എന്നാൽ, ജീവനക്കാർ ഇതിന്റെ വിഐഎൻ നമ്പർ പരിശോധിച്ചപ്പോൾ, മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വാഹനം ഇതേ ഡീലർഷിപ്പിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ് എന്ന് കണ്ടെത്തുകയായിരുന്നു. 

ഏതെങ്കിലും ഒരു മോഷ്ടാവ് താൻ മോഷ്ടിച്ചിരിക്കുന്ന അതേ സ്ഥലത്ത് തന്നെ അതേ മോഷണമുതൽ വിൽക്കാൻ ചെല്ലുമോ? അത്തരം വിഡ്ഢിത്തങ്ങൾ ഏതെങ്കിലും കള്ളൻ കാണിക്കുമോ എന്ന് പറയാൻ വരട്ടെ. അബദ്ധം പറ്റി അറസ്റ്റിലാവുന്ന പല കള്ളന്മാരെ കുറിച്ചും നാം വാർത്തകൾ കണ്ടിട്ടുണ്ട്. ഇത് അത്തരത്തിൽ അബദ്ധം പറ്റിപ്പോയ ഒരു കള്ളനാണ് എന്ന് കരുതാം. 

ഈ ഫ്ലോറിഡക്കാരൻ, മോഷ്ടിച്ച അതേ ഡീലറുടെ അടുത്ത് തന്നെ മോഷ്ടിച്ചു കൊണ്ടുപോയ വാഹനം വില്‍ക്കാന്‍ ശ്രമിച്ച് കുടുങ്ങിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറയുന്നു. കൊളംബിയ കൗണ്ടിയിലെ 50 -കാരനായ തിമോത്തി വോൾഫാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ലേക്ക് സിറ്റിയിലെ ക്രിസ്‌ലർ ഡോഡ്‌ജ് ജീപ്പ് ഡീലർഷിപ്പിൽ നിന്നും വാഹനം മോഷ്ടിക്കപ്പെട്ടത്. പിന്നീട് അതേ സ്ഥലത്ത് തന്നെ ഇയാൾ വാഹനം വിൽക്കാനെത്തി. അത് വിറ്റ് പുതിയൊരു വാഹനം വാങ്ങുകയായിരുന്നു ലക്ഷ്യം.

എന്നാൽ, ജീവനക്കാർ ഇതിന്റെ വിഐഎൻ നമ്പർ പരിശോധിച്ചപ്പോൾ, മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വാഹനം ഇതേ ഡീലർഷിപ്പിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ് എന്ന് കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ജീവനക്കാർ ഇങ്ങനെയൊരു മോഷ്ടിച്ച വാഹനം കച്ചവടം നടത്താൻ ശ്രമിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. അവർ സ്ഥലത്തെത്തി.

തിമോത്തി താന്‍ വാഹനം മോഷ്ടിച്ചതായി സമ്മതിച്ചു എന്നും പൊലീസ് പറയുന്നു. ഡീലര്‍ഷിപ്പിലെ ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മോട്ടോര്‍ വാഹനം മോഷ്ടിച്ചതുള്‍പ്പടെ ഉള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

(ചിത്രം പ്രതീകാത്മകം)