കൈയിലുണ്ടായിരുന്ന സ്വർണ്ണ നാണയം സംഭാവന ചെയ്തതിന് പുറമെയാണ്, തന്റെ മുഴുവൻ പോക്കറ്റ് മണിയും ഈ സംരംഭത്തിന് സംഭാവന ചെയ്യാൻ ലിയാം തീരുമാനിച്ചത്. 

റഷ്യൻ ആക്രമണത്തെ ഉക്രൈൻ(Ukraine)ജനത ധീരമായി പ്രതിരോധിക്കുന്നതിന്റെ നിരവധി കഥകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ധീരതയുടെയും ത്യാഗത്തിന്റെയും അത്തരം കഥകൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പലർക്കും ഒരു പ്രചോദനമായി മാറുന്നു. യുദ്ധത്തിൽ തകർന്ന ഉക്രൈനെ സഹായിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്യാൻ അവർ മുന്നോട്ട് വരുന്നു. അക്കൂട്ടത്തിൽ കാനഡ(Canada)യിൽ നിന്നുള്ള ഒരു അഞ്ച് വയസ്സുകാരനുമുണ്ടായിരുന്നു. ലിയാം മൂർ(Liam Moore) എന്നാണ് ആ കൊച്ചുമിടുക്കന്റെ പേര്.

കാനഡയിലെ ഒന്റാറിയോയിൽ നിന്നുള്ള ലിയാം താൻ സ്വരുക്കൂട്ടിവച്ചിരുന്ന സമ്പാദ്യത്തിൽ നിന്നും $20 (1,530 രൂപ) സംഭാവനയായി ഉക്രൈനിന് നൽകി. പാത്രങ്ങൾ വൃത്തിയാക്കിയും, മറ്റ് ചില്ലറ വീട്ടുജോലികൾ ചെയ്തും അവൻ സമ്പാദിച്ചതാണ് ഈ പണം. ഇത്ര ചെറുപ്പത്തിൽ തന്നെ അവൻ, യുദ്ധത്താൽ തകർന്ന രാജ്യത്തെ സഹായിക്കാൻ തന്നാൽ ആവുന്നത് ചെയ്യണമെന്ന് കരുതുന്നു. "ഉക്രൈനിന് പണം ആവശ്യമുണ്ട്. അതിനാലാണ് ഞാൻ ഇത് നൽകുന്നത്," ലിയാം ഒട്ടാവ സിടിവി ന്യൂസിനോട് പറഞ്ഞു.

ഒന്റാറിയോയിലെ സെന്റ് പോൾസ് കാത്തലിക് എലിമെന്ററി സ്‌കൂളിലാണ് ലിയാം പഠിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി റഷ്യൻ-ഉക്രെയ്ൻ യുദ്ധം അവൻ സൂക്ഷ്മമായി പിന്തുടരുകയായിരുന്നു. സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ധനസമാഹരണത്തെക്കുറിച്ചും ലിയാം കേട്ടിരുന്നു. അവരെ പോലെ തനിക്കും എന്തെങ്കിലും ചെയ്യണമെന്ന് അവൻ ആഗ്രഹിച്ചു. അത് അവൻ അമ്മയുമായി ചർച്ച ചെയ്യുകയും ചെയ്തു. അങ്ങനെയാണ് തന്റെ സമ്പാദ്യപെട്ടിയിൽ നിന്ന് പണം അയച്ചു കൊടുക്കാമെന്ന് അവൻ തീരുമാനിക്കുന്നത്. "അവന് ഇതിൽ ഇടപെടാനും, ആളുകളെ സഹായിക്കാനും ഒക്കെ വലിയ താല്പര്യമാണ്" തന്റെ മകന്റെ തീരുമാനത്തെക്കുറിച്ച് സംസാരിച്ച പാം മൂർ പറഞ്ഞു.

ഉക്രെയ്‌നിലെ ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് ലിയാം ആഗ്രഹിക്കുന്നുവെന്നും പാം കൂട്ടിച്ചേർത്തു. കൈയിലുണ്ടായിരുന്ന സ്വർണ്ണ നാണയം സംഭാവന ചെയ്തതിന് പുറമെയാണ്, തന്റെ മുഴുവൻ പോക്കറ്റ് മണിയും ഈ സംരംഭത്തിന് സംഭാവന ചെയ്യാൻ ലിയാം തീരുമാനിച്ചത്. സ്കൂളിലെ മറ്റ് കുട്ടികളുടെ പ്രതികരണം വളരെ വലുതായിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അലിസൺ ഗൗസ്വെൽ പറഞ്ഞു: "ക്ലാസ് മുഴുവൻ അവനെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു." അവൻ കളിപ്പാട്ടങ്ങൾ വാങ്ങാനായി സൂക്ഷിച്ച് വച്ച പണമായിരുന്നു അത്. എന്നാൽ ഇപ്പോൾ ഉള്ള കളിപ്പാട്ടങ്ങൾ തന്നെ ധാരാളമാണ്, ഇനി പുതിയതൊന്നിന്റെ ആവശ്യമില്ലെന്നും അവൻ പറഞ്ഞു. ലോകത്തിൽ നിരവധി ആളുകൾ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ടെന്നും, അവരെ സഹായിക്കേണ്ടത് നമ്മൾ ഓരോരോരുത്തരുടെയും കടമയാണെന്നും ഒരു കൊച്ചുകുട്ടിയ്ക്ക് തിരിച്ചറിയാൻ കഴിയുന്നത് വളരെ മഹത്തരമാണെന്ന് അവന്റെ അമ്മ കൂട്ടിച്ചേർത്തു.