ഇത്രയും വലിയ തുക കണ്ടപ്പോൾ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയി എന്നാണ് പിന്നീട് ഇവർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
പതിവായി ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോവുകയും ചിലപ്പോൾ എങ്കിലും സേർവ് ചെയ്യാൻ എത്തുന്നവർക്ക് ചെറിയൊരു തുകയെങ്കിലും ടിപ്പായി കൊടുത്തിട്ടുള്ളവരുമായിരിക്കും നമ്മളിൽ പലരും. റസ്റ്റോറൻറ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കൾ നൽകുന്നത് വളരെ ചെറിയ തുകയാണെങ്കിൽ പോലും അത് അത്യധികം സന്തോഷമുള്ള കാര്യമാണ്. കാരണം തങ്ങളുടെ സേവനം ഇഷ്ടപ്പെട്ടതിലുള്ള സന്തോഷവും നന്ദിയും ആണ് അതിൽ അടങ്ങിയിരിക്കുന്നത് എന്ന് അവർക്കറിയാം.
കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ഒരു റസ്റ്റോറൻറ് ജീവനക്കാരി പതിവുപോലെ തന്റെ കസ്റ്റമേഴ്സ് ഭക്ഷണം കഴിച്ചതിനു ശേഷം അവർ ഇരുന്ന ടേബിളിന് അരികിൽ എത്തിയതും ഞെട്ടി. കാരണം അവൾക്കായി അവർ അവിടെ ബാക്കി വച്ചിട്ട് പോയത് ആയിരം ഡോളർ ആയിരുന്നു. ഇന്ത്യൻ രൂപയിൽ ഏകദേശം 80,000 -ത്തിലധികം വരും ഇത്. ക്രിസ്തുമസിന് തൊട്ടു മുൻപായി തനിക്ക് കിട്ടിയ ഈ വലിയ സമ്മാനത്തിന് എത്രമാത്രം നന്ദി പറഞ്ഞാലും തീരില്ല എന്നാണ് ഇവർ പറയുന്നത്.
ലേക്ക്‌ലാൻഡിലെ റീസെക്ലിഫ് ഫാമിലി ഡൈനറിലെ സെർവറായ സ്റ്റേസി വൈറ്റ് എന്ന യുവതിക്കാണ് ആയിരം ഡോളർ ടിപ്പ് ആയി കിട്ടിയത്. ഇത്രയും വലിയ തുക കണ്ടപ്പോൾ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയി എന്നാണ് പിന്നീട് ഇവർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. പണം കണ്ടപ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി എന്നും ലോകത്തിൽ ഇപ്പോഴും നന്മയുള്ളവർ ഉണ്ട് എന്നതിന് തെളിവാണ് ഇതെന്നുമാണ് ഇവർ ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നിറകണ്ണുകളോടെ പറഞ്ഞത്. താൻ ഒരു നിമിഷം സ്തംഭിച്ചു പോയെന്നും കൺമുമ്പിൽ കാണുന്നത് സത്യമാണോ എന്ന് പോലും കരുതിയെന്നാണ് തന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് ഇവർ പറഞ്ഞത്.
ഒരു മുൻ റസ്റ്റോറൻറ് ജീവനക്കാരനായിരുന്ന ഡീഡ്രെ ഡാനിയേൽ ആരംഭിച്ച 'ദി ബിഗ് ഫാറ്റ് ടിപ്പ്' എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ട്രസ്റ്റിൽ നിന്നാണ് ഇത്രയും വലിയ തുക ഇവർക്ക് ടിപ്പ് ആയി ലഭിച്ചത്. റസ്റ്റോറന്റുകളിലും മറ്റും ജോലി ചെയ്യുന്ന നിർധനരായ ജീവനക്കാരെ സഹായിക്കാനായി ആരംഭിച്ചതാണ് ഈ ട്രസ്റ്റ്. നിരവധി സന്നദ്ധ പ്രവർത്തകരുള്ള ഈ ട്രസ്റ്റ് സംഭാവനങ്ങളിലൂടെയാണ് പണം സമാഹരിക്കുന്നത്. സംഭാവനയായി ലഭിക്കുന്ന തുക ഓരോ തവണയും ആയിരം ഡോളർ ആകുമ്പോൾ ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തകർ അർഹരായ ഏതെങ്കിലും ഹോട്ടൽ ജീവനക്കാർക്ക് അവർ പോലും അറിയാതെ അത് ടിപ് ആയി നൽകും. ഇതുവരെ ഇവർ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള റസ്റ്റോറന്റുകളിലായി ആയിരം ഡോളർ വീതമുള്ള 39 ടിപ്പുകൾ നൽകി കഴിഞ്ഞു.
