Asianet News MalayalamAsianet News Malayalam

ഇവര്‍ ഗാന്ധിയെന്ന് പേരുള്ള അഞ്ചുപേര്‍, എങ്ങനെയാണ് ഈ പേര് കിട്ടിയതെന്ന് പറയുന്നു...

അച്ഛനെപ്പോലെ തന്നെ ഗാന്ധിമതിയും ഗാന്ധിജിയുടെ ആരാധികയാണ്. അദ്ദേഹത്തിന്‍റെ ചരിത്രം അറിയുന്നത് തനിക്കിഷ്ടമാണെന്നും അഹിംസ എന്നത് തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും ഗാന്ധിമതി പറയുന്നു.

five gandhi chennai
Author
Chennai, First Published Sep 30, 2019, 4:01 PM IST

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി മക്കള്‍ക്ക് ഗാന്ധി എന്ന് പേരിട്ടവര്‍ വിരളമാകില്ല. എത്രയോ അച്ഛനമ്മമാര്‍ തങ്ങളുടെ മക്കള്‍ക്ക് ഗാന്ധി എന്ന് പേരിട്ടുകാണണം. അങ്ങനെയുള്ള തമിഴ്‍നാട്ടിലെ അഞ്ച് ഗാന്ധിമാരാണ് ഇത്.

കൗശിക് ഗാന്ധി 
ക്രിക്കറ്റ് കളിക്കാരനാണ് കൗശിക് ഗാന്ധി. ജനിച്ചത് ദിണ്ടിഗലിലെ ഗാന്ധിഗ്രാമത്തിലാണ്. കൗശിക് ജനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോള്‍ അവന്‍റെ മാതാപിതാക്കള്‍ ഗാന്ധിഗ്രാം വിടുകയും ചെന്നൈയില്‍ താമസമാക്കുകയും ചെയ്തു. കൗശികിന്‍റെ അച്ഛന്‍ പി മോഹനും ഒരു ക്രിക്കറ്റ് കളിക്കാരനാണ്. തന്‍റെ പേരിന് പോലും കാരണമായിത്തീര്‍ന്ന ഗാന്ധിഗ്രാമിലേക്ക് കൗശിക് ആദ്യമായി പോകുന്നത് തന്‍റെ പത്തൊമ്പതാമത്തെ വയസ്സില്‍ കോളേജ് മാച്ചില്‍ പങ്കെടുക്കാനാണ്. താനവിടെ പോയപ്പോള്‍ എല്ലാവരും തന്നെ സെലിബ്രിറ്റിയെ പോലെയാണ് കണ്ടതെന്നും പലരും അഭിനന്ദിക്കാനായി എത്തിയെന്നും കൗശിക് ഓര്‍ക്കുന്നു. 

തന്‍റെ മുത്തച്ഛനാണ് ഇതെല്ലാം തനിക്ക് കിട്ടാന്‍ കാരണമെന്നും കൗശിക്കിനറിയാം. ഗാന്ധിഗ്രാമിലെ മനുഷ്യരെ സ്വാശ്രയത്വത്തിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാനും അവരെ ഒന്നായിച്ചേര്‍ക്കാനും പരിശ്രമിച്ച വ്യക്തിയായിരുന്നു മുത്തച്ഛന്‍ വി പദ്മനാഭനെന്നും കൗശിക് ഓര്‍ക്കുന്നു. ഗാന്ധിഗ്രാമിലെ ട്രസ്റ്റിന് സംഭാവന നല്‍കാറുണ്ട് കൗശിക്. ഒപ്പം ഗാന്ധിജിയുടെ ആശയങ്ങളെ നെഞ്ചില്‍ സൂക്ഷിക്കുന്ന ആളുമാണ്. 'എനിക്കെന്‍റെ മറുപക്ഷത്തുള്ളവരോട് ബഹുമാനമുണ്ട്. പക്ഷേ, അവരെ ഞാന്‍ ഭയക്കുന്നില്ല' -കൗശിക് പറയുന്നു. 

എം ഗാന്ധിമതി
ഗാന്ധിജിയുടെ ആരാധകനായിരുന്നു ഗാന്ധിമതിയുടെ പിതാവ് കെ ലിങ്കപ്പ. തനിക്ക് ആണ്‍മക്കളുണ്ടാവുകയാണെങ്കില്‍ അവര്‍ക്ക് ഗാന്ധി എന്ന് പേരിടുമെന്ന് അദ്ദേഹം തീരുമാനിച്ചുവെച്ചിരുന്നു. എന്നാല്‍, ലിങ്കപ്പയ്ക്ക് പിറന്നത് മൂന്നും പെണ്‍മക്കളാണ്. അങ്ങനെ മകള്‍ക്ക് ഗാന്ധിമതി എന്ന് പേര് കിട്ടി. തന്‍റെ അച്ഛന്‍ ഗാന്ധിയേയും അദ്ദേഹത്തിന്‍റെ ജീവിതത്തെയും കുറിച്ചുള്ള നിരവധി പുസ്‍തകങ്ങള്‍ വായിക്കുമായിരുന്നുവെന്ന് ഗാന്ധിമതി ഓര്‍ക്കുന്നു. പാചകക്കാരിയാണ് ഗാന്ധിമതി. വെസ്റ്റേണ്‍, അമേരിക്കന്‍, ഇറ്റാലിയന്‍, ഓസ്ട്രേലിയന്‍ വിഭവങ്ങളെല്ലാം അവര്‍വെച്ചുണ്ടാക്കുന്നു. താന്‍ തന്‍റെ ജോലിയെ സ്നേഹിക്കുന്നുവെന്നും ഗാന്ധിമതി പറയുന്നു. 

അച്ഛനെപ്പോലെ തന്നെ ഗാന്ധിമതിയും ഗാന്ധിജിയുടെ ആരാധികയാണ്. അദ്ദേഹത്തിന്‍റെ ചരിത്രം അറിയുന്നത് തനിക്കിഷ്ടമാണെന്നും അഹിംസ എന്നത് തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും ഗാന്ധിമതി പറയുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിന് താന്‍ ഗാന്ധിജിയെയും ഒപ്പം തന്നെ തനിക്ക് ഈ പേര് നല്‍കിയ അച്ഛനേയും ഓര്‍ക്കുമെന്നും ഗാന്ധിമതി പറയുന്നു. 

തിരുമുരുഗന്‍ ഗാന്ധി
തിരുമുരുഗന്‍ എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ 55 ദിവസം ജയിലില്‍ കിടന്നയാളാണ്. മിക്കപ്പോഴും കോടതിമുറിയില്‍ അദ്ദേഹത്തെ കാണാം. ചെന്നൈയിലെ പരിചിതമുഖങ്ങളിലൊന്നാണ് തിരുമുരുഗന്‍. ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷത്തിന്‍റെ അവകാശങ്ങളുമായി ബന്ധപ്പെട്ട മെയ് 17 മൂവ്മെന്‍റിന്‍റെ ഭാഗമായിക്കൊണ്ടാണ് അദ്ദേഹം പരിചിതനാകുന്നത്. ആയിരക്കണക്കിന് വളണ്ടിയര്‍മാരുണ്ട് ഇന്ന് ആ മൂവ്മെന്‍റിന്. അതുകൊണ്ട് തന്നെ നിരവധി കുറ്റങ്ങളും തിരുമുരുഗന്‍റെ മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്. 2018 -ലാണ് അവസാനമായി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. യുഎന്‍ ഹ്യുമന്‍ റൈറ്റ്സ് കൗണ്‍സിലില്‍ തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പിനെ കുറിച്ച് സംസാരിച്ചിട്ട് വന്നതിന് പിന്നാലെയാണിത്. 55 ദിവസം തിരുമുരുഗന്‍ ജയിലില്‍ കിടന്നു. ഗാന്ധിജിയും ജയിലില്‍ കിടന്നിട്ടുണ്ടല്ലോ എന്നും തിരുമുരുഗന്‍ ചോദിക്കുന്നു. 

തിരുമുരുഗന്‍റെ മുത്തച്ഛനും ഒരു ഗാന്ധി ആരാധകനായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി അംഗവും അതിനാല്‍ തിരുമുരുഗന്‍റെ അച്ഛനും അദ്ദേഹം ഗാന്ധി എന്ന് പേര് നല്‍കി. പെരിയാര്‍, ബി ആര്‍ അംബേദ്‍കര്‍, കാള്‍ മാര്‍ക്സ്, പ്രഭാകരന്‍ എന്നിവരെയെല്ലാം ആരാധിക്കുന്നവനാണ് തിരുമുരുഗന്‍. ബ്രിട്ടീഷ് ആധിപത്യത്തെ വെല്ലുവിളിച്ചിരുന്നതടക്കം ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ട് തിരുമരുഗന്. പക്ഷേ, അദ്ദേഹത്തിന്‍റെ പൊളിറ്റിക്കല്‍ ഫിലോസഫിയെ തിരുമരുഗന്‍ ചോദ്യം ചെയ്യുന്നുമുണ്ട്. ജാതി വ്യവസ്ഥ ഇല്ലാതാക്കുന്നതിന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ലെന്നും തിരുമുരുഗന്‍ പറയുന്നു. 

ആര്‍ ക്രിസ്റ്റോദാസ് ഗാന്ധി
ക്രിസ്റ്റോദാസ് ഒരു ഐഎഎസ് ഓഫീസറായിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു ഗാന്ധിയനായിരുന്നില്ലെങ്കിലും തന്‍റെ മകന് പേര് നല്‍കിയത് ഗാന്ധി ചേര്‍ത്തായിരുന്നു. ചെന്നൈയില്‍ പൊലീസ് സൂപ്രണ്ടായിരുന്നു ക്രിസ്റ്റോദാസിന്‍റെ അച്ഛന്‍ എം രാംദാസ്. പട്ടികജാതിയില്‍ പെട്ട രാംദാസ് മകനെ നിരന്തരം വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുമായിരുന്നു. അതുതന്നെയാണ് സിവില്‍ സര്‍വീസ് സ്വപ്നങ്ങള്‍ക്ക് കരുത്തായതും. 

പക്ഷേ, അംബേദ്‍കറെ പഠിച്ചതോടെ സാമൂഹ്യാവസ്ഥയെ മനസിലാക്കിയതോടെ ഗാന്ധിജിയെ കുറിച്ച് കൂടുതല്‍ വ്യക്തത തനിക്ക് കൈവന്നുവെന്നും ക്രിസ്റ്റോദാസ് പറയുന്നുണ്ട്. തങ്ങളെ വെള്ളക്കാരില്‍നിന്നും മോചിപ്പിച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിലെ വെള്ളക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താത്തതെന്ന് ക്രിസ്റ്റോദാസ് ചോദിക്കുന്നുണ്ട്. ഇന്ത്യയുടെ ദലിത് ജനതയ്ക്ക് വേണ്ടി ഗാന്ധിജി എന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിക്കുന്നു. ഒപ്പം അത് നിലനില്‍ക്കുന്നതില്‍ ഗാന്ധിജിക്ക് പങ്കുണ്ടെന്നും ക്രിസ്റ്റോദാസ് പറയുന്നുണ്ട്. ഐ‌എ‌എസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച വർഷങ്ങളിലുടനീളം, താൻ ഒരിക്കലും പേര് വെളിപ്പെടുത്തിയിട്ടില്ല, തന്റെ ഒരു ഓഫീസിലും ഗാന്ധിയുടെ ഛായാചിത്രം ഇല്ല എന്നും ഞാൻ അംബേദ്കർ വഴിയോ എന്റെ വഴിയോ കാര്യങ്ങൾ ചെയ്തുവെന്നും അദ്ദേഹം പറയുന്നു. 

വൈദ്യലിങ്കം ഗാന്ധി 
വൈദ്യലിങ്കം ഗാന്ധി അഞ്ച് മക്കളില്‍ നാലാമനാണ്. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയിലാണ് വൈദ്യലിങ്കം. അദ്ദേഹത്തിന്‍റെ പേര് മാത്രമല്ല സഹോദരങ്ങളുടെ പേരിലുമുണ്ട് ഈ വൈവിധ്യം. അദ്ദേഹത്തിന്‍റെ ആദ്യത്തെ സഹോദരിയുടെ പേര് വിക്ടോറിയ (വിക്ടോറിയ രാജകുമാരിയില്‍ നിന്ന്), പിന്നത്തെ സഹോദരന്‍ കെന്നഡി (ജോണ്‍ എഫ് കെന്നഡി), ചാള്‍സ് ആംസ്ട്രോങ് (പ്രിന്‍സ് ആംസ്ട്രോങ്,നീല്‍ ആംസ്ട്രോങ്), ഇളയ സഹോദരന്‍റെ പേര് നെഹ്റു (ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്ന്). തന്‍റെ ഗ്രാമത്തില്‍ പ്രശസ്തരുടെ പേരുള്ള സഹോദരങ്ങളായി തങ്ങള്‍ മാത്രമേയുള്ളൂവെന്ന് വൈദ്യലിങ്കം പറയുന്നു. അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു ഗാന്ധി ആരാധാകനും കോണ്‍ഗ്രസ് പാര്‍ട്ടി അംഗവുമായിരുന്നു. കൃഷിയും റിയല്‍ എസ്റ്റേറ്റുമാണ് വൈദ്യലിങ്കത്തിന്‍റെ ജീവിതമാര്‍ഗ്ഗം.  

ഇവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിലെ ലേഖനം വായിക്കാം. 


 

Follow Us:
Download App:
  • android
  • ios