വെറും അഞ്ചിഞ്ച് നീളമുള്ള മീനിനെ പുറത്തെടുക്കാൻ രണ്ട് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ചേർന്ന് ഒരു മണിക്കൂർ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. 'രോഗിയുടെ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഡോക്ടർമാർ വളരെ ശ്രദ്ധയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. അവർക്ക് വളരെ കഷ്ടപ്പെടേണ്ടി വന്നു' ആശുപത്രി ഓഫീസർ പറഞ്ഞു.
തായ്‌ലൻഡിൽ (Thailand) മീൻ പിടിക്കാൻ പോയ ഒരു മത്സ്യത്തൊഴിലാളിക്കുണ്ടായത് (fisherman) തീർത്തും അസാധാരണമായ ഒരു അനുഭവമാണ്. എല്ലാ ദിവസത്തെയും പോലെ അന്നും അദ്ദേഹം മീൻ പിടിക്കാൻ പോയതായിരുന്നു. എന്നാൽ, അദ്ദേഹം പിടിക്കാൻ ശ്രമിച്ച മീൻ കുട്ടയിലല്ല വന്ന് വീണത്, മറിച്ച് അയാളുടെ തൊണ്ടയിലാണ്. ഉടക്കുളി ഉപയോഗിച്ച് മത്സ്യത്തൊഴിലാളി മീൻ പിടിക്കുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ഒരു മീൻ വെള്ളത്തിൽ നിന്ന് ചാടി നേരെ അയാളുടെ വായക്കുള്ളിലേക്ക് വീണത്. ശ്വാസംമുട്ടി പ്രയാസപ്പെടുന്ന അയാളെ ഒടുവിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഒരു മത്സ്യത്തൊഴിലാളിയുടെ പതിവ് ദിവസം അങ്ങനെ ആശുപത്രിയിൽ അവസാനിച്ചു. പേര് വെളിപ്പെടുത്താത്ത മത്സ്യത്തൊഴിലാളിക്ക് ഒടുവിൽ ശസ്ത്രക്രിയയും ആവശ്യമായി വന്നു. അങ്ങനെ ആ ഇത്തിരിക്കുഞ്ഞൻ മീൻ കാരണം അയാളുടെ ജീവൻ പോലും അപകടത്തിലായി. ഹോസ്പിറ്റലിൽ എത്തിയപ്പോൾ അത് തൊണ്ടയ്ക്കും നാസികാദ്വാരത്തിനുമിടയിൽ തങ്ങിനിൽക്കുകയായിരുന്നു. ശ്വാസനാളത്തിലൂടെ താഴേക്ക് നീങ്ങാൻ ശ്രമിച്ച അത് അദ്ദേഹത്തിന്റെ ശരീരത്തിലേക്കുള്ള ഓക്സിജൻ തടസ്സപ്പെടുത്തുകയും തൊണ്ടയിൽ കുടുങ്ങുകയും ചെയ്തു. ഇതോടെ കാര്യങ്ങൾ ഗുരുതരമായി. മെയ് 22 -നായിരുന്നു സംഭവം. അദ്ദേഹത്തിന്റെ ഈ വിചിത്രമായ അവസ്ഥ കണ്ട് ഫത്താലുങ് പ്രൊവിൻഷ്യൽ ആശുപത്രിയിലെ ഡോക്ടർമാർ പോലും അമ്പരന്നു. ഇത്തരം ഒരു കേസ് ആദ്യമായാണ് കാണുന്നതെന്ന് അവർ പറഞ്ഞു.
വെറും അഞ്ചിഞ്ച് നീളമുള്ള മീനിനെ പുറത്തെടുക്കാൻ രണ്ട് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ചേർന്ന് ഒരു മണിക്കൂർ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. 'രോഗിയുടെ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഡോക്ടർമാർ വളരെ ശ്രദ്ധയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. അവർക്ക് വളരെ കഷ്ടപ്പെടേണ്ടി വന്നു' ആശുപത്രി ഓഫീസർ പറഞ്ഞു. എന്നാലും, ഒടുവിൽ രോഗിയെ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ആനബാസ് ഇനത്തിൽ പെട്ട മീനാണ് അയാളുടെ വായിൽ കുടുങ്ങിയത്. ഭാഗ്യവശാൽ, അപകടനില തരണം ചെയ്തുവെങ്കിലും, അദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ സ്കാനിംഗിന്റെയും, തൊണ്ടയിൽ നിന്ന് നീക്കം ചെയ്ത മീനിന്റെയും ഫോട്ടോകൾ ഇപ്പോൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
