പാമ്പുകൾ അപകടകാരികളായ ജീവികളാണ്. നമ്മൾ അങ്ങോട്ടുചെന്ന അവയുടെ സ്വൈര ജീവിതത്തിനു ഭംഗമുണ്ടാക്കാത്തിടത്തോളം അവ തിരിച്ച് വിശേഷിച്ചൊരുത്തരത്തിലും നമ്മളെ ഉപദ്രവിക്കാറില്ല. എന്നാൽ സർപ്പങ്ങളെപ്പോലെ അന്ധവിശ്വാസങ്ങൾക്ക് കാരണമായ ഒരു ജീവിവർഗ്ഗവും വേറെയില്ല. നാടൻ പാട്ടുകളും, തലമുറകളായി തുടരുന്ന വിശ്വാസങ്ങളും, പഴങ്കഥകളും മറ്റുമായി ഈ ഇഴജന്തുക്കൾക്ക് ഒരു നിഗൂഢ പരിവേഷം ചാർത്തി നൽകിയിട്ടുണ്ട്. പാമ്പുകളെപ്പറ്റി പരക്കെ പ്രചാരത്തിലുള്ള അഞ്ച് അന്ധവിശ്വാസങ്ങളെപ്പറ്റിയാണ് ഇനി. 

1 .  പാമ്പുകടിയേറ്റാൽ മന്ത്രജപം കൊണ്ട് വിഷമിറക്കാം  

ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും നിലവിലുള്ള ഒരു അന്ധവിശ്വാസമാണിത്. വർഷാവർഷം നിരവധിപേരുടെ ജീവനെടുക്കുന്ന ഒരു വിശ്വാസവും. പാമ്പുകടിച്ചാൽ അതിന് ലോകത്തെവിടെയും ഒരു ചികിത്സ മാത്രമാണുള്ളത്, അത് ആന്റിവെനം എന്ന പാമ്പിന്റെ വിഷം ഉപയോഗിച്ചുതന്നെ തയ്യാറാക്കുന്ന ഒരു തരം ആന്റിബോഡി ആണ്. അതല്ലാതെ മറ്റൊന്നിനും വിജയകരമായി പാമ്പിൻ വിഷത്തിന്റെ ദോഷഫലം ഇല്ലാതാക്കാൻ സാധിക്കില്ല. കല്ലുവെച്ചും മറ്റും മന്ത്രം ജപിച്ച് കാത്തിരുന്നാൽ കടിയേറ്റയാൾ എപ്പോൾ മരിച്ചെന്നു ചോദിച്ചാൽ മതി. 

 

 

2 . പാമ്പുകൾക്ക് പ്രതികാരബുദ്ധിയുണ്ട് 

ഈ അവകാശവാദം പലരും വിശ്വസിക്കുന്നുണ്ട് എങ്കിലും ഇതിന് യാതൊരുവിധത്തിലുള്ള ശാസ്ത്രീയ അടിത്തറയുമില്ല.  ഓർമകളെ നിലനിർത്താനും മാത്രം വികസിതമല്ല ഒരു പാമ്പിന്റെ തലച്ചോറ്. ഒരു പാമ്പിനെ നിങ്ങൾ കൊന്നാൽ നിങ്ങളുടെ മുഖം ഓർത്തുവെച്ച്, നിങ്ങൾ പോകുന്നിടത്തെല്ലാം പിന്തുടർന്നെത്തി നിങ്ങളെയോ ഉറ്റബന്ധുക്കളെയോ ഒക്കെ കടിച്ചുകൊന്ന് നിങ്ങളോട് പകരം വീട്ടാനുള്ള കഴിവൊന്നും അവയ്ക്കില്ല. അത് ശുദ്ധ അബദ്ധമാണ്. സംഭവിക്കുന്ന ഒരു കാര്യം ഇതാണ്. ഒരു പാമ്പ് മനുഷ്യന്റെ കൈകൊണ്ട് കൊല്ലപ്പെടുമ്പോൾ അത് വിസർജിക്കുന്ന ഭാഗത്തുകൂടി ഒരു തരം സ്രവം പുറപ്പെടുവിക്കും. ഇണയുമായി ബന്ധപ്പെടുന്ന നേരത്ത് പുറപ്പെടുവിക്കുന്ന അതേ ഗന്ധമുള്ള ഒന്ന്. ആ ഗന്ധം തിരിച്ചറിഞ്ഞ് വല്ല ഇണകളും അടുത്തെവിടെയെങ്കിലും കൂടി ഇഴഞ്ഞു പോവുന്നുണ്ടെങ്കിൽ അന്വേഷിച്ച് നിങ്ങളുടെ അടുത്ത്, അതായത് നിങ്ങൾ കൊന്ന പാമ്പിന്റെ അടുത്തേക്ക് എത്തിയേക്കാം. ആ സമയത്ത് അതിനെ പോയി ചവിട്ടുകയോ മറ്റോ ചെയ്‌താൽ കടി നിങ്ങൾക്ക് കിട്ടി എന്ന് വരാം. അത് പക്ഷേ, ഇണയെ കൊന്നതിന്റെ പ്രതികാരമല്ല എന്നുമാത്രം.  സർപ്പകോപം, സർപ്പ ശാപം എന്നിങ്ങനെ നിരവധി വിശ്വാസങ്ങൾ നമ്മുടെ നാട്ടിലും സജീവമായി നിലവിലുണ്ട്. 

 

 

 

3 . പാമ്പുകൾ മകുടിയുടെ ശബ്ദത്തിൽ മയങ്ങി നൃത്തം ചെയ്യും 

ഈ അന്ധവിശ്വാസത്തിനു ശക്തി പകർന്നത് ഹിന്ദി ചിത്രങ്ങളാണ്. അവയിലാണ് മകുടിക്കൊപ്പിച്ച് നൃത്തമാടുന്ന പാമ്പുകളെ കാണിക്കാറുള്ളത്. വായുവിലൂടെ പോകുന്ന ചില ശബ്ദതരംഗങ്ങളെ പിടിച്ചെടുക്കാൻ പാമ്പുകൾക്കാവും എന്നു ചില പഠനങ്ങൾ പറയുന്നുണ്ട് എങ്കിലും അവയ്ക്ക് സംഗീതമൊന്നും ആസ്വദിക്കാനുള്ള കഴിവ് എന്തായാലുമില്ല. മകുടിയൂതുന്ന പാമ്പാട്ടി മകുടിയെ ഒരു പ്രത്യേകവിധത്തിൽ ആട്ടുമ്പോൾ, ആ ആട്ടത്തെയാണ് സത്യത്തിൽ പാമ്പുകൾ പിന്തുടരാൻ ശ്രമിക്കുന്നത്. അതാണ് സർപ്പനൃത്തം എന്നൊക്കെ നമ്മൾ വ്യാഖ്യാനിച്ചെടുക്കുന്നത്. 

 

 

4 . മൂർഖന്റെയും രാജവെമ്പാലയുടേയുമൊക്കെ തലയിൽ നാഗമാണിക്യമുണ്ട് 

ഇതും കെട്ടുകഥകൾ പ്രചരിപ്പിക്കുന്നവരുടെ സൃഷ്ടിയാണ്. നാഗമാണിക്യം സ്വന്തമാക്കുന്നവർക്ക് അത് സമ്പത്ത് പകരുമെന്നാണ് അന്ധവിശ്വാസം. അങ്ങനെയുള്ള കഥകളെപ്പറ്റി ഒരു പാമ്പുപിടുത്തക്കാരൻ പറഞ്ഞതാണ് ഇവിടെ ഉദ്ധരിക്കാനുളളത്, " പാമ്പുകളുടെ തലയിൽ മാണിക്യമുണ്ടെങ്കിൽ, അത് സ്വന്തമാക്കുന്നവൻ കോടീശ്വരനാകുമെങ്കിൽ ഞങ്ങൾക്ക് ഇന്നും പാമ്പിനെയും പിടിച്ചുകൊണ്ട് നടക്കേണ്ടി വരില്ലായിരുന്നു. " 

 

 

5 . പാമ്പുകൾ പാല് കുടിക്കും 

 ഇല്ല, പാമ്പുകൾ പാല് കുടിക്കില്ല എന്നതാണ് ഉത്തരം. "ഞങ്ങൾ എത്രവട്ടം കണ്ടിട്ടുണ്ട് പാമ്പാട്ടികൾ പാമ്പുകൾക്ക് പാല് കൊടുക്കുന്നതും, അവ കുടിക്കുന്നതും. പിന്നെങ്ങനെയാണ് നിങ്ങൾ പാമ്പുകൾ പാലുകുടിക്കില്ല എന്നു പറയുക?" - ഇങ്ങനെ ഒരു മറുചോദ്യം വരാം, സ്വാഭാവികമായും. അത് ഉള്ളതാണ്, പക്ഷേ അതിനു പിന്നിലെ വാസ്തവം ഒന്നുവരെ തന്നെയാണ്. 

എന്തുകൊണ്ട് പാമ്പുകൾ പാല് കുടിക്കാറില്ല എന്നത് ആദ്യം. പ്രകൃതി എന്നത് വളരെ പൂർണ്ണതയുള്ളതും തികച്ചും അത്യാവശ്യമുള്ളിടത് മാത്രം വ്യയം നടത്തുന്നതുമായ ഒരു സംവിധാനമാണ്. അതായത്, പ്രകൃതി ജീവജാലങ്ങളെ സൃഷ്ടിച്ചപ്പോൾ അവയ്ക്ക് ജീവിച്ചു പോകാൻ വേണ്ട അവയവങ്ങൾ മാത്രമേ 'ബൈ ഡിസൈൻ' നൽകിയിട്ടുള്ളൂ. പാമ്പിന്റെ ആമാശയത്തിൽ പാൽ എന്ന ഭക്ഷ്യപദാർത്ഥം ദഹിപ്പിക്കാൻ വേണ്ട രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നില്ല. അതായത് പാൽ പാമ്പിന്റെ അകത്തു ചെന്നാൽ ദഹിപ്പിക്കാൻ അതിന്റെ ആമാശയത്തിന് സാധിക്കില്ല. അതുകൊണ്ടുതന്നെ, മറ്റേതൊരു ജീവികളെയും പോലെ ദഹിക്കില്ല എന്നു നന്നായി അറിയാവുന്ന പാൽ എന്ന വസ്തു മറ്റൊരു മാർഗ്ഗമുണ്ടെങ്കിൽ അത് കുടിക്കില്ല. 

 

 

പാമ്പിന് പാൽ കുടിക്കാനാകുമോ എന്നതാണ് അടുത്ത ചോദ്യം. അറിഞ്ഞുകൊണ്ട് നമ്മൾ മൂത്രം കുടിക്കാറുണ്ടോ? ഓടയിലെ വെള്ളം കുടിക്കാറുണ്ടോ? എന്നാൽ, കുടിവെള്ളം കിട്ടാത്ത എവിടെയെങ്കിലും ചെന്നു പെട്ട് ദാഹിച്ചു മരണം കണ്മുന്നിൽ കാണുന്ന സാഹചര്യം ആയാലോ? അപ്പോൾ ജീവൻ നിലനിർത്താൻ വേണ്ടി ചിലപ്പോൾ നമ്മൾ അതും കുടിച്ചെന്നിരിക്കും. 

ഇനിയാണ് പാമ്പാട്ടിമാരുടെ പ്രകടനത്തിന്റെ കാര്യം വരുന്നത്. ഉത്തരേന്ത്യയിലും മറ്റും നാഗപഞ്ചമിക്കാണ് പാമ്പാട്ടിമാർ പാമ്പുകളെക്കൊണ്ട് പാല് കുടിപ്പിച്ചുകൊണ്ട് പ്രകടനങ്ങൾ നടത്തുക. അതിനുവേണ്ടി അവർ ഒരു മാസം മുമ്പുതന്നെ തയ്യാറെടുക്കും. നിരവധി ദിവസങ്ങൾ വെള്ളം പോലും കൊടുക്കാതെ പാമ്പുകളെ പട്ടിണിക്കിടും അവർ. വെള്ളമോ ഭക്ഷണമോ ഒന്നും കൊടുക്കില്ല. ആകെ ഡീഹൈഡ്രേഷൻ വരുന്നതിന്റെ വക്കത്തെത്തി നിൽക്കുകയാകും അവ. അങ്ങനെ വെള്ളം കിട്ടാതെ ചാവാൻ പോകുന്ന പാമ്പിന്റെ തല കൊണ്ടുപോയി പാലിന്റെ പാത്രത്തിൽ മുക്കിയാൽ അത് വെള്ളം കിട്ടാതെ മരിക്കുമോ അതോ പാൽ കുടിക്കുമോ? ആദ്യം രണ്ടു വാ കുടിച്ചാലും അത് താമസിയാതെ അപകടം തിരിച്ചറിഞ്ഞ് പാൽ പാത്രത്തിൽ നിന്ന് തല വെട്ടിക്കും. അടുത്ത സ്ഥലങ്ങളിൽ പാലുകുടിപ്പിക്കേണ്ടി വരുമ്പോൾ വേറെയും ക്രൂരതകൾ പാമ്പുകളോട് പാമ്പാട്ടികൾ കാണിക്കാറുണ്ട്, ഇഷ്ടമില്ലാത്ത പാൽ കുടിക്കാനും, കാണുന്നവർ നാഗദേവതയുടെ പ്രസാദമെന്നു കണ്ടു സന്തോഷിക്കാനും വേണ്ടി.