ചൊവ്വാഴ്‌ച രാവിലെ വരെ പറഞ്ഞുകേട്ട അഭ്യൂഹങ്ങൾ, ബുധനാഴ്ച വൈകുന്നേരത്തിനുമുമ്പ് നിയമസഭാതലത്തിലെ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി നടത്തിയേക്കാവുന്ന കുതിരക്കച്ചവടങ്ങളെപ്പറ്റിയുള്ളതായിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ കളി മാറി മറിഞ്ഞു. ബിജെപിക്കൊപ്പം കൂടി മന്ത്രിസഭയുണ്ടാക്കാൻ എൻസിപി ക്യാംപിൽ നിന്ന് വിപ്ലവമുണ്ടാക്കി ഇറങ്ങിപ്പുറപ്പെട്ട അജിത് പവാർ ഗവർണറെക്കണ്ട് തന്റെ രാജിക്കത്ത് സമർപ്പിച്ചു. അതിന്റെ ഞെട്ടലടങ്ങും മുമ്പ്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തന്റെ രാജിക്കത്ത് ഗവർണർക്ക് നൽകി. താനും തന്റെ പാർട്ടിയും പ്രതിപക്ഷത്തിരിക്കാൻ തയ്യാറാണ് എന്ന് അദ്ദേഹം ഗവർണറെ അറിയിച്ചു.  

അനുനിമിഷം അപ്രതീക്ഷിതമായ കരുനീക്കങ്ങളാൽ സമ്പന്നമായ ഈ 'മഹാരാഷ്ട്രീയ'നാടകത്തിന്റെ അന്ത്യത്തിൽ എന്തായാലും ഒരു കാര്യം ബോധ്യമായി. രാഷ്ട്രീയത്തിൽ എന്തും എപ്പോഴും എങ്ങനെയും സാധ്യമാണ്. അവശേഷിക്കുന്ന ചോദ്യമിതാണ്. ഗോവയിലും, മണിപ്പൂരിലും, ഹരിയാണയിലുമെല്ലാം വിജയകരമായി കരുനീക്കങ്ങൾ നടത്തി മന്ത്രിസഭയുണ്ടാക്കിയ ബിജെപിക്ക് മഹാരാഷ്ട്രയിൽ എവിടെയാണ് ചുവടുപിഴച്ചത്?

ഇത് ബിജെപിയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്നായി എഴുതിച്ചേർക്കപ്പെടാൻ പോകുന്ന അധ്യായമാണ്. തെരഞ്ഞെടുപ്പുകഴിഞ്ഞ് ഫലം പുറത്തുവന്നപ്പോൾ ഒരു കാര്യം വ്യക്തമായിരുന്നു. ജനഹിതം ബിജെപിക്കും ശിവസേനയ്ക്കുമൊപ്പമാണ് എന്ന്. എന്നാൽ, മന്ത്രിസഭാ രൂപീകരിക്കുന്ന കാര്യം വന്നപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ശിവസേന ഇടഞ്ഞു. തങ്ങൾക്ക് പാതി ടേം മുഖ്യമന്തിസ്ഥാനം വേണം എന്ന ആവശ്യത്തിൽ അവർ ഉറച്ചുനിന്നു. അത് പറ്റില്ല, മുഖ്യമന്ത്രി ഫുൾടേം ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ ആയിരിക്കും, വേണമെങ്കിൽ ഉപ മുഖ്യമന്ത്രി സ്ഥാനമാകാം എന്ന് ബിജെപിയും ശാഠ്യത്തിൽ ഉറച്ചു നിന്നതോടെ ചർച്ചകൾ അലസി. തങ്ങൾ മന്ത്രിസഭ രൂപീകരിക്കാവുന്ന അവസ്ഥയിൽ അല്ല എന്ന് ബിജെപി ഗവർണറെ നേരിൽ ചെന്നുകണ്ട് അറിയിച്ചു.

ഈ ഘട്ടത്തിലും, ബിജെപിക്ക് മഹാരാഷ്ട്രയിൽ ഏറെ ബഹുമാനകരമായ ഒരു അവസ്ഥയായിരുന്നു. ജനഹിതം അനുകൂലമായിട്ടും ശിവസേനയുടെ മർക്കടമുഷ്ടി ഒന്നുകൊണ്ടുമാത്രമാണ് ബിജെപിക്ക് അധികാരത്തിലേറാൻ സാധിക്കാത്തത് എന്ന ഒരു പൊതുജനവികാരമുണ്ടായിരുന്നു അപ്പോൾ. എന്നാൽ, എൻസിപിയിൽ നിന്ന്, സ്വന്തം അമ്മാവൻ ശരദ് പവാറിനെ വഞ്ചിച്ചുകൊണ്ട്, ഒരു കൂട്ടം എംഎൽഎമാറി അടർത്തിക്കൊണ്ടുവന്ന് തങ്ങൾക്കൊപ്പം കൂടി മന്ത്രിസഭയുണ്ടാക്കാൻ വേണ്ടി അജിത് പവാറിനെ പ്രേരിപ്പിച്ചതോടെ ആ ജനപിന്തുണയാണ്, സഹാനുഭൂതിയാണ് ബിജെപി കളഞ്ഞു കുളിച്ചത്. കൂട്ടത്തിൽ രാഷ്ട്രീയചാണക്യനെന്ന് അമിത് ഷായെ വിശേഷിപ്പിച്ച്, ഒടുവിൽ ചാണക്യന്റെ പേരിൽ തന്നെ ബിജെപിയ്ക്കും അമിത് ഷായ്ക്കും എതിരെ ട്രോളുകളുടെ പെരുമഴയായി. അമിത് ഷായുടെ രാഷ്ട്രീയ വിശ്വാസ്യതയ്ക്കു തന്നെ ഈ പരാജയം മങ്ങലേൽപ്പിച്ചു. കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയിലായി ഇപ്പോൾ ബിജെപി. ഇരുട്ടുവോളം വെള്ളം കോരിയിട്ട്, ഒടുവിൽ വീട്ടുപടിക്കലെത്തുമ്പോൾ കലമുടച്ച പ്രതീതി. ഒന്നുമൊട്ടു നേടിയതുമില്ല, നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കാൻ ഇനി വർഷങ്ങൾ മിനക്കേടുകയും വേണം.

ആദ്യത്തെ പിഴ: എൻസിപിയുമായി വന്ന അകലം

മഹാരാഷ്ട്രയിൽ ബിജെപിക്ക് പറ്റിയ ആദ്യത്തെ പിഴവ്, എൻസിപിയുമായി ശത്രുത ഉണ്ടാക്കി എന്നതാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജൻസിയെ തങ്ങളുടെ രാഷ്ട്രീയതാത്‌പര്യങ്ങൾക്കായി ദുരുപയോഗം ചെയ്തുകൊണ്ട് ശരദ് പവാറിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്തു  നിന്നുണ്ടായി. ബിജെപി ശരദ് പവാറിനെ വേട്ടയാടുകയാണ് എന്ന് അപ്പോൾ സകലർക്കും തോന്നി. ശരദ് പവാറിനും മരുമകൻ അജിത് പവാറിനും മറ്റ് 70 പേർക്കുമെതിരെ എഫ്‌ഐആർ ഇട്ടുകളഞ്ഞു എൻഫോഴ്‌സ്‌മെന്റ്. മഹാരാഷ്ട്രാ കോപ്പറേറ്റിവ് ബാങ്കിൽ തങ്ങളുടെ അധികാരസ്ഥാനങ്ങൾ ദുർവിനിയോഗം ചെയ്തുകൊണ്ട്  25,000 കോടി രൂപ യാതൊരു ഈടും കൂടാതെ വിവിധ കക്ഷികൾക്ക് വിതരണം ചെയ്തു എന്നതായിരുന്നു കേസ്. ഒരൊറ്റ കുഴപ്പം മാത്രം. ഈടൊന്നും വാങ്ങാതെ പ്രസ്തുത ബാങ്ക് ചിലപ്പോൾ പലർക്കും കടം കൊടുത്തുകാണും. എന്നാൽ, ആ ബാങ്കിൽ ശരദ് പവാർ  ഒരിക്കലും ഡയറക്ടറോ, എന്തിന് ഒരു സാധാരണ മെമ്പർ പോലുമോ ആയിരുന്നിട്ടില്ല എന്നുമാത്രം.

ശരദ് പവാർ ഈ ആരോപണത്തിൽ കണ്ടത്, ഏറെ നാളായി ആകെ ഉദാസീനമായിക്കിടക്കുന തന്റെ അണികളെ ഒന്നുണർത്തിയെടുക്കാനുള്ള സുവർണാവസരമാണ്. അതിനിടെ മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും മീറ്റിംഗുകൾ സംഘടിപ്പിച്ച് തന്റെ ഭാഗം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ പവാർ തയ്യാറായി. ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞത്, തനിക്ക് എൻഫോഴ്സ്മെന്റിന്റെ ഒരു ഇണ്ടാസും കിട്ടിയിട്ടില്ല, കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കാൻ വേണ്ടി സമൻസൊന്നും ഇല്ലാതെ തന്നെ, താൻ സെപ്റ്റംബർ 27 -ന്  ED'ക്കു മുന്നിൽ നേരിട്ട് ഹാജരായി അവരുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ പോവുകയാണ് എന്നാണ്. 

പവാറിന്റെ ഈ പ്രഖ്യാപനം മുംബൈയിൽ ഒരു ക്രമാസമാധാനപ്രശ്നം തന്നെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മീറ്റിങ്ങിലേക്ക് പതിനായിരക്കണക്കിന് പേർ ഒഴുകിയെത്തി. അതോടെ ED തിരിഞ്ഞു. പവാർ ഹാജരാകും എന്ന് പറഞ്ഞ ദിവസം രാവിലെ പവാറിന്  ED ഔപചാരിക സന്ദേശമയച്ച് അവിടേക്ക് ചെല്ലരുതെന്ന് അറിയിച്ചു. ചെന്നാൽ കയറ്റില്ല എന്നും. എന്നിട്ടും അന്നേദിവസം പതിനായിരങ്ങൾ ED ഓഫീസിൽ പരിസരത്ത് തടിച്ചുകൂടി. എത്രപേരുണ്ട് എന്നറിയാൻ മുംബൈ പോലീസ് ഡ്രോൺ വരെ പ്രയോഗിച്ചു. 

അന്നേദിവസം,അതിരാവിലെ മുംബൈ പൊലീസ് കമ്മീഷണറും മറ്റുള്ള ഉന്നത ഉദ്യോഗസ്ഥരും പവാറിനെ ചെന്ന് കണ്ട്, പ്രസ്തുത സന്ദർശനം റദ്ദാക്കാൻ ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്നമുണ്ടാകും എന്ന ഇന്റലിജൻസ് സന്ദേശം കണക്കിലെടുത്ത് പവാർ സന്ദർശനം റദ്ദാക്കി. 

അതോടെ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് കാര്യങ്ങളൊക്കെ ബിജെപി പക്ഷത്തിന് അനുകൂലമായിരുന്ന അവസ്ഥയിൽ നിന്ന് ജനങ്ങളുടെ രാഷ്ട്രീയ ചായ്‌വ് ഒറ്റയടിക്ക് പവാർ പക്ഷത്തേക്ക് മാറി. അതിനു കാരണം പവാർ നടത്തിയ ഒരു പ്രസംഗവും അതിൽ അദ്ദേഹം പറഞ്ഞുവെച്ച കാര്യങ്ങളുമായിരുന്നു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു, "ഞാൻ ആണത്തമുള്ള  മറാഠയാണ് ( മറാഠ മർദ്). ശിവാജി മുതൽക്ക് ഇങ്ങോട്ടുള്ള ഒരു മറാഠയും ഇന്നുവരെ ദില്ലിയിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രമില്ല" എന്ന്. അത് ബിജെപിയുടെ മർമത്ത് തന്നെയുള്ള ഒരു ആഞ്ഞടിയായിരുന്നു. അതോടെ മറാഠാ സ്പിരിറ്റിൽ മഹാരാഷ്ട്ര മൊത്തം ഇളകി മറിഞ്ഞു. കാര്യങ്ങൾ മറാഠാ Vs നോൺ മറാഠാ എന്ന  അവസ്ഥയിലേക്ക് പോയി. മോദിക്ക് ഒരു 'ഔറംഗസേബ് ' പരിവേഷം വന്നു. 

കഴിഞ്ഞ കുറേക്കാലമായി മറാഠകൾ  കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നുമൊക്കെ അകന്നുമാറിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിപ്പോൾ ബിജെപിയുടെ ഭാഗത്തു നിന്ന് ശരദ് പവാറിന്റെ നേർക്കുണ്ടായിരിക്കുന്ന ഈ പ്രകോപനവും അതിനോട് മറാഠാ സ്പിരിറ്റ് ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പവാറിന്റെ മറുപടിയും കാര്യങ്ങളെ വീണ്ടും പവാറിന്റെ പക്ഷത്തേക്ക് തിരിച്ചു കൊണ്ടുവരികയാണ് എന്നുവേണം പറയാൻ. എന്തായാലും, ബിജെപി ഒഴിച്ച് മഹാരാഷ്ട്ര രാഷ്ട്രീയത്തിലുള്ള സകലരും ശരദ് പവാറിന് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു. രാഹുൽ ഗാന്ധിപോലും ഈ അവസരത്തിൽ ശരദ് പവാറിനെ പിന്തുണച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയുണ്ടായി. ശിവസേനയും പിന്തുണയുമായി എത്തി അന്ന്. ഇത് ഒരു മഹാരാഷ്ട്രിയൻ-ഗുജറാത്തി പോരാട്ടമായി ഉയർത്തിക്കൊണ്ടു വരാൻ പവാറിന് കഴിഞ്ഞു. ഇത്  മുതലെടുത്തുകൊണ്ട് തെരഞ്ഞെടുപ്പിൽ ജനങ്ങളിൽ നല്ലൊരു ഭാഗത്തിനെക്കൊണ്ട് എൻസിപിക്ക് വോട്ട് ചെയ്യിക്കാനും, അതുകൊണ്ടുതന്നെ ഫലം വന്നപ്പോൾ മന്ത്രിസഭ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലേക്ക് ബിജെപിയെ കൊണ്ടെത്തിക്കാനും അദ്ദേഹത്തിനായി. 


തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ എൻസിപിയിൽ നിന്ന് പ്രാദേശിക നേതാക്കളുടെ വൻതോതിലുള്ള കൊഴിഞ്ഞുപോക്കുണ്ടായിരുന്നു. അതേപ്പറ്റി അന്ന് അമിത് ഷാ നടത്തിയ ഏറെ പരിഹാസ സൂചകമായ പരാമര്‍ശങ്ങളും പിന്നീട് മന്ത്രിസഭാരൂപീകരണചർച്ചകളിൽ ബിജെപിക്ക് വിനയായി. തെരഞ്ഞെടുപ്പടുക്കുമ്പോൾ എൻസിപിയിൽ ഒന്നോ രണ്ടോ പേർ മാത്രമേ അവശേഷിക്കൂ എന്നായിരുന്നു അന്ന് ഷാ പരിഹസിച്ചത്. അത് ശരദ് പവാറിന്റെ നെഞ്ചിൽ തറച്ച ഒന്നായിരുന്നു. അദ്ദേഹത്തിന് ഒരിക്കലും പൊറുക്കാൻ പറ്റാത്ത ഒന്നും. അതുകൊണ്ടുതന്നെ എന്ത് സാഹചര്യം വന്നാലും ശരദ് പവാർ ബിജെപിക്കൊപ്പം ചേരില്ല എന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ ബിജെപിക്ക് എന്നും ഉപകരിച്ചിട്ടുള്ള എൻസിപി എന്ന പാർട്ടിയോട് അനാവശ്യമായി തുടങ്ങിവെച്ച രാഷ്ട്രീയവൈരമാണ് ബിജെപിയുടെ പതനത്തിനുള്ള പ്രഥമകാരണം. 2014-ൽ ബിജെപിയെ പുറത്തുനിന്ന് പിന്തുണച്ചിരുന്നു എൻസിപി എന്നതോർക്കുക.

തെരഞ്ഞെടുപ്പുകാലത്ത് ബിജെപി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ വൻ വിജയം കാരണം, അമിതമായ ആത്‌മവിശ്വാസത്തിലായിപ്പോയി എന്നതാണ് സത്യം. എൻസിപി മാത്രമല്ല, ശിവസേനയുടെ പിന്തുണപോലും മാറിയ രാഷ്ട്രീയസാഹചര്യത്തിൽ തങ്ങൾക്ക് വേണ്ടിവരില്ല എന്ന് ബിജെപി കരുതി. അവിടെ ബിജെപിക്ക് പിഴച്ചു. ദേശീയ രാഷ്ട്രീയത്തിൽ നിന്ന് അല്പം വ്യത്യസ്തമാണ്  മറാഠാ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ എന്ന് ബിജെപി തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണക്കുകൾ ഇപ്രകാരമായിരുന്നു.
 
ആകെ സീറ്റുകൾ - 288
ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് - 145 സീറ്റുകൾ
ബിജെപി - 105
ശിവസേന - 56
എൻസിപി - 54
കോൺഗ്രസ് - 44
സ്വതന്ത്രർ - 12
മറ്റുപാർട്ടികൾ - 17

രണ്ടാമത്തെ പിഴ : അജിത് പവാറിൽ അർപ്പിച്ചിരുന്ന വിശ്വാസം

കഴിഞ്ഞ അഞ്ചു വർഷക്കാലമായി നിരവധി അഴിമതിയാരോപണങ്ങൾ സഭയ്ക്കകത്തും പുറത്തുമായി ഉന്നയിച്ച് തങ്ങൾ തന്നെ വേട്ടയാടിക്കൊണ്ടിരുന്ന അജിത് പവാറിന്റെ കൂട്ടുപിടിച്ച് മന്ത്രിസഭയുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് രണ്ടാമത്തെ പിഴ. കള്ളത്തരത്തെ സംഘടിപ്പിച്ച ഒരു കത്തിന്റെ ബലത്തിലായിരുന്നു ഈ സഖ്യം. അജിത് പവാറിന്റെ കൂടെ എത്ര എംഎൽഎമാർ ഉണ്ട് എന്ന കാര്യത്തിൽ തുടക്കം മുതൽക്കേ സന്ദേഹങ്ങളുണ്ടായിരുന്നു. അത് കൃത്യമായി മനസ്സിലാക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു.

 അജിത് പവാറിന്റെ അവകാശവാദങ്ങളിൽ ബിജെപി വിശ്വാസമർപ്പിച്ചു എന്നതാണ് ശരി. എന്നാൽ, യാതൊരു വിധ പ്ലാൻ ബിയും ഇല്ലാതിരുന്നതാണ് അവിടെ ബിജെപിക്ക് വിനയായത്. തന്റെ പാർട്ടിയെ രക്ഷിച്ചെടുക്കാൻ അരയും തലയും മുറുക്കി ശരദ് പവാർ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ അതിനെ തടഞ്ഞുനിർത്താൻ അജിത് പവാറിനോ ബിജെപിക്കോ ആയില്ല.

മൂന്നാമത്തെ പിഴ - പവാർ കുടുംബത്തിന്റെ  ഇഴയടുപ്പം മനസ്സിലാക്കാൻ വൈകി

കാര്യമെന്തൊക്കെ പറഞ്ഞാലും അജിത് പവാറും ശരദ് പവാറും അമ്മാവനും മരുമകനുമാണ്. ഒരേ കുടുംബക്കാർ. രാഷ്ട്രീയത്തിന് പുറമെ ബന്ധുതയുടെ അടുപ്പം തമ്മിലുള്ളവർ. അധികാരത്തിനു വേണ്ടിയുള്ള വടംവലിക്കിടയിൽ എൻസിപി എന്ന പാർട്ടിയെയും പവാർ കുടുംബത്തെയും പിളർത്താം എന്ന വ്യാമോഹത്തിലായിരുന്നു ബിജെപി. എന്നാൽ അവിടെ ബിജെപിക്ക് പിഴച്ചു. 

അജിത് പവാറിനെ പറഞ്ഞു മനസ്സിലാക്കുന്നത് എൻസിപിക്ക് വളരെ എളുപ്പമായിരുന്നു. കാരണം, ഉപമുഖ്യമന്ത്രി സ്ഥാനം അല്ലെങ്കിൽ തന്നെ അജിത് പവാറിനെ എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യസർക്കാരിലും കിട്ടിയിരുന്നു. ബിജെപിക്കൊപ്പം പോകുന്നതുകൊണ്ട് ദുഷ്‌പേരല്ലാതെ മറ്റൊന്നും തന്നെ അജിത് പവാറിന് അധികമായി കിട്ടുന്നില്ല എന്ന് ബന്ധുക്കൾ തന്നെ പറഞ്ഞുമനസ്സിലാക്കിയതോടെയാണ് പവാർ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകുന്നതും, ഗവർണറെക്കണ്ട് രാജിക്കത്ത് കൊടുക്കുന്നതും.

നാലാമത്തെ പിഴ : ശരദ് പവാറിന്റെ ശക്തി തിരിച്ചറിയാതെ പോയത്

ശരദ് പവാർ എന്ന എൻസിപി ചീഫിനെ കുറച്ചു കണ്ടതാണ് ബിജെപി ചെയ്ത ഏറ്റവും വലിയ തെറ്റ്. എൻഫോഴ്സ്മെന്റിനെ വെച്ച് ശരദ് പവാറിനെ സമ്മർദ്ദത്തിലാക്കാൻ നടത്തിയ നീക്കം ശരദ് പവാറിന്റെ തിരിച്ചടിയിൽ പാളിയതോടെ ബിജെപിക്ക് മഹാരാഷ്ട്രയിൽ നഷ്ടപ്പെട്ടത് ചുരുങ്ങിയത് 20 സീറ്റുകളെങ്കിലുമാണ്. 

 

മറാത്തികളുടെ മനസ്സിൽ ആഴത്തിൽ വേരുറച്ച ഒരു പേരാണ് ശരദ് പവാർ എന്ന നേതാവിന്റേത് എന്ന് ബിജെപി തിരിച്ചറിഞ്ഞില്ല. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, മഴനനഞ്ഞുകൊണ്ട് പവാർ നടത്തിയ പ്രസംഗവും തെരഞ്ഞെടുപ്പിൽ ഏറെ സ്വാധീനമുണ്ടാക്കിയിരുന്നു.

അഞ്ചാമത്തെ പിഴ : രായ്ക്കുരാമാനം നടത്തിയ വേലകൾ

പ്രധാനമന്ത്രിയെയും, രാഷ്ട്രപതിയെയും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട് രാത്രി ഇരുട്ടി വെളുക്കും മുമ്പ് നടത്തിയ രഹസ്യനീക്കങ്ങളാണ് ബിജെപിക്ക് ഇത്തവണ ദുഷ്പേരുണ്ടാക്കിയത്. മന്ത്രിസഭാ രൂപീകരണം ഏറെ ദുരൂഹമായ രീതിയിലായിരുന്നു. ടെലഗ്രാഫ്, ഡെക്കാൻ ക്രോണിക്കിൾ തുടങ്ങിയ പത്രങ്ങളിൽ ഇതിനെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള മുഖപ്രസംഗങ്ങളും വന്നു. മന്ത്രിസഭയിൽ ചർച്ചചെയ്ത്, രാഷ്‌ട്രപതി ഭരണം നാലാളറിയേ പിൻവലിച്ച ശേഷം, ചട്ടപ്പടി മന്ത്രിസഭ രൂപീകരിച്ചിരുന്നു എങ്കിൽ ഇത്രക്ക് നാണക്കേടുണ്ടാകുമായിരുന്നില്ല. പാതിരാത്രി ഇരുട്ടിന്റെ മറവിൽ കാര്യങ്ങൾ നടത്തി മന്ത്രിസഭ രൂപീകരിച്ച ബിജെപിയുടെ നയം വളരെയധികം വിമർശിക്കപ്പെട്ടു. രാവിലെ എട്ടുമണിക്ക് ആരെയും അറിയിക്കാതെ സത്യപ്രതിജ്ഞ ചെയ്യാനും മാത്രം എന്ത് അടിയന്തരാവസ്ഥയാണ് സംസ്ഥാനത്തുണ്ടായിരുന്നത് എന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ ബിജെപിക്ക് സാധിച്ചില്ല.

തെരഞ്ഞെടുപ്പ് വേളയിൽ പരസ്പരം അകന്നു നിന്നിരുന്ന പാർട്ടികളായിരുന്നു കോൺഗ്രസ്, ശിവസേന, എൻസിപി എന്നിവ. ഫലം വന്ന ശേഷമുണ്ടായ സാഹചര്യത്തിലെ അവ്യക്തത ഇവരെ തമ്മിൽ അടുപ്പിക്കുകയാണ് ഉണ്ടായത്. അത് തടയാൻ ബിജെപിക്കായില്ല. ഇവർ മൂന്നും ചേർന്ന് മഹാവികാസ് അഗാഡി രൂപീകരിച്ച് ഇപ്പോൾ മന്ത്രിസഭ ഉണ്ടാക്കാൻ പോവുകയാണ് .ബിജെപി ചെയ്യേണ്ടിയിരുന്നതും ഒന്നുകിൽ ശിവസേന അല്ലെങ്കിൽ എൻസിപിയുമായി എങ്ങനെയെങ്കിലും സഖ്യമുണ്ടാക്കുക എന്നതായിരുന്നു.  അതും, എൻസിപിയുമായി സഖ്യമുണ്ടാക്കണം എന്ന് ബിജെപിക്ക് ഉണ്ടായിരുന്നു എങ്കിൽ, അവർ ചെയ്യേണ്ടിയിരുന്ന ആദ്യത്തെ കാര്യം, നേരിട്ട് ശരദ് പവാറിനെ ചെന്നുകണ്ട് ചർച്ചകളിൽ ഏർപ്പെടുക എന്നതായിരുന്നു. തെരഞ്ഞെടുപ്പ് വേളയിൽ അറിയാതെ ഉന്നയിച്ചുപോയ ആരോപണങ്ങളുടെയും, പരിഹാസവാക്കുകളുടെയും പേരിൽ നിരുപാധികം മാപ്പുചോദിച്ച് ഏതുവിധേനയും അദ്ദേഹത്തെക്കൊണ്ട് സഖ്യത്തിന് സമ്മതിപ്പിച്ചെടുക്കുക എന്നതായിരുന്നു. അത് അവർ ചെയ്തില്ല. പകരം എളുപ്പപ്പണിക്ക് അജിത് പവാറിനെ നമ്പി ചരടുവലികൾ നടത്താൻ തുനിഞ്ഞു. അതാണെങ്കിൽ ശരദ് പവാറിന്റെ സമയോചിതമായ ഇടപെടലിൽ അമ്പേ പരാജയപ്പെടുകയും ചെയ്തു.

കുറ്റം ഫഡ്നാവിസിന്റേത് മാത്രമോ?

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് എടുത്ത ഓരോ തീരുമാനത്തിലും അമിത് ഷായുടെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും നേരിട്ടുള്ള ഇടപെടലും മേൽനോട്ടവുമുണ്ടായിരുന്നു എന്നുറപ്പാണ്. ഇപ്പോൾ എത്തിനിൽക്കുന്ന ഏറെ അപഹാസ്യമായ അവസ്ഥയിലും ഭേദമായിരുന്നു മഹാവികാസ് അഗാഡിയെ മന്ത്രിസഭയുണ്ടാക്കാൻ വിട്ട് അന്തസായി പ്രതിപക്ഷത്തിരിക്കുന്നത്. ഒരു പക്ഷേ, ഭാവിയിലെങ്ങാനും അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അവരുടെ സഖ്യസർക്കാർ വീണാൽ അന്ന് മന്ത്രിസഭയുണ്ടാക്കാൻ ഒരു സാധ്യതയും നിലനിന്നേനെ. ഇപ്പോൾ ഉണ്ടായിരുന്ന സംഭവവികാസങ്ങളിൽ ബിജെപിക്ക് നഷ്ടത്തോട് നഷ്ടം മാത്രമാണുണ്ടായിരിക്കുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന രാഷ്ട്രീയ നേതാവിന്റെ ദേശീയപ്രതിച്ഛായക്ക് ഈ സംഭവം മങ്ങലേൽപ്പിക്കും. മഹാരാഷ്ട്രയിൽ നിന്നൊരു ഭാവി പ്രധാനമന്ത്രി എന്ന നിലയിൽ പോലും ഫഡ്നാവിസിന്റെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ, മന്ത്രിസഭാ രൂപീകരണത്തിലുണ്ടായ കെടുകാര്യസ്ഥതയോട് ആ സൽപ്പേരിനു ഇടിവുണ്ടായിരിക്കുകയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായയിൽ തന്നെ കുതിരക്കച്ചവടങ്ങളുടെ നിഴൽ വീഴ്ത്തുകയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങളുടെ ദയനീയമായ പരാജയം സമ്മാനിച്ചിരിക്കുന്ന ക്ഷീണത്തിൽ നിന്ന് ഉയിർത്തെഴുനേൽക്കാൻ ബിജെപിക്കിനി കാലം കുറച്ചൊന്നുമല്ല വേണ്ടിവരിക. അതുവരെ പ്രതിപക്ഷത്തിരിക്കുക എന്നതല്ലാതെ മറ്റൊരു മാർഗവും തല്ക്കാലം ദേവേന്ദ്ര ഫഡ്നാവിസിന്റെയും കൂട്ടരുടെയും മുന്നിലില്ല. 

കടപ്പാട് : ബിബിസി