Asianet News MalayalamAsianet News Malayalam

ഉറങ്ങാൻ വേണ്ടി ഒരു ബസ് ട്രിപ്പ്, പുതിയ വിനോദസഞ്ചാരപദ്ധതിയുമായി ഹോങ്കോങ്

യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുൻപ് ഒരു ഐ-മാസ്കും ഇയർ പ്ലഗുകളും അടങ്ങുന്ന ഒരു ബാഗും സൗജന്യമായി നൽകുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആദ്യ യാത്ര. 

five hour bus trip for sleep
Author
Hong Kong, First Published Oct 21, 2021, 2:41 PM IST

ചിലർ ബസിൽ കയറിയാൽ മതി ഉറക്കം തൂങ്ങാൻ തുടങ്ങും. ഇന്ന് കൊവിഡും(covid), ലോക്ക്ഡൗൺ(lock down) നിയന്ത്രണങ്ങളും കാരണം യാത്രകൾക്ക് പൂട്ട് വീണു കിടക്കുമ്പോൾ, ആരും ആഗ്രഹിക്കുന്നതാണ് പഴയപോലെ ഒരു ബസ് യാത്ര. ഹോങ്കോങ്ങിലെ(Hong Kong) താമസക്കാരും യാത്രകൾ വളരെ മിസ്സ് ചെയ്യുന്നവരാണ്. അവരെ ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്ത് ഒരു പുതിയ ടൂറിസം പദ്ധതി ആരംഭിച്ചിരിക്കയാണ്. എന്നാൽ, ഇതിലൊരു പ്രത്യേകത കാഴ്ചകൾ കാണാൻ മാത്രമുള്ളതല്ല ഈ യാത്ര, മറിച്ച് ഉറങ്ങാനും കൂടിയുള്ളതാണ്. ഉറങ്ങാൻ കഴിയാത്ത ആളുകൾക്കായിട്ടാണ് ഈ പുതിയ പദ്ധതി.  

ഒരു സാധാരണ ഡബിൾ ഡെക്കർ ബസിൽ അഞ്ച് മണിക്കൂർ നേരമാണ് യാത്ര. ആ യാത്രയിൽ 76 കിലോമീറ്ററോളം ദൂരം സഞ്ചരിക്കും. എന്നാൽ, ഈ ദീർഘദൂര യാത്രകളിൽ നിങ്ങൾക്ക് സുഖമായി സീറ്റിൽ കിടന്ന് ഉറങ്ങാം. ക്ഷീണിതരായ യാത്രക്കാർ ബസിലും ട്രെയിനിലും ഇരുന്ന് ഉറങ്ങുന്നത് കണ്ടിട്ടില്ലേ, അത്തരക്കാർക്കുള്ളതാണ് ഇത്. "ഞങ്ങൾ പുതിയ ടൂർ പദ്ധതികൾ ആലോചിക്കുമ്പോഴാണ്, എന്റെ സുഹൃത്ത് പറഞ്ഞ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഞാൻ കണ്ടത്. ജോലിയുടെ സമ്മർദ്ദം മൂലം ഉറക്കം നഷ്ടപ്പെട്ട ഒരാളുടെ കാര്യമായിരുന്നു അത്. അയാൾക്ക് രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. എന്നാൽ, ബസിൽ യാത്ര ചെയ്യുന്ന സമയം അയാൾക്ക് എല്ലാം മറന്ന് നന്നായി ഉറങ്ങാൻ കഴിഞ്ഞു. അങ്ങനെയാണ് യാത്രക്കാർക്ക് ബസിൽ ഉറങ്ങാൻ അനുവദിക്കുന്ന ഒരു ടൂർ എന്ന ആശയം ജനിച്ചത്" ഉലു ട്രാവലിന്റെ മാർക്കറ്റിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ കെന്നത്ത് കോംഗ് പറഞ്ഞു.  

ഒരാൾക്ക് മുകളിലോ താഴെയോ ഉള്ള സീറ്റുകൾ തിരഞ്ഞെടുക്കാം. $ 13 മുതൽ $ 51 വരെയാണ് ടിക്കറ്റ് വില. യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുൻപ് ഒരു ഐ-മാസ്കും ഇയർ പ്ലഗുകളും അടങ്ങുന്ന ഒരു ബാഗും സൗജന്യമായി നൽകുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആദ്യ യാത്ര. മുഴുവൻ സീറ്റുകളും ഫുള്ളായിരുന്നു. ചില യാത്രക്കാർ സ്വന്തം പുതപ്പുകളും, തലയിണകളുമായിട്ടാണ് വന്നത്. "എനിക്ക് ഉറക്കമില്ല. അതുകൊണ്ട് തന്നെ കുറച്ച് ഉറങ്ങാനാണ് ഞാൻ ഇവിടെ വന്നത്" 25 -കാരനായ ആൻസൺ കോംഗ് പറഞ്ഞു, ആദ്യ ബസ് യാത്രയിലെ യാത്രക്കാരിൽ ഒരാളാണ് ഇദ്ദേഹം. ടൂറിനിടയിൽ ബസ് പല സ്റ്റോപ്പുകളിൽ നിർത്തും. നഗരത്തിലെ ലാൻടൗ ദ്വീപ്, ഹോങ്കോങ്ങിന്റെ വിമാനത്താവളത്തിനടുത്തുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് ഏരിയ എന്നിവയാണ് അതിലെ ചില സ്റ്റോപ്പുകൾ. താല്പര്യമുള്ളവർക്ക് ഇറങ്ങി ചിത്രങ്ങളും എടുക്കാം.  

Follow Us:
Download App:
  • android
  • ios