേശപ്പുറത്ത് ഇരുന്ന 6.75 കോടിയുടെ മോതിരം കാണാനില്ല; ഒടുവില്‍ വാക്വം ക്ലീനറില്‍ നിന്ന് കണ്ടെത്തി !