കാലങ്ങളായി പ്രവർത്തിക്കുന്ന കട എന്നതുകൊണ്ടും ഒരേ കുടുംബം തന്നെ തലമുറകളായി നടത്തുന്ന കട എന്നതുകൊണ്ടുമെല്ലാം വളരെ പ്രശസ്തമാണ് ഇത്.
രാജസ്ഥാനിലെ ജോഥ്പൂരിൽ ഒരു പ്രശസ്തമായ കടയുണ്ട്. ഈ പാൽക്കടയുടെ ഇപ്പോഴത്തെ ഉടമ വിപുൽ നികുബ് എന്ന ആളാണ്. എന്നാൽ, വിപുൽ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ വാർത്തയാവുന്നത്. തങ്ങളുടെ കടയിലെ പാൽ തിളപ്പിക്കുന്നതിനുള്ള തീ കഴിഞ്ഞ 74 വർഷമായി നിർത്താതെ കത്തുകയാണ് എന്നാണ് വിപുൽ പറയുന്നത്.
'1949 -ൽ എന്റെ മുത്തച്ഛനാണ് ഈ കട തുടങ്ങിയത്. അന്ന് മുതൽ പാൽ തിളപ്പിക്കുന്നതിന് വേണ്ടി ഈ തീ അണയാതെ കത്തുന്നുണ്ട്. സാധാരണയായി വിറകും കൽക്കരിയുമാണ് പാൽ തിളപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. 22 മുതൽ 24 മണിക്കൂർ വരെ ഈ കട തുറന്ന് പ്രവർത്തിക്കുന്നു' എന്ന് വിപുൽ പറയുന്നു. 'തലമുറ തലമുറയായി ഞങ്ങളീ കട നടത്തുന്നു. ഏകദേശം 75 വർഷത്തോളമായി ഈ കട പ്രവർത്തിക്കുന്നുണ്ട്.
ഈ കടയ്ക്കൊരു പാരമ്പര്യമുണ്ട്. ഞാൻ അതിൽ മൂന്നാമത്തെ തലമുറയാണ്. ഈ പാൽ കട പ്രസിദ്ധമാണ്, ആളുകൾ ഇവിടെ ഒരുപാട് എത്തുന്നുണ്ട്. പാൽ ഊർജ്ജവും പോഷണവും നൽകുന്ന ഒന്നാണ്. അതിനാൽ തന്നെ ഞങ്ങൾ ബിസിനസ്സ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു' എന്നും വിപുൽ പറയുന്നു.
സോജാതി ഗേറ്റിന് സമീപത്തായിട്ടാണ് ഈ കട പ്രവർത്തിക്കുന്നത്. കാലങ്ങളായി പ്രവർത്തിക്കുന്ന കട എന്നതുകൊണ്ടും ഒരേ കുടുംബം തന്നെ തലമുറകളായി നടത്തുന്ന കട എന്നതുകൊണ്ടുമെല്ലാം വളരെ പ്രശസ്തമാണ് ഇത്. അതിനാൽ തന്നെ അനേകം ആളുകൾ ഇവർക്ക് ഉപഭോക്താക്കളായിട്ടുമുണ്ട്. അടുത്തിടെ എഎൻഐ ഈ കടയെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഇവിടെ പാൽ തിളപ്പിക്കുന്ന തീ 1949 മുതൽ അണഞ്ഞിട്ടില്ല എന്ന് പറയുന്നു.
അതേസമയം ഇത് കുറച്ച് ഓവറല്ലേ? 74 വർഷമായി അണയാതെ ഒരടുപ്പ് കത്തുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെ ഒരു സംശയം സ്വാഭാവികമാണ് അല്ലേ?
