തീപിടുത്തത്തിൽ എന്റെ രണ്ടുകാലും നഷ്ടപ്പെട്ടത് ഒരു കണക്കിന് നന്നായി. കാരണം, മനക്കരുത്തോടെ പോരാടിയാലേ കാര്യങ്ങൾ നടക്കൂ  എന്ന് അതെന്നെ ആദ്യമേ പഠിപ്പിച്ചു. ..

ദുരന്തങ്ങൾ നമ്മുടെ ജീവിതങ്ങളിലൂടെ തേരോട്ടം നടത്തുമ്പോൾ അതിനു മുന്നിൽ പകച്ചു നിൽക്കാനേ പലപ്പോഴും നമുക്ക് കഴിയാറുള്ളൂ. ഓർത്തിരിക്കാത്ത നേരത്ത് വിരുന്നുവരുന്ന അപകടങ്ങൾ, അവ നമുക്കുണ്ടാകുന്ന അംഗഭംഗങ്ങൾ ഒക്കെ നിമിഷനേരം കൊണ്ട് നമ്മുടെ ജീവിതത്തെ അതീവ ദുഷ്കരമാക്കും. എന്നാൽ ചിലരുണ്ട്, അവരെ കാണുമ്പോഴാണ് നമുക്ക് അതിജീവനം എന്നത് എത്ര സുന്ദരമായ ഒരു കലയാണെന്ന് ബോധ്യം വരിക. അത്തരത്തിൽ ഒരു ജീവിതമാണ് വെയിൽസ് സ്വദേശി ജെസ്സീക്ക ഡേവിസ് എന്ന 33 കാരിയുടേത്. 

'ജെസീക്ക ഇരട്ട സഹോദരി എല്ലയോടൊപ്പം '

കൊച്ചുകുഞ്ഞുങ്ങൾക്ക് അപകടം സംഭവിച്ചാൽ നമുക്കൊക്കെ എത്ര സങ്കടമാകും അല്ലേ..? ജെസീക്കയുടെ വീടിന് തീപിടിച്ചപ്പോൾ, അവൾക്ക് കണ്ണും കാതും ഉറച്ചിരുന്നില്ല. ഏഴുവയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് അവളുടെ കോട്ടേജിനെ അഗ്നി വിഴുങ്ങിയത്. ജെസീക്കയും അവളുടെ ഇരട്ട സഹോദരി എല്ലയും തീയ്ക്കുള്ളിൽ പെട്ടുപോവുന്നത്. വിധി പക്ഷേ, അവളോട് മാത്രമാണ് ക്രൂരത കാട്ടിയത്. ആ തീപിടുത്തത്തിൽ ജെസീക്കയ്ക്ക് 65 ശതമാനം പൊള്ളലേറ്റപ്പോൾ, സഹോദരി എല്ല നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. 

ഏഴുമാസം മാത്രം പ്രായമുള്ള ആ പിഞ്ചുമേനിയിൽ, 65 ശതമാനം പൊള്ളലേറ്റു എന്ന് പറഞ്ഞാൽ ഓർത്തുനോക്കൂ, പിന്നെ എന്ത് ബാക്കി കാണുമെന്ന്. ആ പൊള്ളലിൽ നിന്നും അവളുടെ ജീവൻ രക്ഷിച്ചെടുക്കാൻ ഡോക്ടർമാർക്ക് അവളുടെ രണ്ടു കാലുകളും മുട്ടറ്റം നിർത്തി മുറിച്ചു മാറ്റേണ്ടി വന്നു. കൈവിരലുകൾ മുറിച്ചു നീക്കി. തലമുടി, ചെവി, വായുടെ ഒരു ഭാഗം എന്നിവയും നഷ്ടമായി ജെസീക്കയ്ക്ക്. 

ദേഹത്തിന്റെ ഏതാണ്ട് എല്ലാ ഭാഗത്തും പൊള്ളലേറ്റു കഴിഞ്ഞിരുന്നതിനാൽ ഡോക്ടർമാർ അവളുടെ ശരീരത്തിൽ വെച്ച് പിടിപ്പിക്കാനുള്ള തൊലി കിട്ടാതെ പാടുപെട്ടു. ഒടുവിൽ കുറെ തൊലി അവളുടെ പുറത്തു നിന്നും എടുത്തു. അവിടം മുഴുവൻ ഇന്ന് പാടാണ്. എന്നിട്ടും തികയാതെ വന്നപ്പോൾ അന്ന് പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ട അനുജത്തി ഇലയുടെ ദേഹത്ത്നിന്നും എടുത്തു കുറച്ച് തൊലി. അങ്ങനെ ഒരു വിധം അവർ ജെസീക്കയെ കാണാൻ പരുവത്തിലാക്കി.

ഇത്ര ചെറുപ്പത്തിൽ തന്നെ ഇങ്ങനെ വിരൂപമായ മുഖവും അംഗഭംഗം വന്ന ശരീരവും ആയിപ്പോയെങ്കിലും അതിനൊക്കെ ഉള്ളിൽ പോരാട്ട വീര്യം ഒട്ടും ചോർന്നുപോയിട്ടില്ലാത്ത ശക്തമായ ഒരു മനസ്സ് ജെസീക്കയ്ക്കുണ്ടായിരുന്നു. അത് അവളെ ജീവിതത്തിൽ മുന്നോട്ടു നയിച്ചു. പോവുന്നിടത്തെല്ലാം തടസ്സങ്ങൾ മാത്രം. ഒരു കോണി കേറാൻ പ്രയാസം. കയറ്റം വന്നാൽ പാട്. ആളുകൾ കാണുമ്പൊൾ ആകെ വല്ലാത്ത മുഖഭാവത്തിലാവുന്നു. എന്തുകൊണ്ടും ഒരു സാധാരണ പെൺകുട്ടിയ്ക്ക് സഹിക്കാൻ വയ്യാത്ത സാഹചര്യങ്ങൾ. അതിനെ അവൾ ഒന്നൊന്നായി അതിജീവിച്ചു. 

കുട്ടിക്കാലത്ത് തന്നെ നീന്തൽ പഠിച്ചതായിരുന്നു അവളുടെ വഴിത്തിരിവ്. മുട്ടറ്റം വരുന്ന കാലുമായി അവൾ നീന്തൽക്കുളത്തിൽ തലങ്ങും വിലങ്ങും നീന്തി നടക്കുന്നത് ആളുകൾ അത്ഭുതത്തോടെ നോക്കി. അവൾക്ക് സ്വീകാര്യമല്ലാത്തത് അന്നും ഇന്നും ഒന്നുമാത്രമാണ്. 'സഹതാപം'. തന്നെ ആളുകൾ തന്റെ അംഗഭംഗത്തിന്റെ പേരിലും, ദേഹത്തെ പൊള്ളലേറ്റു വികൃതമായ പാടുകളുടെ പേരിലും ആളുകൾ സഹതാപത്തോടെ നോക്കുന്നതും അതിന്റെ പരിഗണനകൾ നൽകുന്നതും അവൾക്ക് ദേഷ്യമാണ്.

" എനിക്കൊരു കുഴപ്പവുമില്ല. നിങ്ങളെ എല്ലാവരേയും പോലെത്തന്നെ ഞാനും ജീവിക്കുന്നു. നിങ്ങൾക്കറിയുമോ..? കുഞ്ഞുങ്ങൾ നാലാണ് എനിക്ക്.. അവരെയൊക്കെ ഒരാളുടെയും സഹായമില്ലാതെ തന്നെ ഞാൻ വളർത്തി വലുതാകുന്നു. മൂത്തവൾക്ക് വയസ്സ് 15. തൊട്ടു താഴെയുള്ളവന് 14 . അതിന്റെ താഴെയുള്ളവൾക്ക് ഒമ്പതു വയസ്സ്.. ഏറ്റവും ഇളയ പെൺകുട്ടിയ്ക്ക് രണ്ടു വയസ്സ് തികയാൻ പോവുന്നു." അവൾ പറഞ്ഞു.

" നാല് മക്കളാണ് ജീവിതം മുന്നോട്ടു നയിക്കാനുള്ള എന്റെ പ്രചോദനം. അവർ കൂടെയുണ്ടെങ്കിൽ എല്ലാ ദിവസവും അഡ്‌വെഞ്ചറസ് ആണ്. തീപിടുത്തത്തിൽ എന്റെ രണ്ടുകാലും നഷ്ടപ്പെട്ടത് ഒരു കണക്കിന് നന്നായി. കാരണം, മനക്കരുത്തോടെ പോരാടിയാലേ കാര്യങ്ങൾ നടക്കൂ എന്ന് അതെന്നെ ആദ്യമേ പഠിപ്പിച്ചു. .." ജെസ്സീക്ക പറഞ്ഞു.

കുടുംബം എന്നും തന്റെ കൂടെയുണ്ടായിരുന്നു എന്ന് ജെസ്സീക്ക പറയുന്നു. എന്നാൽ ഒരു തൊഴിൽ ചെയ്ത് കുടുംബം പോറ്റുക അത്ര എളുപ്പമല്ലായിരുന്നു. മുതിർന്നപ്പോഴേക്കും ജെസീക്കയ്ക്ക് കൃത്രിമക്കാലുകൾ കിട്ടിയിരുന്നു. അതുമായി വെയ്റ്റർ ജോലി ചെയ്യാൻ വേണ്ടി ജെസീക്ക സമീപിച്ച പല റെസ്റ്റോറന്റുകളും അവളെക്കണ്ട് കസ്റ്റമേഴ്‌സ് പേടിക്കും എന്ന് കാരണം പറഞ്ഞുകൊണ്ട് അവളെ നിരസിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഒരു മിഡ് വൈഫ് ആകാൻ വേണ്ടി പഠിക്കാൻ യൂണിവേഴ്‌സിറ്റിയിൽ ചെന്നപ്പോൾ നിങ്ങളുടെ ശാരീരികാവസ്ഥയിൽ ആ ജോലിയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പറ്റില്ലെന്ന് പറഞ്ഞ് ഒരു ലെക്സചറർ ജെസ്സീക്കയെ പിന്തിരിപ്പിച്ചിരുന്നു. 

" തെരുവിലൂടെ നടക്കുമ്പോൾ പലരും എന്നെ തുറിച്ചു നോക്കാറുണ്ട്.. അതുകൊണ്ടൊന്നും തളരാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. " ജെസ്സീക്ക പറഞ്ഞു. പലർക്കും എന്നിലെ നെഗറ്റീവ്സ് മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ.. അവർ എന്നെപ്പറ്റി വളരെ വേഗത്തിൽ ജഡ്ജ്‌മെന്റുകളിൽ എത്തുന്നു. പക്ഷേ, ജീവൻ നിലനിർത്താൻ പറ്റുന്നതിൽ, ഈ ലോകത്ത് എന്റെ മക്കളോടൊപ്പം സന്തോഷത്തോടെ കഴിയാൻ പറ്റുന്നതിൽ മാത്രം എനിക്ക് എന്തുമാത്രം സന്തോഷമുണ്ടെന്ന് നിങ്ങൾക്കറിയില്ല.. അവരുടെ ജീവിതങ്ങളിൽ ദൈവം സഹായിച്ച് അവരുടെ അമ്മയുടെ ശരീരത്തിന്റെ അവശതകൾ കൊണ്ട് ഇന്ന് ഈ നിമിഷം വരെ യാതൊരു കുറവും ഉണ്ടാവാതെ ഞാൻ നോക്കിയിട്ടുണ്ട്.. അതിലെനിക്ക് ദൈവത്തോട് നന്ദിയുണ്ട്.. ഇനിയങ്ങോട്ട് എങ്ങനെ എന്നറിയില്ല.. ഈ നിമിഷം ഞാൻ പൂർണ്ണമായും ആസ്വദിച്ചു തന്നെ ജീവിക്കുന്നു.. നിങ്ങളും ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് അങ്ങനെ തന്നെ ചെയ്യുക.." ജെസ്സീക്ക പറഞ്ഞു.