അമേരിക്കയിലെ ആദ്യത്തെ സിഖ് പൊലീസുദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം ടെക്സാസില്‍ വെടിയേറ്റ് മരിച്ച സന്ദീപ് സിങ് ധാലിവാല്‍. തന്‍റെ വിശ്വാസത്തിന്‍റെ ഭാഗമായ തലപ്പാവ് ധരിച്ചായിരുന്നു അദ്ദേഹം ജോലിക്കെത്തിയിരുന്നത്. ടെക്സാസിലെ മിക്കവര്‍ക്കും പരിചയക്കാരനായിരുന്നു സന്ദീപ് സിങ്. കാരണം, അദ്ദേഹത്തിന്‍റെ തലപ്പാവും താടിയും തന്നെ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം.

ട്രാഫിക് ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ് അതിക്രൂരമായി സന്ദീപ് സിങ് കൊല്ലപ്പെടുന്നത്. കൊലയാളി വന്ന കാര്‍ സന്ദീപ് സിങ് തടയുകയായിരുന്നു. കാറില്‍ അയാളെ കൂടാതെ ഒരു സ്ത്രീ കൂടിയുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയതോടെ അതിലുണ്ടായിരുന്നയാള്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്തശേഷം കൊലയാളിയും സ്ത്രീയും അടുത്തുള്ള ഷോപ്പിങ് സെന്‍ററിലേക്ക് ഓടിപ്പോയതായും പറയുന്നു. 

സന്ദീപ് സിങ്ങിന്‍റെ ഡാഷ് കാമില്‍ നിന്നുള്ള വീഡിയോ അക്രമികളെ കണ്ടെത്താനുള്ള അന്വേഷണത്തിനുപയോഗിച്ചു. തോക്കുധാരിയെയും യുവതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോബര്‍ട്ട് സോളില് എന്നയാളാണ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിനുള്ള കാരണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണ്. 

കൊല്ലപ്പെട്ട സന്ദീപ് സിങ് ദലിവാൾ വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായിരുന്നു. വളരെ ദയാലുവും സ്നേഹമുള്ളവനുമായിരുന്നു സന്ദീപ് സിങ് എന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. 'സന്ദീപ് ദാലിവാൾ ഒരു മാര്‍ഗ്ഗദര്‍ശ്ശി തന്നെയായിരുന്നു. പലർക്കും അദ്ദേഹം ഒരു മാതൃകയായിരുന്നു. അദ്ദേഹം തന്റെ സമൂഹത്തെ ബഹുമാനത്തോടും അഭിമാനത്തോടും കൂടി പ്രതിനിധീകരിച്ചു.' -കമ്മീഷണർ അഡ്രിയാൻ ഗാർസിയ പറഞ്ഞു. ടെക്സാസില്‍ ചരിത്രം സൃഷ്‍ടിച്ച ഉദ്യോഗസ്ഥനാണ് സന്ദീപ് സിങ്. തന്‍റെ സിഖ് മതവിശ്വാസത്തിലൂന്നിത്തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. തലപ്പാവും താടിയും എപ്പോഴും അദ്ദേഹം സൂക്ഷിച്ചു. തലപ്പാവ് ധരിച്ച് തന്നെയാണ് പട്രോളിങ്ങിനും മറ്റും അദ്ദേഹം ഇറങ്ങിയിരുന്നത്. അതിനുള്ള അനുവാദം അദ്ദേഹത്തിനുണ്ടായിരുന്നു. 

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സന്ദീപ് സിങ്ങിന്‍റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി ട്വീറ്റ് ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞത് സിഖ് സമുദായത്തെ അഭിമാനത്തോടുകൂടി പ്രതിനിധാനം ചെയ്തയാളാണ് സന്ദീപ് സിങ് എന്നാണ്. ടെക്സാസിലെ ഉദ്യോഗസ്ഥരും കൊലയില്‍ നടുക്കവും വേദനയും രേഖപ്പെടുത്തി. കൂടാതെ, നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റിട്ടത്.