Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ഭൂ​ഗർഭ കൽക്കരി ഖനിയിൽ ആദ്യമായി ഒരു വനിതാ എഞ്ചിനീയർ, ചരിത്രം കുറിച്ച് ആകാൻക്ഷ കുമാരി

ട്വീറ്റില്‍ നിരവധി പേരാണ് ആകാന്‍ക്ഷയെ അഭിനന്ദിച്ചിരിക്കുന്നത്. അവള്‍ ഒരു യഥാര്‍ത്ഥ പ്രചോദനം തന്നെയെന്ന് നിരവധി പേര്‍ പറഞ്ഞു. 

first women engineer in underground mines
Author
Churi, First Published Sep 3, 2021, 10:23 AM IST

സ്ത്രീകളിന്ന് സമസ്ത മേഖലകളിലും ജോലി ചെയ്യുന്നുണ്ട്. പുരുഷന്മാർക്ക് മാത്രം എന്ന് ഒരുകാലത്ത് അലിഖിതനിയമങ്ങളുണ്ടായിരുന്ന പലയിടങ്ങളിലും സ്ത്രീകൾ കടന്നുവരികയും നേട്ടം കൈവരിക്കുകയും ചെയ്തു കഴിഞ്ഞു. പുരുഷന്മാർക്ക് മാത്രം എന്ന് കരുതിയിരുന്ന പല തൊഴിലിടങ്ങളിലും ഇന്ന് സ്ത്രീകളെയും കാണാം. അങ്ങനെ പുരുഷന്മാർക്ക് മാത്രമായി ഒരു തൊഴിൽ മേഖല ഇല്ലെന്ന് തെളിയിക്കുന്ന തരത്തിലേക്ക് സ്ത്രീകൾ ചുവട് വയ്പ്പുകൾ നടത്തി കഴിഞ്ഞു. ഇപ്പോഴിതാ, ഭൂ​ഗർഭ കൽക്കരി ഖനികളിലേക്ക് ഒരു വനിതാ എഞ്ചിനീയർ ഊളിയിട്ടിറങ്ങുകയാണ്. 

ഭൂഗർഭ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ ഖനന എഞ്ചിനീയറായി മാറിയിരിക്കുകയാണ് ആകാന്‍ക്ഷ കുമാരി. സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിലെ (സിസിഎൽ) ജീവനക്കാരിയായ ആകാന്‍ക്ഷ, കോൾ ഇന്ത്യയുടെ ചരിത്രത്തില്‍ ഭൂഗർഭ ഖനികളിൽ ജോലി ചെയ്യുന്ന ആദ്യ വനിതയാണ്. 

സിസിഎല്ലിന്‍റെ ജാർഖണ്ഡിലെ വടക്കൻ കരൻപുര പ്രദേശത്തെ ചൂരി ഭൂഗർഭ ഖനികളിലാണ് ആകാൻക്ഷ ജോലിക്കായി ചേർന്നത്. സിസിഎല്ലിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചരിത്രപരമായ ഈ കാര്യം പങ്കുവയ്ക്കപ്പെട്ടത്, 'ബിഐടി സിന്ദ്രിയിലെ ബിരുദധാരി, ചുരി യുജി ഖനി, എൻകെ ഏരിയയിൽ ചേർന്നുകൊണ്ട് സ്ത്രീയെന്ന തരത്തിലുള്ള തടസങ്ങളെ തകർത്തു കളഞ്ഞിരിക്കുകയാണ്. സി‌സിഎല്ലിന്റെ ചരിത്രത്തിൽ, ഭൂഗർഭ ഖനികളിൽ ജോലി ചെയ്യുന്ന ആദ്യ വനിതാ മൈനിംഗ് എഞ്ചിനീയറായി അവർ മാറി' എന്നാണ് സിസിഎല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ട്വീറ്റില്‍ നിരവധി പേരാണ് ആകാന്‍ക്ഷയെ അഭിനന്ദിച്ചിരിക്കുന്നത്. അവള്‍ ഒരു യഥാര്‍ത്ഥ പ്രചോദനം തന്നെയെന്ന് നിരവധി പേര്‍ പറഞ്ഞു. കേന്ദ്ര കൽക്കരി, ഖനന, പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയും അവരെ അഭിനന്ദിച്ചു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന ഒരു പുരോഗമന സർക്കാരിന്റെ ഭാഗമെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. കോൾ ഇന്ത്യ ലിമിറ്റഡിലെ രണ്ടാമത്തെ ഖനന എഞ്ചിനീയറും ഇപ്പോൾ ഭൂഗർഭ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന ആദ്യ വനിതയുമാണ് ആകാൻക്ഷ.

ഹസാരിബാഗിലെ ബർകഗാവ് സ്വദേശിയായ ആകാൻക്ഷ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായിരുന്നു. ഒരു ഖനന മേഖലയിൽ വളർന്ന അവൾ കൽക്കരി ഖനന പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കുകയും ധൻബാദിലെ ബിഐടി സിന്ദ്രിയിൽ മൈനിംഗ് എഞ്ചിനീയറിംഗ് പഠിക്കാൻ തീരുമാനിക്കുകയും ചെയ്തു. അവിടെ നിന്നുമാണ് ചരിത്രപരമായ നേട്ടത്തിലേക്കുള്ള ആകാൻക്ഷയുടെ കാൽവയ്പ്. 

Follow Us:
Download App:
  • android
  • ios