തന്‍റെ കിടക്കയ്ക്ക് സമീപം പല തവണ പ്രത്യക്ഷപ്പെട്ട സോണയുടെ പ്രേതം, എഡ്വേര്‍ഡ് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തന്നോട് പറഞ്ഞതായി അവര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍, ബന്ധുക്കള്‍ മേരിയുടെ വാക്കുകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കിയില്ല.

സ്വന്തം മരണത്തിന്‍റെ ചുരുളഴിച്ച ഒരു യുവതിയുടെ കേസാണിത്. അല്പം പഴക്കമുള്ളത്. പഴക്കമെന്ന് വച്ചാല്‍ 1897 ല്‍ നടന്ന സംഭവം. അങ്ങ് യുഎസിലെ ഗ്രീൻബ്രിയർ കൗണ്ടിയിലെ ലൂയിസ്ബർഗിന് പുറത്താണ് സംഭവം നടന്നത്. അതിനാല്‍ തന്നെ ഈ കേസ് 'ഗ്രീൻബ്രിയർ പ്രേത കേസ്' എന്നാണ് അമേരിക്കന്‍ കുറ്റാന്വേഷണ വിഭാഗത്തില്‍ അറിയിപ്പെടുന്നതും. സോന എന്നറിയപ്പെട്ടിരുന്ന എൽവ സോണ ഹീസ്റ്റർ ഷൂ, എഡ്വേർഡ് എന്ന കരിസ്മാറ്റിക് സ്വഭാവമുള്ള കൊല്ലപ്പണിക്കാരനെയാണ് വിവാഹം കഴിച്ചത്. എന്നാല്‍, വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സോണയെ ദുരൂഹ സാഹചപര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹ പരിശോധനയ്ക്ക് ഒരു പ്രാദേശിക ഡോക്ടറും ഒരു അന്വേഷണ ഉദ്യോഗസ്ഥനും എത്തി. മൃതദേഹം കണ്ടെത്തി ഒരു മണിക്കൂറിന് ശേഷമാണ് ഇവര്‍ സംഭവ സ്ഥലത്ത് എത്തിയത്. 

പരിശോധനയ്ക്കിടെ എഡ്വേർഡ് വളരെ വൈകാരികമായിട്ടായിരുന്നു ഇടപെട്ടത്. അയാള്‍ ഭാര്യയുടെ മ‍ൃതദേഹത്തിന് അടുത്ത് നിന്ന് മാറാന്‍ കൂട്ടാക്കിയില്ല. ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവിനുള്ള വേദന തിരിച്ചറിഞ്ഞ അന്വേഷണോദ്ധ്യോഗസ്ഥന്‍ പെട്ടെന്ന് തന്നെ നടപടികള്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് 'ബോധക്ഷയത്തെ' തുടര്‍ന്നുണ്ടായ മരണമാണെന്നും പിന്നീട്, മരണം ഗര്‍ഭാവസ്ഥയെ തുടര്‍ന്നുണ്ടായതാണെന്നും റിപ്പോര്‍ട്ടെഴുതി. ശവസംസ്കാരത്തിനായി പരമ്പരാഗതമായ ആചാര രീതികളില്‍ നിന്നും വ്യത്യസ്തമായി എഡ്വേര്‍ഡ്, തന്‍റെ ഭാര്യയെ ഉയര്‍ന്ന കോളറുള്ള കട്ടിയുള്ള വസ്ത്രമാണ് ധരിപ്പിച്ചിരുന്നത്. മാത്രമല്ല, ശവസംസ്കാര ചടങ്ങുകള്‍ക്കായി സോണയുടെ ബന്ധുക്കള്‍ മൃതദേഹത്തിനടുത്തേക്ക് വരുന്നതും എഡ്വേര്‍ഡ് തടഞ്ഞു. അയാള്‍ സദാനേരവും മൃതദേഹത്തിന് കാവല്‍ നിന്നു. എന്നാല്‍, മൃതദേഹം സംസ്കരിക്കാനായി എടുത്തപ്പോള്‍ സോണയുടെ കഴുത്തിന് പതിവില്‍ കവിഞ്ഞ ചലനമുണ്ടായിരുന്നതായി ബന്ധുക്കള്‍ക്ക് സംശയം തോന്നി. 

ഇതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. കടുത്ത വിശ്വാസിയോ പ്രേതങ്ങളില്‍ വിശ്വാസമോ ഇല്ലാതിരുന്ന സോണയുടെ അമ്മ, മേരി ജെയ്ന്‍ ഹീസ്റ്റര്‍ ഒരു മാസത്തിന് ശേഷം മകളുടെ പ്രേതത്തെ കണ്ടതായി ബന്ധുക്കളോട് പറഞ്ഞു. തന്‍റെ കിടക്കയ്ക്ക് സമീപം പല തവണ പ്രത്യക്ഷപ്പെട്ട സോണയുടെ പ്രേതം, എഡ്വേര്‍ഡ് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തന്നോട് പറഞ്ഞതായി അവര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍, ബന്ധുക്കള്‍ മേരിയുടെ വാക്കുകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കിയില്ല. തുടര്‍ന്ന് മേരി, തന്‍റെ അനുഭവം ഗ്രീൻബ്രിയർ കൗണ്ടിയുടെ പ്രോസിക്യൂട്ടിംഗ് അറ്റോർണിയെ അറിയിച്ചു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത അദ്ദേഹം സോണയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. സോണയുടെ കഴുത്തും ശ്വാസനാളവും തകര്‍ന്നതായി മൃതദേഹ പരിശോധനയില്‍ അദ്ദേഹം കണ്ടെത്തി. ഇങ്ങനെ പ്രേതം സ്വന്തം മരണം സാക്ഷ്യപ്പെടുത്തിയ ആദ്യ കേസായി സോണയുടെ മരണം മാറി. 

വെസ്റ്റ് വിർജീനിയ സ്റ്റേറ്റ് ആർക്കൈവ്സ് ഡോക്യുമെന്‍റിൽ, സോണയുടെ കഴുത്ത് ആദ്യത്തെ ജോയന്‍റില്‍ തന്നെ ഞെരിഞ്ഞമര്‍ന്നതായി മേരി പറ‌ഞ്ഞെന്നും പരിശോധനയില്‍ അത് ശരിയാണെന്ന് കണ്ടെത്തിയതായും പറയുന്നു. എന്നാല്‍, അന്വേഷണോദ്ധ്യോഗസ്ഥന്‍ മേരിയോട് മരണാനന്തരം മകളുടെ കഴുത്ത് കണ്ടിരുന്നോയെന്ന് ചോദിച്ചതായും അതിന് സംസ്കാരിക്കാനായി മൃതദേഹം എടുത്തപ്പോള്‍ അവള്‍ തല ചെരിച്ച് തന്നോട് എന്തോ പറയാന്‍ ശ്രമിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടെന്നും പിന്നീട് ആദ്യ പ്രേതക്കാഴ്ചയില്‍ തന്നെ മകള്‍ തന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞതായും മേരി അന്വേഷണോദ്ധ്യോഗസ്ഥരെ അറിയിച്ചു. 

മൃതദേഹ പരിശോധനയ്ക്ക് പിന്നാലെ ഏഡ്വേര്‍ഡിനെ വിചാരണ ചെയ്തു. വെറും ഒരു മണിക്കൂറും പത്ത് മിനിറ്റും ചോദ്യം ചെയ്തപ്പോള്‍ തന്നെ ഏഡ്വേര്‍ഡ് കുറ്റം സമ്മതിച്ചെന്നും പ്രേത സാക്ഷ്യത്തിന് പകരം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിന്നീട് ശിക്ഷ വിധിച്ചതെന്നും സ്റ്റേറ്റ് ആർക്കൈവ്സ് ഡോക്യുമെന്‍റ് റിക്കോര്‍ഡില്‍ പറയുന്നു. തടവിലാക്കപ്പെട്ട ഏഡ്വേര്‍ഡ് 1900 ല്‍ മരിച്ചു. മേരി 1916 വരെ ജീവിച്ചിരുന്നു. പിന്നീട് സോണയുടെ കഥ നിരവധി വകഭേദങ്ങളോടെ നാടോടിക്കഥകളായി ഒരു നൂറ്റാണ്ടിനിപ്പുറത്തേക്കും പ്രചരിക്കുന്നു. ഒരു പ്രേത സാക്ഷ്യം കുറ്റവാളിയിലേക്കും കൊലപാതക ശിക്ഷയിലേക്കും നയിച്ച ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു സംഭവം 'ഗ്രീൻബ്രിയർ പ്രേത കേസ്' മാത്രമാണ്.