നഗരത്തിൽ ബിസിനസ് നടത്തുന്ന 'ഷീ' എന്ന യുവാവിന് ജൂലൈ 5-ന് രാത്രിയാണ് അമ്മയുടെ ഫോൺ കോൾ വരുന്നത്. കൊയ്തെടുത്ത നെല്ല് സുരക്ഷിതമാക്കാൻ പോയ 63 കാരനായ അച്ഛൻ തിരിച്ചെത്തിയിട്ടില്ലെന്നും ഗ്രാമത്തിൽ വീടുകളുടെ ഒന്നാം നില വരെ വെള്ളം ഉയർന്നെന്നുമായിരുന്നു അമ്മയുടെ പരിഭ്രാന്തി നിറഞ്ഞ വാക്കുകൾ.

ചൈനയിലെ പ്രളയക്കയത്തിൽ നിന്ന് ഉയർന്നു കേൾക്കുന്ന ദുരന്തവാർത്തകൾക്കിടയിലും, മാതാപിതാക്കളോടുള്ള ഒരു മകന്റെ സ്നേഹത്തിന്റെ നേർക്കാഴ്ച കണ്ണുനിറയ്ക്കുകയാണ്. കനത്ത പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ മാതാപിതാക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി 3 മണിക്കൂറോളം പ്രളയജലത്തിലൂടെ നീന്തി വീട്ടിലെത്തിയ മുപ്പതുകാരനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ദക്ഷിണ ചൈനയിലെ ഗുവാങ്‌ഷി ഷുവാങ് സ്വയംഭരണ പ്രദേശത്താണ് ഈ സംഭവം നടന്നത്.

ആശങ്കയുടെ രാത്രി

കനത്ത മഴയെത്തുടർന്ന് ഡാമുകൾ തകർന്നതോടെയാണ് ഗുവാങ്ഷി പ്രവിശ്യയിൽ വൻ പ്രളയമുണ്ടായത്. ഇതിനകം 39 പേരുടെ ജീവൻ കവരുകയും 4 ലക്ഷത്തോളം ആളുകളെ ബാധിക്കുകയും ചെയ്ത പ്രളയത്തിൽ ഈ പ്രദേശമാകെ ഒറ്റപ്പെട്ടിരുന്നു. നഗരത്തിൽ ബിസിനസ് നടത്തുന്ന 'ഷീ' എന്ന യുവാവിന് ജൂലൈ 5-ന് രാത്രിയാണ് അമ്മയുടെ ഫോൺ കോൾ വരുന്നത്. കൊയ്തെടുത്ത നെല്ല് സുരക്ഷിതമാക്കാൻ പോയ 63 കാരനായ അച്ഛൻ തിരിച്ചെത്തിയിട്ടില്ലെന്നും ഗ്രാമത്തിൽ വീടുകളുടെ ഒന്നാം നില വരെ വെള്ളം ഉയർന്നെന്നുമായിരുന്നു അമ്മയുടെ പരിഭ്രാന്തി നിറഞ്ഞ വാക്കുകൾ. തൊട്ടുപിന്നാലെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും തകരുകയും മൊബൈൽ സിഗ്നലുകൾ നഷ്ടമാവുകയും ചെയ്തതോടെ മാതാപിതാക്കളുമായുള്ള ബന്ധം പാടെ വിച്ഛേദിക്കപ്പെട്ടു.

തുണയായത് ട്രക്ക് ടയറുകൾ

പിറ്റേന്ന് രാവിലെ തന്നെ മാതാപിതാക്കൾ താമസിക്കുന്ന 10 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് ഷീയും സുഹൃത്തും തിരിച്ചു. എന്നാൽ, റോഡുകളെല്ലാം പ്രളയത്തിൽ മുങ്ങിയിരുന്നു. ഒടുവിൽ നഗരത്തിലെ കടയിൽ നിന്ന് രണ്ട് പുതിയ ട്രക്ക് ടയറുകൾ വാങ്ങി, അതിൽ മുറുകെപ്പിടിച്ചാണ് ഇരുവരും പ്രളയജലത്തിലേക്ക് ഇറങ്ങിയത്. നല്ല നീന്തൽ വശമുള്ള ആളായിരുന്നിട്ടുകൂടി, അതിശക്തമായ ഒഴുക്കുള്ള തണുത്തുറഞ്ഞ പ്രളയജലത്തിലൂടെയുള്ള യാത്ര കടുത്ത ശാരീരികാധ്വാനവും ഭയവുമുണ്ടാക്കുന്നതായിരുന്നുവെന്ന് ഷീ ഓർക്കുന്നു. വീടിനോടടുത്തുള്ള അവസാനത്തെ ഒരു കിലോമീറ്റർ മാത്രം നീന്തിക്കടക്കാൻ ഇവർക്ക് ഒരു മണിക്കൂറിലധികം വേണ്ടി വന്നു.

തുടർച്ചയായ മൂന്ന് മണിക്കൂർ നീന്തലിനൊടുവിൽ വീട്ടിലെത്തിയ ഷീ കണ്ടത്, വീടിന്റെ മുകളിലത്തെ നിലയിൽ കുടുങ്ങിക്കിടക്കുന്ന പിതാവിനെയാണ്. തുടർന്ന് വീടിന് പിന്നിലെ സുരക്ഷിതമായ ഇടുങ്ങിയ വഴിയിലൂടെ ഷീ അച്ഛനെ കൂട്ടി മലമുകളിലുള്ള തങ്ങളുടെ രണ്ടാമത്തെ വീട്ടിലേക്ക് പതുക്കെ നടന്നു. മാതാപിതാക്കൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഷീ അന്ന് തന്നെ നഗരത്തിലേക്ക് മടങ്ങി. തിരികെയുള്ള യാത്രയ്ക്കും രണ്ടു മണിക്കൂറോളം നീന്തേണ്ടി വന്നെങ്കിലും, മാതാപിതാക്കളുടെ ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് ഈ മകൻ. ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പുറത്തുവിട്ട ഈ വാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.