Asianet News MalayalamAsianet News Malayalam

കൊടുങ്കാറ്റായി കാട്ടുതീ;ലോകത്തെ ഏറ്റവും വലിയ വൃക്ഷങ്ങളെ തീപിടിക്കാത്ത പുതപ്പു കൊണ്ട് മൂടുന്നു

കാട്ടുതീയില്‍നിന്നു രക്ഷപ്പെടുത്താന്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള അപൂര്‍വ്വമായ മരങ്ങളെ  തീ പിടിക്കാത്ത തരം പുതപ്പുകള്‍ കൊണ്ട് പുതപ്പിക്കുന്നു.
 

Firefighters wraps around worlds largest trees in california
Author
California, First Published Sep 17, 2021, 8:00 PM IST

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള അപൂര്‍വ്വമായ മരങ്ങളെ  കാട്ടുതീയില്‍നിന്നു രക്ഷപ്പെടുത്താന്‍ തീ പിടിക്കാത്ത തരം പുതപ്പുകള്‍ കൊണ്ട് പുതപ്പിക്കുന്നു. കാലിഫോര്‍ണിയയില്‍ ആയിരക്കണക്കിന് ഏക്കറുകള്‍ ചുട്ടെരിച്ച് പടരുന്ന കാട്ടുതീയെ ഭയന്നാണ് അപൂര്‍വ്വമായ നടപടി. ലോകപ്രശസ്തമായ സെക്കോയ നാഷനല്‍ പാര്‍ക്കിലുള്ള അമൂല്യമായ വന്‍മരങ്ങളെ കാട്ടുതീയില്‍നിന്നും കരകയറ്റുകയാണ് ലക്ഷ്യം. 

കാലിഫോര്‍ണിയയിലെ പാരഡൈസ് ആന്റ് കോളനി പ്രദേശത്തുനിന്നും കത്തിപ്പടര്‍ന്ന കാട്ടുതീ ഇക്കഴിഞ്ഞ ദിവസത്തോടെ എണ്ണായിരം ഏക്കര്‍ പ്രദേശം വിഴുങ്ങിയതായാണ് കണക്ക്. കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിന് 353 പേരടങ്ങിയ അഗ്‌നിശമന സേന കഠിനപ്രയത്‌നത്തിലാണ്. ഹെലികോപ്റ്ററുകളും വെള്ളം തളിക്കുന്ന വിമാനങ്ങളും ഉപയോഗിച്ചാണ് തീ കെടുത്താന്‍ ശ്രമം നടക്കുന്നത്. 

 

Firefighters wraps around worlds largest trees in california

അതിനിടെയാണ്, ലോസ് ഏഞ്ചലസില്‍നിന്നും 200 മൈല്‍ വടക്കുള്ള പ്രശസ്തമായ സെക്കോയ നാഷനല്‍ പാര്‍ക്കിലേക്ക് കാട്ടുതീ  വ്യാപിക്കുമോ എന്ന ഭയമുണ്ടായത്. തുടര്‍ന്നാണ് തീ പിടിക്കാത്ത പുതപ്പുകളാല്‍ ഇവയെ മൂടിയത്. പുതപ്പുകള്‍ക്കു മീതെ അലൂമിനിയം ഫോയിലുകളും മൂടിയിട്ടുണ്ട്. 

ലോകത്തെ ഏറ്റവും വലിയ മരങ്ങളില്‍ ചിലത് ഈ നാഷനല്‍ പാര്‍ക്കിലെ ജയന്റ് ഫോറസ്റ്റിലാണ് ഉള്ളത്. 2000 സെക്കോയ മരങ്ങളാണ് ഇവിടെയുള്ളത്. ഭൂമിയിലെ ഏറ്റവും വമ്പന്‍ മരമായ ജനറല്‍ ഷെര്‍മാന്‍ അതില്‍ പെടുന്നു. 2500 വര്‍ഷം പഴക്കമുള്ള മഹാവൃക്ഷമാണിത്. ഇതടക്കം പുരാതനമായ അനേകം മരങ്ങളെ തീ പിടിക്കാത്ത പുതപ്പുകളാല്‍ മൂടിക്കഴിഞ്ഞു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ അനേകം വന്‍മരങ്ങളുള്ള സവിശേഷമായ മേഖലയാണ് ഇതെന്നും ആ പ്രാധാന്യത്തോടെയാണ് ഇവയെ രക്ഷിക്കാന്‍ നടപടി എടുക്കുന്നതെന്നും നാഷനല്‍ പാര്‍ക്ക് വക്താവ് അറിയിച്ചു. 

കാലാവസ്ഥാ മാറ്റവും അത്യുഷ്ണവും വരള്‍ച്ചയും കാരണം കാലിഫോര്‍ണിയയില്‍ കാട്ടുതീ പതിവാകുകയാണ്. ഈ വര്‍ഷം മാത്രം 7400 കാട്ടുതീയാണ് ഇവിടെ ഉണ്ടായത്. 22 ലക്ഷം ഏക്കര്‍ സ്ഥലമാണ് ഇതുവരെ കാട്ടുതീ വിഴുങ്ങിയത്. 

Follow Us:
Download App:
  • android
  • ios