ബാങ്ക് കൊള്ളയടിക്കാനാണ് കഴിഞ്ഞ ദിവസം 22 കാരനായ മോഷ്ടാവ് ഊബര്‍ വാടകക്കെടുത്ത് എത്തിയത്. വിചാരിച്ചതുപോലെ ബാങ്കില്‍ നിന്ന് പണം കൊള്ളയടിക്കാന്‍ പുള്ളിക്ക് കഴിഞ്ഞു

പലതരം കവര്‍ച്ചകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇതില്‍ പുതിയ ട്രെന്റാണ് ഊബര്‍ വാടകക്കെടുത്തുള്ള കൊള്ള. ഇക്കഴിഞ്ഞ നവംബര്‍ 19-നാണ് അമേരിക്കയിലെ മിഷിഗണിലുള്ള സൗത്ത് ഫീല്‍ഡിലാണ് ഊബര്‍ ടാക്സി ഉപയോഗിച്ച് ബാങ്ക് കൊള്ള നടന്നത്. അതിനു പിന്നാലെ, ഇക്കഴിഞ്ഞ ദിവസം അമേരിക്കയിലെ തന്നെ ഫ്‌ലോറിഡയില്‍ ഒരു പ്രാദേശിക ബാങ്ക് കൊള്ളയടിക്കാന്‍ ഊബര്‍ ഉപയോഗിക്കപ്പെട്ടു. 

ആദ്യ സംഭവത്തില്‍ ഊബറിലെത്തി ഒരു ബാങ്ക് ശാഖയില്‍നിന്നും പണം കൊള്ളയടിച്ച് അതേ ടാക്‌സിയില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു മിഷിഗണിലെ കള്ളന്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ടാക്‌സി ഡ്രൈവറെ കണ്ടെത്തുകയും അതുവഴി കവച്ചക്കാരനെ വീട്ടില്‍ചെന്ന് പിടികൂടുകയുമായിരുന്നു. എന്നാല്‍, രണ്ടാമത്തെ സംഭവത്തില്‍, കള്ളനെക്കുറിച്ച് പൊലീസിനെ അറിയിച്ചത് ഊബര്‍ ഡ്രൈവറായിരുന്നു. 

ഫ്‌ളോറിഡയിലെ ഒരു പ്രാദേശിക ബാങ്ക് കൊള്ളയടിക്കാനാണ് കഴിഞ്ഞ ദിവസം 22 കാരനായ മോഷ്ടാവ് ഊബര്‍ വാടകക്കെടുത്ത് എത്തിയത്. വിചാരിച്ചതുപോലെ ബാങ്കില്‍ നിന്ന് പണം കൊള്ളയടിക്കാന്‍ പുള്ളിക്ക് കഴിഞ്ഞു. തിരികെ വന്ന് കാറില്‍ കയറുകയും ചെയ്തു. എന്നാല്‍, ഡ്രൈവര്‍ ചതിച്ചു. കവര്‍ച്ചക്കാരന്റെ വിശദവിവരങ്ങള്‍ അയാള്‍ പൊലീസിനെ അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ കള്ളന്‍ അറസ്റ്റിലാവുകയും ചെയ്തു. 

ഫ്ളോറിഡയിലെ എസ്ഇ 14-ാം സ്ട്രീറ്റിലെ 6100 ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ചേസ് ബാങ്ക് കൊള്ളയടിക്കാന്‍ ആണ് മോഷ്ടാവ് ഊബര്‍ വാടകക്കെടുത്ത് എത്തിയത്. ജാവിയര്‍ റാഫേല്‍ കാമച്ചോ എന്ന 22 കാരനാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. 

ഊബര്‍ ടാക്‌സി ബാങ്കിനു പുറത്തുനിര്‍ത്തിയാണ് ഇയാള്‍ ബാങ്കിലേക്ക് കയറിപ്പോയത്. അവിടെ എത്തിയ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന തോക്ക് കാണിച്ച് ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്തി. തുടര്‍ന്ന് പണം കൊള്ളയടിച്ചു. അതിനു ശേഷം പണവുമായി ബാങ്കിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഊബറില്‍ കയറി. അപ്പോഴാണ് ഊബറിന്റെ ഡ്രൈവര്‍ തന്നോടൊപ്പം ഉള്ളത് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. 

കാര്‍ മുന്‍പോട്ട് എടുക്കാന്‍ ഡ്രൈവറ വിസമ്മതിച്ചു. അതോടെ കള്ളന്‍ തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തി കാര്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു. ഡ്രൈവര്‍ വണ്ടി എടുത്തു. കള്ളന്‍ ആവശ്യപ്പെട്ട സ്ഥലത്തു തന്നെ അയാളെ ഇറക്കി. എന്നാല്‍, അവിടംകൊണ്ട് തീര്‍ന്നില്ല. ഊബര്‍ ഡ്രൈവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഡ്രൈവറില്‍ നിന്നും ബാങ്ക് അധികൃതരില്‍ നിന്നും വിശദാംശങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രതിയെ പെട്ടെന്ന് തിരിച്ചറിയാന്‍ പോലീസിന് സാധിച്ചു. ഉടന്‍ തന്നെ ഇയാളെ അവര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.