അതിഥികൾ ഞെട്ടലോടെ എന്നാൽ നിശബ്ദരായി അവളെ നോക്കുകയാണ്. ഇതേ യൂസർ പങ്കുവച്ചിരിക്കുന്ന മറ്റൊരു വീഡിയോയിൽ പഴങ്ങളടക്കം വിവിധ സാധനങ്ങൾ നിലത്ത് ചിതറിക്കിടുന്നതാണ് കാണുന്നത്.
ഡെൻവറിലെ ഒരു ആഡംബര ഹോട്ടലിൽ ദേഷ്യം കൊണ്ട് ബ്രേക്ക്ഫാസ്റ്റ് ബാർ നശിപ്പിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ. രാത്രി മുഴുവൻ ജോലി ചെയ്ത ശേഷം ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ അരിശം വന്നാണ് യുവതി ഇങ്ങനെ പ്രവർത്തിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ടിക്ടോക്കിലാണ് വീഡിയോ ആദ്യം വൈറലായത്. യുവതി പ്രഭാതഭക്ഷണം വലിച്ചെറിയുന്നിടത്ത് നിന്നും അതിഥികൾ തിടുക്കത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
@letaleja എന്ന യൂസറാണ് വീഡിയോ ടിക്ടോക്കിൽ ഷെയർ ചെയ്തത്. ഡെൻവറിലെ ഒരു ഹോട്ടലിലാണ് താൻ ഈ രംഗം ചിത്രീകരിച്ചത് എന്നും അവർ പറയുന്നു. വീഡിയോയിൽ ആദ്യം കാണുന്നത് യുവതി ഹോട്ടലിന്റെ ഫ്രണ്ട് ഡെസ്കിൽ നിൽക്കുന്നതാണ്. അവിടെ നിന്നും ദേഷ്യപ്പെടുന്നതും കാണാം. തുടർന്ന് അവൾ ഫ്രണ്ട് ഡെസ്കിൽ നിന്ന് മാറി ബ്രേക്ക്ഫാസ്റ്റ് ബാർ സ്ഥാപിച്ചിരുന്ന മുറിയിലേക്ക് നടക്കുന്നതും കാണാം. പിന്നീട്, ദേഷ്യത്തോടെ അത് നശിപ്പിക്കാനും തുടങ്ങി.
പാൽ നിറച്ച ഒരു ജാറിൽ നിന്നും പാൽ നിലത്തേക്ക് ഒഴിച്ച് കളയുന്നതും വീഡിയോയിൽ കാണാം. കോഫി പോഡുകളുടെ ഒരു ട്രേ അവൾ നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തു. അതിഥികൾ ഞെട്ടലോടെ എന്നാൽ നിശബ്ദരായി അവളെ നോക്കുകയാണ്. ഇതേ യൂസർ പങ്കുവച്ചിരിക്കുന്ന മറ്റൊരു വീഡിയോയിൽ പഴങ്ങളടക്കം വിവിധ സാധനങ്ങൾ നിലത്ത് ചിതറിക്കിടുന്നതാണ് കാണുന്നത്.
നിരവധിപ്പേരാണ് വിവിധ കമന്റുകൾ വീഡിയോയ്ക്ക് നൽകിയത്. ചിലരെല്ലാം യുവതി ചെയ്തത് വളരെ തെറ്റാണ് എന്നാണ് കമന്റുകൾ നൽകിയത്. എന്നാൽ അതേസമയം യുവതിയുടെ അവസ്ഥ നമുക്ക് അറിയില്ല, പെട്ടെന്ന് ജോലി പോയി എന്ന് അറിഞ്ഞപ്പോൾ അറിയാതെ ഇങ്ങനെ പ്രതികരിച്ചതും ആവാം എന്നും പറഞ്ഞവരുണ്ട്.
