പ്രധാനമന്ത്രി നരേന്ദ്ര മോദി ആർട്ടിക്കിൾ 370  റദ്ദാക്കി കശ്‌മീരിന്റെ സവിശേഷപദവി  ഇല്ലാതാക്കിയതിനു ശേഷം 'പാകിസ്ഥാൻ' എന്ന പേര് ഏതാണ്ട് എല്ലാദിവസവും പത്രങ്ങളുടെ ഒന്നാം പേജിൽ തന്നെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഇടം പിടിക്കാറുണ്ട്. ടിവിചാനലുകളും പാകിസ്ഥാന്റെ പേരും പറഞ്ഞ്  നിരന്തരം ചർച്ചകൾ നടത്താറുണ്ട്. മാത്രമോ, ഇന്ത്യയിൽ പാകിസ്ഥാൻ എന്ന പേര് കേട്ടാൽ തന്നെ വിറളിപിടിക്കുന്നവരും ചുരുക്കമല്ല. എന്നാൽ ആ പേരിൽ, വിശേഷിച്ചൊരു കുറ്റവുംചെയ്യാതെ തന്നെ,  ഇത്രയും നാൾ കഷ്ടതയനുഭവിച്ചു കൊണ്ടിരുന്ന മറ്റൊരു ജനവിഭാഗത്തെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്. 

കശ്മീരിന്റെ പേരും പറഞ്ഞ് ദില്ലിയും ഇസ്ലാമാബാദും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ ഉലച്ചിലുണ്ടാകുമ്പോൾ നെഞ്ചിടിപ്പേറിയിരുന്നത്, അങ്ങ് ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ നിന്ന് 300 കിലോമീറ്റർ അകലെ, പൂർണിയ ജില്ലയിലെ, ശ്രീനഗർ ബ്ളോക്കിലെ സിംഘിയ പഞ്ചായത്തിലുള്ള പാകിസ്ഥാൻ ടോലാ എന്ന ഗ്രാമത്തിലുള്ളവർക്കായിരുന്നു. ഈ ഗ്രാമത്തിൽ കഴിഞ്ഞുപോരുന്ന ആയിരത്തിലധികം വരുന്ന സാന്താൾ ഗോത്രക്കാരെ  അയൽഗ്രാമങ്ങളിലുള്ളവർ വിളിച്ചിരുന്നത് 'പാകിസ്ഥാനികൾ' എന്നാണ്. 

ബിഹാറിനുള്ളിൽ മുസ്ലിങ്ങളില്ലാത്ത പാകിസ്ഥാൻ എന്ന ഗ്രാമം
 

ഇരു രാജ്യങ്ങളും തമ്മിൽ ഇന്ന് കീരിയും പാമ്പും പോലായതിന്റെ പ്രതിഫലനം, ഈ ഗ്രാമവും, അയൽ ഗ്രാമങ്ങളും തമ്മിലുള്ള ബന്ധത്തിലും പ്രകടമായിരുന്നു. തങ്ങളുടെ പെണ്മക്കളെ പാകിസ്ഥാനിലേക്ക് കെട്ടിച്ചയക്കാൻ അയൽഗ്രാമങ്ങളിലുള്ളവർ തയ്യാറല്ലായിരുന്നു. പാകിസ്ഥാനിൽ നിന്ന് ആണ്മക്കൾക്ക് വധുക്കളെ കൊണ്ടുവരാനും അവർ മടിച്ചിരുന്നു. ഏത് ഗതികെട്ട നേരത്താണ് ഗ്രാമത്തിന്റെ പേര് പാകിസ്ഥാൻ എന്ന് വെക്കാൻ തോന്നിയത് എന്നവർ തങ്ങളുടെ പൂർവികരെ നിത്യം ശപിക്കുകയും ചെയ്തുപോന്നിരുന്നു.
 


ബിർസാ മുണ്ട എന്ന ആദിവാസി നേതാവ് 

അങ്ങനെ പാകിസ്താന്റെ പേരും പറഞ്ഞ് വർഷങ്ങളായി തങ്ങൾ അനുഭവിച്ചുപോരുന്ന പ്രശ്നങ്ങൾ അവർ ഏതാനും മാസങ്ങൾക്ക് മുമ്പ് ചെന്നവതരിപ്പിച്ചത് പുർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപിയായ സന്തോഷ് കുമാർ കുഷ്വാഹയോടാണ്. ഗ്രാമത്തിന്റെ പേര് പാകിസ്ഥാൻ എന്നത് മാറ്റി, ആദിവാസി ജനനേതാവായ ബിർസ മുണ്ടയുടെ സ്മരണാർത്ഥം 'ബിർസാ നഗർ' എന്ന് മാറ്റിക്കൊടുക്കണം എന്നതായിരുന്നു ഗ്രാമീണരുടെ ഏകകണ്ഠമായ അഭിപ്രായം.  തന്നെക്കൊണ്ടാവുന്നത് ചെയ്യാം എന്ന് കുഷ്വാഹ അവർക്ക് വാക്കുനല്കിയിരുന്നു. പുർണിയ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ രാഹുൽ കുമാർ മുഖാന്തിരം അതിനാവശ്യമായ ജോലികൾ അദ്ദേഹം തുടങ്ങുകയും ചെയ്തിരുന്നു. അദ്ദേഹം വാക്കുപാലിച്ചു. കഴിഞ്ഞ ബുധനാഴ്ച , ഗ്രാമീണരെ സാക്ഷിനിർത്തി നടന്ന ചടങ്ങിൽ വെച്ച് 'പാകിസ്ഥാൻ ടോല' എന്ന ഗ്രാമം 'ബിർസാനഗർ' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.  ഗ്രാമത്തിൽ എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന സാന്താൾ മുത്തശ്ശി ഹോപൻമൊയ് മുർമുവാണ് ആ ശുഭകർമം നിർവഹിച്ചത്. പൂർണായ ജില്ലാ അധികാരികൾ ഈ വിഷയത്തിലെ കടലാസുപണികൾ എല്ലാം പൂർത്തിയായതായി ഗ്രാമവാസികളെ അറിയിച്ചതോടെ അവർക്ക് സന്തോഷമായി. 

ഗ്രാമത്തിൽ നടന്ന പുനർനാമകരണ ചടങ്ങ് 

ഗ്രാമീണരുടെ ആവശ്യങ്ങൾ തികച്ചും ന്യായമെന്ന് കണ്ടാണ് താൻ ഈ വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചത് എന്ന് സന്തോഷ് കുമാർ കുഷ്വാഹ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. " ഈ പേരിട്ട കാലത്ത് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇത്രകണ്ട് വഷളായിരുന്നില്ല. അതുകൊണ്ടുതന്നെ ഗ്രാമീണർക്ക് അതിന്റെ പേരിൽ യാതൊരു വിധത്തിലുള്ള അസൗകര്യങ്ങളും നേരിടേണ്ടി വന്നിരുന്നുമില്ല. എന്നാൽ, ഇന്നത്തെ സ്ഥിതി അതാണോ..? ആരെങ്കിലും വായ തുറന്നു പറയാൻ ആഗ്രഹിക്കുന്ന പേരാണോ പാകിസ്ഥാന്റേത്? ഇതുവരെ ബിർസാനഗറുകാരെ അയൽഗ്രാമക്കാർ കളിയാക്കിയാണ് പാകിസ്ഥാനികൾ എന്ന് വിളിച്ചിരുന്നത്. ആ ദുരവസ്ഥ മാറ്റാൻ വേണ്ടത് ചെയ്യാമെന്ന് ഞാൻ അവർക്ക് വാക്കുനല്കിയിരുന്നു. അത് ഞാൻ പാലിച്ചിട്ടുണ്ട്. അത്രമാത്രം. " കുഷ്വാഹ പറഞ്ഞു

പാകിസ്ഥാൻ ഗ്രാമത്തിൽ കഴിഞ്ഞുപോന്നിരുന്ന സാന്താൾ ഗോത്രജർ തികഞ്ഞ ഹിന്ദുമത വിശ്വാസികളാണ്. ഒരൊറ്റ മുസ്ലിങ്ങളും ഇന്നിവിടെ താമസമില്ല. പേരിനൊരു പള്ളി പോലും ഇന്നിവിടെയില്ല. എന്നിട്ടും ഈ പ്രദേശം ഇന്നലെ വരെയും അറിയപ്പെട്ടിരുന്നത് പാകിസ്ഥാൻ എന്നായിരുന്നു. പണ്ടേക്കുപണ്ടേ ആ ഗ്രാമത്തിനുമേൽ നിന്നുള്ളവരുടെ പൂർവികർ, തങ്ങൾക്ക് സ്ഥലം ദാനമായി നൽകി ഈസ്റ്റ് പാകിസ്ഥാൻ എന്ന ഇന്നത്തെ ബംഗ്ളാദേശിലേക്ക് കുടിയേറിയ തങ്ങളുടെ മുസ്ലിം സ്നേഹിതരോടുള്ള നന്ദിസൂചകമായി ഇട്ടതാണ് 'പാകിസ്ഥാൻ ടോലാ'  എന്ന ഈ സ്ഥലപ്പേര്. എന്നാൽ, ഇന്ന് അവരുടെ പുതുതലമുറയ്ക്ക് ആ പേര് ഒരു ബാധ്യതയാണ്. 
 

പഴയ പേര് മായ്ക്കുന്ന ഗ്രാമീണർ 

വറ്റിത്തുടങ്ങിയ ഒരു നദിയാൽ പുറംലോകത്തിൽ നിന്ന് വേർപിരിക്കപ്പെട്ടിരിക്കുന്നു ഈ ഗ്രാമം. നദിക്ക് മുകളിലൂടെയുള്ള പാലമാണ് അവിടേക്കുള്ള ഗ്രാമീണരുടെ ഒരേയൊരു കണക്ഷൻ. ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള ആധുനിക സൗകര്യങ്ങളുമില്ല. ആകെയുള്ള സ്‌കൂൾ കിലോമീറ്ററുകൾ അകലെ പട്ടണത്തിലാണ്. പേര് പാകിസ്ഥാൻ എന്നായതുകൊണ്ടാണോ എന്നറിയില്ല, വികസനം ഈ ഗ്രാമത്തിലേക്ക് എത്തിനോക്കിയിട്ടില്ല ഇതുവരെ. ഏഴാം ക്‌ളാസ്സുവരെ കഷ്ടിച്ച് പഠിക്കുന്നതോടെ പെൺകുട്ടികളുടെ പഠിത്തം അവസാനിക്കുകയായി. നല്ലൊരു ആശുപത്രിയില്ല, ബസ് സർവീസില്ല. ഉജ്വല സ്‌കീം, ഹർ ഘർ ശൗചാലയ് സ്‌കീം തുടങ്ങിയ  സർക്കാർ സ്കീമുകളെല്ലാം കടലാസിൽ മാത്രമൊതുങ്ങുന്നു. അഞ്ചുവർഷം കൂടുമ്പോൾ വാഗ്ദാനങ്ങൾ നൽകി വോട്ടുനേടിയെടുക്കാൻ മാത്രമേ രാഷ്ട്രീയക്കാരും വരാറുള്ളൂ എന്ന് ഗ്രാമീണർ പറയുന്നു. 
 


 

ഇന്ത്യൻ സൈനികരെ വധിക്കുന്ന, ഭീകരർക്ക് അഭയവും പരിശീലനവും ഫണ്ടും നൽകുന്ന, ഇടയ്ക്കിടെ ഭീകരരെ അയച്ച് ഇന്ത്യൻ മണ്ണിൽ ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന  ആ തീവ്രവാദിയായ അയൽരാജ്യത്തിന്റെ പേരുപേറുന്ന ഗ്രാമവുമായിപ്പോലും ഒരു ബന്ധവും ആരും ഇഷ്ടപ്പെടുന്നില്ലത്രേ. ഗ്രാമവാസികളുമതേ, തങ്ങൾ പാകിസ്ഥാനികളാണ് എന്ന് പുറത്താരോടും വെളിപ്പെടുത്താനും ഇഷ്ടപ്പെടുന്നവരല്ല. അവരുടെ ഇത്രയും കാലത്തെ ആ അനിഷ്ടത്തിന് ബുധനാഴ്ച നടന്ന ചടങ്ങോടെ പരിഹാരമുണ്ടായിരിക്കുകയാണ്.  ഇനിയവിടത്തെ  സാന്താളുകൾ  നെഞ്ചും വിരിച്ച് പറയും, ഞങ്ങൾ ബിർസാനഗറുകാരാണ് എന്ന്..!