വിയറ്റ്‌നാമില്‍ സര്‍ക്കാറിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ. 

വിയറ്റ്‌നാമില്‍ സര്‍ക്കാറിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ. ഇവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് മാധ്യമപ്രവര്‍ത്തന വിലക്കും ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകര്‍ പ്രചരിപ്പിച്ചു എന്ന കുറ്റം ആരോപിച്ചാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 

ഈ മാധ്യമപ്രവര്‍ത്തകര്‍ ഈയടുത്തായി ഫേസ്ബുക്കില്‍ ക്ലീന്‍ ന്യൂസ്‌പേപ്പര്‍ എന്ന പേരില്‍ ഒരു വാര്‍ത്താ മാധ്യമം ആരംഭിച്ചിരുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുകയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന വാര്‍ത്തകളാണ് ഈ ഫേസ്ബുക്ക് പേജില്‍ വരുന്നതെന്നാണ് ഇവര്‍ക്ക് എതിരായി വിയറ്റ്‌നാമീസ് പൊലീസ് ചുമത്തിയ കുറ്റം. 

ക്ലീന്‍ ന്യൂസ്‌പേപ്പര്‍ എഡിറ്ററായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ട്രുവോംഗ് ഹൂ ഡാനിന് നാലര വര്‍ഷം തടവാണ് വിധിച്ചത്. മറ്റ് നാല് മാധ്യമപ്രവര്‍ത്തകരെ രണ്ടര വര്‍ഷം തടവിനു ശിക്ഷിച്ചു. ജയിലില്‍നിന്നിറങ്ങിയാലും മൂന്ന് വര്‍ഷം മാധ്യമപ്രവര്‍ത്തനം നടത്തുന്നതില്‍നിന്നും കോടതി ഇവരെ വിലക്കിയിട്ടുണ്ട്. 

സര്‍ക്കാറിന് എതിരെ ഇവര്‍ വ്യാജവാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയും മോശമായ വിധത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി കോടതി വിധിയില്‍ പറയുന്നു. 

എന്നാല്‍, കോടതി വിധിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രൂക്ഷമായി പ്രതികരിച്ചു. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ശത്രുക്കളായാണ് വിയറ്റ്‌നാമീസ് ഭരണകൂടം കാണുന്നത് എന്നും സിറ്റിസണ്‍ ജേണലിസ്റ്റുകളെ അടക്കം ജയിലിലടക്കുകയുമാണ് എന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

സോഷ്യല്‍ മീഡിയാ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ വിയറ്റ്‌നാം സര്‍ക്കാര്‍ നിരവധി പേരെയാണ് അടുത്തകാലത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.